ലേഖനം:പറിച്ചുനടുന്ന ദൈവത്തിന്റെ കൃഷി | രാജൻ പെണ്ണുക്കര

കൃഷിയെ പറ്റി വലിയ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ, എന്നാൽ തനിയെ കിളിർത്തു വരുന്നതിനെയൊന്നും കൃഷിയായി നാം കാണുന്നുമില്ല. കൃഷിയിൽ ഉൾപ്പെട്ടിയുള്ള പല രീതികളിൽ ഒരു ചെടിയുടെ മുകുളം മുറിച്ച് മറ്റൊന്നിൽ കൂട്ടിചേർക്കുന്നതിനെ Budding എന്നും, രണ്ടു ചെടികൾ പരസ്പരം ഒട്ടിക്കുന്നതിനെ Grafting എന്നും, ഒരു മാതൃ സസ്യത്തിന്റെ ശാഖയിൽ നിന്നും വേര് മുളപ്പിക്കുന്നതിനെ Air layering എന്നും, ചട്ടി/പാത്രം മാറ്റി നടുന്നതിനെ Repotting എന്നും, ചിലതിനെ കൂട്ടത്തിൽ നിന്നും പറിച്ചുനടുന്ന രീതിയെ Replanting എന്നും വിവിധ പേരുകൾ വിളിക്കുന്നു.

നാം ഇന്നിവിടെ ചർച്ച ചെയ്യുന്ന വിഷയം പറിച്ചുനടുന്ന (Replanting) രീതിയെ കുറിച്ചാണ്. ഉദാ: ഞാറു പറിച്ചുനടുന്നു, വാഴകന്ന് പിരിച്ചുവെക്കുന്നു, അതുപോലെ ചില വിത്തുകൾ പാകി മുളപ്പിച്ച് പരുവം ആകുമ്പോൾ പറിച്ചുനടുന്ന പതിവ് ഉണ്ട്. എന്നാൽ എല്ലാത്തിനേയും പറിച്ചുനടുകയില്ല എന്ന വലിയ മർമ്മം കൂടി നാം ആദ്യമായി അറിഞ്ഞിരിക്കണം.

പറിച്ചുനടുക എന്ന പദത്തിന് അടർത്തിമാറ്റി നടുക എന്ന വ്യാഖ്യാനം കൂടി കൊടുക്കാം. എന്നാൽ അൽപ്പം കൂടി ലളിതമായി പറഞ്ഞാൽ മുൻപ് ആയിരുന്ന സ്ഥലത്തു നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടുക, പിഴുതുനടുക്ക, മാറ്റിനടുക എന്നും പറയാം. പക്ഷെ എന്തിന് പറിച്ചുനടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നാം അന്വേഷിച്ചു പോകുന്നത്.

“നിങ്ങൾ ദൈവത്തിന്റെ കൃഷി” (1 കൊരി 3:9) എന്ന് വചനം പറയുമ്പോൾ, നിശ്ചയമായും ഇവിടെത്തേ കൃഷിക്കാരനും ഉടയവനും ദൈവമാകയാൽ ഈ കൃഷിക്കാരനെ വളരെ ബഹുമാനപുരസരം യജമാനൻ എന്നു മാത്രം വിളക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു..

ചില തോട്ടത്തിൽ യജമാനനെ കൂടാതെ തോട്ടക്കാരനും (Gardener) ഉണ്ടാകും. തോട്ടക്കാരൻ വെറും നോട്ടക്കാരൻ അഥവാ ഹിന്ദി ഭാഷയിൽ വിളിക്കുന്ന “മാലി” (माली) വെറും കൂലിക്കാരൻ എന്ന തത്വം ഓർക്കുക. ഏറ്റവും ശ്രേഷ്ഠവും ഭംഗിയും വിലയും ഉള്ളതിനെ പോലും ചിലപ്പോൾ ആരും കാണാതെ അവൻ പറിച്ചുകളയും അല്ലെങ്കിൽ പിഴുതുകളയും കാരണം അവൻ വില കൊടുത്തിട്ടില്ല, അവൻ കൂലി മാത്രം കൊതിക്കുന്ന ക്രൂരൻ ആകുന്നു. എന്നാൽ യജമാനൻ അങ്ങനെയല്ല, ഒന്നുപോലും നശിക്കാതിരിക്കാൻ, നഷ്ടമാകതിരിക്കാൻ പ്രേത്യേകം ശ്രദ്ധിക്കുന്നു. കാരണം അവൻ കൊടുത്ത വില അവൻ മാത്രം അറിയുന്നു.

