ലേഖനം: നീ ആരാലും വിവേചിക്കപ്പെടുന്നുവോ? | രാജൻ പെണ്ണുക്കര

പലപ്പോഴും നാമെല്ലാം തികഞ്ഞ ആത്മീകർ എന്ന് വിളിക്കുന്നതും കരുതുന്നതും ഒത്തിരി പ്രാർത്ഥിക്കുന്നവരേയും പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഒരു സഭയിൽ തന്നേ ദീർഘകാലം (പതിറ്റാണ്ടുകൾ) ശുശ്രുഷിച്ച് റെക്കോർഡ് തകർക്കുന്നവരേയും അല്ലേ?.

യഥാർത്ഥത്തിൽ അങ്ങനെയുള്ള നമ്മുടെ ധാരണയും നിർവചനവും നാം കണ്ടതും കേട്ടതുമായ അനുഭവങ്ങൾ വെച്ചും വചനാടിസ്ഥാനത്തിലും ശരിയോ എന്നതാണ് ചിന്താവിഷയം. വചനം ഉടനീളം വായിച്ചാൽ പോലും അങ്ങനെയുള്ളവരാണ് ആത്മീകർ എന്ന നേരിട്ടുള്ള നിർവചനം (Direct Definition) എങ്ങും തന്നേ ലഭിക്കുമോ എന്ന് തോന്നുന്നില്ല.

ഇതെല്ലാം അറിവും ബുദ്ധിയും കൊണ്ട് ചെയ്യാൻ കഴിയും എന്നും, ആത്മീകത്തിന്റെ പേരിലും മറവിലും നടത്തുന്ന രാഷ്ട്രീയവും കൗശലവും സ്വാധീനവും പിടിപാടുകൊണ്ടും അനായാസം ചെയ്യുവാനും നേടുവാനും കഴിയുമെന്നും ഇന്നത്തെ ആത്മീക കമ്പോളവും നിലവാരവും തെളിയിച്ചു തരുന്നുണ്ടല്ലോ. അതിന് ഉത്തമമായ എത്രയോ ഉദാഹരണങ്ങൾ നമ്മുടെ കണ്മുൻപിൽ ദൃഷ്ടാന്തമായി ഇന്നും നിലനിൽക്കുന്നു. ഇതിൽ നിന്നെല്ലാം ഈ മാനദണ്ഡങ്ങൾ ഒന്നും വെച്ചല്ല ആത്മീകന്റെ യഥാർത്ഥ നിർവചനം വരുന്നതെന്ന് ഇപ്പോൾ തോന്നി പോകുന്നു.

എന്നാൽ വചനത്തിൽ എഴുതിയിരിക്കുന്ന ആത്മീകനെ കുറിച്ചുള്ള നിർവചനം (Definition) എന്താണെന്ന് ആദ്യമായി നാം പരിശോധിക്കണം. “ആത്മീകനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല” (1 കൊരി 2:15). ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു തർജ്ജമയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു “The person with the Spirit makes judgments about all things, but such a person is not subject to merely human judgments” (NIV).

വിവേചിക്കുക എന്നതിന് ഇംഗ്ലീഷ് പരിഭാഷയിൽ Judge എന്ന പദം ഉപയോഗിച്ചിരിക്കുമ്പോൾ, മലയാളത്തിൽ വിവേചിക്കുക എന്നതിന്റെ അർത്ഥങ്ങൾ വ്യത്യാസത്തോടുകൂടി തരം തിരിക്കുക, വിധിക്കപെടുക എന്നൊക്കെയാണ്.

ആത്മീകന്റെ അസംഖ്യം പ്രേത്യേകതകളിൽ വളരെ പ്രധാനമായതിൽ ചിലത് ഏതൊക്കെ എന്നു നോക്കാം:-
i) അവൻ സകലത്തേയും വിവേചിക്കുന്നവൻ ആകണം, എന്നാൽ അവൻ ഒരിക്കൽ പോലും ആരാലും വിവേചിക്കപ്പെടുവാൻ പാടില്ല.
ii) പരിശുദ്ധത്മാവിന്റെ ഹിതം അനുസ്സരിച്ച് മാത്രം നടത്തപ്പെടുന്നവൻ ആകണം.
iii) അവൻ ദൈവത്തെ മാത്രം പ്രസാധിപ്പിക്കുന്നവൻ ആകണം.
iiiv) ന്യായതൽപ്പരനും സത്യത്തിൽ ഉറച്ചു നിൽക്കുന്നവനും ആകണം പക്ഷേ സ്വാർത്ഥം അഥവാ സ്വന്തം ഉദ്ദേശം അല്ലെങ്കില്‍ പ്രയോജനം മാത്രം നോക്കുന്നവൻ ആകരുത്..
v) വിശുദ്ധമായതും ന്യായമായതും മാത്രം ആഗ്രഹിക്കുന്നവനും, നേടുന്നവനും ആകണം.

എന്നാൽ ഈ ആത്മീകൻ മറ്റുള്ളവരാൽ വിവേചിക്കപ്പെടുന്ന നിമിഷം മുതൽ, ആത്മാവിനാൽ നടത്തപ്പെടാത്ത അനാത്മീകൻ (ജഡീകൻ) ആയി മാറുന്നു എന്നതാണ് സത്യം. അങ്ങനെയുള്ളവരിൽ മുകളിൽ പറഞ്ഞതിന് വിപരീതമായ ലക്ഷണങ്ങൾ മാത്രം കാണുവാൻ കഴിയും, അവരിൽ നിന്നും പുറപ്പെടുന്ന ഫലങ്ങളുടെ നിറവും മണവും സ്വാദും അപ്രകാരം ഉള്ളതായിരിക്കും.

