ലേഖനം:യഹൂദന്മാരുടെ സ്മരണീകമായ മാളയിലെ ശവകുടീരങ്ങൾ | പാസ്റ്റർ ഷാജി ആലുവിള

ചരിത്രങ്ങളിൽ വലിയ സ്ഥാനം ഉണ്ട് കല്ലറകൾക്ക്. കാരണം ജീ വിച്ചിരുന്നവരുടെ ഓർമ്മകളും ചരിത്രവും, മാഞ്ഞുപോകാത്ത അനുഭവങ്ങളായി, നിശബ്ദതയോടെ നമ്മോടു സംസാരിക്കുന്നു അവർ അന്ത്യ വിശ്രമം കൊള്ളുന്ന അനേക കല്ലറകളിലൂടെ. പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധിപ്പേരുടെ അനുസ്മരണ
സ്തൂപങ്ങളാണ് ശവക്കല്ലറകൾ. അനേക മഹാൻമാരുടെ കല്ലറകൾ ഭൂമിയിൽ ഉണ്ടങ്കിലും യേശു ക്രിസ്തുവിന്റെ കല്ലറയല്ലാതെ മറ്റൊരെണ്ണം ലോകത്ത്‌ എവിടെയും മൃതുശരീരം ഇല്ലാതെ തുറന്നു കിടപ്പില്ലാതാനും. ക്രിസ്തീയ വിശ്വാസ പ്രമാണം അനുസരിച്ച് മശിഹായുടെ രണ്ടാം വരവിൽ കല്ലറകൾ തുറക്കപ്പെട്ട് വിശുദ്ധൻമ്മാർ ആരോഹണം ചെയ്യപ്പെടുമെന്നു വിശ്വസിക്കുന്നു. ലോകാവസാനത്തിലുള്ള വിധി നിർണയ ദിവസത്തിൽ അവരുടെ കല്ലറകൾ തുറക്കപ്പെടുമെന്നു യൂദരും വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് തൃശൂർ ജില്ലയിലെ മാളയിൽ യഹൂദന്മാരുടെ ശവകല്ലറകൾ അവരുടെ സ്മാരകമായി യഹൂദർ നിലനിർത്തിയിരിക്കുന്നതും.
1568 ൽ ഒരു കൂട്ടം യഹൂദന്മാർ അഭയാർഥികളായി സ്പെയിനിൽ നിന്നും കേരളത്തിൽ എത്തി. അവർ സമ്പന്നരായ വ്യവസായികൾ ആയിരുന്നു. മട്ടാഞ്ചേരിയിൽ ആയിരുന്നു അവരുടെ വ്യവസായ കേന്ദ്രം. അവർ കൊച്ചി രാജാവിനെ സമീപിച്ചു ധാരാളം കാഴ്ച വസ്തുക്കൾ( കാഴ്ച ദ്രവ്യങ്ങൾ) സമർപ്പിച്ചു ജൂതപള്ളി അഥവാ സിനഗോഗ് നും അവർക്കുള്ള പട്ടണവും സ്ഥാപിക്കാൻ വേണ്ട അനുവാദം വാങ്ങിച്ചു. അവർ പണിത സിനഗോഗ് ചിത്ര പണികളോടും അലങ്കാര ദീപത്തോടും ഇന്നും തല ഉയർത്തി മട്ടാഞ്ചേരിയിൽ നില നിൽക്കുന്നു. ഏകദേശം 151 വർഷം പഴക്കം അതിനുണ്ടായിട്ടും.
ഇവിടെ വന്നിറങ്ങിയ യൂദൻ മാരിൽ, രണ്ടു വിഭാഗങ്ങളായി അവരുടെ ഇടയിൽ വേർകൃത്യം ഉണ്ടായിരുന്നു. കറുത്തവരെന്നും, വെളുത്തവരെന്നും ഉള്ള വെത്യാസം. മാളയിലെ യഹൂദ സമൂഹത്തിന്റെ ചരിത്രം കേരളാ ചരിത്രത്തിന്റെ പൗരണികതയിലേക്കുതന്നെ വെളിച്ചം വീശുന്ന ഒന്നാണ്. ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻമ്പ് കൊടുങ്ങല്ലൂരിൽ എത്തിയ യെഹൂദ വംശീയർക്ക് രാജാവ് നൽകിയ സഹായത്താൽ അമ്പതോളം കുടുംബങ്ങൾ സ്ഥിരം തമാസിക്കുവാനുള്ള അനുമതി ലഭിച്ചു. കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയവരിൽ ചിലർ മാളയിൽ തങ്ങിയതോ, മട്ടാഞ്ചേരിയിൽ നിന്ന് കച്ചവടത്തിനായി മാള അങ്ങാടിയിൽ വന്നവരാണോ ഇവിടെ സ്ഥിര താമസക്കാരായത് എന്ന് വ്യക്തത ഇപ്പോഴും ഇല്ല. മാള അങ്ങാടിയിൽ സ്ഥിരം താമസം ആക്കിയ ഇവർ കച്ചവട സമൂഹങ്ങളായിട്ടാണ് ജീവിച്ചത്. മിക്കവാറും എല്ലാവരുടെയും താമസവും പീടികയും ഒന്നിച്ചായിരുന്നു. അതിൽ ചിലത് ഇപ്പൊഴും മാളയിൽ അവശേഷിക്കുന്നു.