നാം ദൈവത്തിന്റെ കൃഷി ആയിരിക്കെ ഈ യജമാനന് ചിലരെ കുറിച്ച് ചില മുൻനിർണയങ്ങളും, കൃത്യമായ പ്ലാനും, പ്രത്യേക പദ്ധതികളും ഉണ്ട്, അത് അപ്രകാരം തന്നേ യജമാനൻ ചെയ്‌തിരിക്കും എന്നതിനും തർക്കം ഇല്ല. ഈ മർമ്മം ഒരു കേട്ടുകേള്‍വിയോ, കടങ്കഥയോ, ഊഹാപോഹമോ അല്ലാ എന്ന് നിങ്ങൾ തിരിച്ചറിയണം. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് നമ്മേയൊക്കെ ദൈവം കാലകാലങ്ങളായി പറിച്ചുനട്ടു അഥവാ നട്ടുകൊണ്ടിരിക്കുന്നു എന്നുള്ളത്. എന്നാൽ ദൈവ വചനം കടങ്കഥയായും ഉപമയായും പറിച്ചുനട്ട കാര്യങ്ങൾ പ്രസ്താവിക്കുന്നുണ്ട്

നാം ചിന്തിക്കാത്ത സമയത്ത് ചില അപ്രീതീക്ഷിത സാഹചര്യങ്ങളും സന്ദർഭങ്ങളും സൃഷ്ട്ടിച്ച് എല്ലാവരെയും അത്‍ഭുതപ്പെടുത്തുന്ന രീതിയിൽ നമ്മേയും ദൈവം പറിച്ചുനടാറുണ്ട് എന്നുപറഞ്ഞാൽ സമ്മതിച്ചു തരാമോ?.

യാക്കോബേ നീ സ്വന്തദേശവും ഉറ്റവരെയും ഉടയവരെയും വിട്ട് ഓടിപോയി ലാബന്റെ ഭവനത്തിൽ എത്രനാൾ ഒളിച്ചു പാർത്തലും നീ ഗോത്രങ്ങളുടെ പിതാവവായി വിളിക്കപെടുവാൻ, നിന്നെ വാസ്തവമായി അനുഗ്രഹിക്കാൻ, നിന്റെ സന്തതിയെ ഒരു ദേശത്തിന്റെ പ്രധാന മന്ത്രി കസേരയിൽ ഇരുത്തി മാനിക്കാൻ, നിന്റെ പേര് ലോക ചരിത്രത്തിൽ എഴുതി ചേർക്കാൻ, നിന്റെ ദൈവത്തിന്റെ പേര്, നിന്റെ പിതാക്കന്മാരായ അബ്രഹാമിന്റെയും യിസഹാക്കിന്റെയും പേരിനോട് ചേർത്തുവെച്ചതു പോലെ യാക്കോബിന്റെയും ദൈവം എന്നുകൂടി ചേർത്ത് വിളിക്കപ്പെടുവാൻ നിന്നെ ഒരുനാൾ പറിച്ചുമാറ്റി സ്വന്തം ദേശത്ത് തിരികെ കൊണ്ടുവന്ന് നടുന്ന ദൈവീക പദ്ധതിയാണ് നമ്മുടെ സാമാന്യ ബുദ്ധിയിൽ മനസ്സിലാക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യം.

അപ്പോൾ ഈ പ്രവർത്തി യജമാനന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ നടക്കുന്നതും അധികാര പരിധിയിൽ വരുന്നതും, യജമാനന്റെ ഇഷ്ടം അനുസ്സരിച്ചും യോജിച്ച സമയത്തും അനുയോജ്യമായ പരിതസ്ഥിതിയിലും വലിയ ഉദ്ദേശത്തോടും വളരെ കൃത്യതയോടും സമയബദ്ധിതമായി പൂർത്തികരിക്കപ്പെടുന്നു എന്നതല്ലേ പരമാർത്ഥം.

