ലേഖനം:അടിമനുകത്തിൽ നിന്ന് ആത്മസ്വാതന്ത്ര്യത്തിലേക്ക് | ജോസ് പ്രകാശ്

”സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു ” [ഗലാത്യർ 5:1].

കർത്താവായ യേശുക്രിസ്തു കാൽവറി ക്രൂശിൽ തന്റെ രക്തം നമുക്കായി ഒഴുക്കി നേടിത്തന്നതാണ് ഇന്ന് നാം അനുഭവിക്കുന്ന ആത്മീയ സ്വാതന്ത്ര്യം. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് സൗജന്യമായാണെങ്കിലും അതിന് വിലകൊടുത്തത് ക്രിസ്തുവാണ്.
വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള അടിമനുകത്തിൽ നിന്നും നമ്മെ വീണ്ടെടുക്കുവാൻ ക്രിസ്തു കൊടുത്തവില; നിർദ്ദോഷവും നിഷ്കളങ്കവുമായ തന്റെ വിലയേറിയ രക്തമായിരുന്നു.
എന്തെന്നാൽ രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനം (സ്വാതന്ത്ര്യം) സാദ്ധ്യമല്ലായിരുന്നു.

ഈ ഭാഗത്ത് ഉദ്ധരിച്ചിരിക്കുന്ന ‘അടിമത്വം’ അക്ഷരീകമല്ല ‘നുകം’
എന്നത് ന്യായ പ്രമാണത്തെക്കുറിച്ചുള്ള പരാമർശമാണ്.
ന്യായപ്രമാണത്തിന്റെ നുകത്തിൻ കീഴിൽ നിന്ന് ക്രിസ്തുവിനാൽ സ്വതന്ത്രരായവർ വീണ്ടും പഴയ ബന്ധനത്തിൻ കീഴിൽ കഴുത്ത് കാട്ടിക്കൊടുക്കരുതെന്നാണ് അപ്പൊസ്തലൻ ഗലാത്യ സഭയെ പഠിപ്പിച്ചത്.

സാധാരണയായി നുകം അടിമത്വത്തിന്റെ അടയാളമാണ്.
ഭാരമുള്ള ഇരുമ്പു നുകം, തടികൊണ്ടുള്ള (മരം) നുകം എന്നിവയെക്കുറിച്ച് വചനത്തിൽ പ്രതിപാദിക്കുന്നുണ്ട്.
മൃഗങ്ങളുടെ കഴുത്തിലാണ് സാധാരണ നുകം കെട്ടി വെക്കാറുള്ളത്. ഭാരം കയറ്റിയ വണ്ടി വലിക്കുവാനും നിലം ഉഴുന്നതിനും വേണ്ടിയാണ് മൃഗങ്ങളെ നുകത്തോട് ചേർത്ത് ബന്ധിക്കാറുള്ളത്. സ്വയമേ കയറഴിച്ചു കളയുവാനോ ബലം പ്രയോഗിച്ച് നുകത്തെ ഒടിച്ചുകളയാനോ മൃഗങ്ങൾക്ക് സാധിക്കുകയില്ല.

ക്രിസ്തുവിനാൽ സ്വാതന്ത്ര്യം പ്രാപിക്കുന്നതിന് മുൻപ് നാം ബന്ധിതർ ആയിരുന്നു. യേശുവിനെ സ്വന്തം രക്ഷിതാവും കർത്താവുമായി സ്വീകരിക്കുന്നതുവരെ നാം പിശാചിന്റെ അടിമനുകത്തിൽ കുടുങ്ങിക്കിടന്നിരുന്നു.
അടിമ നുകത്തിന്റെ പിന്നിൽ അതിന്റെ അധിപതിയായ ഒരു ക്രൂരയജമാനൻ ഉണ്ടായിരുന്നു. പിശാച് നുകത്തിൻ കീഴിൽ നമ്മെ അടിമകളാക്കിയിരുന്നു. അതിനെ സ്വന്ത പ്രയത്നത്താൽ കുടഞ്ഞു കളഞ്ഞ്, വിമോചിതരാകുക എന്നത് ഏവർക്കും അസാധ്യമായിരുന്നു.

കാരണം മനുഷ്യകുലം മുഴുവൻ പാപികളായിരുന്നു.
മനുജരെല്ലാം പാപം ചെയ്തു പിശാചിന്റെ മക്കൾ ആയിത്തീർന്നു. അവരുടെ
യജമാനൻ പിശാച് ആയിരുന്നു. പാപത്തിന്റെ ശമ്പളം മരണമായിരുന്നു. എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി നിയോഗിച്ചയച്ചതു പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ വേണ്ടി ആയിരുന്നു.

