ലേഖനം: വെറും ചെലവ് | പാസ്റ്റർ സീബ മാത്യു, കണ്ണൂർ

ശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: “ഈ വെറും ചെലവ് എന്തിനാണ്?” (മത്തായി 26:6-12)

News Middle Advt Banner

ഒന്നാം നൂറ്റാണ്ടിലെ യഹൂദ പശ്ചാത്തലത്തിൽ, സ്ത്രീകൾക്ക് പ്രധാനമായും പല രീതിയിലുള്ള വരുമാന മാർഗ്ഗങ്ങളാണ് ഉണ്ടായിരുന്നത്. വിവാഹ ഉടമ്പടി തുക (കെതുബ), സ്ത്രീധനം, പാരമ്പര്യ സ്വത്ത് എന്നിവ. വിവാഹം കഴിഞ്ഞു പോകുമ്പോൾ മാതാപിതാക്കൾ നൽകുന്ന ഈ സ്വത്തിന്റെ ലാഭം ഭർത്താവിന് ഉപയോഗിക്കാം എങ്കിലും അതിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം സ്ത്രീക്കാണ്. കൂടാതെ നാണയശേഖരങ്ങൾ, ആഭരണങ്ങൾ, വലിയ വിലയുള്ള പട്ടും ധൂമ്രവസ്ത്രങ്ങളും, ദീർഘകാല നിക്ഷേപമായി കരുതുന്ന വിലയേറിയ തൈലങ്ങൾ എന്നിവയും അവരുടെ സമ്പാദ്യങ്ങളായിരുന്നു.

പൊതുവായ വരുമാന മാർഗ്ഗങ്ങൾ

ആടുകളുടെ രോമം കൊണ്ടും ചണനൂൽ കൊണ്ടും നൂൽ നൂൽക്കലും, അവ കൊണ്ടുള്ള വസ്ത്ര നിർമ്മാണവും വ്യാപാരവും അക്കാലത്ത് സജീവമായിരുന്നു. കാർഷിക വൃത്തിക്കായി പാടങ്ങളിൽ പണിയെടുക്കുക, വിളവെടുക്കുക, ധാന്യങ്ങൾ ഉണക്കി സൂക്ഷിക്കുക എന്നിവയും. പഴവർഗ്ഗങ്ങൾ, ഒലിവ് എണ്ണ, ഗോതമ്പ് മാവ് എന്നിവ ചന്തയിൽ വില്പന നടത്തുന്ന വഴിയും; വീടുകളിൽ ഉണ്ടാക്കുന്ന ചീസ്, പാൽ ഉല്പന്നങ്ങൾ, മുട്ട, പച്ചക്കറികൾ എന്നിവ വിറ്റ് കിട്ടുന്ന തുക വഴിയും അവർ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി.

