ലേഖനം:ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു | ജോസ് പ്രകാശ്,കാട്ടാക്കട

ഭൂരിഭാഗം കൺവെൻഷൻ നോട്ടീസുകളിലും ഇതര സുവിശേഷ യോഗങ്ങളുടെ പരസ്യങ്ങളിലും ആലേഖനം ചെയ്യാറുള്ള വാക്യമാണ് 1കൊരിന്ത്യർ 1:23.

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുന്നത് കേൾക്കുവാനും, വചനത്തിലൂടെ ഉയർത്തുന്നത് കാണുവാനും പങ്കെടുത്ത ഭൂരിഭാഗം യോഗങ്ങളിലും അതിനു സാധിച്ചിട്ടില്ല. ആത്മാവിനെ ഉള്ളിൽ വിഷാദിപ്പിച്ചു ഞരങ്ങുമാറാക്കിയ ആ യോഗങ്ങൾ തന്നെയാണ് ഈ ലേഖനം എഴുതുവാൻ നിർബന്ധിതനാക്കിയതും.

ഈ സമീപ സമയത്ത് പങ്കെടുത്ത ഒരു സുവിശേഷ യോഗത്തിൽ യേശുവിനെക്കുറിച്ച് ഒന്നും കേൾപ്പിച്ചില്ല, പ്രാസംഗികനായിരുന്നു തന്നെത്താൻ ഉയർത്തിയത്. ഒരു കടമയ്ക്ക് എന്നവണ്ണം ഇടയ്ക്ക് യേശുവെന്ന നാമം ഉരുവിട്ടു അത്രമാത്രം. മറ്റൊരു യോഗത്തിൽ നോട്ടീസിൽ കണ്ട വാക്യത്തിന് അല്പം പോലും നീതി പുലർത്താത്ത വിധമായിരുന്നു പ്രസംഗം. പ്രസംഗിച്ചത് ക്രിസ്തുവിനെ അല്ലായിരുന്നു പി ന്നെയോ, അത് വേറൊരു സുവിശേഷം ആയിരുന്നു.

ക്രിസ്തുവിനെ പ്രസംഗിക്കുവാൻ സാധ്യമല്ലെങ്കിൽ ദയവായി ”ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു” എന്ന വാക്യം നോട്ടീസിൽ ഉൾപ്പെടുത്താതിരിക്കുക. നെയ്യപ്പം എന്ന പേര് നൽകിയിട്ട് അപ്പത്തിൽ നെയ്യ് ചേർക്കാത്തത് പോലെ, ക്രിസ്തുവിന്റെ പേരിൽ യോഗം വെച്ചിട്ട് ദയവായി വിശ്വാസികളെ വഞ്ചിക്കരുത്. മനുഷ്യരുടെ മുമ്പിൽ പ്രസ്താവിക്കുന്ന വചനവും പ്രസംഗവും വെറും ജ്ഞാനത്തിന്റെ വശീകരണ വാക്കുകൾ മാത്രമെങ്കിൽ സുവിശേഷ യോഗം എന്ന വാക്ക് വെക്കാതിരിക്കുക. ക്രൂശിക്കപ്പെട്ട് ഉയർത്തെഴുന്നേറ്റ, മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു ഉള്ളിലില്ലാത്തവർ ദയവായി ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കാതിരിക്കുക.

അവരവർക്ക് ബോധിച്ചതു പോലെ ഇഷ്ടമുള്ള സമയത്തും സ്ഥലത്തും പ്രദർശിപ്പിക്കേണ്ട ചിഹ്നമല്ല കുരിശ്, ഉച്ചരിക്കേണ്ട നാമമല്ല ക്രിസ്തു. ക്രിസ്തുവിനെ പ്രസംഗിക്കുന്ന വേദികളിൽ ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ പറയാതെ ആത്മീയ പോഷണം ലഭിക്കുന്ന സദുപദേശമാണ് വചനത്തിൽ നിന്നും വിളംബരം ചെയ്യേണ്ടത്.

സംഘാടകരെ, ദയവായി നിങ്ങൾ പ്രഭാഷകരെ ഉയർത്തരുത്.
പ്രിയ പ്രാസംഗികരെ ദയവായി, നിങ്ങൾ തന്നെത്താൻ ഉയർത്തുവാൻ ശ്രമിക്കരുത്.

