ലേഖനം: കണക്കുപുസ്തകം | രാജൻ പെണ്ണുക്കര, മുംബൈ

മനുഷ്യന്റെ ജീവിതം ഒരുകണക്കു പുസ്തകവും, കണക്കു കൂട്ടലും ആണ്. പലപ്പോഴും അതിൽ വലിയ പിഴവ് സംഭവിക്കാറുണ്ട് എന്നതു വാസ്തവമല്ലേ!!!!.

Download Our Android App | iOS App

ദൈവ വചന പ്രകാരം കണക്കിനു വളരെ പ്രാധാന്യം ഉണ്ട്. നമുക്ക്  കണക്കു പറയേണ്ടിവരും, കണക്കു കൊടുക്കേണ്ടിവരും, അല്ലെങ്കിൽ  ബോധിപ്പിക്കേണ്ടി വരും എന്നൊക്കെ വായിക്കുന്നു. ആര്  ആരോട് കണക്കു പറയണം, ആര് ആർക്കു കണക്കു കൊടുക്കണം എന്നത് നന്നായി ചിന്തിക്കേണ്ടിയ വിഷയമാണ്..

post watermark60x60

ദൈവ വചനത്തിൽ സ്മരണയുടെ പുസ്തകം,  ജീവന്റെ പുസ്തകം എന്നൊക്കെ വായിക്കുന്നു. ഒരു പുസ്തകം ആണ്  രേഖയായോ, ആധാരമായോ വയ്ക്കുന്നതെങ്കിൽ അഥവാ  സൂക്ഷിക്കുന്നതെങ്കിൽ  തീർച്ചയായും ആ പുസ്തകപ്രകാരം ഉത്തരമോ,  വിശദീകരണമോ, കണക്കോ കൊടുക്കുവാൻ എല്ലാവരും ഉത്തരവാദപ്പെട്ടവർ തന്നേ എന്നതിൽ തർക്കമില്ല.

ഉൽപ്പത്തി പുസ്തകം നാലാം അദ്ധ്യായത്തിൽ കയീന്റെയും ഹാബേലിന്റെയും ചരിത്രം വായിക്കുന്നു.  ഒരമ്മയുടെ ഉദരത്തിൽ നിന്നും പിറന്നവർ, അവർ ഒരപ്പന്റെ മക്കൾ, അനന്തരാവകാശികൾ. ഒരു വീട്ടിൽ വളർന്നവർ, ഒരു പാത്രത്തിൽ നിന്നും ആഹാരം കഴിച്ചവർ, ഒരുമിച്ചു സുഖവും ദുഖവും പങ്കിട്ടവർ, ഒരുമിച്ചു പ്രാർത്ഥിച്ചവർ, ആരാധിച്ചവർ എന്നൊക്കെയും പറയാം…..

വ്യത്യസ്ത തൊഴിലുകൾ ചെയ്തവർ ഒരു ദിവസം യഹോവെക്കു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു, എന്നാൽ കയിനിലും അവന്റെ  വഴിപാടിലും  യഹോവ  പ്രസാദിച്ചില്ല എന്നു വായിക്കുന്നു.

ഇവിടെ പരിശുദ്ധത്മാവ് എടുത്തു പറയുന്നു പദപ്രയോഗം വളരെ പ്രാധാന്യമുള്ളതാകുന്നു. ദൈവത്തിന്  നാം എന്ന വ്യക്തിയിൽ ആദ്യം പ്രസാദം തോന്നിയാൽ മാത്രമേ , നമ്മുടെ പ്രാർത്ഥനയിലും, വഴിപാടിലും ദൈവപ്രസാദം വരുകയുള്ളു  എന്ന സത്യം മറന്നുപോകരുത്…

കയിനു ഹാബെലിനോട്  അസൂയ തോന്നി. കയ്യിൻ ഹാബേലിനെ ഉപായത്താൽ വയലിൽ കൊണ്ടുപോയി. വയലിൽ ഇരിക്കുമ്പോൾ കായിൻ ഇളയ സഹോദരനോട്  കയർത്തു അവനെ കൊന്നു. അപ്പോൾ ആത്മീയ വിഷയങ്ങളിലെ ഉപായാവും, കൗശലവും, അസൂയയും മറ്റും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നു മനസിലാക്കാം.

പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല;  ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു (ഉല്പ 4:8). എത്ര ലാഘവത്തോടുള്ള,  നിസാരമായ മറുപടി.

യഥാർത്ഥത്തിൽ യഹോവ ഇതെല്ലാം കണ്ടതും അറിഞ്ഞതുമല്ലേ!!!. അതേ അവന്റെ കണ്ണിന്റെ മുൻപിൽ ഒന്നും മറഞ്ഞിരിക്കുന്നില്ലല്ലോ!!!.  എന്നിട്ടും യഹോവ മനഃപൂർവം അവനോടു ചോദിക്കുന്ന ചോദ്യം ഇന്നും വളരെ പ്രസക്തവും, ഗൗരവമുള്ളതാണ്.

