ലേഖനം: യെരൂശലേമിലെ കുറുനരികളും പ്രവചന നിവർത്തിയും | പാസ്റ്റർ സണ്ണി പി.സാമുവൽ , റാസ് അൽ ഖൈമ

2019 ആഗസ്റ്റ് മാസം 10, 11 തീയതികളിൽ യെരൂശലേമിലെ വിലാപമതിൽ പരിസരത്തും മുൻ ആലയങ്ങൾ നിന്നിരുന്ന സ്ഥലത്തും കുറുനരികൾ (കുറുക്കൻ കൂട്ടം)
പ്രത്യക്ഷപ്പെട്ട വാർത്ത മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ കൊട്ടിഘോഷിക്കപ്പെടുകയാണ്. യഹൂദന്റെ കലണ്ടർ പ്രകാരം അഞ്ചാം മാസമായ അവ് ( അബ് ) ഒമ്പതാം തീയതി ആയിരുന്നു 10 , 11 ദിവസങ്ങൾ. (പത്താം തീയതി സന്ധ്യ മുതൽ പതിനൊന്നാം തീയതി സന്ധ്യവരെ ) ആ ദിവസം യഹൂദൻ Tisha B’Av എന്നു വിളിക്കുന്ന ഓർമ്മപെരുന്നാൾ ദിവസമാണ്. കാരണം അന്നേ ദിവസമാണ് രണ്ട് ആലയങ്ങളും നശിക്കപ്പെട്ടത് എന്ന് കണക്കാക്കപ്പെടുന്നു.

2019-ലെ Tisha B’Av നായി ഓഗസ്റ്റ് പത്താം തീയതി സന്ധ്യക്കു വിലാപമതിലിനു സമീപം കൂടി വന്ന സമൂഹമാണ് പെട്ടെന്ന് എവിടെനിന്നോ പ്രത്യക്ഷപ്പെട്ട കുറുനരികളെ കണ്ടത്.
12-ഓളം വരുന്ന ഈ പറ്റം സന്ധ്യ മുതൽ പ്രഭാതം വരെ ടെംപിൾ മൗണ്ട് മേഖലയിൽ വിഹരിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരിക്കൽ അതിവിശുദ്ധ സ്ഥലം നിന്നിരുന്ന സ്ഥലത്തെയും അവർ ഒഴിവാക്കിയില്ല എന്ന് പറയപ്പെടുന്നു. വീഡിയോ ക്ലിപ്പുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ സംഭവം വിശുദ്ധ സ്ഥലങ്ങളുടെയും വിലാപ മതിലിന്റെയും ചുമതലയുള്ള റബി ഷമുവേൽ റാബിൻഒവിറ്റ്സിനെ ധരിച്ചപ്പോൾ അദ്ദേഹം വികാരാധീനനായി ഉറക്കെ കരഞ്ഞു. കാരണം അന്വേഷിച്ചപ്പോൾ, “പ്രവചനം നിവൃത്തി ആകുന്നത് കാണുമ്പോൾ എങ്ങനെ കരയാതെ ഇരിക്കും,” എന്നു പറഞ്ഞ് അദ്ദേഹം ഈ സംഭവം വിലാപങ്ങൾ അഞ്ചാം അദ്ധ്യായം പതിനെട്ടാം വാക്യത്തിന്റെ നിവൃത്തികരണം ആണെന്ന് വ്യാഖ്യാനിച്ചു. “സീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതു കൊണ്ടുതന്നെ,” ഈ സംഭവം ഭാവി പ്രത്യാശയുടേയും പ്രതീക്ഷയുടെയും സൂചന നൽകുന്നു എന്ന് പറഞ്ഞ് റബി ഒന്നാം നൂറ്റാണ്ടിൽ ആലയം നശിപ്പിക്കപ്പെട്ട് കഴിഞ്ഞു നടന്ന ഒരു സംഭവത്തെ ഇതുമായി കൂട്ടിച്ചേർത്തു.