കൂടാതെ കുലത്തൊഴിൽ എന്ന നിലയിൽ മൺപാത്രങ്ങൾ, വിളക്കുകൾ തുടങ്ങിയ കരകൗശല വസ്തുക്കളുടെ നിർമ്മാണവും വില്പനയിലൂടെയും തോൽ വ്യവസായത്തിൽ ചർമ്മങ്ങൾ പാകപ്പെടുത്തി അവ ഉപയോഗിച്ച് ചെരുപ്പുകൾ, ബാഗുകൾ, തോൽ പാത്രങ്ങൾ, തുരുത്തികൾ എന്നിവ നിർമ്മിച്ച് വില്ക്കുന്നതും, സുഗന്ധതൈലങ്ങളും ചർമ്മസംരക്ഷണത്തിനുള്ള ലേപനങ്ങളും ഉണ്ടാക്കുന്നതും സ്ത്രീകളുടെ മറ്റു വരുമാന മാർഗ്ഗങ്ങളായ തൊഴിലുകളായിരുന്നു. സത്രങ്ങളിലും ഭക്ഷണശാലകളിലും ജോലി ചെയ്തും, ചില സ്ത്രീകൾ പ്രസവരക്ഷകരായി (മിഡ്‌വൈഫ്) സേവനമനുഷ്ഠിച്ചും വരുമാനമുണ്ടാക്കി. ചിലർ സമ്പന്ന കുടുംബങ്ങളിലെ കുട്ടികളെ മുലയൂട്ടുന്നതിലൂടെയും, വീടുകളിൽ പാചകം, തുണി അലക്കൽ, വീട് വൃത്തിയാക്കൽ, വെള്ളം കോരൽ എന്നിവ ചെയ്തും ജീവിതത്തിൽ വരുമാനം കണ്ടെത്തി. ആചാരത്തിന്റെ ഭാഗമായി മരണവീടുകളിൽ ഉച്ചത്തിൽ കരയുന്നതിനും വിലാപഗീതങ്ങൾ ആലപിക്കുന്നതിനും ചിലർക്ക് പ്രതിഫലം ലഭിച്ചിരുന്നു. നട്ടുചികിത്സ അല്ലെങ്കിൽ പരമ്പരാഗത ചികിത്സാരീതിയിലൂടെയും ഇങ്ങനെ പലവിധ വരുമാന മാർഗ്ഗങ്ങളാണ് പൊതുവിൽ യഹൂദ സ്ത്രീകൾക്ക് ഉണ്ടായിരുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ, കഠിനാധ്വാനവും ‘ബാർട്ടർ സിസ്റ്റം’ (Barter System) പ്രകാരമുള്ള ഉല്പന്നങ്ങളുടെ കൈമാറ്റവുമായിരുന്നു അക്കാലത്തെ സാമ്പത്തിക അടിത്തറ. ഇന്നത്തെപ്പോലെ വലിയ സാമ്പത്തിക വ്യവസ്ഥയോ കറൻസി നോട്ടുകളോ ഇല്ലാതിരുന്ന ആ കാലത്ത്, റോമൻ നാണയമായ ഒരു ‘ദെനാറ’ (Denarius) ആയിരുന്നു ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ മുഴുവൻ വേതനം. നാലോ അഞ്ചോ പേരുള്ള ഒരു സാധാരണ യഹൂദ കുടുംബത്തിന് ഒരു ദിവസത്തെ ജീവിതനിലനിൽപ്പിനായുള്ള ചെലവ്, ഒരു ദിവസത്തെ കൂലിയുടെ നാലിലൊന്ന് മുതൽ പകുതി വരെയായിരുന്നു.

അടിസ്ഥാന ചെലവുകളായ പാർപ്പിടവും ഭക്ഷണവും ഭർത്താവിന്റെ ചുമതലയാണെങ്കിലും, കുടുംബത്തിന്റെ നിത്യചെലവുകളിൽ സ്ത്രീകൾ തങ്ങളുടെ വരുമാനത്തിൽ നിന്നും പങ്ക് നൽകിയിരുന്നു. അടുക്കള ചെലവുകളായ തിരിക്കല്ലുകൾ, ഭരണികൾ, മൺകുടങ്ങൾ, പാത്രങ്ങൾ, മൺവിളക്കുകൾ, എണ്ണ, തിരി എന്നിവ വാങ്ങാനും, വസ്ത്രനിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ കണ്ടെത്താനും അവർ പണം മുടക്കി. മതപരവും ആചാരപരവുമായ ചെലവുകൾ, ഉത്സവയാത്രകൾ, വ്യാപാര നിക്ഷേപങ്ങൾ, ആരോഗ്യ സംരക്ഷണം, വ്യക്തിഗത അലങ്കാരങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ തുടങ്ങിയ പല ചെലവുകളും സ്ത്രീകൾ പൊതുവേ തങ്ങളുടെ സ്വന്തം വരുമാനത്തിൽ നിന്നാണ് വഹിച്ചിരുന്നത്.

സുഗന്ധതൈലവും വെൺകൽ ഭരണിയും

സുഗന്ധതൈലം ബാഷ്പീകരിക്കപ്പെടാതെയും ഗുണം നഷ്ടപ്പെടാതെയും ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന ‘വെൺകൽ ഭരണി’ (Alabaster jar) വളരെ വിലപിടിപ്പുള്ള ഒന്നാണ്. സുഗന്ധം പൂശുന്നതിനും ശരീര സംരക്ഷണത്തിനും അതിഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ തലയിലോ കാലിലോ പുരട്ടുന്നതിനും സുഗന്ധതൈലങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ, മരിച്ചവരുടെ മൃതദേഹം അടക്കം ചെയ്യുന്നതിന് മുൻപ് സുഗന്ധം നൽകുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. ഈ പരിമള തൈലം വളരെ വിലപിടിപ്പുള്ളതും ആഡംബരത്തിന്റെ പ്രതീകവുമായിരുന്നു.