പറിച്ചുനടുന്ന പ്രക്രിയ അതിവേദന ഉണ്ടാക്കുന്നു എന്ന കാര്യം സത്യം അല്ലേ?. നമ്മുടെ ആഗ്രഹങ്ങൾക്കും കണക്കുകൂട്ടലിനും വിപരീതമായി നടക്കുന്നതും നാം നമ്മുടേതെന്ന് കരുതിയ, സ്വന്തം എന്നു വിചാരിച്ചു സ്നേഹിച്ച എല്ലാ കൂട്ടുകെട്ടിനോടും, ബന്ധങ്ങളോടും ബന്ധനങ്ങളോടും എന്നന്നേക്കുമായി വിടപറഞ്ഞുള്ള യാത്രയെന്നും കൂടി പറയണം!. വേറെ ഒരു രീതിയിൽ പറഞ്ഞാൽ പറിച്ചു മാറ്റുമ്പോൾ ദുർബലവും പ്രതീക്ഷിക്കാത്ത ചില വേരുകളും മുറിഞ്ഞും പൊട്ടിയും പോകുവാൻ സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ അതിനു ശേഷം ഉള്ള പരിചരണം, പരിപാലനം, കരുതൽ, ശ്രദ്ധ, സൂക്ഷ്മതയാണ് അതിനെ ഉണങ്ങാതെ, വാടത്തെ, തളർന്നുപോകാതെ നിലനിർത്തുന്ന രഹസ്യം എന്ന് ഓർത്തുകൊൾക.

യോഗ്യം എന്നു തോന്നുന്നതിന്റെ മേൽ യജമാനന്റെ നോട്ടവും പരിചരണവും എപ്പോഴും ഉണ്ടായിരിക്കും എന്ന സത്യം കൂടി ഓർമ്മ വെക്കുക. പാകമാകുന്നവയെ കുറിച്ച് അവനൊരു പ്ലാനിങ് ഉണ്ടാകും, പിന്നെ യജമാനൻ അവന്റെ സമയം വരെ കാത്തിരിന്ന് അവന്റെ ഹിതപ്രകാരം അതിനെ മെല്ലെ പറിച്ചുമാറ്റും. അതിനു വേദനയോ നഷ്ടമോ വാട്ടമോ വരാതിരിക്കാനുള്ള മുൻകരുതൽ എപ്പോഴും ആ കരസ്പർശനത്തിൽ ഉണ്ടാകും. ഇത്തിരി വേദനിച്ചാൽ ഇത്തിരി മുറക്കി പിടിച്ചാൽ അത് നെരിഞ്ഞ് ഉണങ്ങി പോകും എന്നതു കൊണ്ട് ഓരോന്നിനെയും ഏതു രീതിയിൽ പറിച്ചുമാറ്റണം എന്ന് യജമാനൻ നന്നായി അറിയുന്നു.

നീ ഇപ്പോൾ ആയിരിക്കുന്നത് നിന്റെ രൂപത്തിലും സദൃശ്യത്തിലും നിന്നെക്കാൾ വേഗത്തിൽ തഴച്ചു വളരുന്ന കളകളുടെ കൂടെയാണ്. അവകൾ ചിലപ്പോൾ കൈയ്യെത്താദൂരത്ത് ആകാം, ചിലതിന് നിന്റെമേൽ ദൃഷ്ടി ഉണ്ടാകാം, ചിലത് കൈചൂണ്ടി നിൽക്കുന്നത് നിന്നെ സ്പർശിക്കാവുന്ന ദൂരത്തിലും ആകാം. എന്നാൽ ഇതൊന്നും നിന്നോടു കാണിക്കുന്ന ബഹുമാനമോ, ആദരവോ, സ്നേഹമോ, കരുതലോ അല്ലാ, മറിച്ച്, നിന്നിലെ നന്മകളുടെ മട്ട് വലിച്ചു കുടിച്ച് പതിരാക്കി മറ്റുവാനും, നിന്റെ പേര് ഇല്ലായ്മ ചെയ്ത്, വളർച്ച മുരടിപ്പിച്ച് ദേശത്ത് നിന്നെ വർദ്ധിപ്പിച്ച് മാനിക്കുവാൻ പോകുന്ന അനുഗ്രഹത്തിൽ നിന്നും ഉണക്കി കളയുവാനുമുള്ള തന്ത്രങ്ങൾ ആകുന്നു എന്ന സത്യം മറക്കരുത്.

