ലേഖനം: പ്രത്യാശയും താഴ്മയും; ഉയര്‍ച്ചയുടെ പടവുകള്‍ | റോജി തോമസ്

“അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും;
ഞാന്‍ എന്‍റെ നടപ്പു അവന്‍റെ മുമ്പാകെ തെളിയിക്കും” (ഇയ്യോബ് 13:15).

പ്രത്യാശയുള്ളവന് ഏത് ഇരുളിലും വെളിച്ചം കണ്ടെത്താന്‍ സാധിക്കും. ഇയ്യോബിന്‍റെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം. സങ്കല്‍പ്പിക്കാന്‍ കഴിയാത്ത കഷ്ടപ്പാടുകളുടെ മദ്ധ്യേയും അവനെ വിശ്വസ്തനായി നിലനിര്‍ത്തുന്നു. കുടുംബവും സമ്പത്തും നഷ്ടപ്പെട്ട് ആരോഗ്യം ക്ഷയിച്ചപ്പോഴും ഇയ്യോബ് പ്രത്യാശാപൂര്‍ണ്ണമായ വിശ്വാസത്തില്‍ മുറുകെ പിടിക്കുന്നു. ദൈവ പരിപാലനയിലുള്ള അദ്ദേഹത്തിന്‍റെ ഉറച്ച വിശ്വാസം. ഇരുണ്ട നിമിഷങ്ങളില്‍ പോലും നിലനിര്‍ത്താന്‍ കഴിയുന്ന പ്രത്യാശയുടെ തിരിനാളമുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ വെല്ലുവിളികളും തിരിച്ചടികളും നേരിടുമ്പോഴും പ്രത്യാശ നിലനിര്‍ത്തുന്നത് സഹിച്ചുനില്‍ക്കാന്‍ ആവശ്യമായ ശക്തിയും പ്രതിരോധശേഷിയും നല്‍കും.

ദൈവപരിപാലനയിലുള്ള പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും സുതിഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. “യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?” (സങ്കീര്‍ത്തനങ്ങള്‍ 27:1). ദൈവസാന്നിദ്ധ്യം ഭയം അകറ്റുകയും വിശ്വാസികളുടെ ഹൃദയങ്ങളില്‍ പ്രത്യാശ വളര്‍ത്തുകയും ചെയ്യുന്നു എന്ന ഉറപ്പോടെയാണ് ഈ സങ്കീര്‍ത്തനം ആരംഭിക്കുന്നത്. ആത്യന്തികമായി, പ്രത്യാശയും താഴ്മയും നമ്മെ പരിപാലിക്കുന്ന സ്നേഹസമ്പന്നനും പരമാധികാരിയുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. “അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെ മേല്‍ ഇട്ടുകൊള്‍വിന്‍” (1 പത്രോസ് 5:7). നമ്മുടെ ഭയങ്ങളും ഉത്കണ്ഠകളും ക്രിസ്തുയേശുവില്‍ സമര്‍പ്പിക്കുന്നതിലൂടെ, നമ്മുടെ ജീവിതത്തിന്‍റെ നിയന്ത്രണം അവിടുന്ന് ആണെന്ന് അറിയുന്നതിലൂടെ നമുക്ക് സമാധാനവും ഉറപ്പും അനുഭവിക്കാന്‍ കഴിയും. ദൈവത്തിന്‍റെ വാഗ്ദാനങ്ങളില്‍ ആശ്രയിക്കുന്നത് ഭാവിയിലേക്കുള്ള നമ്മുടെ ശുഭാപ്തി വിശ്വാസത്തിന് ഊര്‍ജം പകരും. ദൈവത്തിന്‍റെ മാര്‍ഗനിര്‍ദേശത്തിലും കരുതലിലും ആശ്രയിച്ചുകൊണ്ട്, വിശ്വാസത്തില്‍ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ പിന്തുടരാനും കഴിയും.

