ആ പുരുഷാരത്തിൽ നീയും ഉണ്ടോ?

വേദപുസ്തകം ഉടനീളം പഠിച്ചാൽ പല സന്ദർഭങ്ങളിൽ ദൈവം തന്നേ വഴി വികടമാക്കിയതായും, തടഞ്ഞതായും നാം വായിക്കുന്നുണ്ടല്ലോ!. ഉദാ: “പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ചു…. വെട്ടുകല്ലു കൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു”, “എനിക്കു കടന്നു കൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു”…. “നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു”, “പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു” (വിലാ 3:7-9, ഇയ്യോ 19:8, സങ്കീ 139:5, 88:8) എന്നും നാം വായിക്കുന്നു. ബിലയാമിന്റെ യാത്രയിൽ യഹോവയുടെ ദൂതൻ വഴിയിൽ തടഞ്ഞതായും കാണുന്നില്ലേ!. ഇവിടെയെല്ലാം ദൈവത്തിന്റേതായ ചില ഉദ്ദേശങ്ങളും പദ്ധതികളും ഉണ്ടായിരുന്നതു കൊണ്ടാണ് വഴി മദ്ധ്യേ തടസ്സങ്ങൾ കൊണ്ടുവന്ന് യാത്ര മുടക്കിയതെന്ന് മനസ്സിലാക്കാം!.

എന്നാൽ ഇവിടെ നാം ചർച്ച ചെയ്യുവാൻ പോകുന്നത് അതിന്റെ മറുവശം ആയ, മറ്റുള്ളവർക്ക് യേശുവിനെ കാണുന്നതിന് നാം എത്ര തടസ്സം ആയി നിൽക്കുന്നു, അഥവാ വഴിമുടക്കുന്നവർ ആയി മാറന്നു എന്നതാണ്. നാം ഒരിക്കലും അങ്ങനെ ആയിത്തീരരുതേ എന്നാണ് എന്റേയും പ്രാർത്ഥന. ഞാൻ കാരണം, എന്റെ പ്രവർത്തി, എന്റെ വിശ്വാസജീവിതം, എന്റെ മാതൃക നിമിത്തം ഒരു വ്യക്തിക്ക് യേശുവിനെ കാണുന്നതിന് അഥവാ യേശുവിന്റെ അടുത്തു വരുന്നതിന് ഏതെങ്കിലും രീതിയിൽ തടസ്സം ഉണ്ടാകുന്നുണ്ടോ എന്ന ആത്മ പരിശോധന ഓരോ നിമിഷവും നടത്തുന്നത് നന്നായിയിരിക്കും.

എന്നാൽ അവശ്യക്കാരന് ഔചിത്യം ഇല്ലല്ലോ എന്ന ചൊല്ലിനോട് ചേർത്തു പറഞ്ഞാൽ, ആവശ്യക്കാരന്റെ മുന്നിൽ ആരെന്തു തടസ്സങ്ങൾ കൊണ്ടുവന്നാലും അവൻ അതൊന്നും വകവെക്കാതെ മുന്നോട്ട് ഗമിക്കും എന്ന് ഇവിടെത്തെ ഉദാഹരണങ്ങൾ തെളിയിക്കുന്നു.

ലുക്കോസിന്റെ സുവിശേഷത്തിൽ വളർച്ചയിൽ കുറിയവനായ സഖായി
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു എന്ന് വായിക്കുന്നു. എന്നാൽ അവന്റെ യോഗ്യതകളും, പരിമിതികളും, അവന്റ മുന്നിലെ പർവ്വത സമാനമായ വിഷയങ്ങളും അവന് നന്നായി അറിയാമായിട്ടും അവന്റെ ശ്രമത്തിൽ നിന്നും അൽപ്പം പോലും തോറ്റു പിന്മാറുവാൻ തയ്യാറായില്ല എന്നതാണ് സഖായിയുടെ ഏറ്റവും വലിയ സവിശേഷത.