മാള എന്ന പേരിന്റെ അർത്ഥം തന്നെ അഭയകേന്ദ്രം എന്നാണ്. മൂലഭാഷയിൽ “മാൾഹാ” എന്നാണ് വിളിക്കുന്നത്. പഴയ ഏഴ്‌ ജൂതസാങ്കേതങ്ങളിലെ ഒന്നാണ് മാള. അതു അന്താരാഷ്‌ട്ര ജൂത കേന്ദ്രം കൂടി ആയി വളർന്നു. യഹൂദ വിശ്വാസം കൈവിടാതെ കേരളീയരിൽ കേരളക്കാരയി ജീവിച്ച്‌ കേരളത്തിന്റെ പല ആചാരനുഷ്ടാനങ്ങൾ സ്വീകരിക്കയും ചെയ്തു. സഹസ്രാബ്ദങ്ങൾക്കു മുമ്പ് പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ഇവർ കേരളത്തിന്റെ പടിഞ്ഞാറെ തീരത്തേക്ക് വൻ തോതിൽ കുടിയേറുകയായിരുന്നു. ഏ. ഡി. ഒന്നാം നൂറ്റാണ്ടിൽ ബാബിലോ ണിലെ രണ്ടാമത്തെ പള്ളി തകർക്കപ്പെട്ടപ്പോൾ ആണെന്ന് അനുമാനിക്കുന്നു ഇവരുടെ വരവ്. ഉയിരു കാക്കാനും പശി മാറ്റാനുമായി ലോക്കമെമ്പാടും അലഞ്ഞുനടന്നവർക്ക്, അഭയം കൊടുത്ത തീരങ്ങളിൽ ഒന്നാണ് മാള. ശലോമോൻ രാജാവിന്റെ കാലത്ത് മൂന്നു കൊല്ലം കൂടുമ്പോൾ, സ്വർണം, വെള്ളി, ആനക്കൊമ്പ്, ചന്ദനം, മയിൽ, കുരങ്ങകുൾ എന്നിവയെ ഇവിടെ നിന്നും ഇവർ കൊണ്ടുപോയിരുന്നതായും ബൈബിളിൽ പറയുന്നുണ്ട്.
1948 ൽ ഇസ്രായേലിന്റെ രൂപവത്ക്കരണത്തോടെ മിക്ക യഹൂദരും കടൽ കടന്നു പോയി തുടങ്ങി. നീണ്ട കാലത്തെ അധിവാസത്തിന്റെ ശേഷിപ്പുകളായി മാളയുടെ ഹൃദയ ഭാഗത്ത്‌ നിലനിൽക്കുന്ന സിനഗോഗ് എന്ന അവരുടെ പള്ളിയും, നൂറു കണക്കിന് യൂദന്മാർ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനവും അവരുടെ സ്മരണീയങ്ങളാണ്. ചരിത്രവിശിഷ്ടവും, സ്മാരകങ്ങളും ഒരു നാടും ജനതയും ജീവിച്ച കാലത്തിന്റെയും ജീവിതത്തിന്റെയും ശേഷിപ്പുകളാണ്. അതുകൊണ്ടാണ് യുദ്ധങ്ങളിൽ സ്മാരകങ്ങൾ ചരിത്രശേഷിപ്പുകളായി നിർത്താതെ തകർത്തുകളയുന്നത്. മാളയിൽ നിലനിൽക്കുന്ന സിനഗോഗും, ശവ കുടീരവും കാലഹാരണപ്പെടുത്തുന്നതും അവരുടെ ചരിത്രം മായിച്ചു കളയാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംരക്ഷണ ഭിത്തികൾ തകർന്ന്‌ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി മാളയിലെ സെമിത്തേരി. കാട് കയറി നശിച്ചുപോകുകയാണ് സിനഗോഗും.
മാളയിലെ ജൂതകുടുംബങ്ങൾ അവരുടെ സ്ഥലങ്ങൾ മാള പഞ്ചായത്തിന് ഇഷ്ടദാനം എഴുതികൊടുത്തു. പകരം തങ്ങളുടെ പിതാമഹാന്മാർ വിശ്രമം കൊള്ളുന്ന സെമിത്തേരിയും, ആരാദനാലയാവുമായ സിനഗോഗും ലോകം ഉള്ള കാലം വരെ സംരക്ഷിക്കണമെന്നും കരാറുണ്ടാക്കി രജിസ്റ്റർ ചെയ്താണ് അവർ തിരികെ പോയത്. ഇവിടെ ഉണ്ടായിരുന്ന പല യൂദ പെൺകുട്ടികളെയും ഹൈന്ദവർക്ക് വേളികഴിപ്പിച്ചാണ് മാതാപിതാക്കൻമാർ തിരികെ പോയത്. ഇന്നും ഇവിടെ മരണപ്പെട്ടുപോയവരുടെ പിന്തലമുറ ചില വർഷങ്ങൾ കൂടുമ്പോൾ ജൂതക്കല്ലറ സന്ദരർശിക്കയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. കല്ല റകളിൽ ഉറങ്ങുന്നവർക്ക് ശബ്ദം ഇല്ല. പിൻഗാമികൾ എല്ലാം പോയി കഴിഞ്ഞു. മാള സർക്കാർ ആശുപത്രിയിൽ ഒരു ജൂത വനിതാ ഡോക്ടർ ആയി ഇപ്പോഴും സേവനം ചെയ്യുന്നു. നശിച്ചുപോകുന്ന സ്മാരകങ്ങൾ നോക്കി നേടുവീർപ്പിടുന്നു ഈ ജൂത സ്ത്രീ.