അത് താഴെ പറയുന്ന പ്രകാരം തൽമൂദിൽ Makkot 24b – യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ റബ്ബാൻ ഗമാലിയേൽ രണ്ടാമനും റബ്ബി എലെയാസർ ബെൻ അസർയ്യാവും റബ്ബി യോശുവയും റബ്ബി അകിവയും ഒന്നിച്ച് യെരൂശലേമിൽ ആലയം സ്ഥിതി ചെയ്തിരുന്ന മല മുകളിലേക്ക് കയറി ചെല്ലുകയായിരുന്നു. അവർ ടെംപിൾ മൗണ്ടിൽ എത്തിയപ്പോൾ വിശുദ്ധ സ്ഥലം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഒരു കുറുക്കനെ കണ്ടു. അതു കണ്ടു റബ്ബി അകിവ ഒഴികെയുള്ളവർ വസ്ത്രം കീറി ഉറക്കെ നിലവിളിച്ചു. എന്നാൽ റബ്ബി അകിവ ഉച്ചത്തിൽ ചിരിച്ചു. എന്തിനാണ് അകിവ ചിരിച്ചതെന്ന് മറ്റുള്ളവർ ചോദിച്ചപ്പോൾ നിങ്ങൾ എന്തിനാണ് കരഞ്ഞത് എന്നായി അകിവ. “പുരോഹിതൻ അല്ലാത്ത അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം,” (സംഖ്യാ:1:59) എന്ന ദൈവം പറഞ്ഞ വചനം ഓർത്തു കരഞ്ഞു പോയതാണ്. ‘ഇവിടെ ഇതാ കുറുക്കൻ’ എന്ന് അവർ പറഞ്ഞു . യെശയ്യാ പ്രവചനം 8:2 ഓർത്താണ് ഞാൻ ചിരിച്ചത് എന്ന് പറഞ്ഞിട്ട് അകിവ പൊരുൾ തിരിച്ചു. “ഞാൻ ഊരിയാ പുരോഹിതനെയും ബെരെഖ്യാവിന്റെ മകനായ സെഖർയ്യാവെയും എനിക്കു വിശ്വസ്ത സാക്ഷിയാക്കി വെക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ. ഒന്നാം ആലയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിയാണ് ഊരിയാവ്. രണ്ടാം ആലയ കാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്കിയാണ് സെഖർയ്യാ പുരോഹിതൻ. രണ്ടു പേരുടെയും പ്രവചനങ്ങളാണ് സാക്ഷ്യമായി വയ്ക്കപ്പെട്ടിരിക്കുന്നത്. “അതുകൊണ്ട് നിങ്ങളുടെ നിമിത്തം സീയോനെ വയൽ പോലെ ഉഴും; യെരൂശലേം കല്കുന്നും ആലയത്തിന്റെ പർവ്വതം കാട്ടിലെ മേടുകൾ പോലെയും ആയിത്തീരും” എന്ന് മീഖാ പ്രവചിച്ചത് (3:12) ഊരിയാവിന്റെ പ്രവചനത്തിന്റെ ഉദ്ധരണി ആണെന്നാണ് റബ്ബിനിക് പാരമ്പര്യം പഠിപ്പിക്കുന്നത്. ആദ്യം സ്ഥിതി ചെയ്തിരുന്ന ഇടത്ത് കുറുക്കൻ കയറിയതിലൂടെ ആ പ്രവചനം നിറവേറി എങ്കിൽ സെഖർയ്യാവിന്റെ പ്രവചനവും നിറവേറും. “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധന്മാരും ഇരിക്കും; വാർദ്ധക്യം നിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും (8:4)”. അത് ഓർത്ത് ഞാൻ ചിരിച്ചതാണ് എന്ന് അകിവ പറഞ്ഞു. ആലയ പരിസരത്ത് കുറുക്കൻ പ്രത്യക്ഷപ്പെട്ട രണ്ട് സംഭവങ്ങളും കൂട്ടിച്ചേർന്ന് റബി ഷമൂവേൽ ഈ അടയാളങ്ങളുടെ പശ്ചാത്തലത്തിൽ മൂന്നാം യെരുശലേം ദൈവാലയത്തിന്റെ നിർമ്മിതി എത്രയും വേഗം നടക്കും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നു എന്നു കൂട്ടി ചേർത്തതോടെ വാർത്ത ആഗോളതലത്തിൽ വിസ്ഫോടനം ആയി മാറി. ജൂയിഷ് മീഡിയയും, ദ ജെറൂസലേം പോസ്റ്റും വാർത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇന്റർനെറ്റിൽ വാർത്ത വിവിധ തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ടു. Foxes seen near Temple Mount, Foxes seen walking near Western wall എന്നിങ്ങനെയുള്ള തലക്കെട്ടുകളാൽ വിവിധ സൈറ്റുകൾ ഗൂഗിളിൽ വാർത്ത ഹൈലൈറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വിസ്ഫോടനത്തിൽ അമ്പരന്നു നിൽക്കുകയാണ് ലോകം. ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ പുറത്തു വന്നു തുടങ്ങിയിട്ടില്ല.