എന്നാൽ ‘പുരുഷാരം’ നിമിത്തം അവന് യേശുവിനെ കാണുവാൻ കഴിഞ്ഞില്ല എന്ന വാക്യപ്രയോഗം എന്നേ വളരെ ചിന്തിപ്പിച്ചു. അതാണ് ഈ ലേഖനം എഴുതുവാൻ പ്രേരിതമായ ഘടകം. ഇവിടെത്തെ പ്രശനക്കാരും പ്രധാന തടസ്സമായി നിൽക്കുന്നതും പുരുഷാരം അല്ലാതെ വേറെ ആരും അല്ലായെന്ന സത്യം മറക്കരുത്. ആ പുരുഷാരം ഒരു നിമിഷം ഒന്നു സഹകരിച്ചാൽ, ഒരു ചെറിയ വിട്ടുവീഴ്ച്ച ചെയ്താൽ, ഒരുനിമിഷത്തേക്ക് വഴിമാറി കൊടുത്താൽ തീരാവുന്ന വിഷയമേ ഉണ്ടായിരുന്നുള്ളു എന്നകാര്യം കൂടി ഓർത്തുവെക്കുക.

ഈ പുരുഷാരം വളരെ നേരമായി യേശുവിനെ അനുഗമിക്കുന്നവരും യേശുവിന്റെ കൂടെ നടക്കുന്നവരും ആണെന്നുള്ളതാണ് വലിയ പ്രേത്യേകത. കുറെ നേരമായി കൂടെ നടന്നതു കൊണ്ട് മാത്രം ഈ പുരുഷരത്തിന് യേശുവുമായി അത്ര അടുത്ത ആത്മബന്ധം ഉണ്ടാകണം എന്നു നിർബന്ധവും ഇല്ല. ചിലർ യേശുവിന്റെ അത്ഭുതങ്ങൾ കാണാനും, ചിലർ നല്ല ഭക്ഷണം കിട്ടും എന്ന പ്രതീക്ഷയിലും ചിലർ ഭൗ‌തീക നന്മകൾക്കു വേണ്ടിയും, ചിലർ എല്ലാരും പോകുന്നതു കൊണ്ട് ഞാനും പോകുന്നു എന്ന ചിന്താഗതിയിലും അനുഗമിക്കുന്നുണ്ടാകും.

യഥാർത്ഥ വിളിയൊ, തിരഞ്ഞെടുപ്പോ, ദർശനമോ, കാഴ്ചപ്പാടോ, ഉദ്ദേശമോ ഇല്ലാതെ ഇറങ്ങി തിരിക്കുന്ന ഇങ്ങനെയുള്ളവരല്ലേ പലപ്പോഴും തടസ്സം ആയി മാറുന്നത്. മാത്രവുമല്ല, നിരുത്സാഹപ്പെടുത്തി മടുപ്പിക്കുന്ന ഒരുകൂട്ടം (കണ്ടവർ) പിറുപിറുത്തു എന്നും വായിക്കുന്നു. അങ്ങനെ ഉള്ളവർക്ക് ശാസിക്കാനും, പിറുപിറുക്കാനും കുറ്റം കണ്ടുപിടിക്കാനും മാത്രമേ അറിയുക ഉള്ളൂ.

സാധാരണ ഇങ്ങനെ ചോദിക്കുന്നതും പറയുന്നതും കേട്ടിട്ടുണ്ട്; അദ്ദേഹം/അവർ നിങ്ങളുടെ സഭയിലെ അംഗം ആണോ, അദ്ദേഹം ആണോ അവിടെത്തെ ശുശ്രുഷകൻ, എന്നാൽ ഇപ്പോൾ ഞങ്ങൾ തത്കാലം അങ്ങോട്ട് വരുന്നില്ല, അദ്ദേഹം ഭൂലോക തട്ടിപ്പാണ്, കൗശലക്കാരനാണ്, പണത്തോട് വലിയ ആർത്തിയ, ചതിയനാ, മാതൃക ഇല്ല അങ്ങനെ പലതും പലതും. അപ്പോൾ ഇവിടെ ആരാണ് തടസ്സം ആയി നിൽക്കുന്നതെന്ന് നമുക്ക് ഊഹികമല്ലോ!.