നിന്നെ ഒന്ന് പറിച്ചുമാറ്റിയാൽ ചില ദ്രവിച്ചു കൊണ്ടിരിക്കുന്നതും, ആരോഗ്യം നഷ്ട്ടമായതും, ക്ഷീണിച്ച് നിർജീവമായ നിന്റെ ചില തായ്‌വേരുകൾക്ക് പുതുജീവൻ വരും എന്നതിന് തർക്കം ഇല്ല. നിന്നിലേക്ക് ജലവും വളവും നന്മകളും ഊഴ്ന്നിറങ്ങി വരുവാൻ തടസ്സമായി സ്നേഹം നടിച്ചുകൊണ്ട് നിന്നോട് ഒട്ടിനിന്ന് നിന്റെ വേരിനെ ഞെരുക്കുന്ന പശമണ്ണ് ഇളക്കി കളഞ്ഞ് നിന്നെ സ്വതന്ത്രനാക്കി പറിച്ചുനട്ടേ മതിയാവൂ. അതിന് നീ മൗനമായി നിന്നു കൊടുക്കേണ്ടത് ആവശ്യം തന്നേ.

നിന്നെ നിരുത്സാഹപ്പെടുത്തി നിന്റെ വളർച്ചക്ക് തുരങ്കം വെച്ച് നിന്നെ ഒറ്റപ്പെടുത്തി നശിപ്പിച്ചു, ഞെരിച്ച് കൊല്ലുവാൻ ശ്രമിക്കുന്ന ദുഷ്ടന്റെ ഗൂഡാലോചനയിൽ നിന്നും രക്ഷിച്ചെടുക്കാൻ നിന്നെ പറിച്ചുമാറ്റി കണ്ണെത്താ ദൂരത്ത് നടണം. നിന്നേ പലരീതിയിൽ ഹത്യ ചെയുവാൻ നിന്റെ നേരെ കൈചൂണ്ടി വരുവാൻ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ട് നിന്നേ ഒതുക്കിയും ഒടുക്കിയും കളയുവാൻ ശത്രു ചിലരെ പരിശീലിപ്പിച്ചു ഒരുക്കി തയ്യാറാക്കി വെച്ചിരിക്കുന്ന കൊടുംകാറ്റിൽ പിഴുതു വീണുടഞ്ഞും, ഒടിഞ്ഞും, തകർന്നും പോകാതിരിക്കാൻ നിന്നെ പറിച്ചുമാറ്റി ദൂരെ നടുന്നതും ദൈവീക സംരക്ഷണം ഒന്നുമാത്രം.

വളരെ നാളായി നിന്നിൽ മൊട്ടിട്ടിട്ടും വിരിയാതെയും കായ്ഫലം പുറത്തു വരാതെയും ഉറക്കം തൂങ്ങി നിൽക്കുന്ന ചില നല്ല പൂക്കൾ, ഫലങ്ങൾ പുറത്തു വരാൻ തുടങ്ങിയാൽ കുറുക്കന്മാരും, ചെറുകുറുക്കന്മാരും അവകൾ അടർത്തി കളയാനും, അതിന്റെ വേര് മാന്തി കളയാനും സാദ്ധ്യതകൾ ഏറെയാണെന്ന് നന്നായി അറിയാവുന്ന ദീർഘവീക്ഷണം ഉള്ള യജമാനൻ നിന്നെ അടർത്തി മാറ്റുവാൻ വളരെ മുന്നമേ പദ്ധതി തയ്യാറാക്കി സമയത്തിനായി കാത്തിരുന്നു എന്നതാണ് ഏറ്റവും ആശ്ചര്യം. മാത്രവുമല്ല നീ വടിപ്പോകാതെ, ഉണങ്ങി പോകാതെ, ആരും പിഴുതു കളയാതെ, നിന്റെ ജീവനെ പൊലും തൊടാതെ പിന്നെയും വേലികെട്ടി സൂക്ഷിച്ചത് യജമാനന്റെ കരുതലും, കാവലും, കരുണയും ദയയും ഒന്നുമാത്രം.