ഇപ്പോൾ മൂന്ന് ശവകുടീരങ്ങളാണ് അവരുടെ ആചാരത്തിൽ മാള അങ്ങാടിക്കു കിഴക്കുഭാഗത്തു ഉയർന്നു നിൽക്കുന്നത്. മുപ്പതിൽ പ്പരം കല്ലറകൾ ഉള്ളപ്പോൾ ആണ് ഇത് പഞ്ചായത്തിന് കൈമാറി അവർ പാലായനം ചെയ്തത്‌. ഇപ്പോൾ അത് കേവലം മൂന്നായി മാറി. മറ്റുള്ളത് തകർക്കപ്പെട്ടിരിക്കുന്നു. ഉള്ള കല്ലറകളിൽ എബ്രായ ഭാഷയിൽ മരണപ്പെട്ടവരുടെ പേരും വിലാസവും പ്രായവും ലിഖിതം ചെയ്തിരിക്കുന്നു. അവയും വരും കാലങ്ങളിൽ സംരക്ഷിക്കപ്പെടുമോ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു. തകർന്നു പോകുന്ന മാളയിലെ ജൂത കല്ലറകൾ അവരുടെ മതവിശ്വാസത്തിന്റെ അതിപ്രാധന്യമുള്ള ഭാഗമാണ്. മലയാളി ജൂതൻമാരുടെ പിന്തലമുറക്കാർ അവരുടെ പൈതൃക ഭൂമിയായിട്ടാണ് മാളയെ കാണുന്നത്. മതേതരത്വത്തെ പറ്റി പറയുന്നവർ ഒരു കാലത്ത് ഈ നാടിന്റെ നന്മക്കായി പ്രവർത്തിച്ച ന്യൂനപക്ഷത്തെ വെറുക്കുന്നു എന്ന്‌ തോന്നിപ്പോകുന്നു. എന്നും ആ സ്മരണീയ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടുകതന്നെ വേണം. അല്ലങ്കിൽ ഓർമ്മകളോടുള്ള നീതി കേടായിരിക്കും നമ്മൾ ചെയ്യുന്നത്.
മാൾഹ എന്ന മാള യദാർഥത്തിൽ യെഹൂദർക്ക് അഭയകേന്ദ്രം തന്നെ ആയിരുന്നു. സാഹോദര്യത്തിന്റെയും സ്നേഹാദരവുകളുടെയും പച്ചപ്പകിട്ടാർന്ന മാള ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നാടുതന്നെ ആണ് ഇപ്പോഴും. ലേഖകൻ ഈ മാളയിൽ മൂന്നുവർഷം ശുശ്രൂഷയിൽ ഉണ്ടായിരുന്നു. യെഹൂദ സംസ്കാരത്തെ മാളയുടെ മടിത്തട്ടിൽ ഏറ്റുവാങ്ങിയ മാളക്കാർ ഇന്നും അതേ സ്നേഹത്തിൽ മറ്റുള്ളവരെ കാണുന്നു എന്നുള്ള സത്യം, അന്ന് എനിക്കും മനസിലായി. എല്ലാ മതവിഭാഗങ്ങളും ഇടകലർന്ന് ജീവിക്കുന്ന ഈ നാടിനെ ചരിത്രത്തിന്റെ ഭാഗമാക്കിയ യൂദരുടെ ഓർമ്മകൾ മാഞ്ഞുപോകാതെ കാത്തുസൂക്ഷിക്കണം, മരിച്ചവരുടെ സ്മരണകൾ ഓർമ്മിപ്പിക്കുന്ന കല്ലറകളും, അവരുടെ ആത്മീയ വിശ്വാസത്തിന്റെ സിനഗോഗുകളും തകർക്കപ്പെടരുത്. അതു തകർക്കപ്പെട്ടാൽ നാം ഉൾക്കൊണ്ട് നമ്മളിൽ ഒരാളായി കൂടെ കൂട്ടിയ മറ്റൊരു സംസ്ക്കാരത്തിന്റെ സ്മരണീയ ചരിത്രം തുടച്ചു മാറ്റപ്പെടും അരുത്, അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ. വരും തലമുറയും മാളയുടെ മാഹാത്മ്യം മനസിലാക്കി മുന്നേറട്ടെ ലോകം ഉള്ള കാലത്തോളം…”സ്മാരകങ്ങൾ ഓർമ്മകളാണ് അത് ഒരിക്കലും തകർക്കരുത്”.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.