ചെറു ചിന്ത: മുട്ടക്കോഴികളെ ആവശ്യമുണ്ട്… | മറിയാമ്മ റോയി, സെക്കന്ദരാബാദ്

സുവിശേഷം അറിയിക്കാനുള്ള താല്പര്യം മനസ്സിൽ വച്ചുകൊണ്ട് നടക്കുമ്പോൾ ദൈവം അതിനുവേണ്ടി പല വഴികളും നമ്മുടെ മുമ്പിൽ തുറന്നിടാറുണ്ട്. ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി ശോഭിക്കേണ്ടത് ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാൾ മാത്രമല്ലെന്നു നാം മനസ്സിലാക്കണം. അതുപോലെ കഴിഞ്ഞ ആറു ദിവസവും കർത്താവിനുവേണ്ടി എന്തുചെയ്യുവാൻ സാധിച്ചുവെന്നോ എന്തുചെയ്യുവാൻ ശ്രമിച്ചുവെന്നോ പറയാൻ പ്രാഗത്ഭ്യം ഉണ്ടായാൽ അതായിരിക്കട്ടെ നമ്മുടെ സാക്ഷ്യം.
തെലുങ്കാനയിലെ ഒരു ഗ്രാമത്തിൽ പൈപ്പുകളിൽ താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ ഒരു വലിയ കൂട്ടമുണ്ടായിരുന്നു. വലിയ ഫാക്റ്ററികൾക്കുവേണ്ടി നിർമ്മിച്ചിട്ട് ദീർഘ നാളുകളായി ഉപയോഗിക്കാതെ കിടന്നിരുന്ന പൈപ്പുകളാണവ. കുടുംബം ഒന്നിന് ഒരു പൈപ്പിനുള്ളിൽ താമസിക്കാനുള്ള സൗകര്യവും അവർ തന്നെ ക്രമപ്പെടുത്തി എടുത്തു. തല മുട്ടാതിരിക്കാൻ കുനിഞ്ഞുവേണം അതിനുള്ളിൽ പ്രവേശിക്കാൻ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തൊഴിലന്വഷിച്ചു വന്നു പാർക്കുന്നവരാണവർ .

post watermark60x60

പൈപ്പു വില്ലേജ് എന്നാണ് ആ ഗ്രാമത്തെ വിളിച്ചിരുന്നത്. അര ഡസനിൽ ഏറെ കുട്ടികളുണ്ട് ഓരോ കുടുംബത്തിലും. അവർക്ക് അക്ഷരാഭ്യാസമോ പോഷകാഹാരമോ ഉറപ്പു വരുത്താൻ പ്രതിദിനം പന്ത്രണ്ടു മണിക്കൂറിലേറെ കഠിനാധ്വാനം ചെയ്ത് തുച്ഛമായ കൂലി വാങ്ങിക്കുന്ന ആ മാതാപിതാക്കന്മാർക്ക് കഴിയുകയില്ല. (ഒരു നേരം വയറു നിറച്ച് ചോറും അച്ചാറും കിട്ടിയാൽ ഭാഗ്യം!)
അവരുടെ ആവശ്യത്തെക്കുറിച്ച് ദർശനം പ്രാപിച്ച (എനിക്കു പരിചയം ഉള്ള) ഒരു സഹോദരി തന്റെ പരിമിതമായ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവച്ച് ആഴ്ചയിൽ ഒരിക്കൽ ദീർഘ ദൂരം സഞ്ചരിച്ച് നൂറിലധികം വരുന്ന ആ കുട്ടികൾക്ക് ഈരണ്ടു മുട്ടയും അക്ഷരാഭ്യാസവും നൽകിവന്നു. അവർ തുടങ്ങിവച്ച അക്ഷരവിദ്യ സ്കൂളിൽ പോകാൻ പോലും കൂട്ടക്കാതിരുന്ന ആ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം വരെ ഉറപ്പു വരുത്താൻ പിന്നീട് കർത്താവ് നല്ല ശമര്യക്കാരിലൂടെ വഴി തുറന്നു. ഇന്ന് പൈപ്പു വില്ലേജിൽ പൈപ്പുകളില്ല, കുട്ടികളും അവരുടെ പേരന്റസും ഇല്ല.
പക്ഷേ, ഇതേ അവസ്ഥയിൽ അല്ലെങ്കിൽ ഇതിനേക്കാൾ ശോചനീയമായ സ്ഥിതിയിൽ കഴിയുന്ന കുഞ്ഞുങ്ങളും മാതാപിതാന്മാരും നിരവധി ഉണ്ട്. ആഴ്ചയിൽ ഒരു മുട്ട എങ്കിലും ഇടുന്ന കോഴികളേയും വല്ലപ്പോഴും എങ്കിലും അതുവഴി കടന്നുപോകുന്ന നല്ല ശമര്യക്കാരേയും നോക്കി പാർക്കുന്ന വിശന്ന വയറുകളും മുടി വെട്ടാത്ത തലകളും വസ്ത്രത്താൽ മറയാത്ത മെലിഞ്ഞ ശരീരങ്ങളും ‘വല്ലതും കിട്ടും എന്നു കരുതി നമ്മെ സൂക്ഷിച്ചു നോക്കുന്നില്ലേ’?
കണ്ടില്ല ഞാനിതൊന്നുമെന്റെ സഖേ എന്നു പറയുന്നതിനു മുമ്പ് കവി പറയുന്നു:
“അടുത്തു നിൽപ്പോരനുജനെ നോക്കാനക്ഷികളില്ലാത്തോന-
രൂപനീശ്വരനദൃശ്യനായാ- ലതിലെന്തൊശ്ചര്യം”.
ചിന്തിക്കാനും പ്രവർത്തിക്കാനും ഇത് ഉതകുമല്ലോ.

മറിയാമ്മ റോയി, സെക്കന്ദരാബാദ്

-ADVERTISEMENT-

You might also like