സ്റ്റോറി കോർണർ: ആരും കാണാത്ത മികവ് | ജോബി വർഗീസ്, നിലമ്പൂർ
പുരാതന ഗ്രീസിലെ തിരക്കേറിയ ഒരു ചന്ത. ചുറ്റും കച്ചവടക്കാരുടെ ബഹളം. ഓരോരുത്തരും തങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഉച്ചത്തിൽ വിളിച്ചുപറയുന്നു. ആളുകൾ തിരക്കിട്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
ആ വലിയ തിരക്കിനിടയിൽ, ഒരു മൂലയിൽ കീറിപ്പഴകിയ വസ്ത്രം ധരിച്ച ഒരു ബാലൻ ശാന്തനായി ഇരിക്കുകയായിരുന്നു. അവന്റെ മുന്നിൽ വിൽക്കാൻ വെച്ചിരുന്നത് കുറച്ച് വിറകുകെട്ടുകൾ മാത്രം.
ജീവിതത്തിലെ ദാരിദ്ര്യം അവന്റെ ശരീരത്തിൽ പ്രകടമായിരുന്നു. വിശപ്പുകൊണ്ട് ക്ഷീണിച്ച ശരീരം… എന്നാൽ അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു.
അപ്പോഴാണ് ചന്തയിലൂടെ കടന്നുപോയിരുന്ന ഒരു പ്രശസ്ത പണ്ഡിതന്റെ ശ്രദ്ധ ആ ബാലന്റെ വിറകുകെട്ടുകളിലേക്ക് പതിഞ്ഞത്.
അദ്ദേഹം അവിടെത്തന്നെ നിന്നു.
ചന്തയിൽ വേറെയും വിറക് വിൽക്കുന്നവരുണ്ട്. പക്ഷേ ഈ കുട്ടിയുടെ വിറകുകെട്ടുകൾക്ക് വല്ലാത്തൊരു പ്രത്യേകതയുണ്ടായിരുന്നു. ഓരോ വിറകുകഷണവും കൃത്യമായ അളവിലായിരുന്നു മുറിച്ചിരിക്കുന്നത്. അവ അടുക്കിവെച്ചിരിക്കുന്ന രീതിയിലോ, അതിൽ ചുറ്റിക്കെട്ടിയിരിക്കുന്ന വള്ളിയിലോ പോലും ഒരു ചെറിയ പിഴവില്ല! ഒരു ശില്പി കൊത്തിയെടുത്തതുപോലെ അത്രയും പൂർണ്ണതയോടെയാണ് ആ വിറകുകൾ കെട്ടിവെച്ചിരിക്കുന്നത്
വലിയ വിലയൊന്നുമില്ലാത്ത ഒരു സാധാരണ വിറകുകെട്ട്. പക്ഷേ അതിൽ പ്രകടമായിരുന്നത് അസാധാരണമായ ശ്രദ്ധയും അർപ്പണബോധവുമായിരുന്നു.
പണ്ഡിതൻ ബാലന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു:
“മോനേ, ഇത്രയും ഭംഗിയായി ഈ വിറകുകെട്ട് തയ്യാറാക്കിയത് ആരാണ്?”
ബാലൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു:
“ഞാനാണ്, യജമാനനേ.”
ആ മറുപടി കേട്ടപ്പോൾ പണ്ഡിതന് കൗതുകമായി. ഇത്രയും ചെറിയ കാര്യത്തിലും ഇത്രയധികം കൃത്യത കാണിക്കുന്ന ഈ ബാലന്റെ കഴിവ് ഒന്ന് പരീക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.
“നിനക്ക് ഈ കെട്ട് അഴിച്ചിട്ട്, ഇതുപോലെ തന്നെ വീണ്ടും കെട്ടാൻ കഴിയുമോ?”
ബാലൻ ഒരു നിമിഷം പോലും മടിച്ചില്ല.
അവൻ ശ്രദ്ധയോടെ കെട്ടഴിച്ചു. ഓരോ വിറകും വേർതിരിച്ച് വച്ചു. പിന്നീട് അതേ ശ്രദ്ധയോടെ ഒന്നൊന്നായി അടുക്കി. അവസാനം വള്ളി ഉപയോഗിച്ച് അതിനെ വീണ്ടും ഭംഗിയായി കെട്ടി.
