ലേഖനം: കോഡെക്സ് അമിയാറ്റിനസും പിഴവു തിരുത്തൽ ശ്രമവും | പാസ്റ്റർ സണ്ണി പി സാമുവൽ
ലത്തീൻ വൾഗേറ്റിന്റെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ട കയ്യെഴുത്തുപ്രതിയായിരുന്നു അമിറ്റിയാറ്റിനസ്. ഇതു ഒരു കോഡെക്സ് ആയിരുന്നു. തുകൽ പത്രങ്ങൾ ആക്കി പുസ്തകരൂപത്തിൽ തയ്യാറാക്കുന്നതാണു കോഡെക്സ്. അതിന്റെ ബഹുവചനരൂപമാണു കോഡെസീസ്. Jarrow Codex എന്നും പേരുള്ള ഈ കൈയെഴുത്തുപ്രതി എ.ഡി., 700-ൽ വടക്കു-കിഴക്കൻ ഇംഗ്ലണ്ടിലെ ജാറൊ-വെയർമോത്ത് സന്യാസാശ്രമങ്ങളിൽ ബെനെഡിക്റ്റൈൻ സന്യാസിമാർ (Monks) തയ്യാറാക്കിയെടുത്തു. ഒരേസമയം മൂന്നു കയ്യെഴുത്തുപ്രതികളാണു തയ്യാറാക്കിയത്. ഒന്നു ജാറോ ആശ്രമത്തിനും മറ്റൊന്നു വെയർമോത്ത് ആശ്രമത്തിനും മൂന്നാമത്തേതു പോപ്പിനും വേണ്ടിയായിരുന്നു. 1040 താളുകളിൽ Vellum-ത്തിൽ നിർമ്മിച്ച ഓരോ ഗ്രന്ഥത്തിന്റെയും തൂക്കം 75 റാത്തൽ ആയിരുന്നു. ഇതിന്റെ 1030 ആളുകൾ നിർമ്മിക്കാൻ 515 പശുക്കളുടെ തുകൽ വേണ്ടിവന്നു. തെരഞ്ഞെടുക്കപ്പെട്ട ഇരുപതോളം സന്യാസിവര്യന്മാരായ പ്രധാന പകർപ്പെഴുത്തുകാരും (Chief scribes) അവരുടെ കീഴിൽ ഉപപകർപ്പെഴുത്തുകാരും സഹായികളും വേലക്കാരും ഉൾപ്പെടെ നൂറിൽപ്പരം പേർ 24 വർഷമെടുത്താണു (692-716) ഈ ദൗത്യം പൂർത്തിയാക്കിയത്. വെയർമോത്ത്-ജാറോ മൊണാസ്ട്രീസിന്റെ സ്ക്രിപ്റ്റോറിയത്തിലാണു പകർപ്പെഴുത്തു നടന്നത്. വെയർമോത്ത്-ജാറോ മൊണാസ്ട്രീസിന്റെ Abbot-ഉം അദ്ധ്യാപകനും ആയിരുന്ന ബെനെഡിക്റ്റൈൻ സന്യാസി Ceolfrid (642-716) ആണു ഇതു കമ്മീഷൻ ചെയ്തത്. പോപ്പുള്ള സമ്മാനം 816-ൽ ഗ്രിഗറി രണ്ടാമനു ഇറ്റലിയിലേക്കു കൊടുത്തയച്ചു. ഇപ്പോൾ നഷ്ടാവശിഷ്ടമായിപ്പോയ Codex Grandeir-ൽ നിന്നാണു പകർപ്പെഴുത്തു നടത്തിയത്. അന്നു നിർമ്മിച്ച മൂന്നു കോഡെസിസിൽ അമിയാറ്റിനസ് മാത്രമേ ഇന്നു ശേഷിക്കുന്നുള്ളൂ. ഇതിന്റെ ഒരു പേജിന്റെ വലിപ്പം 505mm × 340mm ആണ്.
ഇറാസ്മസിന്റെ ബൈബിൾ വിവർത്തനം പ്രസിദ്ധം ആവുകയും യൂറോപ്പിൽ റിഫോർമേഷൻ കൊടുങ്കാറ്റു ശക്തമായി വീശുകയും ചെയ്തപ്പോൾ പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ 1590-ൽ തന്റെ സ്വന്തം വിവർത്തനം തയ്യാറാക്കി പ്രസിദ്ധീകരിച്ചു. അതിനായി അദ്ദേഹം അടിസ്ഥാനകൃതി ആക്കിയതു കോഡെക്സ് അമിയാറ്റിനസ് ആയിരുന്നു. നാലാം നൂറ്റാണ്ടിലെ ജെറോമിന്റെ ഒറിജിനൽ ടെക്സ്റ്റ് കൃത്യമായി പുനഃസ്ഥാപിക്കുന്നതിനായി ഏറ്റവും മികച്ച കൈയെഴുത്തുപ്രതികൾ സമാഹരിക്കുവാൻ പോപ്പ് ഒരു സ്കോളർലി കമ്മീഷനെ നിയമിച്ചു. എന്നാൽ പണ്ഡിതന്മാരുടെ സമർപ്പിത സംഘം(?) പതിവുപോലെ മെല്ലെപ്പോക്ക് ആരംഭിച്ചതിൽ അക്ഷമനായ പോപ്പ് വ്യക്തിപരമായി ടെക്സ്റ്റ് എഡിറ്റ് ചെയ്യുകയും; അദ്ദേഹത്തിന്റെ സ്വന്തം മുൻഗണനകൾക്ക് അനുസൃതമായി രീതിയിൽ ലേഔട്ട്, വിരാമചിഹ്നം, വാക്യസംഖ്യസംവിധാനം എന്നിവ മാറ്റി പ്രസിദ്ധീകരിച്ചു. 1590 മെയ് 29-നു പേപ്പർ ബൂൾ എയ്റ്റേണസ് ഇല്ലെ (Aeternus ille) വഴി ട്രെൻഡ് കൗൺസിൽ നിർദ്ദേശിച്ച ലാറ്റിൻ ബൈബിളിന്റെ നിർണ്ണായകവും ആധികാരികവും മാറ്റം ഇല്ലാത്തതും ആയ ടെക്സ്റ്റ് പുതുതായി അച്ചടിച്ച ഗ്രന്ഥം ആണെന്നും ഇതു സഭയുടെ ഏകമാത്രമാനദണ്ഡം ആണെന്നും പ്രഖ്യാപിച്ചു. ഈ കൃതി സിക്സ്’റ്റൈൻ വൾഗേറ്റ് എന്നു ചരിത്രത്തിൽ അറിയപ്പെടുന്നു. പോപ്പിന്റെ വ്യക്തിപരമായ എഡിറ്റിങ് വൻതോതിലുള്ള അക്ഷരത്തെറ്റുകൾ, ഒഴിവാക്കലുകൾ, വചകപ്പിശകുകൾ എന്നിവ ഉണ്ടായിരുന്നതിനാൽ ഈ പതിപ്പു വ്യാപകമായ ആശങ്ക സൃഷ്ടിച്ചു. ഭാഗ്യവശാൽ പുതിയ വൾഗേറ്റിന്റെ ഔദ്യോഗികജീവിതം അവിശ്വസനീയമാംവിധം ഹൃസ്വമായിരുന്നു. 1590 ഓഗസ്റ്റിൽ പുതിയ ബൈബിൾ പുറത്തിറക്കി ഏതാനും മാസങ്ങൾക്കുശേഷം മാർപാപ്പ മരിച്ചു. പോപ്പ് മരിച്ചു ദിവസങ്ങൾക്കകം 1590 സെപ്റ്റംബർ അഞ്ചിന് കർദ്ദിനാൾസംഘം ബൈബിൾ അതിദ്രുതം പിൻവലിച്ചു, വില്പന നിർത്തിവെച്ചു, വിപണിയിൽ ഉണ്ടായിരുന്ന പ്രതികൾ പിടിച്ചെടുത്തു തീയിട്ടു നശിപ്പിച്ചു.
ക്ലെമെന്റൈൻ ബൈബിൾ
1590 ഡിസംബർ 5-൹ തെരഞ്ഞെടുക്കപ്പെട്ട പോപ്പ് ഗ്രിഗറി പതിനാലാമൻ സിക്സ്’റ്റൈൻ വൾഗേറ്റിലെ പിശകുകൾ പരിശോധിക്കുവാനും തിരുത്തുവാനും വേണ്ടി പണ്ഡിതന്മാരുടെ രണ്ടു പുതിയ കമ്മീഷനെ നിയോഗിച്ചു. അന്നത്തെ പ്രശസ്ത തിയോളജിയൻ ആയിരുന്ന റോബർട്ട് ബെല്ലാമിൻ ആയിരുന്നു പോപ്പിനു ഈ ഉപദേശം നല്കിയത്. അദ്ദേഹം ഈ കമ്മീഷണറിൽ അംഗവുമായിരുന്നു. അദ്ദേഹം അദ്ധ്യക്ഷൻ അല്ലഞ്ഞിട്ടും സമിതിയെ നയിച്ചതു ബെല്ലാമിൻ ആയിരുന്നു. അദ്ദേഹം സൂത്രശാലിയും കുശാഗ്രബുദ്ധിയുള്ളവനുമായിരുന്നു. 1591 ഒക്ടോബർ 16നു 56-ആം വയസ്സിൽ ഗ്രിഗറി പതിനാലാമൻ വത്തിക്കാൻ കൊട്ടാരത്തിൽ അന്തരിച്ചു. തുടർന്നു 1592 ഒക്ടോബർ 29-നു ഇന്നസെൻറ് ഒമ്പതാമൻ പാപ്പായി. അദ്ദേഹം വെറും 62 ദിവസമേ ചുമതലയിൽ ആയിരുന്നുള്ളൂ. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നു ക്ലെമെന്റ് എട്ടാമൻ 1592 ജനുവരി 30നു പോപ്പായി. ഇക്കാലമെല്ലാം ബൈബിൾ റിവിഷനും നടന്നുകൊണ്ടിരുന്നു. ക്ലെമെന്റിന്റെ കാലത്താണു തിരുത്തൽ പൂർത്തിയായത്. രണ്ടായിരത്തിലധികം വരുന്ന പിശകുകൾ പൂർണ്ണമായും തിരുത്തിക്കൊണ്ടു 1592 നവംബർ 9-നു സിക്സ്’റ്റോ-ക്ലെമെന്റൈൻ വൾഗേറ്റു പ്രസിദ്ധീകരിച്ചു. സിക്സ്റ്റസ് അഞ്ചാമന്റെ പ്രശസ്തി നിലനിർത്തുവാനാണോ ഇങ്ങനെ നാമകരണം ചെയ്തത്. എങ്കിലും ൾ പില്ക്കാലത്ത് ഈ വിവർത്തനം “ക്ലെമെൻ’റ്റൈൻ വൾഗേറ്റ്” എന്നറിയപ്പെട്ടു.
തെറ്റാവരം സംരക്ഷിക്കുവാൻ കുരുട്ടുബുദ്ധി
ക്ലെമെൻ’റ്റൈൻ വൾഗേറ്റ്” തയ്യാറാക്കിക്കഴിഞ്ഞു അതിനു കുപ്രസിദ്ധമായ ആമുഖം എഴുതിയതു ബെല്ലാർമിൻ ആയിരുന്നു. മാർപാപ്പയ്ക്ക് തെറ്റുപറ്റി എന്നു പരസ്യമായി സമ്മതിക്കുന്നതു കത്തോലിക്കാസഭയുടെ പദവിയെയും പോപ്പിന്റെ തെറ്റാവരത്തെയും (Infiliability) ബാധിക്കുമെന്നു സഭാ ഭയന്നു. പ്രത്യേകിച്ച് പ്രോട്ടെസ്’റ്റന്റ് നവീകരണ കാലഘട്ടം ആയതിനാൽ ഇതു വലിയ രാഷ്ട്രീയ ആയുധം ആകുമെന്നു സഭ ഭയന്നു. അതിനാൽ സിക്സ്റ്റസ് അഞ്ചാമന്റെ വിവേകശൂന്യമായ തിരുത്തലുകൾ കൊണ്ടാണു തെറ്റുകൾ വന്നതെന്ന് സഭ പറഞ്ഞില്ല. പകരം അച്ചടിപിഴവു കാരണമാണു ബൈബിളിൽ തെറ്റുകൾ വന്നതെന്ന തന്ത്രപരമായ ന്യായീകരണമാണു പുതിയ ബൈബിളിന്റെ ആമുഖത്തിൽ എഴുതിച്ചേർത്തു സഭാജനങ്ങളുടെ കണ്ണിൽപൊടിയിട്ടത്. ഈ പതിപ്പു 400 വർഷം ഓടി.
നോവ വുൾഗാത്ത
ജെറോമിന്റെ വുൾഗാത്തയുടെ തെറ്റുതിരുത്താൻ പിന്നീടു ഒരു വിവർത്തനം കത്തോലിക്കാസഭയ്ക്കു ഉണ്ടായതു 1979-ൽ ആണ്. പുതിയ വൾഗേറ്റ് എന്നർത്ഥം വരുന്ന നോവ വൾഗാത്ത എന്നു പേരിട്ട പുതിയ റിവിഷന്റെ പ്രവർത്തനപദ്ധതി രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനപ്രകാരം 1965-ൽ പോൾ ആറാമന്റെ കാലത്തു ആരംഭിച്ചു. പദ്ധതി പൂർത്തിയായപ്പോൾ 1979 ജോൺ പോൾ രണ്ടാമൻ “സ്ക്രിപ്റ്റുരാരും തെസൗറസ്” എന്ന ബൂളെയിലൂടെ വുൾഗാത്തയെ സഭയുടെ ഔദ്യോഗിക ബൈബിൾ ആയി പ്രഖ്യാപിച്ചു. പുതിയവിവർത്തനത്തിന് ആയി 1965-ൽ പോൾ ആറാമൻ ഒരു പ്രത്യേക പൊന്തിഫിക്കൽ കമ്മീഷനെ നിയമിച്ചിരുന്നു. അവർ ജെറോം വൾഗുത്തയുടെ ഒറിജിനൽ കണ്ടെത്താൻ ശ്രമിച്ചു, പക്ഷേ ലഭിച്ചില്ല.
തുടർന്നു ചാവുകടൽ ചുരുളുകൾ, ഹീബ്രു, അരാമിക്, ഗ്രീക്ക് തിരുവെഴുത്തുകളുമായി വാക്യങ്ങളെ ഒത്തുനോക്കി തിരുത്തലുകൾ വരുത്തി. ഒപ്പം ഭാഷ കൂടുതൽ ശുദ്ധീകരിക്കപ്പെട്ടു. മികച്ച ക്ലാസിക്കൽ ശൈലിയിലേക്കു ഭാഷ പുനഃക്രമീകരിച്ചു. ഇതു വായനയെ വ്യക്തതയുള്ളതും എളുപ്പമുള്ളതും ആക്കി. ഇന്നു കത്തോലിക്കാസഭയിൽ ബൈബിൾ മൊഴിമാറ്റം നടത്തുമ്പോൾ പ്രാമാണികഗ്രന്ഥമായി (Normative Text) അടിസ്ഥാനമാക്കേണ്ടതു നോവ വുൾഗാത്തയാണ്. അതായതു ജെറോമിന്റെ ലത്തീൻ വുൾഗാത്ത ഇന്നു സഭയുടെ ആധികാരിക ബൈബിൾ അല്ലെന്നു ചുരുക്കം. അന്നു ജെറോം ക്ലാസിക്കൽ ലത്തീനിലേക്കു മൊഴിമാറ്റം നടത്തുകയും ദുരുപദേശം കുത്തിക്കയറ്റുകയും ചെയ്യാതെയിരുന്നുവെങ്കിൽ എന്നു വെറുതേ ആശിച്ചുപോകുന്നു. ജെറോമിന്റെ തെറ്റുതിരുത്താൻ റോമൻ കൂരിയയ്ക്കു 1575 വർഷം വേണ്ടിവന്നു എന്നു സാരം. അതു അങ്ങനെയാണ്. റോം ഒന്നു തിരിഞ്ഞു വരണമെങ്കിൽ നൂറ്റാണ്ടുകളും ചിലപ്പോൾ സഹസ്രാബ്ദങ്ങളും എടുത്തു എന്നുവരാം. അവരുടെ മെല്ലെപ്പോക്കു നയം എത്രയോ തലമുറകളെ അന്ധകാരത്തിൽ ആഴ്ത്തിക്കളഞ്ഞു. ഇറാസ്മസും പുതിയ ബൈബിൾ വിവർത്തനങ്ങളും റിഫോർമേഷനും വന്നില്ലായിരുന്നുവെങ്കിൽ ലോകത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? ഇവ്വിധം തിരുവചനത്തെ തിരസ്കരിച്ചു നമസ്കരിച്ചു മുന്നേറുന്ന കത്തോലിക്കമതത്തിനു ബൈബിൾ Prima regula fieda മാത്രമാണ്. ദൈവവചനം പോപ്പിന്റെ വാക്കുകൾക്കു വിരുദ്ധമാണെങ്കിൽ ബൈബിൾ എറിഞ്ഞുകളക എന്നാണു അവർ പഠിപ്പിച്ചത്. സഭ ആദ്യമുണ്ടായി, സഭയിലൂടെ ബൈബിൾ പിന്നീടു ഉണ്ടായി എന്നു പഠിപ്പിക്കുന്ന ഇവർ അനദിവിദൂരഭാവിയിൽ വിശ്വാസത്യാഗം ഭവിച്ച സഭകളുടെയും വ്യാജആത്മീയതകളുടെയും തലപ്പത്തു വരുമെന്നു ബൈബിൾ പ്രവചിക്കുന്നു. സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനത്തിന്റെ കൈവശാവകാശി മാത്രമാണു സഭയെന്നു അവർ തിരിച്ചറിഞ്ഞെങ്കിൽ!
പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -


Comments are closed.