ചിലപ്പോൾ നാളെ ഈ ചോദ്യം നമ്മോടും ആയിക്കൂടെ….നിന്റെ കൂടെ ആരാധിച്ചിരുന്ന, നിന്റെ തോളോട്തോൾ ചേർന്നുനിന്ന  നിന്റെ കൂട്ടുകാരൻ എവിടെ എന്നായിരിക്കില്ല, മറിച്, *നിന്റെ സഹോദരൻ* ഇപ്പോൾ എവിടെ എന്നു ചോദിച്ചാൽ എന്തു മറുപടി കൊടുക്കും?. ചിലപ്പോൾ എനിക്കറിയില്ല  എന്നുപറയാൻ നമുക്കും ഒരു ഉത്തരം കാണും *

എന്താ ദൈവം അതിൽ സംതൃപ്തനാകും എന്നു കരുതുന്നുവോ?. എന്നാൽ അതിന്റ  മറുപടി ഇപ്പോഴേ തയ്യാറാക്കി വച്ചാൽ നന്നായിരിക്കും.

അതേ നമുക്ക് നമ്മുടെ കൂട്ടുസഹോദരങ്ങളെ കുറിച്ചള്ള ഉത്തവാദിത്വം ഉണ്ട്, നാം അവരെക്കുറിച്ചുള്ള കണക്കു പറയണം എന്ന കാര്യം മറന്നു പോകാതിരുന്നാൽ നന്ന്. ഇല്ലെങ്കിൽ യഹോവ അങ്ങനെ ഒരു ചോദ്യം കയീനോടു ചോദിക്കില്ലായിരുന്നു…

ദാവീദ് അനേക നാളുകളായി വിജനതയിൽ ആടുകളെ മേയ്ക്കയാകുന്നു. അവന്റെ മറ്റു സഹോദരന്മാർ സന്തോഷത്തോടെ എല്ലാവരോടും കൂടെ വീട്ടിലും. എന്നിട്ടും ഒരു കൈപ്പിന്റ മനോഭാവമോ, വിദ്വേഷമോ, വെറുപ്പോ ദാവീദിന്റെ പ്രവർത്തികളിലോ സാക്ഷ്യങ്ങളിലൊ കാണുന്നില്ല. അതിലുപരി ദാവീദ് ശൌലിനോടു പറയുന്ന സാക്ഷ്യം വളരെ ശ്രേദ്ധേയമാണ്… അടിയൻ അപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽ നിന്നു ആട്ടിൻ കുട്ടിയെ പിടിച്ചു…. ഞാൻ അതിനെ പിന്തുടർന്നു.. അടിയൻ സിംഹത്തെയും കരടിയെയും കൊന്നു..
ഇവിടെത്തെ പദപ്രയോഗം ശ്രദ്ധിക്കുക “എന്റെ അപ്പന്റെ ആടുകളെ, അത് ദാവീദിന്റെ ആടുകൾ അല്ലേ?.

i)    ദാവീദിന്റെ പിതാവ് അവനെ എണ്ണി ഏൽപ്പിച്ച  ആടുകളുടെ വലിയ  ഉത്തരവാദിത്വം അവനു നന്നായി അറിയാമായിരുന്നു.
ii)   അവ വല്ലവരുടെതുമല്ല എന്റെ അപ്പന്റെ ആടുകൾ തന്നേ എന്ന വലിയ  തിരിച്ചറിവ്.
iii)  അവയുടെ കണക്ക് ഒരുദിവസം അപ്പന് കൊടുക്കണം എന്ന സുബോധം ദാവീദിന് നല്ലവണ്ണം ഉണ്ടായിരുന്നു…

എന്നാൽ ദാവീദിന്റെ സ്ഥാനത്ത്
ഒരു കൂലിക്കാരനായിരുന്നു എങ്കിൽ
എന്തു ചിന്തിക്കുമായിരുന്നു.
ഞാൻ എന്തിന് എന്റെ ജീവിതം അപകടത്തിൽ ആക്കണം. ആട്ടിൻ കുട്ടിയലേ സാരമില്ല, ഇനിയും ആടുകൾ പ്രസവിക്കുമല്ലോ!!!!

ഇതാണ് ഉടമസ്ഥനും വേലക്കരനും തമ്മിലുള്ള വ്യത്യാസം… അതേ നമ്മേ മേയിക്കാൻ ഏൽപ്പിച്ച അപ്പന്റെ ആടുകളുടെ കണക്ക് ഓരോരുത്തരും കൊടുക്കണം എന്ന സത്യം മറക്കാതിരുന്നാൽ നന്ന്..