ഒരു യോഗം നടത്തുവാൻ തുടങ്ങുന്നതിനു മുന്നോടിയായി അതിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വചനപരിജ്ഞാനവും ആത്മനിറവുമുള്ള വിശ്വസ്തരായ ദൈവഭൃത്യരെ ക്ഷണിക്കുക. ജീവിതസാക്ഷ്യം നഷ്ടപ്പെടുത്തി അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടുന്നവർക്ക് ആത്മീക വേദികളിൽ അവസരം നൽകാതിരിക്കുക.

തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു ക്രിസ്തുവിനെ അനുഗമിക്കാത്തവർ മറ്റുള്ളവരെ പഠിപ്പിക്കുവാൻ യോഗ്യരല്ല. ക്രിസ്തു യേശുവിലുള്ള വിശ്വാസത്താൽ ജനത്തെ രക്ഷയ്ക്കു ജ്ഞാനി ആക്കുവാൻ മതിയായ തിരുവെഴുത്തുകളെ അറിഞ്ഞും, പഠിച്ചും, അതിനെ പ്രമാണിക്കയും ചെയ്യുന്ന നല്ല വചനനിശ്ചയമുള്ള, പഥ്യോപദേശത്തിൽ നിൽക്കുന്നവരെ മാത്രം വചന ശുശ്രൂഷക്ക് ക്ഷണിക്കുക. വിശുദ്ധ ജീവിതത്തിന് വിലകൽപ്പിക്കാതെ കർണ്ണ രസമാകുമാറ് വായിൽ വരുന്നത് വിളിച്ചു പറയുന്നവരെ വിവേചിച്ചു വിട്ടൊഴിയുക.

ദൈവവചനം നന്നായി പ്രഘോഷിക്കാത്തവർ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും യേശുവിന് ലോകാപവാദം വരുത്തുന്നവരും ആകുന്നു. അതുകൊണ്ട് ഒരുപാട് വേദികൾ ലഭിച്ചില്ലെങ്കിലും സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ച സ്തേഫാനോസിനെ പോലെ ഒറ്റ പ്രസംഗമായാലും അതിലൂടെ ഏകരക്ഷകനായ യേശുവിനെ ഉയർത്തുക. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ ഉയർത്തിയ അപ്പൊസ്തലന്മാർ നമുക്ക് മാതൃകയാണ്. യഥാർത്ഥ സുവിശേഷ പ്രസംഗത്തിലെ സന്ദേശങ്ങൾ ഹൃദയത്തിൽ കുത്തുകൊള്ളുന്നതും, രക്ഷിക്കപ്പെടുവാൻ ആഹ്വാനം ചെയ്യുന്നതുമാണ്.

വെള്ളിയും പൊന്നും ഇല്ലാത്തവർക്കും ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനായ ക്രിസ്തു ഉള്ളിൽ ഉള്ളവർക്കുമേ ആത്മാവിന്റെയും, ശക്തിയുടെയും പ്രദർശനത്താൽ സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിക്കുവാൻ സാധിക്കുകയുള്ളൂ. യേശുവുമായ് അടുത്ത ബന്ധം പുലർത്തുന്നവർക്കും നിത്യതയെക്കുറിച്ച് ഉത്തമ ബോദ്ധ്യം ഉള്ളവർക്കുമേ സമയം തക്കത്തിൽ ഉപയോഗിച്ചു കൊണ്ട് ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി പങ്കുവയ്ക്കാൻ പറ്റുകയുള്ളൂ.

അതുകൊണ്ട് പ്രിയമുള്ളവരെ, സുവിശേഷവുമായി ബന്ധപ്പെട്ട എല്ലാ യോഗങ്ങളിലും യേശുവിനാകട്ടെ പ്രഥമസ്ഥാനം, ചിന്തകൾ യേശുവിനെക്കുറിച്ചാകട്ടെ വിശുദ്ധർ തങ്ങളെതന്നെ വിശുദ്ധീകരിക്കട്ടെ, അനീതി ചെയ്യുന്നവരും അഴുക്കാടുന്നവരും നമ്മിലൂടെ യേശുവിനെ കണ്ട് രൂപാന്തരപ്പെടട്ടെ.

