ലേഖനം: ദൈവത്തിന്റെ കരുതൽ | ജോളി റോണി, കുവൈറ്റ്

അവിടെ നിനക്ക് ഭക്ഷണം തരേണ്ടിയതിന് ഞാൻ കാക്കയോട് കൽപ്പിക്കുന്നു (1രാജാ :17:9). നീ എഴുന്നേറ്റ് സീദോനോട് ചേർന്ന് അവിടെ പാർക്കുക നിന്നെ പുലർത്തേണ്ടതിനു അവിടെ ഉള്ള വിധവയോട് ഞാൻ കൽപ്പിച്ചിരിക്കുന്നു. ഏലിയാവെന്ന ഭക്തനെ ക്ഷാമ കാലത്ത് ദൈവം പോറ്റുന്ന ഭാഗമാണ് നാം ഇവിടെ കാണുന്നത്. ഒന്ന് രാജാക്കന്മാർ 17 അദ്ധ്യായം ഒന്നുമുതൽ വായിക്കുമ്പോൾ ഒരു ക്ഷാമം ആ ദേശത്ത് വരുന്നതായി കാണുവാൻ സാധിക്കും. ഈ സമയം ഇസ്രായേൽ രാജാവായ ആഹാബിനോട് ഏലിയാവു പറഞ്ഞത് “ ഞാൻ സേവിച്ചു നിൽക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയാണ ഞാൻ പറയാതെ ഈ ആണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാവുകയില്ല”. അങ്ങനെ തന്നെ സംഭവിച്ചു ദേശത്തു ക്ഷാമം ഉണ്ടായി. എന്നാൽ ഏലിയാവിനെ പരിപാലിപ്പാൻ ദൈവത്തിന് ഇഷ്ടം തോന്നി. ഒന്ന് രാജാക്കന്മാർ 17:3 ൽ പറയുന്നു നീ ഇവിടെ നിന്ന് പുറപ്പെട്ട് കിഴക്കോട്ട് ചെന്ന് യോർദ്ദാന് കിഴക്കുള്ള കെരീത്തു തോട്ടിനരികെ ഒളിച്ചിരിക്കുക. തോട്ടിൽ നിന്ന് നീ കുടിച്ചു കൊള്ളണം അവിടെ നിനക്ക് ഭക്ഷണം തരേണ്ടതിന് ഞാൻ കാക്കയോട് കൽപ്പിച്ചിരിക്കുന്നു. ഇവിടെ ഒരു ഭക്തനുവേണ്ടി ദൈവത്തിന്റെ കരുതലുകൾ എത്ര ശ്രേഷ്ഠമാണ് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. ദൈവശബ്ദത്തിന്റെ മുമ്പിൽ തന്റെ ഭക്തൻ അനുസരണമുള്ളവനായി താഴ്മയോടെ കെരീത്തു തോട്ടിന്റെ അരികിൽ ഒളിച്ചിരുന്നു. കാക്കയുടെ വരവും കാത്ത് ദൈവ ശബ്ദത്തിന്റെ മുൻപിൽ ഏലിയാവ് തന്നെ സമർപ്പിച്ചു. ആരും ഇഷ്ടപ്പെടാത്ത ആരുടെ കണ്ണിലും ശ്രദ്ധപ്പെടാത്ത, ആരും വില കൊടുക്കാത്ത ആരും അധികം സ്നേഹിക്കാത്ത ഒരുപക്ഷിയാണ് കാക്ക. എന്നാൽ ഇതിനായി കാക്കയെ നിയോഗിച്ച ദൈവിക പദ്ധതികൾ വ്യതസ്തമാണ്. ഈ തിരഞ്ഞെടുപ്പു മൂലം മനുഷ്യന്റെ മുമ്പിൽ നികൃഷ്ടമായതിനെ ദൈവത്തിന്റെ കണ്ണിൽ ശ്രേഷ്ഠമായതാണ് എന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ്. അതെ “ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ഭോഷത്ത്വമായത് തെരഞ്ഞെടുത്തു ബലം ഉള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിൽ ബലഹീനമായതിനെ തിരഞ്ഞെടുത്തു”
(1കൊരിന്ത്യർ 1: 27-28).

ഇപ്രകാരം തന്നെ ദൈവം ആരും ശ്രദ്ധിക്കാത്ത ആരും ഇഷ്ടപ്പെടാത്ത കാക്കയെ തിരഞ്ഞെടുത്തു. അതുപോലെ തന്നെ ഒരിക്കലും കാക്കയുടെ വായിൽ ഇരിക്കുന്ന ഭക്ഷണം മാറ്റാരും കഴിക്കാറില്ല എന്നാൽ ഇവിടെ മനുഷ്യർ മാറ്റി നിർത്തുന്ന കാക്കയുടെ ചുണ്ടിൽ ഇരിക്കുന്ന ആഹാരം തന്റെ ഭക്തന് ഭക്ഷിപ്പാൻ ദൈവം അവസരം ഒരുക്കി. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന ഒരു കാര്യമുണ്ട് ദൈവഭക്തന്റെ പ്രതിസന്ധിയെ മാറ്റുവാൻ, തന്റെ ഭക്തനെ പോറ്റിപുലർത്തുവാൻ ദൈവം ഏതു മാർഗ്ഗവും തിരഞ്ഞെടുതേക്കാം.