യെരുശലേം നഗരത്തിന്റെ വീഴ്ച, സെരുബ്ബാബേലിന്റെ ആലയത്തിന്റെ നാശം, കർത്താവിന്റെ രണ്ടാംവരവ്, യുഗാവസാനം എന്നീ വിഷയങ്ങൾ ഒലിവുമല പ്രഭാഷണത്തിൽ യേശു കർത്താവ് പ്രവചനമായി തന്റെ സഭയ്ക്ക് നൽകിയിട്ടുള്ളതാണ്. അതനുസരിച്ചാണ് എ.ഡി. 70-ൽ സംഭവങ്ങൾ നടന്നത്. അന്ന് റോമൻ ഉപരോധത്തിൽ 11 ലക്ഷം യഹൂദന്മാർ കൊല്ലപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അതിൽ ഒറ്റ ക്രിസ്ത്യാനി പോലും ഇല്ലായിരുന്നു എന്ന് ജോസീഫസ് രേഖപ്പെടുത്തിയിരിക്കുന്നു. കാരണം “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞു കൊൾവിൻ— അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടു പോകട്ടെ” (ലൂക്കോ:21:20,21) എന്ന യേശുവിന്റെ പ്രവചന മുന്നറിയിപ്പുകൾ വിശ്വസിച്ചവർ യെരുശലേമിൽ നിന്നും ഓടി പെല്ലയിലും മസദയിലും അഭയം പ്രാപിച്ചു രക്ഷപ്പെട്ടു. യേശുവിന്റെ തിരുമൊഴികളിൽ കവിഞ്ഞ ഒരു അടയാളം ഒന്നാം നൂറ്റാണ്ടിലെ സഭയ്ക്ക് ആവശ്യമില്ലായിരുന്നു എങ്കിൽ ഇന്നത്തെ സഭയ്ക്കും അത് അങ്ങനെ തന്നെയാണ്.

റബിനിക് ജൂഡായിസത്തെ കർത്താവ് പൂർണ്ണമായി തള്ളിക്കളയുകയായിരുന്നുവെന്ന് യോഹന്നാൻ 5:46,47 വാക്യങ്ങൾ വായിച്ചാൽ നമുക്ക് മനസ്സിലാകും. മോശൈക പ്രമാണത്തെ എങ്ങനെ അനുഷ്ഠിക്കാം എന്നതിലുപരി എങ്ങനെ അതിജീവിക്കാം അഥവാ മറികടക്കാം എന്നാണ് റബ്ബിമാർ തങ്ങളുടെ വ്യാഖ്യാനത്തിലൂടെ ജനത്തെ പരിശീലിപ്പിച്ചത്. അവർക്ക് അടയാളം “മൃഗം” മാത്രമാണ് എന്നത് എത്ര സത്യവും വൈരുദ്ധ്യവും ആണ്. കാരണം വാർത്ത കേട്ടാൽ കഴിഞ്ഞ 1950 വർഷത്തിനിടയിൽ ഒരിക്കൽപോലും കുറുക്കന്മാർ ടെംപിൾ മൗണ്ടിൽ കയറിയിട്ടില്ല എന്ന് തോന്നിപ്പോകുന്നു. മശിഹായായ ക്രിസ്തുവിനെ ഒരു പ്രവാചകനായി പോലും അംഗീകരിക്കാത്തവർക്ക് “മൃഗം” അടയാളം ആയിരിക്കും സത്യം.

സുപ്രസിദ്ധ ഇംഗ്ലീഷ് കവി പി.ബി ഷെല്ലിയുടെ “Ode to the west wind” എന്ന കവിതയിലെ ഒരു വരി ഓർമവരുന്നു. “O, wind, if winter comes can spring be far away”. ഈ വരി അല്പം പാഠഭേദപ്പെടുത്തിയാൽ, “O, wind, if spring comes can winter be far away” എന്നാക്കാം. അതായത് മൂന്നാം ആലയത്തിന്റെ പണി തുടങ്ങാറായി എന്ന് യഹൂദൻ മൃഗത്തിന്റെ അടയാളത്താൽ ഊറ്റം കൊള്ളുന്നു എങ്കിൽ, സാക്ഷാൽ ആലയമായവന്റെ പ്രത്യക്ഷത അതിനുമുൻപ് സംഭവിക്കുമല്ലോ.

സുപ്രസിദ്ധ ഇംഗ്ലീഷ് തിയോളജിയൻ ആയിരുന്ന തോമസ് ഫുള്ളർ തന്റെ “A Pisgah- Sight of Palestine and the confines thereof” എന്ന കൃതിയിൽ വളരെ ശ്രദ്ധേയമായ ഒരു പ്രസ്താവന കുറിച്ചിട്ടുണ്ട്. “It’s always darkest before the dawn.” എത്ര കൃത്യമായ നിരീക്ഷണം. അതെ ഉദയ നക്ഷത്രം ഉദിക്കാറായി… അതിനു മുൻപ് ഒരു രാത്രി ഉണ്ടാകുമല്ലോ. യെഹൂദൻ മൃഗത്തിന്റെ അടയാളം കണ്ടെങ്കിലും ഭാവിയെ ഓർത്ത് പുഞ്ചിരി തൂകുന്നു , ഉണരുന്നു, ഊറ്റം കൊള്ളുന്നു. എന്നാൽ നാമോ? “ഇനിയും എത്രയും അല്പകാലം കഴിഞ്ഞിട്ട് വരുവാനുള്ളവൻ വരും താമസിക്കയുമില്ല. എന്നാൽ എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും”
(എബ്രാ:10:37, 38)69

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.