ക്രിസ്തു പറഞ്ഞ നൂറു ആടുകളുടെയും പത്തു ദ്രഹ്മകളുടെയും ഉപമകൾ മത്തായിയുടെയും, ലൂക്കോസിന്റെയും സുവിശേഷങ്ങളിൽ നാം വായിക്കുന്നു.
വളരെ അർത്ഥവ്യാപ്തിയും  ഹൃദയസ്പർശിയായതുമായ രണ്ടു വിഷയങ്ങളോട് കർത്താവ് ഇതിനെ ഉപമിക്കുന്നു.

ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ…(മത്താ 18:12). അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ…(ലുക്കോ 15:4). ഇതിൽ ഒരെണ്ണം വഴിതെറ്റി പോകുന്നു…. ഒരെണ്ണം കാണാതെ പോകുന്നു എന്നു വായിക്കുന്നു.

ഇവിടെ വളരെ ചിന്തനീയമായ ഭാഗം:-
i)  ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?….
ii)  അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?….

ഇങ്ങനെ അവർ തീരുമാനിക്കുവാനും, പരിശ്രമിക്കുവാനും വിവിധ കാരണങ്ങൾ ഉണ്ട്. അവർ അതിന്റെ യഥാർത്ഥ ഉടമസ്ഥർ ആയിരുന്നു എന്നു തന്നേ വേണം കരുതാം.

അവർ ഒരിക്കൽ അതിനുവേണ്ടി വലിയ വിലകൊടുത്തതാണ്, അതിനുവേണ്ടി വലിയ ത്യാഗം ചെയ്തവർ ആണ്. അതിന്റെ മൂല്യം അവർക്ക് നന്നായി അറിയാം. അവയെ  നേടുവാൻ അല്ലെങ്കിൽ സ്വന്തമാക്കുവാൻ ഒത്തിരി കഷ്ടത്തിൽ കൂടി കടന്നു പോയവരാണ്. അതൊന്നും  ഒരിക്കലും അവരുടെ സമ്പന്നതയിൽ നേടിയതല്ല, മറിച് അവരുടെ ദാരിദ്രത്തിന്റ അവസ്ഥയിൽ നേടിയതാണ്..

വഴിതെറ്റി പോയ ആട് ചിലപ്പോൾ ആ മനുഷ്യന് പലവട്ടം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ടാവാം. എടുത്തു ചാട്ടക്കാരൻ ആകാം, ചിലപ്പോൾ  ശല്യക്കാരനായി തീർന്നിട്ടും ഉണ്ടാകാം, അല്ലെങ്കിൽ അവൻ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്ത സ്വാഭാവകാരനും ആയിരിക്കാം.. അതുകൊണ്ടല്ലേ വഴിതെറ്റി പോയി എന്ന പദപ്രയോഗം അവിടെ ഉപയോഗിച്ചിരിക്കുന്നത്.

എന്നിട്ടും ആ മനുഷ്യൻ അതിനെ ഒരു ശല്യമായി കണ്ടില്ല, ഒരു ശല്യം ഒഴിഞ്ഞല്ലോ ഇന്നു മുതൽ മനഃസമാധാനം വന്നു എന്നു പോലും  മനസ്സിൽ കരുതിയില്ല എന്നതാണ് സത്യം. ഇനിയും തൊണ്ണൂറ്റിഒൻപത് ബാക്കി ഉണ്ടല്ലോ എന്നും കരുതിയില്ല.

കാരണം ആ മനുഷ്യൻ അതിന്റ യഥാർത്ഥ ഉടമസ്ഥൻ ആയിരുന്നു. അതുകൊണ്ടാണ് അവൻ  തൊണ്ണൂറ്റിഒൻപതിനെയും വിട്ടിട്ടു ഒന്നിനെ തിരഞ്ഞു പോയത്. അതു ദൈവസ്നേഹത്തിന്റെ വ്യാപ്തി കാണിക്കുന്നു.

അതേ ആ മനുഷ്യന് ഒരു കാര്യം നല്ലവണ്ണം നിശ്ചയം ഉണ്ടായിരുന്നു, ഒരു ദിവസം ഞാൻ എന്റെ വീട്ടിൽ മടങ്ങി ചെല്ലും, അപ്പോൾ നൂറു ആടുകളുടെയും കണക്കു പറയണം.