മക്കളായ നാം ജഡരക്തങ്ങളോടു കൂടിയവർ ആകകൊണ്ടു യേശുവും നമ്മെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ
തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയാൽ അടിമകളായിരുന്ന നമ്മെ സ്വതന്ത്രരാക്കി
(എബ്രായർ 2:14-15).
അടിമ നുകത്തിൽ നിന്ന് നമ്മെ വിലക്ക് വാങ്ങി സ്വതന്ത്രമാക്കിയ ഉലകത്തിലെ ഏക മാതൃകാഗുരു ശ്രീയേശു ക്രിസ്തുവത്രെ.

ആത്മാവിന്റെ യഥാർത്ഥ സ്വാതന്ത്ര്യം ഒരുവന് ലഭ്യമാകുന്നത് യേശു ആ വ്യക്തിയുടെ ജീവിതത്തിന്റെ കർതൃത്വം ഏറ്റെടുക്കുന്നത് മുതലാണ്. ഏകരക്ഷകനായ യേശുവിൽ വിശ്വസിക്കുന്നവർ നശിച്ചുപോകാതെ ഭൂമിയിൽ സാക്ഷാൽ ആത്മസ്വാതന്ത്ര്യവും സ്വർഗ്ഗത്തിൽ നിത്യജീവനും പ്രാപിക്കേണ്ടതിനാണ് ദൈവം സ്വന്തപുത്രനെ നല്കി മർത്യരെ സ്നേഹിച്ചത്.

സ്വാതന്ത്ര്യം ലഭിച്ചവർ അത് നൽകിയ ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കേണം.
കർത്താവു ആത്മാവാകുന്നു; കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു (2കൊരിന്ത്യർ 3:17).
പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നും ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം പ്രാപിച്ചവർ ജീവന്റെ ആത്മാവിനെ നല്കിയ ദൈവത്തെ ജീവനുള്ളടത്തോളം ആരാധിക്കുവാൻ കടപ്പെട്ടിരിക്കുന്നു
(റോമർ 8:2).

അടിമത്വ സമ്പ്രദായം അരങ്ങേറിയിരുന്ന നാളുകളിൽ
നുകത്തിനു കീഴിൽ ആയിരുന്നു അടിമകളുടെ സ്ഥാനം. നുകം വഹിക്കേണ്ടത് അടിമകളായ ദാസന്മാരായിരുന്നു.
ഒരിക്കൽ നമ്മൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും സത്യദൈവമായ യേശുക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയതിനാൽ നാമിന്ന് നീതിയുടെ ദാസന്മാരാണ് (റോമർ 6:17).

ആകയാൽ ലഭിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ മറവിൽ നാം പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്. പാപത്തിൽ നിന്നു സ്വാതന്ത്ര്യം പ്രാപിച്ച നാം ഇപ്പോൾ ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നമുക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്ത്യം നിത്യജീവനും ആകുന്നു.
കർത്താവ് നമ്മെ വിലെക്കുവാങ്ങി സ്വതന്ത്രരാക്കിയിരിക്കയാൽ; ഇനി നാം മനുഷ്യർക്കു ദാസന്മാരാകരുതു
(1കൊരിന്ത്യർ 7:22-23).

പിശാചിന്റെ അടിമ നുകത്തിൽ നിന്നും നമ്മെ വിടുവിച്ച് ക്രിസ്തുവിന്റെ ദാസന്മാർ ആക്കിയത്, ക്രസ്തുവിന്റെ നുകത്തിൻ കീഴിൽ ദാസന്മാരായിരുന്ന് ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതെ നമ്മുടെ യജമാനനായ യേശുവിനെ സകലമാനത്തിന്നും യോഗ്യനെന്നെണ്ണി സേവിക്കേണ്ടതിനു വേണ്ടിയാണ്
(1തിമൊഥെയൊസ് 6:1).

സൌമ്യതയും താഴ്മയും നിറഞ്ഞ യജമാനന്റെ നുകം ഏറ്റുകൊണ്ടു തന്നിൽ നിന്നും പഠിക്കുമ്പോഴാണ്; നമ്മുടെ ആത്മാവിനു ആശ്വാസം ലഭ്യമാകുന്നത്. മനുഷ്യർ പാരമ്പര്യനുകവും പിശാച് ഭാരമേറിയനുകവുമാണ് നിർബന്ധിച്ചു വഹിപ്പിക്കുന്നത്.
എന്നാൽ യേശു, നമുക്ക് സഹിക്കുവാനും വഹിക്കുവാനും പര്യാപ്തമായ മൃദുവായ നുകമാണ് അനുവദിച്ചിരിക്കുന്നത്.