ഇസ്രായേൽ മക്കളെ ചെങ്കടലിന്റെ നടുവിൽ കൂടി പാതയൊരുക്കി അക്കരെ എത്തിച്ച ദൈവത്തിന്റെ വ്യത്യസ്തമായ നടത്തിപ്പു നാം കണ്ടതാണ്. ദൈവത്തിന്റെ വഴി മനുഷ്യൻ ചിന്തിക്കുന്ന വഴിയല്ല ദൈവത്തിന്റെ വിചാരങ്ങൾ മനുഷ്യന്റെ വിചാരങ്ങളെ പോലെയുമല്ല ഏറ്റവും ശ്രേഷ്ഠം ഏറിയത് മറ്റുള്ളവർക്ക് അതിശയം തോന്നുമാറ് മനുഷ്യന്റെ ചിന്തകൾക്ക് വിചാരങ്ങൾക്ക് അപ്പുറമായി ദൈവം പ്രവർത്തിക്കും. ഒരു ഭക്തന്റെ വിശപ്പടക്കുവാൻ കാക്കയുടെ വിശപ്പില്ലാതാക്കി ദൈവശബ്ദത്തിന്റെ മുന്നിൽ ദൈവത്തിന്റെ സൃഷ്ടിയായ കാക്കയെപോലും അനുസരിക്കുന്നു. അതിനേക്കാൾ എത്ര ശ്രേഷ്ഠമായ, ദൈവത്തിന്റെ സൃഷ്ടിയായ നാമോരോരുത്തരും ദൈവശബ്ദത്തിന് മുമ്പിൽ നാം നമ്മെ തന്നെ സമർപ്പിക്കുന്നുണ്ടോ? കർത്താവിന് ഉപയോഗിക്കാൻ ദൈവം ഉന്നതന്മാരെയോ വലിയ പദവിയുള്ളവരെ അല്ല നോക്കുന്നത് പിന്നെയോ താഴ്മയോടെ ദൈവസന്നിധിയിൽ ഏൽപ്പിച്ചു കൊടുക്കുന്നവരെ ദൈവം ഉപയോഗിക്കും. മത പാരമ്പര്യമോ, സൗന്ദര്യമോ, കഴിവോ ഇതൊന്നും ദൈവത്തിന് ആവശ്യമില്ല. ദൈവമായുള്ള സമർപ്പണം, അനുസരണം ഇതൊക്കെ നമ്മെ ശ്രേഷ്ഠമാക്കി മാറ്റും. ഈ കാക്ക ദൈവം കൽപ്പിച്ച ദിവസം അത്രയും അനുസരണത്തോടെ ഏലിയാവെന്ന ദൈവഭക്തനെ പോറ്റി പെട്ടെന്ന് ഒരു ദിവസം കാക്കയുടെ വരവ് നിന്നു ഏലിയാവ് തളർന്നില്ല. പിന്നെയും ദൈവത്തിന്റെ ഇടപെടൽ രണ്ടാമതായി ഏലിയാവ് ദൈവ ശബ്ദം കേട്ടത് (1 രാജ :17:7-8) “നീ എഴുന്നേറ്റു സിദോനോട് ചേർന്ന് സാരേഫാത്തിലേക്ക് ചെന്ന് അവിടെ പാർക്ക നിന്നെ പുലർത്തേണ്ടതിന് അവിടെയുള്ള ഒരു വിധവയോട് കൽപ്പിച്ചിരിക്കുന്നു. ഇവിടെ നാം വായിക്കുമ്പോൾ ദൈവം ഏലിയാവ് ചെല്ലുന്നതിനു മുമ്പ് വിധവയോട് കൽപ്പിച്ച ആക്കിയിരിക്കുന്നു എന്നാണ് വായിക്കുന്നത്. ഒരു ഭക്തന് വേണ്ടി മുന്നമേ ഒരുക്കുന്ന ഒരു ദൈവം അടുത്ത ദൈവത്തിന്റെ ഇടപെടൽ ഒരു വിധവയോട് ആയിരുന്നു. പ്രിയരേ ഒന്ന് നോക്കു എത്ര സമ്പന്നന്മാരുടെ വീടുകൾ അവിടെയുണ്ടായിട്ടും ഒരു വിധവയോട് കൽപ്പിച്ചാക്കിയിരിക്കുന്നു. ഇവിടെയും ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കുടുംബം ക്ഷാമത്താൽ ക്ഷീണിച്ചു തളർന്നുഇരിക്കുന്നവർ, അവളും മകനും മരിക്കാൻ തയ്യാറായി ഇരിക്കുന്നു വിധവയുടെ ദയനീയ അവസ്ഥ. എന്നാൽ ദൈവം തന്റെ ഭക്തനെ മറ്റെങ്ങുംവിടാതെ ഈ വിധവയുടെ അടുത്തേക്ക് തന്നെ പോറ്റുവാൻ പറഞ്ഞുവിട്ടതിന് ദൈവത്തിനൊരു