വെൺകൽഭരണിയും പരിമള തൈലവും കുടുംബ പാരമ്പര്യമായി ലഭിക്കുന്ന സ്വത്തോ, സ്ത്രീധനമോ, വിവാഹ നിശ്ചയ വേളകളിൽ സമ്മാനമായി കിട്ടുന്നതോ ആകാം; അല്ലെങ്കിൽ തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും വിദേശ വ്യാപാരികളിൽ നിന്നും വാങ്ങിയതുമാകാം. സ്ത്രീകൾ തങ്ങളുടെ ജീവിതത്തിലെ അപൂർവ്വവും ഏറ്റവും പ്രധാനപ്പെട്ടതുമായ നിമിഷങ്ങളിൽ മാത്രമേ ഇത് തുറന്നിരുന്നുള്ളൂ.

ബെഥാന്യയിലെ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ വീട്ടിൽ യേശു പന്തിയിലിരിക്കുമ്പോൾ, ഒരു സ്ത്രീ വിലയേറിയ സ്വച്ഛജഡാമാംസി പരിമള തൈലം അവന്റെ തലയിൽ പകർന്നു. യേശുവിനായി അവൾ സമർപ്പിച്ചത് ഒട്ടും കുറവുള്ളതല്ല, മറിച്ച് ആരും കൊതിക്കുന്ന ഏറ്റവും വിലയേറിയതാണ്; അത് പൂർണ്ണഹൃദയത്തോടെയുള്ള സമർപ്പണമായിരുന്നു. സഭയാം ശരീരത്തിന്റെ ശിരസ്സായ യേശുക്രിസ്തുവിന് മൂല്യമുള്ളത് അർപ്പിച്ചതുപോലെ, ശരീരമായ കർത്താവിൻ്റെ സഭയ്ക്കായി നാം ചെയ്യുന്നതൊന്നും ഒരിക്കലും അധികമാവില്ല.

യേശുവിനായി ചെലവഴിക്കുന്നത് കണ്ട് മുഷിഞ്ഞ ക്രിസ്തുശിഷ്യന്മാർ അന്ന് ഉണ്ടായിരുന്നതുപോലെ ഇന്നും നമുക്ക് ചുറ്റിലുമുണ്ട്. കർത്താവിനായി അർപ്പിക്കപ്പെടുന്നതിന്റെ അളവും വിലയും, ശരിയും തെറ്റും തീരുമാനിക്കാൻ കണ്ടുനിൽക്കുന്നവരെ കർത്താവ് അനുവദിക്കുന്നില്ല. നാം കാണുന്നതുപോലെയല്ല യേശു കാണുന്നതും അറിയുന്നതും. കർത്താവിനായും കർത്തൃവേലയ്ക്കായും നാം ചെലവഴിക്കുന്നതൊന്നും ഒരിക്കലും ‘വെറും ചെലവ്’ അല്ല.

“തൈലം നിനക്കും വേണ്ട, യേശുവിനും വേണ്ട, ദരിദ്രർക്കും വേണ്ട, അവന്റെ ശിഷ്യന്മാരായ ഞങ്ങൾക്കും വേണ്ട! അത് വിറ്റ് കിട്ടുന്ന കാശ് ഞങ്ങളിലൂടെ ദരിദ്രർക്ക് കൊടുക്കാമായിരുന്നുവല്ലോ” എന്തൊരു ചിന്തയാണല്ലേ ഇത്! യേശുവിനായി ചെലവഴിക്കാൻ മനസ്സില്ലാതിരുന്ന യൂദാസ്, മൂന്നൂറ് വെള്ളിക്കാശ് നഷ്ടപ്പെട്ടതിന്റെ അസ്വസ്ഥതയിലായിരുന്നു. എങ്കിലും പിന്നീട് അവൻ യേശുവിന്റെ പേരിൽ അതിന്റെ ദശാംശം പോലെ മുപ്പത് വെള്ളിക്കാശ് യേശുവിനെ ഒറ്റിക്കൊടുത്തു സംഘടിപ്പിച്ചു. കർത്താവിന്റെ പേരിൽ സമ്പത്ത് വർദ്ധിപ്പിക്കുകയല്ല, അവനായി നമ്മുടെ അധ്വാനങ്ങൾ ചെലവിടുകയാണ് നാം ചെയ്യേണ്ടത്.