?? ഏതെല്ലാം അവസ്ഥയിൽ നിന്നാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് ?

# പാപത്തിൽ നിന്നും.
# നിത്യ മരണത്തിൽ നിന്നും.

ജീവന്റെ ആത്മാവിന്റെ പ്രമാണം നമുക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽ നിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം
വരുത്തിയിരിക്കുന്നു (റോമർ 6:22; 8:2).

?? സ്വതന്ത്രരായവർ എന്തു ചെയ്യണം ?
•ക്രിസ്തു നൽകിയ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കണം
(ഗലാത്യർ 5:1)

•സ്നേഹത്താൽ അന്യോന്യം സേവിക്കണം
(ഗലാത്യർ 5:13).

•സ്വതന്ത്രരായും ദൈവത്തിന്റെ ദാസന്മാരായും നടക്കണം
(1പത്രൊസ് 2:16).

•അധികംപേരെ നേടേണ്ടതിന്നു നാം നമ്മെത്തന്നേ എല്ലാവർക്കും ദാസരാക്കേണം
(1കൊരിന്ത്യർ 9:19).

•സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം (വചനം) ഉറ്റുനോക്കി അതിൽ നിലനില്ക്കണം
(യാക്കോബ് 1:25).

?? സ്വതന്ത്രരായവർ എന്തു ചെയ്യരുത് ?
•അടിമനുകത്തിൽ വീണ്ടും കുടുങ്ങിപ്പോകരുത്
(ഗലാത്യർ 5:1).

•സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കരുത്
(ഗലാത്യർ 5:13).

•സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കരുത്
(1പത്രൊസ് 2:16).

•സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം (വചനം) കേട്ടു മറക്കരുത്
(യാക്കോബ് 1:25).

•സ്വാതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആകരുത്
(1കൊരിന്ത്യർ 8:9).

•സഭയിൽ നുഴഞ്ഞുകയറി നമ്മെ വീണ്ടും അടിമപ്പെടുത്തേണ്ടതിന്നു, ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാൻ വരുന്നവർക്ക് വഴങ്ങിക്കൊടുക്കരുത്
(ഗലാത്യർ 2:4).

യേശു പ്രഘോഷിച്ച സദ്വർ‍ത്തമാനം സ്വാതന്ത്ര്യത്തെക്കുറിച്ചായിരുന്നു. ദൈവം യേശുവിനെ അഭിഷേകം ചെയ്ത് അയച്ചതിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്ന് ഹൃദയം തകർ‍ന്നവരുടെ മുറിവ്കെട്ടുവാനും തടവുകാരോടും ബദ്ധന്മാരോടും സ്വാതന്ത്ര്യം അറിയിപ്പാനുമായിരുന്നു.

കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴുന്നതു പോലെ;
പാപത്തോട് പോരാടുന്നതിൽ
പരാജയപ്പെട്ട് പിശാചിനും നാശത്തിനും അടിമകളായിരിക്കുന്നവർക്ക് ഈ സ്വാതന്ത്ര്യത്തെ മറ്റുള്ളവരോട് വാഗ്ദത്തം ചെയ്യുവാൻ ഒരിക്കലും സാധിക്കില്ല (2പത്രൊസ് 2:19).
അതിനാൽ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുകയും ക്രിസ്തു നൽകിയ നിലനില്ക്കുന്ന സ്വാതന്ത്ര്യത്തിൽ ഉറെച്ചു നിൽക്കുകയും ചെയ്യുന്ന നമ്മിലാണ് ഈ മഹാദൗത്യം ഭരമേല്പിക്കപ്പെട്ടിരിക്കുന്നത്.

ആത്മസ്വാതന്ത്ര്യം പ്രാപിച്ച നാം അതിനായി കാംക്ഷിക്കുന്നവരോട് ഈ സനാതനസത്യത്തെ സധൈര്യം സുവിശേഷിച്ചേതീരു.
ഇതു സദ്വർത്തമാനദിവസമല്ലോ; നാം മിണ്ടാതിരിക്കരുത്; നേരം പുലരുംവരെ താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നമുക്ക് സ്വതന്ത്രമാക്കുന്ന സുവിശേഷത്തിന്റെ സാക്ഷികളാകാം.