അല്ലാ, വേറെ രീതിയിൽ നിന്നേ രക്ഷിക്കാൻ ശ്രമിച്ചാൽ, നാളെ പറിച്ചുമാറ്റാൻ ഉദ്ദേശിക്കുന്ന പാകമാകത്ത വേറെ ചില നല്ലതിന്റെയും വേരുകൾ അറ്റുപോകാൻ സാദ്ധ്യതകൾ ഏറെയാണ്, എന്നാൽ അത് സ്വന്തം ചോര നീരാക്കി കഷ്ടപ്പെട്ടവനും നിനക്കുവേണ്ടി അമൂല്യ വില കൊടുത്തവനുമായ യജമാനൻ ആഗ്രഹിക്കുന്നില്ല. മാത്രവുമല്ല, പിന്നെയും ചിലരെ കൂടി തിരഞ്ഞെടുത്തു പറിച്ചുമാറ്റുന്ന കർമ്മ പദ്ധതി തയ്യാറാക്കി പലപ്പോഴായി ചെയ്തു കൊണ്ടിരിക്കുന്ന ദൈവീക പ്രവർത്തി കണ്ട് ഉള്ളിൽ ചിരിക്കുന്ന ഒരു കൂട്ടത്തിന് ഇപ്പോഴും സത്യം മനസ്സിലാക്കാൻ കഴിയാതെ പോകുന്നല്ലോ എന്നത് മഹാകഷ്ടവും ലജ്ജാവഹവും തന്നേ.

പറിച്ചുമാറ്റുമ്പോൾ നിന്നിൽ ഏകാന്തതയും, നിരാശയും, വിരഹവും ഉണ്ടാകാം. നീ ഒറ്റപ്പെടാം, നഷ്ടബോധം നിന്റെ ഉറക്കത്തെ കെടുത്തി കളയാക്കാം, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ, എന്തുകൊണ്ട് ഞാൻ ഇങ്ങനെ ഒറ്റക്കായി തീർന്നു, വേറെ പരിതസ്ഥിതിയെ എങ്ങനെ അതിജീവിക്കും, നാളെത്തേ കാര്യം എന്താകും എന്ന പലവിധ ചിന്താഭാരങ്ങൾ ഭരിച്ച് നിന്നേ തളർത്തികളയാം. പക്ഷെ നിനക്കുവേണ്ടി വലിയ മുൻകരുതൽ വളരെ നേരത്തെ തന്നേ കൃത്യമായി ഒരുക്കിയിട്ടാണ് യജമാനൻ തന്റെ വേല തുടങ്ങിയതെന്ന യാഥാർഥ്യം മറക്കരുത്. അവൻ നിതിയുള്ള ദൈവം, ന്യായം മാത്രം ചെയ്യുന്നവൻ അവൻ ആർക്കും കടക്കാരൻ അല്ലാ എന്ന ഗാനം ഇപ്പോൾ ഓർത്തു പോകുന്നു.

നിന്റെ ചലനങ്ങളും ദുരാവസ്ഥയും അപകടമേഖലകളും മുന്നമേ നന്നായി അറിയുന്നവനും സദാനേരവും ഊടാടി സഞ്ചരിക്കുന്ന അഗ്നിജ്വലക്കൊത്ത കണ്ണുള്ള യജമാനൻ നിന്നേ നോക്കി അനുനിമിഷവും കാവൽ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് എന്ന കാര്യം കൂടി മറക്കരുത്. നിന്റെ മേൽ കോടാലി ഓങ്ങി നിൽക്കുന്ന കരങ്ങളിൽ നിന്നും രക്ഷിപ്പാനും, അനർഹരായ ചിലരുടെ ചൂഷണങ്ങളിൽ നിന്നും വിടുവിക്കാനും, അർഹരായവർക്ക് താങ്ങും തണലും, സന്തോഷവും ആശ്വാസവും ദൈവ വേലക്ക് കൈത്താങ്ങും, ഏറ്റവും പ്രയോജനം ഉള്ളതുമായ സൽഫലങ്ങൾ മാത്രം കായ്ക്കുന്ന വലിയ ശാഖകൾ ഉള്ള വൃക്ഷമായി പടർന്നു പന്തലിക്കുന്നത് കാണുവാനും നിന്റെ പിതാക്കന്മാരുടെ ദേശത്ത് മടക്കി കൊണ്ടുവന്ന് കൂട്ടുകാരിൽ പരമായി നിന്നേ സമൃദ്ധിയായി അനുഗ്രഹിക്കാനും നിന്റെ യജമാനൻ ആഗ്രഹിക്കുന്നു.