ലോകപ്രശസ്ത ദൈവദാസന്മാർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നവരെയല്ല, കർത്താവിൽ പ്രസിദ്ധരായവരെയാണ് ഇന്നത്തെ ദൈവസഭക്കാവശ്യം. ആദ്യനാളുകളിൽ ആത്മാർത്ഥമായി വചനം പ്രസംഗിച്ച പലരും ഈ നാളുകളിൽ ദർശനം മറന്നും ലക്ഷ്യം തെറ്റിയും, ശക്തി വിട്ടുപോയതറിയാത്ത ശിംശോനെപ്പോലെ പലസ്ഥലങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. പേരിനും പെരുമയ്ക്കും, ജനത്തെ കൂട്ടുന്നതിനും ഇത്തരക്കാരെ ക്ഷണിക്കുവാൻ വേറൊരു കൂട്ടർ ഉണ്ടെന്നുള്ളതാണ് ഏറ്റവും ലജ്ജിപ്പിക്കുന്ന വസ്തുത.

പാരമ്പര്യത്തെക്കുറിച്ചും, സംഘടനയെക്കുറിച്ചും ഉപദേശങ്ങളെക്കുറിച്ചുമുള്ള തർക്കങ്ങളും ചർച്ചകളും ഒഴിവാക്കി യേശുവിനെയും നമ്മെ ഭരമേൽപ്പിച്ച സത്യവചനത്തെ യും ആവോളം പ്രഘോഷിക്കാം.

ബൈബിൾ കോളേജിലെ പഠനവും, ബാഹ്യമായ അറിവും ഇല്ലെന്ന കാരണത്താൽ ആരും വിഷമിക്കേണ്ട കാര്യമില്ല, വചനധ്യാനത്തിലൂടെ ലഭിക്കുന്ന ആന്തരിക ജ്ഞാനം ധാരാളമത്രെ. എന്നാൽ സത്യവചനത്തിന്റെ ശക്തിയെ അല്പംപോലും ത്യജിക്കാതെ ദൈവം ഏല്പിച്ച സന്ദേശത്തെ ഭക്തിയോടെ പ്രസംഗിക്കണമെന്നു മാത്രം.

ബൈബിൾ കോളേജിൽ നിന്നും വചനം പഠിച്ചവർ സത്യവചനത്തെ വളരെ കൃത്യമായും സത്യമായും വള്ളിപുള്ളി വ്യത്യാസം വരുത്താതെ പ്രസംഗിക്കുവാൻ കടപ്പെട്ടവരത്രെ. കാരണം നിങ്ങൾ
യജമാനന്റെ ഇഷ്ടം അറിഞ്ഞവരാണ്,
വളരെ അറിവ് സമ്പാദിച്ചവരുമാണ് ( External evidence and Internal Wisdom ) ; അതിനാൽ അധികനാഴിക നടക്കേണ്ടവരുമാണ്
(ലൂക്കോസ് 12:47-48).

മനുഷ്യരാൽ ലഭിക്കുന്ന മാനത്തിനു വേണ്ടിയുള്ള ഭംഗിവാക്കുകൾ ഉരുവിട്ട് പ്രസിഡന്റുമാരെയും റവറണ്ടുമാരെയും വാനോളം ഉയർത്തുന്ന പ്രവണത നിർത്തി പ്രാണപ്രിയനായ മശിഹായെ നമുക്ക് മാനവർക്കു മുന്നിൽ ആവോളം ഉയർത്താം.

നമ്മെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത യേശുനാഥൻ വീണ്ടും വന്നു നമ്മെ ഏല്പിച്ച ദൗത്യത്തിന്റെ കണക്കു തീർക്കുവാൻ കാലമായി. കാര്യം തീർക്കുന്ന നാളിൽ ധൈര്യത്തോടെ നില്ക്കുവാനും കൈകൾ ബലപ്പെട്ടിരിക്കുവാനും നമ്മെ നിയോഗിച്ച കർത്താവിന്റെ സുവിശേഷം പകൽ ഉള്ളേടത്തോളം നമുക്ക് പ്രഘോഷിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.