ലേഖനം: മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് | ദീന ജെയിംസ്
“അവർ ജഡമത്രേ എന്നും, മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു.” സങ്കീർത്തനം (78:39)മനുഷ്യന്റെ ജീവിതത്തിന്റെ നശ്വരതയെ വളരെ ആഴത്തിൽ ഓർമ്മിപ്പിക്കുന്ന വചനമാണിത്. എത്ര ശക്തിയുണ്ടെന്ന് കരുതിയാലും, എത്ര സമ്പാദിച്ചാലും, എത്ര പദ്ധതികൾ തയ്യാറാക്കിയാലും മനുഷ്യൻ ഒരു നിമിഷത്തിൽ മാറിപ്പോകാവുന്നവനാണ്. കാറ്റ് വന്നതുപോലെ വന്ന് കടന്നുപോകുന്നു; അതുപോലെ നമ്മുടെ ജീവിതവും വളരെ ചെറുതും ഏത് നിമിഷവും അപ്രത്യക്ഷമായി മാറുന്നതുമാണ്.ഇന്നാണ് നമുക്കുള്ള സമയം; നാളെയെക്കുറിച്ച് നമുക്ക് ഉറപ്പില്ല.

നീണ്ട മരുയാത്രയിൽ അത്ഭുതമായും അതിശയമായും വഴി നടത്തിയ ദൈവത്തെ മറന്നുകളഞ്ഞ യിസ്രായേൽജനത്തെ നശിപ്പിക്കാതെ തന്റെ കരുണ അവരോട് കാണിച്ചത് അവർ ജഡം മാത്രം ആണെന്ന് ഓർത്തത് കൊണ്ടാണ്. ദൈവദാനമായ ഈ ആയുസ്സിൽ ദൈവത്തെ മറന്ന് ജീവിക്കാൻ നമുക്ക് ഇടവരരുതേ…
മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ് തന്റെ നശ്വരത മറന്ന് നിത്യമായതുപോലെ ജീവിക്കുന്നതാണ്. ഇന്ന് നമ്മോടൊപ്പമുള്ള പലതും നാളെ നമ്മോടൊപ്പം ഉണ്ടാകണമെന്നില്ല. സമ്പത്തും സ്ഥാനവും പ്രശസ്തിയും ശരീരത്തിന്റെ ശക്തിയും എല്ലാം കാലത്തിനൊപ്പം കടന്നുപോകും. എന്നാൽ ദൈവഹിതം അനുസരിച്ചു ദൈവകല്പന വിട്ടു മാറാതെയുള്ള ഒരു ജീവിതം നയിക്കുവാനായിരിക്കട്ടെ നമ്മുടെ പരിശ്രമം. ജീവിതം എത്ര ദൈർഘ്യമുള്ളതാണ് എന്നതിലല്ല, ലഭിച്ച ഓരോ ദിവസവും ദൈവത്തിന്റെ ഹിതത്തിനായി എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് അതിന്റെ യഥാർത്ഥ മൂല്യം. കാറ്റുപോലെ കടന്നുപോകുന്ന ജീവിതത്തെ നിത്യതയുള്ള ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുമ്പോഴാണ് അതിന് യഥാർത്ഥ അർത്ഥം ലഭിക്കുന്നത്.
ഒടുവിൽ, സങ്കീർത്തനം 78:39 നമ്മുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാനുള്ള ഒരു ക്ഷണമാണ്. നാം എത്ര നാൾ ഈ ഭൂമിയിൽ ഉണ്ടാകും എന്നത് നമ്മുടെ കൈകളിലല്ല; എന്നാൽ ലഭിച്ചിരിക്കുന്ന ദിവസങ്ങൾ എങ്ങനെ ജീവിക്കണം എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. നാളെക്കായി എല്ലാം മാറ്റിവെക്കാതെ, ഇന്ന് തന്നെ ദൈവത്തെ സ്നേഹിക്കാനും അവന്റെ വഴിയിൽ നടക്കാനും നന്മ ചെയ്യാനും നമുക്ക് തീരുമാനിക്കാം. തിരികെ വരാത്ത കാറ്റുപോലെ ജീവിതം കടന്നുപോകുമ്പോൾ, കടന്നുപോയ ജീവിതത്തെക്കുറിച്ച് ഖേദിക്കാതെ, ജീവിച്ച ഓരോ നിമിഷത്തിലും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചുവെന്ന് പറയാൻ കഴിയുന്ന ജീവിതമാകട്ടെ നമ്മുടേത്!
ദീന ജെയിംസ്

- Advertisement -


Comments are closed.