ഉദ്ദേശമുണ്ട്. ഏലിയാവ് ആ ഭവനത്തിൽ ചെന്നു ആദ്യം തനിക്ക് കുടിക്കുവാനും കഴിപ്പാൻ ഒരു അപ്പവും ഉണ്ടാക്കി തരണേ എന്ന് പറഞ്ഞു എന്നാൽ സാരേഫാ തതിലെ വിധവ തന്റെ ഉള്ളം ദൈവഭക്തന്റെ മുൻപിൽ തുറക്കുന്നു അവളുടെ ഉള്ള അവസ്ഥ ദൈവഭക്തനോട് പറയുന്നു ഒരു പിടി മാവും, അൽപ്പം എണ്ണയും അതുകൊണ്ട് അട ഉണ്ടാക്കി കഴിച്ചിട്ട് ഞാനും മകനും മരിക്കാൻ പോകുന്നു. എന്നാൽ ദൈവഭക്തൻ ആ മരണത്തിൽ നിന്നും വിടുവിക്കുവാൻ ഒരു പരിഹാരം അവളുടെ മുൻപിൽ വയ്ക്കുന്നു “നീ ഭയപ്പെടേണ്ട ആദ്യം ഒരു ചെറിയ അട എനിക്ക് ഉണ്ടാക്കി കൊണ്ടുവരിക, പിന്നെ നിനക്കും നിന്റെ മകനും വേണ്ടി ഉണ്ടാക്കുക”. പ്രിയരെ അവൾ ദൈവഭക്തന്റെ വാക്ക് അതുപോലെ അനുസരിച്ചു. ജീവിതത്തിൽ വലിയ അത്ഭുതം സംഭവിച്ചു ആ ക്ഷാമ കാലത്ത് അവൾക്കും അവളുടെ വീട്ടുകാർക്കുംക് ക്ഷേമത്തോട് കഴിയുവാൻ ദൈവം അവളുടെ മാവിനെയും, എണ്ണയെയും വർദ്ധിപ്പിച്ചു. അതിഥിയായി വന്ന ഭക്തനെ പോറ്റുവാൻ മാത്രമല്ല ദൈവം ആ ഭവനത്തിൽ അയച്ചത് വിധവയുടെ കുടുംബത്തിനും അത് അനുഗ്രഹമായി മാറി. ഭക്തൻ ചെന്നത് അവളുടെ മരണക്കിടക്കമാറ്റി വിരിപ്പാൻ ഇടയായി. ഇവിടെയും നമുക്ക് ചിന്തിപ്പാനുണ്ട് നമ്മുടെ വിഷയങ്ങൾ വലുതായിരിക്കുമ്പോൾ തന്നെ നമ്മളെക്കാൾ വേദനിക്കപ്പെടുന്നവരുടെ വിഷയം നമ്മുടെ മുന്നിൽ കൊണ്ട് തരും അപ്പോൾ നാം വിശ്വാസത്തോടെ ഏറ്റെടുത്ത് പ്രാർത്ഥിച്ചാൽ അവർക്കും വിടുതൽ ആവും. നമ്മുടെ വിഷയത്തിനും മറുപടി ദൈവം തരും ഇവിടെ ഏലിയാവിന് മാത്രമല്ല വിടുതൽ ദൈവം വിട്ട ഭവനത്തിലും വിടുതലായി കേവലം അവിടെ ഒരു ഭൗതിക വിടുതൽ മാത്രമല്ല നടന്നത് പ്രാണനോട് പോരാടിയ ഒരു കുടുംബത്തെ ദൈവം മുന്നമേ കണ്ടു.

പ്രിയരേ നമ്മുടെ പ്രാർത്ഥനകളും, മറ്റുള്ളവരോടുള്ള നമ്മുടെ സാമീപ്യവും, മറ്റുള്ളവർക്ക് അനുഗ്രഹം ആകട്ടെ, സങ്കീർത്തനക്കാരൻ പറയുന്നു ദൈവം ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു മരണത്തിൽ നിന്ന് നിക്കു പോക്കുകൾ യഹോവയായ ദൈവത്തിനു തന്നെ. അതുകൊണ്ട് ദൈവഭക്തന് തന്റെ പ്രതിസന്ധിയിൽ പോറ്റുവാൻ ഒരു കാക്കയെയും, ഒരു വിധവയെയും ദൈവം ഉപയോഗിചെങ്കിൽ നമ്മെയും ദൈവം മറ്റുള്ളവരുടെ അനുഗ്രഹത്തിനും വിടുതലിന്റെ ഉദ്ധാരണത്തിനായി ദൈവം ഉപയോഗിക്കട്ടെ. ആമേൻ!

സിസ്റ്റർ ജോളി റോണി (ഫുൾ ഗോസ്പൽ ചർച്ച് സുവാർത്ത, കുവൈറ്റ്‌ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.