മനുഷ്യ പ്രകൃതിയായ അഹങ്കാരത്തെ ജയിക്കുവാന്‍ തക്ക താഴ്മയുടെ ഗുണം യേശു ക്രിസ്തു തന്‍റെ പഠിപ്പിക്കലുകളിലും പ്രവൃത്തികളിലും കൂടി നമ്മെ പരിശീലിപ്പിക്കുന്നു. “തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും” (മത്തായി 23:12) എന്ന തിരുവചനത്തിലൂടെ ആത്മീയ വളര്‍ച്ചയ്ക്കും ദൈവിക പ്രീതിക്കുമുള്ള ഒരു പാതയെന്ന നിലയില്‍ താഴ്മയുടെ പ്രാധാന്യം അടിവരയിട്ട് പ്രസ്താവിക്കുന്നു. ധൂര്‍ത്തപുത്രന്‍റെ ഉപമയിലൂടെ (ലൂക്കോസ് 15:11-32) വിനയത്തിന്‍റെ ആത്മീയ ശക്തിയെ പ്രതിപാദിക്കുന്നു. ഭൗതീക മോഹത്തില്‍ പ്രേരിതനായി അശ്രദ്ധമായ ജീവിതത്തിലൂടെ തന്‍റെ അനന്തരാവകാശവും സദ്പുത്ര സ്ഥാനവും പാഴാക്കുകയും പിതൃഭവനം വിട്ട് വിദൂരത്ത് പോകുകയും ചെയ്യുന്നു. എന്നാല്‍ പാപമോചനം തേടി എളിമയോടെ പിതാവിങ്കലേയ്ക്കു മടങ്ങുന്ന വഴിപിഴച്ച മകനെ, മുടിയന്‍ പുത്രനെ സ്നേഹാദര സമ്മാനങ്ങളോടെ മാറില്‍ ചേര്‍ത്ത് പുണര്‍ന്ന് സര്‍വ്വം മറന്ന് വിരുന്നൊരുക്കി സ്വീകരിക്കുന്ന പിതാവിനെയും കുറിച്ച് യേശു പറയുന്നു. അവന്‍ തെറ്റുകാരനായിരുന്നെങ്കിലും അവന്‍റെ തിരിച്ചറിവിന്‍റെയും തിരിച്ചുവരവിന്‍റെയും എളിമയുടെയും മഹത്വത്താല്‍ തന്നെ; എളിയവരോടുള്ള ദൈവത്തിന്‍റെ അതിരുകളില്ലാത്ത കരുണയും കൃപയും പ്രകടിപ്പിച്ചുകൊണ്ട് പിതാവ് അവനെ ഇരു കൈകളും നീട്ടി സ്വീകരിക്കുന്നു. താഴ്മയുടെ ഗുണമത്രേ ഈ അനുഗ്രഹത്തിന് അടിസ്ഥാനം. പാദങ്ങള്‍ കഴുകി ചുംബിച്ച് ദാസരൂപേണ വലിയൊരു മാതൃക നമുക്കേകിയ പുത്രന്‍റെ താഴ്മയുടെ മഹനീയത ഇവിടെ വെളിവാകുന്നു.

പ്രത്യാശയും താഴ്മയും ആത്മീയ പ്രതിരോധശേഷിയുടെയും ആന്തരിക സമാധാനത്തിന്‍റെയും ആഴത്തിലുള്ള ബോധം വളര്‍ത്തിയെടുക്കുന്ന പരസ്പരബന്ധിതമായ ഗുണങ്ങളാണ്. റോമര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ അപ്പോസ്തലനായ പൗലോസ് എഴുതുന്നു, “എന്നാല്‍ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ” (റോമര്‍ 15: 13). സന്തോഷത്തിലേക്കും സമാധാനത്തിലേക്കും നയിക്കുന്ന, ദൈവത്തിലുള്ള വിശ്വാസത്താല്‍ ഉറപ്പിക്കപ്പെട്ട പ്രത്യാശയുടെ ആത്മീയശക്തിയെ പൗലോസ് ഇവിടെ എടുത്തുകാട്ടുന്നു.

അപ്പോസ്തലനായ പത്രോസ് വിശ്വാസികളെ പരസ്പരം വിനയം ധരിക്കാന്‍ ഉദ്ബോധിപ്പിക്കുന്നു, കാരണം “അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കു കീഴടങ്ങുവിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍; ദൈവം നിഗളികളോടു എതിര്‍ത്തുനില്ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്കുന്നു” (1 പത്രോസ് 5:5). യോജിപ്പുള്ള ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും മറ്റുള്ളവരോട് അനുകമ്പയുടെയും സഹാനുഭൂതിയുടെയും മനോഭാവം വളര്‍ത്തിയെടുക്കുന്നതിലും വിനയത്തിന്‍റെ പ്രാധാന്യത്തെ അടിവരയിട്ടുറപ്പിക്കുന്നു. വ്യക്തികള്‍ വിനയത്തോടെ ഒത്തുചേരുമ്പോള്‍, അവര്‍ക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കാനും മറികടക്കാന്‍ കഴിയാത്ത പ്രതിബന്ധങ്ങളെ മറികടക്കാനും കഴിയും. ദുരഭിമാനം മാറ്റിവെച്ച്, പരസ്പരം ഉയര്‍ത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്ന വ്യക്തിബന്ധങ്ങളെ നമുക്ക് കെട്ടിപ്പടുക്കാന്‍ കഴിയും. വിനയം ബലഹീനതയുടെ അടയാളമല്ല, അത് യഥാര്‍ത്ഥ ശക്തിയുടെ അടിത്തറയാണ്. ഈ സദ്ഗുണങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ നാം പരിശ്രമിക്കുമ്പോള്‍, ദൈവത്തിന്‍റെ ശാശ്വതമായ വാഗ്ദാനങ്ങളിലും ആത്മാവില്‍ വിനയാന്വിതരായവര്‍ക്ക് ലഭിച്ച സമൃദ്ധമായ കൃപയിലും നമുക്ക് ആശ്വാസം കണ്ടെത്താം. അനുകമ്പയോടും അചഞ്ചലമായ വിശ്വാസത്തോടും കൂടി ജീവിക്കാന്‍ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.