പണ്ടത്തെ പഴഞ്ചൊല്ല് പോലെ …. പുല്ല് തിന്നത്തുമില്ല പശുവിനെ തിന്നാൻ അനുവദിക്കാത്തുമില്ല എന്ന ചിന്താഗതിക്കാർ. ചിലരൊക്കെ ഇങ്ങനെയും പറയുന്നത് കേട്ടിട്ടില്ലേ, ഇവിടെ നിന്ന് യേശുവിനെ കണ്ടാൽ പോരെ, അവിടെ പോകണോ, അവരോടു ചേരണോ, അതുപോലെ ചെയ്യണോ, ഇവിടെ നിന്നാൽ എന്താ കുഴപ്പം എന്നൊക്കെയുള്ള ചോദ്യ കൂമ്പാരവുമായി നിൽക്കുന്നവർ.

അതേ നമ്മുടെ പ്രവർത്തികൾ, നമ്മുടെ മനോഭാവം, നമ്മുടെ ഉയരം (ഞാൻ വലിയവൻ എന്ന ഭാവം), താഴ്മയില്ലാത്ത പെരുമാറ്റം, ലേശം ഒന്ന് ഒതുങ്ങി കൊടുക്കാൻ, ഒന്നു വഴിമാറി കൊടുക്കുവാൻ, ഒരു വിട്ടുവീഴ്ച്ച ചെയ്യാനുള്ള വൈമനസ്യം, എന്റെ കാര്യം ഭംഗിയായി നടക്കുന്നുണ്ടല്ലോ, അഥവാ നടന്നല്ലോ മറ്റുള്ളവർ എങ്ങനെയെങ്കിലും ആയിതീരട്ടെ, അവർക്കും ഒരു അവസരം (Chance) കൊടുക്കാനുള്ള വിമുഖത അങ്ങനെ പലതും പലതും അല്ലേ പലപ്പോഴും യേശുവിനെ മറ്റുള്ളവർക്ക് കാണുവാൻ തടസ്സം ആയി നിൽക്കുന്നത്. ഇവിടെയാണ് നാം ആകുന്ന വ്യക്തികൾ പലപ്പോഴും പുരുഷാരത്തിലെ ഒരുവൻ ആയി മാറുന്നതെന്ന സത്യം വിസ്മരിക്കരുത്.

ചിലപ്പോൾ ചിലർ പേരിനും ഭൗ‌തീക നന്മകൾക്കും വേണ്ടി യേശുവിനോട് ഒട്ടിചേർന്ന് ദിവസങ്ങളായി നടക്കുന്നുണ്ടാകും, പക്ഷെ അവരെക്കാൾ അധികം അവരുടെ ഹൃദയത്തിന്റെ ആഗ്രഹങ്ങൾക്കപ്പുറം യേശുവിനെ മറഞ്ഞിരുന്നുകൊണ്ട് വെറുതെ ഒന്ന് കാണാൻ മാത്രം ഹൃദയം കൊണ്ട് ആത്മാർഥമായി ആഗ്രഹിക്കുന്നവനെ തേടിയെത്തുന്ന (തിരഞ്ഞു കണ്ടുപിടിക്കുന്ന) ദൈവത്തിന്റെ കണ്ണുകളിൽ നിന്നും ആർക്കും മറഞ്ഞിരിക്കാൻ കഴിയില്ല എന്നതാണ് സത്യം.