യഥാർത്ഥവും നിലനിൽക്കുന്നതുമായ സ്വാതന്ത്ര്യം എങ്ങനെ നേടാം ?
അതിനായ് പ്രഥമമായി സത്യം അറിയണം, സത്യമാണ് മനുഷ്യരെ സ്വതന്ത്രമാക്കുന്നത്
(യോഹന്നാൻ 8:32).

ആരാണ് യഥാർത്ഥ സത്യം ?
യേശു ക്രിസ്തുവാണ് ഈ ഭൂവിലെ ഏക സത്യം.
യേശു പറഞ്ഞു:
“ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു”
(യോഹന്നാൻ 14:6).

സത്യദൈവത്തിന്റെ ഏകപുത്രനും നിത്യസത്യവുമായ യേശു നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും
(യോഹന്നാൻ 8:36). യേശുവിനെ രക്ഷകനായി നിങ്ങളുടെ
ജീവിതത്തിലേക്ക് സ്വീകരിച്ചാൽ ഏതു പ്രശ്നങ്ങളിൽ നിന്നും യേശു നിങ്ങളെ സ്വതന്ത്രമാക്കും.

നാമേവരും ഏറെ വാഞ്ചയോടും പ്രത്യാശയോടും കാത്തിരിക്കുന്നത് ആസന്ന ഭാവിയിലെ ദൈവമക്കളുടെ തേജസാർന്ന സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.
സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
(റോമർ 8:20).

ഈ ലോകത്തിലെ സ്വാതന്ത്രത്തിനായുള്ള കാത്തിരിപ്പ് വ്യർത്ഥമാണ്. ഓരോ നാൾ കഴിയുന്തോറും ജനം അധികാരികളുടെ ആധുനിക അടിമനുകത്തിലേക്ക് അമർന്നു കൊണ്ടിരിക്കുകയാണ്. ഇവിടെ സ്വാതന്ത്ര്യത്തോടെ സ്വൈര്യമായി ജീവിക്കാമെന്ന് ആരും കരുതേണ്ട. കാരണം,
സ്വാതന്ത്ര്യസമര സേനാനികൾ നേടിത്തന്ന സ്വാതന്ത്ര്യം നഷ്ടമായിക്കൊണ്ടിരിക്കുന്നു. ഇഷ്ടമുള്ള ആഹാരം കഴിക്കുവാൻ,
വസ്ത്രം ധരിക്കുവാൻ,
ഭാഷ പഠിക്കുവാൻ, മാർഗം സ്വീകരിക്കുവാൻ, ഏക സത്യദൈവമായ യേശുവിനെ ആരാധിക്കുവാൻ….ഇനിയും ഏറെ കാര്യങ്ങളുണ്ട്; ഇതിനൊക്കെ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പ്രിയ സ്നേഹിതരെ; ഇത് വായിക്കുന്ന ആരെങ്കിലും ഇതുവരെ ഈ സൗഭാഗ്യം അനുഭവിച്ചിട്ടില്ലായെങ്കിൽ
ക്രിസ്തു നല്കുന്ന യഥാർഥ സ്വാതന്ത്ര്യത്തിലേക്ക് സ്വാഗതം. ഇത് സത്യമാണ്, നിത്യമാണ് തികച്ചും സൗജന്യവുമാണ്.

ഈ സ്വാതന്ത്ര്യത്തിലേക്ക് പാപാന്ധകാരത്തിൽ കഴിയുന്നോരെയും രോഗങ്ങളാൽ മനം തകർന്നവരെയും
ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു ആർദ്രമായ് ആഹ്വാനം ചെയ്യുന്നു.
അദ്ധ്വാനഭാരത്താൽ വലയുന്നവരെയും
ആശ്വാസമില്ലാതെ അലയുന്നവരെയും
ആണിപ്പാടുള്ള കരങ്ങൾ‍ നീട്ടി അരുമനാഥൻ വിളിച്ചീടുന്നു. സകലരെയും യേശു ക്ഷണിക്കുന്നു. ഹൃദയ വാതില്‍ക്കൽ മുട്ടി
ആശ്വാസമരുളാൻ ആഗ്രഹിക്കുന്ന ആ വാൽസല്യ പിതാവിന്‍റെ ഇമ്പസ്വരം
താങ്കൾ ഇന്ന് ശ്രവിച്ചീടുമോ….?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.