അതുകൊണ്ടാണ് ആത്മീകൻ ഒരിക്കലും മറ്റുള്ളവരാൽ ഒരു രീതിയിലും വിവേചിക്കപ്പെടുവനോ, തനിക്കു നേരെ ചോദ്യങ്ങൾ ഉയരുവാനോ, മറ്റുള്ളവർ വിരൽ ചൂണ്ടുന്ന അവസ്ഥയൊ സന്ദർഭമോ സാഹചര്യമോ ഉണ്ടാക്കുവാൻ പാടില്ല എന്നു വചനം കർകശമായി അനുശാസിക്കുന്നത്.

അല്ലാ; അങ്ങനെ ഒരാത്മീകനെ വെളിയിൽ നിന്നും ആരെങ്കിലും കൈചൂണ്ടി വിധിക്കുന്നു എങ്കിൽ അവന്റെ കുറവുകൾ മറ്റുള്ളവർ ചൂണ്ടികാണിക്കുന്ന അവസ്ഥയിൽ താൻ ആയി മാറുന്നു എങ്കിൽ ആ ആത്മീക നിലവാരം പരിശോധനക്ക്‌ വിധേയം ആകേണ്ടത് അത്യാവശ്യം തന്നേ. അത് വിശ്വാസി ആയാലും ശുശ്രുഷകൻ ആയാലും ഒരുപോലെ അനിവാര്യം തന്നേ.

സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതനും അവന്റെ ഭാര്യ എലീശബെത്ത് എന്ന ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു എന്നാണ് പരിശുദ്ധത്മാവ് കൊടുത്ത സാക്ഷ്യപത്രത്തിൽ എഴുതിയിരിക്കുന്നത്. അത് അന്ന് ആ ദേശത്ത് മുഴങ്ങി കേട്ട സാക്ഷ്യവും, എന്നുമെപ്പോഴും നമ്മെക്കുറിച്ച് കേൾക്കേണ്ടുന്ന സാക്ഷ്യം ആണെന്ന സത്യം ആരുതന്നെ മറക്കരുത്.

എന്നാൽ നമ്മുടെ ഓരോരുത്തരുടെയും സാക്ഷ്യപത്രം എങ്ങനെ എന്ന് സ്വയം പരിശോധിക്കണം. ആത്മീക കാര്യങ്ങൾ ഭൗതീകത്തിനു വേണ്ടി ദുർവിനയോഗം ചെയ്യുന്നവരും ദ്രവ്യത്തോട് ആർത്തി ഉള്ളവരും സ്വന്ത നേട്ടങ്ങൾക്കു വേണ്ടി സത്യത്തേ മനഃപൂർവ്വം മറച്ചു വെച്ച് ന്യായം മറിച്ചു കളഞ്ഞിട്ട് സ്വയം ഉണ്ടാക്കിയ സാക്ഷ്യ പത്രവുമായി ഞെളിഞ്ഞു നടക്കുന്ന എത്ര കപട മാന്യന്മാരെ ദൈനം ദിനം കാണുവാൻ കഴിയും. ചിലപ്പോൾ മനുഷ്യന്റെ കയ്യിൽ നിന്നും സ്വന്തം സഭയിൽ നിന്നും ആത്മീകൻ എന്ന ലേബൽ, സ്വഭാവ സർട്ടിഫിക്കേറ്റ് അനായാസം ലഭിക്കുമായിരിക്കും എന്നാലും അവർ ആത്മീകരുടെ പട്ടികയിൽ എണ്ണപ്പെടുകയില്ല അവർക്ക് ദൈവത്തിന്റെ കൈയ്യൊപ്പുള്ള നല്ല സാക്ഷ്യപത്രം ലഭിക്കയില്ല എന്നതാണ് വാസ്തവം.

പലപ്പോഴും ഈ പ്രാർത്ഥനക്കാരേയും, പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഇങ്ങനെയുള്ള ശുശ്രുഷക്കാരേയും സ്റ്റേജിൽ ശുഭ്രവസ്ത്ര ധാരികൾ ആയി കാണുകയും എന്നാൽ വെളിയിൽ അവരെ പറ്റി കേൾക്കുന്ന സാക്ഷ്യം ആണ് ആത്മീകത്തിന്റെ അളവുനൂലും അളവുകോലും ആയിമാറുന്നത് എന്നുകൂടി ഇത്തരുണം പറയേണ്ടി വരുന്നു.

“വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക” (തീത്തൊ 2:7). ഇങ്ങനെയുള്ള പരിപാവന അവസ്ഥയിൽ നാം ആയി മാറുന്നില്ല എങ്കിൽ “ആത്മീകൻ” എന്ന ലേബൽ നമുക്ക് ലഭിക്കില്ല. ഞാൻ ഏതു ഗണത്തിൽ വരുന്നു എന്ന് സ്വയപരിശോധന ചെയ്യാം. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേരുടെ കൂട്ടത്തിൽ നാമും കാണുമോ?.

(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.