ആ സ്ത്രീയും ചെയ്തത് അതു തന്നെയല്ലേ, അവൾ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി നഷ്ടപെട്ട ഒരു ദ്രഹ്മ കണ്ടുകിട്ടും വരെ സൂക്ഷ്മത്തോടെ അന്വേഷിച്ചു… ഒരിക്കലും ബാക്കിയുള്ള ഒൻപതു കൊണ്ട് തൃപ്തിയടയുവാൻ അവൾ  ആഗ്രഹിച്ചില്ല.. കാരണം അതു നേടുവാൻ അവൾ ഒരിക്കൽ കൊടുത്ത വില അത്ര അധികം ആയിരുന്നു, കൂടാതെ അവൾ അതിന്റ യഥാർത്ഥ ഉടമസ്ഥയായിരുന്നു.

ഇന്ന് പലരുടെയും ചിന്താഗതി പോകുന്നവർ പോകട്ടെ, ബാക്കിയുള്ള ഒൻപതെങ്കിലും നഷ്ടപ്പെടാതെ കൈയിൽ ഉണ്ടല്ലോ.!!!!.
നമ്മുടെ കുടുംബ ജീവിതത്തിലും, സഭകളിലും ഇരുട്ടിന്റെയും (വിളക്ക് കെട്ടുപോയ) അടുക്കും ചിട്ടയും ഇല്ലാത്ത (അടിച്ചുവാരത്ത) അവസ്ഥയിൽ എങ്കിൽ മൂല്യമുള്ള പലതും ഇനിയും  നഷ്ടപ്പെടാൻ സാധ്യത കൂടുതൽ ആകുന്നു.

ദൈവമക്കളെ ഒന്നു ചോദിച്ചു കൊള്ളട്ടെ.. ഈ രണ്ടു ഉടമസ്ഥരുടെയും സ്ഥാനത്ത് വേറെ
ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ  ആയിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?.  നിങ്ങൾ നിങ്ങളുടെ  സ്വന്തം മനസാക്ഷിയോട് ഇതിന്റ ഉത്തരം ചോദിക്കു?.

എന്നാൽ വചനം ഇവരെ കുറിച്ചു പറയുന്നത് ഇപ്രകാരമാണ് ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ (യോഹ 10:12-13). അവൻ വെറും  കൂലിക്കാരനാണ് അവനു കൂലി (ശമ്പളം) കിട്ടണം അത്രമാത്രമേ ഉള്ളു. അങ്ങനെയുള്ളവർക്ക് ആടുപോയാലും, ദ്രഹ്മ പോയാലും, വിശ്വാസികൾ പോയാലും ഒരുവിഷയമല്ല.

ദൈവമക്കളെ ഇന്ന് ഇവിടെ ശുഭ്രവസ്ത്രം ധരിച്ചു നടക്കുന്നവരും, കറുപ്പും വെള്ളയും ധരിച്ചു വേദപുസ്തകം നെഞ്ചോട്‌ ചേർത്ത് നടക്കുന്നവരും, അങ്ങനെ നാം എല്ലാവരും  ഒരുദിവസം കണക്കു പറയുവാൻ അഥവാ കൊടുക്കുവാൻ ദൈവസന്നിധിയിൽ നിൽക്കണം. അന്ന് നമ്മുടെ സകല കണക്കുകൂട്ടലും തെറ്റി അവന്റെ മുൻപിൽ  നിൽക്കുമ്പോൾ, ഞാൻ നിങ്ങളെ ഒരിക്കലും അറിയുന്നില്ലല്ലോ എന്ന ശബ്ദം ആണ് കേൾക്കുന്നതെങ്കിലോ.. നമ്മുടെ അവസ്ഥ എന്തായിരിക്കും..  ശാന്തമായി ചിന്തിക്കാം, മടങ്ങി വരാം, ഒന്നു കൂടി നമ്മേ ഭരമേല്പിച്ചതിന്റെ എണ്ണം  നോക്കി തീട്ടപെടുത്താം. നല്ലവനും വിശ്വസ്‌തനും എന്ന വിളിക്കു യോഗ്യരായി മാറാം..

“നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും”..” അന്ന് നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും (റോമ 14:10,12). ഇടയന്മാർ തങ്ങളെ ഏല്പിച്ച ആത്മാക്കൾക്കളുടെ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകുന്നു (എബ്രാ 13:17). അകയാൽ ദൈവം നമ്മൾ ഓരോരുത്തരോടും ചോദിക്കുന്നു… ഞാൻ നിന്നോടു കാര്യം തീർക്കുന്ന നാളിൽ നീ ധൈര്യത്തോടെ നിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ?.(യേഹേ 22:14).

ഏറെയായാൽ വായനാക്ഷീണം ഉണ്ടാകും  അതുകൊണ്ട്  ബാക്കി പിന്നാലെ തുടരാം.. വിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കട്ടേ യഹോവയിൽ ആശ്രയിച്ചു നന്മചെയ്തുകൊണ്ട് ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാം…

രാജൻ പെണ്ണുക്കര,  മുംബൈ

-ADVERTISEMENT-

You might also like
Comments
Loading...