അതല്ലാ, നിന്നേ പറിച്ചു നട്ടിട്ടും നിന്റെ വേരുകൾ ഈ ലോകത്തിലെ സുഖങ്ങളും പോഷകവും, അശുദ്ധിയും തേടിയാണ് പോകുന്നതെങ്കിൽ, നിന്റെ ശാഖകൾ പടർന്ന് അന്യന്റെ അവകാശത്തിലോട്ട് പോകുന്നു എങ്കിൽ നിന്നിൽ യോഗ്യമല്ലാത്തവകൾ കൂട് കെട്ടി താമസം ആകുന്നു എങ്കിൽ യജമാനന്റെ ഉദ്ദേശം ഒരിക്കലും സാഫല്യമാകില്ല എന്നകാര്യം കൂടി ഓർമ്മപ്പെടുത്തുന്നു.

നിന്നോട് അനീതിയോ ദോഷമോ ചെയ്യുവാൻ അവൻ വെറുമൊരു മാലി (തൊട്ടക്കാരൻ) അല്ലാ, മറിച്ച് നിനക്കുവേണ്ടി അമൂല്യവില കൊടുത്ത നിന്റെ ഉടയവനും, യജമാനനും ആകുന്നു. ഇതാണ് അവർ തമ്മിലുള്ള വ്യത്യാസവും, യഥാർത്ഥത്തിൽ പറിച്ചുനടുന്നതിന്റെ ഉദ്ദേശവും ദൈവ പ്രവർത്തിയും എന്ന് തിരിച്ചറിയു.

പിന്നെ നിന്നേ കണ്ടാൽ “വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും; ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും” (യിരേ 17:8).

പ്രിയ വായനക്കാരെ നാം തേടിനടന്ന ചോദ്യത്തിന്റെ ഉത്തരം ഇതാണോ?. അതേ, ആ ദൃഷ്ടി വലയത്തിൽ നീയും ഞാനും ആയിതീർന്നത് നമ്മുടെ ഭാഗ്യം, പിന്നെ എന്തിനീ വ്യാകുലം എന്തിനീ ഭാരങ്ങൾ… സർവ്വവും യേശു നാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻ

അതാ നോക്കു, പിന്നേയും യജമാനൻ ഉദ്യാനത്തിൽ അക്ഷമനായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട് ഇനിയും ചിലതിനെ കൂടി പറിച്ചുനടുവാൻ. യജമാനൻ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നത് മനുഷ്യന്റെ ബുദ്ധിക്ക് അപ്രമേയവും അഗോചാരവും തന്നേ. അല്ലാതെ അവരാരും ചെയ്ത പാപം അല്ലാ എന്ന സത്യം കൂടി ഹൃദയത്തിൽ കുറിച്ചുകൊൾക.

എല്ലാവരും ചോദിക്കുന്നതു പോലെ 26 ജാനുവരി 2020-ൽ ഞാനും സ്വയം ചോദിച്ചുപോയി ദൈവമേ എന്തുകൊണ്ട് ഇങ്ങനെ, നീ ഇതൊന്നും കാണുന്നില്ലേ എന്നുപോലും. എന്നാൽ പിന്നീടാണ് ദൈവീക ഉദ്ദേശവും, യജമാനൻ കൊടുത്ത വിലയും, കരുതലും കാവലും, കടാഷവും, അവന്റെ അളവറ്റ സ്നേഹവും, മഹാദയയും, കരുണയും മനസ്സിലാക്കി തന്നത്.

ഇതൊക്കെ ഇന്നും തിരിച്ചറിയാത്ത വേറെ ഒരുകൂട്ടം അങ്ങ് ദൂരെ നിന്നുകൊണ്ട് പരിഹസിച്ചു ചിരിക്കുന്നു, അവർക്ക് അയ്യോ കഷ്ടം…

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.