ഈ തവണ, മുമ്പത്തേതിനേക്കാൾ കൂടുതൽ ശ്രദ്ധയോടെയായിരുന്നു അവന്റെ ഓരോ ചലനവും. വെറുമൊരു വിറകുകെട്ടിൽപ്പോലും ഇത്രയും ആത്മാർത്ഥതയും അസാധാരണമായ കൃത്യതയും കാണിക്കുന്ന ആ പയ്യനെ അദ്ദേഹം വിസ്മയത്തോടെ നോക്കിനിന്നു.
അവിടെ അദ്ദേഹം കണ്ടത് വെറുമൊരു വിറകുവിൽപ്പനക്കാരനായ ബാലനെ ആയിരുന്നില്ല. ഏൽപ്പിക്കപ്പെട്ട ഏത് ജോലിയെയും മികച്ച രീതിയിൽ ചെയ്യാൻ തയ്യാറുള്ള ഒരു മനസ്സിനെയായിരുന്നു.
കുറച്ചുനേരം പണ്ഡിതൻ ഒന്നും സംസാരിച്ചില്ല.
അദ്ദേഹത്തിന്റെ കണ്ണുകൾ വിറകുകെട്ടിൽ നിന്ന് ബാലന്റെ മുഖത്തേക്ക് മാറി.
പിന്നെ സ്നേഹത്തോടെ ചോദിച്ചു:
“മോനേ, എന്റെ കൂടെ വരാൻ തയ്യാറാണോ? ഞാൻ നിന്നെ പഠിപ്പിക്കാം. നിന്റെ കഴിവുകൾ വളർത്തിയെടുക്കാം നിനക്കായി ഒരു നല്ല ഭാവി ഒരുക്കാം.”
അങ്ങനെ, ഒരു സാധാരണ വിറകുകെട്ട് അവന്റെ ജീവിതത്തിലെ വഴിതിരിവായി മാറി.
ഇന്ന് പല യുവാക്കളും ഒരു വലിയ അവസരത്തിനായി കാത്തിരിക്കുകയാണ്.
പക്ഷേ, ആ ബാലൻ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്.
വലിയ അവസരം കിട്ടിയ ശേഷമല്ല മികവ് കാണിക്കേണ്ടത്.
മികവ് കാണിക്കുന്നവർക്കാണ് പലപ്പോഴും വലിയ അവസരങ്ങൾ ലഭിക്കുന്നത്.
നിങ്ങളുടെ ഇപ്പോഴത്തെ ജോലി ചെറുതായിരിക്കാം.
പക്ഷേ, അത് ചെയ്യുന്ന നിങ്ങളുടെ മികവ് ഒരിക്കലും ചെറുതാകരുത്.
നിങ്ങളുടെ സാഹചര്യം പരിമിതമായിരിക്കാം.
നിങ്ങളുടെ കഴിവുകൾ ആരും ശ്രദ്ധിക്കാത്തതുപോലും തോന്നാം.എങ്കിലും,
നിങ്ങളുടെ നിലവാരം കുറയ്ക്കരുത്.
ആരും കാണാത്തപ്പോഴും നന്നായി ചെയ്യുക.
ആരും പ്രശംസിക്കാത്തപ്പോഴും മികച്ചതാക്കുക.
ചെറിയ കാര്യങ്ങളാണെങ്കിലും പൂർണ്ണതയോടെ ചെയ്യുക.കാരണം, നിങ്ങൾ ചെയ്യുന്ന ഓരോ ചെറിയ കാര്യവും നിങ്ങളുടെ സ്വഭാവത്തിന്റെയും കഴിവിന്റെയും തെളിവാണ്.
നിങ്ങൾ കാത്തിരിക്കുന്ന ആ വലിയ അവസരം, നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഒരു ചെറിയ കാര്യത്തിനുള്ളിൽ തന്നെ ഒളിഞ്ഞിരിക്കുന്നുണ്ടാകാം.ചെറിയ അവസരങ്ങളെ ചെറുതായി കാണരുത്.
അവയാണ് പലപ്പോഴും വലിയ സ്വപ്നങ്ങളിലേക്കുള്ള ആദ്യപടി.
“നിങ്ങൾക്ക് വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ചെറിയ കാര്യങ്ങൾ വളരെ മികച്ച രീതിയിൽ ചെയ്യുക”. നെപ്പോളിയൻ ഹിൽ
ജോബി വർഗീസ്, നിലമ്പൂർ

- Advertisement -


Comments are closed.