ചെറുചിന്ത: തുണയേകുന്ന കുട | മനോജ്, റാന്നി

നാം പ്രതീക്ഷിക്കുന്ന വാതിലുകൾ എല്ലാം എല്ലായിപ്പോഴും തുറന്നു എന്ന് വരില്ല. നമ്മൾ ആർക്കൊക്കെയോ വേണ്ടി ഓടിയതും, ചെയ്തു കൊടുത്തതും മനുഷ്യരാരും ഓർക്കണമെന്നുമില്ല.

News Middle Advt Banner

പലരുടെയും പ്രശ്നങ്ങൾ ആർത്തിരമ്പുന്ന മഴയായി പെയ്യുമ്പോൾ നിങ്ങൾ പലർക്കും ഒരു കുടയായി മാറിയിട്ടില്ലേ, പലർക്കും വേണ്ടി മഴ നനയേണ്ടി വന്നിട്ടില്ലേ, ഒരുപക്ഷേ ഇപ്പോൾ നിങ്ങൾ കടന്നു പോകുന്നത് ആരവത്തോടെ പെയ്തിറങ്ങുന്ന മഴയ്ക്ക് സമാനമായ ജീവിത സാഹചര്യങ്ങളിൽ കൂടിയാകാം. ആരെങ്കിലും ഒക്കെ ഒരു കുടയുമായി വരും എന്ന് മനസ്സിൽ ചിന്തിച്ച് ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വർഷങ്ങളുമായി കാത്തിരിക്കുകയാകാം.

പണ്ടൊരിക്കൽ ആർക്കൊക്കെയോ വേണ്ടി കുടയായി നിന്ന ആ കഥകൾ  നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ ഓടി മറയുന്നുണ്ടാവാം.

പക്ഷേ ഒടുവിൽ മാത്രമേ നാം അറിയൂ എത്ര വലിയ മഴ ആയാലും ചെറിയ മഴ ആയാലും മഴ തോരുന്ന നേരം നനഞ്ഞ കുടയുടെ സ്ഥാനം എന്നും വീടിന്റെ പുറത്താണ് എന്നത്.

ഇതിന് ഒരുത്തമ ഉദാഹരണമാണ് വിശുദ്ധ ബൈബിളിൽ അപ്പോസ്തലനായ പൗലോസ് പറയുന്ന വാക്കുകൾ. ”ഒന്നാം പ്രതിപാദത്തിൽ ആരും എനിക്ക് തുണ നിന്നില്ല, കർത്താവോ എനിക്ക്  തുണ നിന്നു.”

ഈ ലോകത്തിന്റെ ഉറ്റവരും, ഉടയവരും, സ്നേഹിതരും, രക്തബന്ധങ്ങളും, ആത്മീയ ബന്ധങ്ങളും നമുക്ക് ഉണ്ടായിരിക്കാം, എന്നാൽ എല്ലായിപ്പോഴും എല്ലാവരും ഉണ്ടാകണമെന്നില്ല, എല്ലാവരുടെയും തുണ ഒരുപക്ഷേ ലഭിച്ചില്ലെന്ന് വരാം.

എല്ലാവരും കൂടെ നിന്നില്ലെങ്കിലും  തള്ളിക്കളയാത്ത ഒരേയൊരു തുണ കർത്താവായ യേശു മാത്രമേ ഉള്ളൂ.

പ്രത്യാശ കൈവിടരുത്, ധൈര്യമായി മുൻപോട്ട് പോകാം നമ്മുടെ മുമ്പിൽ പ്രതീക്ഷിക്കാത്ത പലതും സംഭവിച്ചേക്കാം, പലതും കടന്നുകൂടിയെന്നും വരാം.

നാം തുണ എന്ന് കരുതിയ മേഖലകൾ എല്ലാം ഒരു ഇടവപ്പാതിയിൽ പെയ്തിറങ്ങിയ മഴയ്ക്ക് സമമായി മാറാം, കടൽത്തിരയിലെ ഒരു തിരമാല പോലെ വന്നു പോയേക്കാം. ഇങ്ങനെയുള്ള മനോഭാരത്തോടു കൂടെ കഴിയുകയാണോ നിങ്ങൾ? നിങ്ങളുടെ മനോഭാരം കാണുന്ന ഒരു കർത്താവ് എപ്പോഴും നിങ്ങളോട് കൂടെയുണ്ട്. വെയിലിലും മഴയിലും നല്ലൊരു കുടയായി, നല്ലൊരു തുണയായി അരുമ നാഥൻ എന്നും നമ്മോട്കൂടെ ഉണ്ടാവും. ധൈര്യമായി മുമ്പോട്ട് പോകാം.

 

മനോജ്, റാന്നി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading