വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം: പുസ്തക പ്രകാശനവും ഏകദിന കൺവൻഷനും ഡൽഹിയിൽ
ന്യൂഡൽഹി: മലങ്കര പെന്തെക്കോസ്തിനോടൊപ്പം ഉണർവ്വിൻ്റെ തീജ്വാല പടർന്ന ഉത്തര ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പെന്തെക്കോസ്തു ചരിത്ര പ്രകാശനവും ഏകദിന കൺവൻഷനും ഒക്ടോബർ 11, ഞായറാഴ്ച വൈകുന്നേരം 5:30 മുതൽ നടക്കും. ഡൽഹി എൻസിആർ ഗുഡ്ന്യൂസ് ചാപ്റ്റർ, ജിഡിപിഎഫ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ സമ്മേളനം ന്യൂഡൽഹി ഗോൾ ദാഖാനയിലുള്ള ഡൽഹി കാത്തലിക് ആർച്ച് ഡയോസിസ് കമ്മ്യൂണിറ്റി ഹാളിലാകും നടക്കുന്നത്.
ഉത്തര ഭാരതത്തിൽ പെന്തെക്കോസ്ത് ഉണർവ് എത്തി ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും കൃത്യമായ ചരിത്രരേഖകളുടെ അഭാവം മുൻനിർത്തി, വിവിധ മുഖ്യധാരാ പെന്തക്കോസ്ത് സഭകളുടെ ഐക്യമായുള്ള പരിശ്രമത്താൽ തയ്യാറാക്കിയതാണ് ഈ ഗ്രന്ഥം. വടക്കെ ഇന്ത്യയിലെ സുവിശേഷ വേലയിൽ വ്യാപൃതരായ ദൈവദാസന്മാരുടെ ജീവിതാനുഭവങ്ങൾ, അരനൂറ്റാണ്ട് പിന്നിട്ട സഭകളുടെ ചരിത്രം, ആദ്യകാല മിഷനറിമാരുടെയും അൽമായ പ്രമുഖരുടെയും വിവരണം, ഹിന്ദി മേഖലയിലെ ക്രൈസ്തവ നേതാക്കളുടെ ചരിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടക്കുന്ന കൺവൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗകൻ ഡോ. പോൾ മാത്യുസ്, ഉദയ്പൂർ മുഖ്യപ്രഭാഷണം നടത്തും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ ആർ. എബ്രഹാം, ഡോ. ലാജി പോൾ തുടങ്ങിയ ആത്മീയ നേതാക്കൾ സംബന്ധിക്കും. ബ്ര. എം. ജോണിക്കുട്ടി, പാസ്റ്റർ കെ.വി. ജോസഫ്, പാസ്റ്റർ സജോയ് വർഗീസ്, പാസ്റ്റർ പ്രകാശ് മാത്യു, പാസ്റ്റർ ടി.ജെ. ബോവസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ഇതിൻ്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തിക്കുന്നു.

- Advertisement -

Comments are closed.