യെരിഹൊവിലെ കുരുടനെ “മുൻനടക്കുന്നവർ” മിണ്ടാതിരിപ്പാൻ “ശാസിച്ചു” എന്നു വായിക്കുന്നു. പലർക്കും മാർഗ്ഗതടസ്സം ആകുന്നത് മുൻനടക്കുന്ന മാന്യന്മാർ (സ്വയം കരുതുന്ന) ആണെന്ന സത്യം കൂടി ഓർത്തുകൊൾക. അവരുടെ വിചാരം അവരാണ് യേശുവിനെ നിയന്ത്രിക്കുന്നതും കൊണ്ടുനടക്കുന്നതും. അവർ പറയുന്നതുപോലെ യേശു കേൾക്കുകയുള്ളൂ, അവരാണ് ആരൊക്കെ യേശുവിന്റെ അടുത്ത് കടന്നുവരണം എന്നുപോലും തീരുമാനിക്കുന്നതെന്നു പൊലും അവരുടെ പെരുമാറ്റവും ശാസനയും കേട്ടാൽ തോന്നിപോകുന്നില്ലേ!.

ഈ കുരുടൻ എത്രയോ വർഷങ്ങളായി വഴിയരികിൽ ഇരുന്ന് ഇരക്കുന്നു, നിത്യേന അവർ കണ്ടിട്ടുള്ളതും പരിചയം ഉള്ളതുമായ വ്യക്തി, മാത്രവുമല്ല പരസഹായം കൂടാതെ പെട്ടെന്ന് നടക്കുവാൻ കഴിയാത്ത പാവം മനുഷ്യൻ എന്ന പരിഗണന പോലും കൊടുക്കാൻ മനസ്സില്ലാത്ത മാന്യന്മാർ, അവനും ഒന്ന് യേശുവിനെ കൺകുളിർക്കേ കണ്ടോട്ടെ, അവന്റ ഈ ഭിക്ഷാടനം ഒന്ന് മാറി അവനും രക്ഷപെട്ടു പോകട്ടെ എന്നും കരുതിയില്ല എന്നതല്ലേ പരമസങ്കടം. അവരുടെ ആഗ്രഹം ഇവൻ എന്നും പരഗതിയില്ലാതെ ഇവിടെ കിടന്നോട്ടെ എന്നായിരിക്കില്ലേ?. ഇങ്ങനെ ദയയും കരുണയും ഇല്ലാതെ മാർഗ്ഗതടസം ആയി നിൽക്കുന്നവരെ ഇന്നും സമൂഹത്തിൽ കാണുവാൻ കഴിയുന്നില്ലേ. നടപ്പുകണ്ടാലോ, പ്രവർത്തികൾ കണ്ടാലോ എത്ര മാന്യന്മാരായ ഭക്തന്മാർ. ചോദിച്ചാൽ എപ്പോഴും യേശുവിന്റെ മുന്നിലും പക്ഷെ, യേശുവിനെ കാണുവാനും യേശുവിനെ തൊടുവനും യേശുവിനെ രുചിച്ചറിയുവാനും ഇവരെ പോലെയുള്ളവർ പലപ്പോഴും തടസ്സം ആയി നിൽക്കുന്നു എന്ന് പറഞ്ഞാൽ പിണങ്ങരുത്.

എപ്പോ നോക്കിയാലും യേശുവിന്റെ കൂടെയാണെന്ന് ഒത്തിരി പാരമ്പര്യം പറയുന്ന ഈ കൂട്ടർ, പാവം കുരുടനെ യേശുവിന്റെ അടുത്തേക്ക് വഴികാട്ടി നടത്തേണ്ടിയതിനു പകരം, ഇന്ന് അവനേ ശാസിക്കുന്നു. ഇതല്ലേ ഇന്ന് മുൻ നടക്കുന്ന പല മാന്യന്മാരും ചെയ്യുന്നത്. ഒരുവനാൽ ഒരുവൻ ഒടുങ്ങി പോകെണ്ടുന്ന അവസ്ഥ. ഒന്നു ചിന്തിക്കൂ, അതിൽ ഒരുവൻ നാം ആണോ എന്ന് സ്വയം പരിശോധികേണ്ടത് അത്യാവശ്യം തന്നേ.
(രാജൻ പെണ്ണുക്കര)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.