കർത്താവിന്റെ നാമത്തിന്റെ മഹത്വത്തിനായി ചെലവഴിക്കേണ്ട കാര്യം പറയുമ്പോൾ ദരിദ്രരുടെ കാര്യം പറഞ്ഞു വരുന്നവർ ഇന്നും നമ്മുടെ ഇടയിലുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ദരിദ്രരുടെ ആവശ്യങ്ങൾ വരുമ്പോൾ ഈ കൂട്ടർ കേട്ടഭാവം നടിക്കാറുമില്ല. കർത്താവിനുള്ളത് ദരിദ്രർക്കുമുള്ളതല്ല, ദരിദ്രർക്കുള്ളത് കർത്താവിനുമല്ല. കർത്താവിനുള്ളത് കർത്താവിനും ദരിദ്രർക്കുള്ളത് ദരിദ്രർക്കും കൊടുക്കാനുള്ള നല്ല ശീലങ്ങൾ നമുക്കുണ്ടാകട്ടെ. ദരിദ്രരെ പരിഹസിക്കാതെയും അപമാനിക്കാതെയും അവരെ ഓർക്കുകയും ചേർത്തുകൊള്ളുകയും ചെയ്യുക എന്നാണ് തിരുവചനം നൽകുന്ന ഉപദേശം. ഗവൺമെന്റ് കണക്കിൽ അതിദാരിദ്ര്യം ഇല്ല എന്ന് പറഞ്ഞാലും, നമ്മുടെ സഹോദര കുടുംബങ്ങളിൽ, സഭകളിൽ, അയൽപക്കങ്ങളിൽ ആഹാരത്തിനും വസ്ത്രത്തിനും ദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ല എന്ന് ഉറപ്പിച്ചു പറയാൻ നമുക്ക് കഴിയുമോ?

കർത്താവിന്റെ നാമത്തിൽ കൊടുക്കുന്ന ഒരു ഗ്ലാസ് പച്ചവെള്ളത്തിന് പോലും പ്രതിഫലമുണ്ട് എന്ന് മറക്കരുത്. യേശു കർത്താവിനായി ചെലവഴിക്കുന്നത് ഒന്നും വെറും ചെലവല്ല; അത് ദരിദ്രരോടുള്ള കരുതലില്ലായ്മയുമല്ല. അത് ചെലവഴിക്കുന്നവരെ അസഹ്യപ്പെടുത്തേണ്ട പ്രവൃത്തിയുമല്ല, മറിച്ച് എന്നും ഓർമ്മിക്കപ്പെടുന്ന നല്ല പ്രവൃത്തികളാണ്.

അപ്പനിൽ നിന്ന് സ്വത്തിന്റെ പങ്ക് വാങ്ങിപ്പോയ ഇളയ പുത്രൻ ദുർനടപ്പിനായി എല്ലാം ചെലവഴിച്ച് ഒടുവിൽ ദരിദ്രനായിത്തീർന്നു. പന്ത്രണ്ട് സംവത്സരം രക്തസ്രാവക്കാരിയായിരുന്ന സ്ത്രീ, ആരോഗ്യത്തിനായി തനിക്കുള്ള മുതലെല്ലാം വൈദ്യന്മാർക്ക് കൊടുത്തിട്ടും സൗഖ്യം വന്നില്ല. എന്നാൽ ഇവിടെ ഇതാ ഒരു സ്ത്രീ—യേശു പറഞ്ഞ ഉപമ പ്രകാരം ഒരാളുടെ ഒരു ദിവസത്തെ കൂലി ഒരു വെള്ളിക്കാശ് ആണെങ്കിൽ, ഒരു വർഷത്തെ ശബത്ത് ദിനങ്ങൾ ഒഴിവാക്കിയുള്ള കൂലിയായ 300 വെള്ളിക്കാശിലധികം വിലമതിക്കുന്ന പരിമള തൈലമാണ് അവൾ യേശുവിനായി ചെലവഴിക്കുന്നത്!

പല വേദപണ്ഡിതന്മാരുടെയും അഭിപ്രായപ്രകാരം ഈ പ്രവർത്തി ചെയ്തത് ബഥാനിയായിലെ മറിയയാണ്. ഈ കാലഘട്ടത്തിലും നല്ല പ്രവർത്തിക്കായി കർത്താവിന്റെ നാമമഹത്വത്തിനായി തന്നാലാവതുപോലെ നമുക്ക് ചെലവിടാം.

 

പാസ്റ്റർ സീബ മാത്യു കണ്ണൂർ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading