ലേഖനം: ഇറാസ്മസ് മുട്ടയിട്ടപ്പോൾ ഭാഗം – 1 | പാസ്റ്റർ സണ്ണി പി സാമുവൽ

“ഇറാസ്മസ് ഒരു മുട്ടയിട്ടു ലൂഥർ അതു വിരിയിച്ചിറക്കി” എന്നൊരു ചൊല്ലു പ്രൊട്ടസ്റ്റന്റ് നവീകരണകാലത്തു കത്തോലിക്കാസഭയിലെ വിമർശകരായ സന്യാസിസമൂഹം ഉയർത്തിയിരുന്നു. അതിനു കാരണം അദ്ദേഹം 1516 മാർച്ച് 1-നു പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച Novum Instrumentum Omne എന്ന ലത്തീൻ ഗ്രീക്ക്ഭാഷാ പുതിയ നിയമമായിരുന്നു. പില്ക്കാലത്തു (Novum Testamentum Omne) എന്നു പുനർനാമകരണം ചെയ്ത പുതിയനിയമമാണ് Textus Receptus (TR) എന്ന ആധികാരിക ഗ്രീക്ക് പുതിയനിയമം തയ്യാറാക്കുന്നതിനു വഴിമരുന്നിട്ടത്. Textus Receptus-നെ ആധാരമാക്കിയാണല്ലോ KJV വിവർത്തനം നടന്നത്. ഈ രണ്ടു വിവർത്തനങ്ങൾ ചേർന്നാണു പ്രൊട്ടസ്റ്റന്റ് റിഫർമേഷനെ ത്വരിതപ്പെടുത്തിയതും ജനപ്രിയമാക്കി തീർത്തതും!

ആരായിരുന്നു ഇറാസ്മസ്

ഡെസിഡെറിയസ് ഇറാസ്മസ് (1466-1536) നെതർലാൻസിലെ റോട്ടെർഡാമിൽ ജനിച്ചുവളർത്തപ്പെട്ടു. ഇറാസ്മസ് ഇല്ലായിരുന്നുവെങ്കിൽ റിഫർമേഷൻ സംഭവിക്കുമായിരുന്നില്ല(?) എന്നു നിരീക്ഷകർ പറയത്തക്കവിധം അദ്ദേഹം അതിന്റെ പിമ്പിലെ ചാലകശക്തിയായിരുന്നു. അതിനു നിദാനമായിത്തീർന്നതു പുതിയനിയമ വിവർത്തനവും ആയിരുന്നു.

മദ്ധ്യകാലഘട്ടക്രിസ്ത്യാനിത്വമാണു അദ്ദേഹത്തിന്റെ യുവത്വത്തെ രൂപപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പിതാവു കത്തോലിക്കാ പുരോഹിതനും സഭയിൽ ഉന്നതപദവികൾ വഹിച്ചിരുന്ന ഒരു വ്യക്തിയുമായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നിയമപരമായി വിവാഹിതർ അല്ലായിരുന്നുവെങ്കിലും ഇറാസ്മസിനു മൂന്നു വയസ്സു മൂത്തൊരു സഹോദരനും (പീറ്റർ) ഉണ്ടായിരുന്നു. വിവാഹബാന്ധവത്തിനു പുറമേ ജനിച്ച മക്കൾ ആയിരുന്നുവെങ്കിലും പിതാവു ഗെറാർഡും മാതാവു മാർഗെരിത്തയും മക്കളെ നന്നായി വളർത്തി. അവരുടെ തലമുറയിൽ സാധാരണക്കാരായ യുവാക്കൾക്കു ലഭ്യമാകുമായിരുന്നതിലും അധികം നല്ലവിദ്യാഭ്യാസം അവർക്കു നല്കി. ആശ്രമംവക വിദ്യാഭ്യാസസ്ഥാപനങ്ങളിലും, അർദ്ധ ആശ്രമംവക സ്കൂൾസിലും പിന്നെ സ്വകാര്യ സ്കൂളുകളിലും അവർ വിദ്യാഭ്യാസം തേടി. ഈ സ്വാധീനം കാരണം ഇരുവരും ബ്രഹ്മചര്യവ്രതം ഏറ്റെടുക്കുകയും മൊണാസ്ട്രീസിൽ അഭയം തേടുകയും, ഒടുവിൽ പുരോഹിതന്മാരാവുകയും ചെയ്തു. യൂറോപ്പിനെ ഗ്രസിച്ച ബ്യൂബോണിക് പ്ലേഗ് കാരണം 1483-ൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഇവർ അനാഥരുമായി. 1492-ൽ കത്തോലിക്കാ പുരോഹിതനായി ഓർഡെയ്ൻ ചെയ്യപ്പെട്ടു. ലത്തീൻ- ഗ്രീക്കുഭാഷകളിൽ അവഗാഹ പാണ്ഡിത്യം നേടിയ ഇറാസ്മസ് ഒരു വേദവിദ്യാർത്ഥിയും പുരോഹിതനും ഒക്കെ ആയിരിക്കുമ്പോഴും ഗ്രീക്ക്-റോമൻ (ലത്തീൻ) സെക്കുലർ ക്ലാസിക്കൽ സാഹിത്യത്തിൽ ആകൃഷ്ടനാവുകയും ചെയ്തു. ലത്തീൻഭാഷ വെറും വൾഗേറ്റായി അധഃപ്പതിച്ച യുഗത്തിലാണു ക്ലാസിക്കൽ ലത്തീനിലേക്കു അദ്ദേഹം ആകൃഷ്ടനാകുന്നതും പ്രാവീണ്യം നേടുന്നതും. ഈ സാഹിത്യസപര്യ അദ്ദേഹത്തെ ഒരു നല്ല എഴുത്തുകാരൻ ആക്കിമാറ്റി. ഇക്കാലങ്ങളിലെല്ലാം അദ്ദേഹം ഒരു സഞ്ചാരി ആയിരുന്നു. ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ അദ്ദേഹം പല ആവർത്തി യാത്രചെയ്തു. ഇതെല്ലാം അദ്ദേഹത്തെ മറ്റൊരു പുതുമനുഷ്യനാക്കുകയായിരുന്നു.

ക്രമേണ അദ്ദേഹം സഭയുടെ സമ്പ്രദായങ്ങളോടും പുരോഹിതവൃന്ദങ്ങളുടെ ചെയ്തികളോടും കലഹിക്കുവാൻ തുടങ്ങി. മോണാസ്ട്രിയുടെ നാല്ചുവരുകൾ അദ്ദേഹത്തിനു ഭാരമായും ബന്ധനമായും തോന്നിത്തുടങ്ങി. മൊണാസ്ട്രിയിലെ ബൗദ്ധികദാരിദ്ര്യം അദ്ദേഹത്തിന്റെ തീവ്രമായ ഹ്യൂമാനിസ്റ്റ ആശയങ്ങളും ഒപ്പം ക്ലാസിക്കൽഭാഷയോടുള്ള അമിതതാല്പര്യവും ഇറാസ്മസിനെ വീർപ്പുമുട്ടിച്ചു. അവിടെ പഠിപ്പിക്കുന്ന പരമ്പരാഗത സ്കോളസ്റ്റിക് തിയോളജിയെ അദ്ദേഹം പുച്ഛിച്ചുതള്ളി. അതിനെ കാലാഹരണപ്പെട്ടതും വിദ്യാഡംഭിയായതും പണ്ഡിതനാട്യം നിറഞ്ഞതും ആണെന്നുപറഞ്ഞു അദ്ദേഹം തള്ളിക്കളഞ്ഞു. ബൈബിൾ വായിക്കാത്ത മടിയന്മാരായ പുരോഹിതന്മാരെ അദ്ദേഹം നന്നായി കളിയാക്കി.

ഒടുവിൽ സിസ്റ്റത്തിന്റെ തകരാർ അദ്ദേഹം കണ്ടെത്തി. ജെറോം വിവർത്തനം ചെയ്തുവെന്നു വീമ്പിളക്കുന്നതും പവിത്രം എന്നു സഭ അഹങ്കരിക്കുന്നതുമായ ലാറ്റിൻ വൾഗേറ്റ് ആണു പ്രശ്നക്കാരൻ. അദ്ദേഹം നല്ലൊരു എഴുത്തുകാരനായിരുന്നു എന്നു സൂചിപ്പിച്ചുവല്ലോ. ഇക്കാലയളവിൽ അച്ചടിവിദ്യ പ്രചാരം നേടുകയായിരുന്നു. 1455-ൽ ഗുട്ടൻബർഗ് പ്രഥമ ബൈബിൾ അച്ചടിച്ചു 45 വർഷം കഴിഞ്ഞു 1500-ൽ ഇറാസ്മസ് തന്റെ ഗ്രന്ഥങ്ങൾ വ്യാപകമായി അച്ചടിക്കുവാൻ തുടങ്ങി. അതു അദ്ദേഹത്തെ യൂറോപ്പിലെ അറിയപ്പെടുന്ന സൈദ്ധാന്തികരുടെയും പ്രസിദ്ധരുടെയും തലത്തിലേക്കു ഉയർത്തി. തോമസ് മൂർ, മാർട്ടിൻ ലൂഥർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സ്നേഹിതർ ആയിരുന്നു. തുടർന്നു ഇറാസ്മസ് ഒരു തീരുമാനത്തിലെത്തി. പുതിയനിയമം വിവർത്തനം ചെയ്യുക. ഒരു നിയോഗം എന്ന നിലയിൽ ലോറെൻസോ വല്ലയുടെ പൗലോസിൻ്റെ ലേഖനങ്ങൾ വിശകലനം ചെയ്യുന്ന പുതിയനിയമപഠനക്കുറിപ്പുകൾ (Adnotations in Novum Testamentum) കയ്യെഴുത്തുപ്രതി അദ്ദേഹം 1564-ൽ ബെൽജിയം സന്ദർശിക്കുമ്പോൾ കണ്ടു. 1485-1492 കാലയളവിൽ സൗത്ത് ഹോളണ്ടിലെ Steyn monastery-യിൽ ആയിരിക്കുമ്പോൾ ലോറെൻസോയുടെ ഭാഷാപരമായ കൃതി (Elegantiae) അദ്ദേഹത്തിനു സുപരിചിതമായിരുന്നു. 1505-ൽ ലോറൻസോയുടെ പുതിയനിയമ പഠനക്കുറിപ്പുകൾ അച്ചടിച്ചു. അതോടൊപ്പം തന്നെ അദ്ദേഹം സ്വന്തമായി ബൈബിൾ ടെക്സ്റ്റ്സ് പഠനം ആരംഭിക്കുകയും ചെയ്തു. ഈ ഗ്രന്ഥപ്രകാശനത്തെ സഭ പ്രാരംഭഘട്ടത്തിൽ താരതമ്യേന നിശബ്ദമായിട്ടാണു പ്രതികരിച്ചത്. വിശ്വാസത്തിനു ഒരു ഭീഷണി എന്നതിലുപരി ഭാഷപണ്ഡിതന്മാർ ഇതിനെ ഒരു ഉയർന്ന സാങ്കേതിക ഉപകരണം ആയിട്ടാണു പ്രധാനമായും കണ്ടത്.

വരുന്നൂ ഇറാസ്മസിന്റെ പുതിയനിയമം

വല്ലയുടെ ഗ്രന്ഥപ്രകാശനത്തോടെ ഇറാസ്മസ് തന്റെ പുതിയ ദൗത്യത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത പതിനൊന്നു വർഷം വിവരങ്ങൾ ശേഖരിക്കുവാനും ഗ്രീക്ക് കൂടുതൽ ആഴത്തിൽ പഠിക്കുവാനും വ്യത്യസ്ത പുരാതന ബൈബിൾ കയ്യെഴുത്തുപ്രതികൾ കണ്ടെത്താനും താരതമ്യപഠനം നടത്തുവാനുമായി യൂറോപ്പിലടനീളം സഞ്ചരിച്ചു. രണ്ടാംഘട്ടമായി 1515 ഒക്ടോബറിൽ പ്രിന്റർ ജൊഹാൻ ഫ്രോബനെ സ്വിറ്റ്സർലൻഡിൽ ചെന്നു കണ്ടു വെറും ആറുമാസങ്ങൾകൊണ്ടു തന്റെ ഗ്രീക്ക്-ലാറ്റിൻ ദ്വിഭാഷാ പുതിയനിയമം അച്ചടിച്ചു പ്രസിദ്ധീകരിച്ചു. എഡിറ്റ് ചെയ്യാതെ പ്രസിദ്ധീകരിച്ചതിനാൽ അക്ഷരത്തെറ്റുകളും വിവർത്തനത്തെറ്റുകളും കാരണം പ്രഥമപതിപ്പു പോരായ്മകൾ നിറഞ്ഞതായിരുന്നു. തുടർന്നുവന്ന 19 വർഷങ്ങൾ, മൂന്നാംഘട്ടമായി, അഞ്ചു പതിപ്പുകളിലായി കൃതികൾ പരിഷ്കരിക്കുവാനും തിരുത്തുവാനും അപ്ഡേറ്റ് ചെയ്യുവാനും ചെലവഴിച്ചു. മരണത്തിനു ഒരുവർഷം മുമ്പു 1535-ൽ അവസാനിപ്പിച്ച് അവസാന പതിപ്പും പരിഷ്കരിച്ചു പുറത്തിറക്കി.

കത്തോലിക്കാസഭയുടെ വഴിതെറ്റിയ തിയോളജിയെ തച്ചുടക്കുന്നതായിരുന്നു ഇറാസ്മസിന്റെ പുതിയനിയമം. ഉദാഹരണത്തിന് ജെറോം ബൈബിളിൽ മത്തായി 4:17 ശാരീരിക ദണ്ഡനം എന്ന അർത്ഥം വരുന്ന penance എന്ന വാക്കു ഉപയോഗിച്ചിടത്തു പുതിയബൈബിളിൽ യേശു പറഞ്ഞ അതേ കൃത്യമായ വാക്കു “മാനസാന്തരപ്പെടുക” (repent) എന്ന വാക്കു തന്നെ പുതിയബൈബിളിൽ ഉപയോഗിച്ചു. ഇതു കത്തോലിക്കാസഭയുടെ കുമ്പസാരം, ശാരീരികദണ്ഡനം, പാപമോചനച്ചീട്ടു എന്നീ പഠിപ്പിക്കലിനെ അട്ടിമറിച്ചു. മത്തായി 6:13-ൽ “രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ” എന്ന വാക്യം വൾഗേറ്റ് വിവർത്തനത്തിൽ ഇല്ലായിരുന്നു ഇറാസ്മസ് ചേർത്തു. ഇതു പോപ്പിന്റെ ആധിപത്യത്തിനെതിരായ വെല്ലുവിളിയായി. മത്തായിയുടെ സുവിശേഷം 19:9-ൽ “പരസംഗം നിമിത്തമല്ലാതെ” എന്ന പ്രയോഗത്തിലെ “പരസംഗം” എന്ന വാക്കു വൾഗേറ്റിൽനിന്നു നീക്കം ചെയ്തിരുന്നു. എന്നാൽ ഇറാസ്മസ് ഈ വാക്കു ഗ്രീക്കിനു അനുസൃതമായി, കർത്താവു പറഞ്ഞതിനും അനുസരിച്ചു, ടെക്സ്റ്റിൽ ചേർത്തു. വിവാഹം സമ്പൂർണ്ണവും ഒരിക്കലും വേർതിരിക്കാനാവാത്തതുമായ ഒരു കൂദാശശയായും പഠിപ്പിച്ചിരുന്നതിനു ഇതു തിരിച്ചടിയായി. എന്നാൽ ഇതോ പില്ക്കാലത്തു മറ്റൊരു ദോഷത്തിനു വഴിതെളിച്ചു. ദാമ്പത്യഅവിശ്വസ്തതയുടെ കേസുകളിൽ വിവാഹമോചനവും പുനർവിവാഹവും അനുവദിക്കുവാൻ പ്രൊട്ടെസ്റ്റന്റ് പരിഷ്കർത്താക്കൾ ഇതിനെ ഉപയോഗിച്ചു. അതവിടെ നില്ക്കട്ടെ. കർത്താവു പറഞ്ഞ വാക്കിനെപ്പോലും എടുത്തുകളയുവാൻ സഭയ്ക്കു അധികാരമുണ്ട് എന്ന തോന്ന്യാസമാണു ഇവിടെ വെളിപ്പെടുന്നത്. വൾഗേറ്റിൽ ലൂക്കോസ് 1:28-ൽ “കൃപ നിറഞ്ഞ മറിയമേ” എന്നായിരുന്നതു “കൃപ ലഭിച്ചവളെ” എന്നാക്കി. അർത്ഥാൽ മിഥ്യയിൽ സഭ കെട്ടിപ്പടുത്ത മരിയോളജി തകർന്നു. റോമർ 3:27-ൽ “എല്ലാവരും പാപം ചെയ്തതിനാൽ ദൈവതേജസ്സ് ആവശ്യമുള്ളവരായിത്തീർന്നു” എന്ന വികലവാക്യത്തെ, “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു” എന്ന യാഥാർത്ഥത്തിലേക്കു കൊണ്ടുവന്നു. എഫെസ്യർ 5:32-ൽ വിവാഹം ഒരു കൂദാശയാണു (sacrament) എന്നതിനുപകരം മൂലഭാഷയിലെ കൃത്യമായ മർമ്മം (mystery) എന്ന വാക്കുപയോഗിച്ചു. ഇതു ഏഴു കൂദാശകൾ എന്ന വികല തീയോളജിയുടെ കടക്കൽ കത്തിവയ്ക്കൽ ആയി. കൊലോസ്യർ 2:19-ൽ “തലയായ നിന്നല്ലോ” എന്ന പ്രയോഗത്തിലെ “തല” എന്ന വാക്കു പോപ്പിനെയും പോപ്പിൽനിന്നു സഭയാകുന്ന ശരീരത്തിലേക്കോ പ്രവഹിക്കുന്ന അധികാരശ്രേണിയേയും ആണ് പ്രതിപാദിക്കുന്നതു എന്നു പഠിപ്പിച്ചു കൊണ്ടിരുന്നു. തലയുമായി ബന്ധപ്പെടാൻ ഒരുവൻ പോപ്പിനും സഭാപാരമ്പര്യങ്ങൾക്കും കീഴടങ്ങണമെന്നും സഭ വാദിച്ചിരുന്നു. അല്ലാത്തവർ വ്യാജോപദേഷ്ടാക്കന്മാർ ആണെന്നായിരുന്നു സഭ പഠിപ്പിച്ചിരുന്നത്. എന്നാൽ ഇറാസ്മസ് ഇതിനെ ശക്തിയുക്തം എതിർത്തു. അല്ലാത്തവർ വ്യാജോപദേഷ്ടാക്കന്മാർ മാത്രമല്ല ഈ ഖണ്ഡികയിലെ മുഖ്യപ്രതിപാദനവിഷയം എന്നും; ക്രിസ്തുവും സഭ എന്ന ശരീരവും തമ്മിലുള്ള ബന്ധമാണു മുഖ്യവിഷയം എന്നും, ക്രിസ്തുവാകുന്ന തലയിൽ നിന്നാണു ശരീരം മുഴുവൻ പോഷണം ലഭിക്കുന്നതെന്നും, ദുരുപദേശം അതിനു വിഘാതം സൃഷ്ടിക്കുന്നുവെന്നും ഇറാസ്മസ് ശക്തമായി വാദിച്ചു. അതിനായി അദ്ദേഹം വൾഗേറ്റിൽ ഉണ്ടായിരുന്നതിനു ബദലായി ഗ്രീക്ക് ടെക്സ്റ്റിലെ വാചകഘടനയിൽ (Order of Sentence) പുനരേകീകരണം നടത്തിയപ്പോൾ തല ക്രിസ്തുതന്നേ എന്ന ആശയം കൃത്യമായി വന്നു. ഇതു പോപ്പിന്റെ അപ്രമാദിത്വത്തെയും അധികാരശ്രേണിയെയും ഘടനാപരമായി ദുർബ്ബലപ്പെടുത്തി. കത്തോലിക്കാസഭയുടെ വഴിത്താരയിലൂടെയോ കൂദാശകളിലൂടെയോ പേപ്പൽ ഉത്തരങ്ങളിലൂടെയോ ആത്മീയപോഷണം താഴേക്കു ഒഴുകുന്നില്ല. ഒരു മദ്ധ്യസ്ഥന്റെ ആവശ്യമില്ലാതെ വിശ്വാസി ക്രിസ്തുവിനോടു നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇറാസ്മസ് പുതിയ പാഠഭേദത്തിലൂടെ വാദിച്ചു. രക്ഷ, തിരുവെഴുത്തുകൾ എന്നിവയുടെമേൽ സഭക്കു സമ്പൂർണ്ണഅധികാരമുണ്ടെന്ന കത്തോലിക്കാസഭയുടെ അവകാശവാദത്തെ ആത്യന്തികമായി തുരങ്കം വയ്ക്കുന്ന അതായിരുന്നു പുതിയ പഠിപ്പിക്കൽ. വാസ്തവത്തിൽ, ഇതു പുതിയൊരു പഠിപ്പിക്കുന്നൽ അല്ലായിരുന്നു. തിരുവചനത്തെ കത്തോലിക്കർ എങ്ങനെ കോട്ടിക്കളഞ്ഞു വ്യാഖ്യാനിച്ചുവെന്നു ചൂണ്ടിക്കാണിക്കുന്നതിനൊപ്പം; തിരുവചനത്തിന്റ പത്ഥ്യോപദേശത്തിലേക്കു ആരോഗ്യകരമായതും വിവേകബുദ്ധിയുള്ളതും ആയ പഠിപ്പിക്കലിലേക്കും; സഭാഗാത്രത്തെ നയിക്കുകയും ചെയ്യുകയായിരുന്നു ഇറാസ്മസ് ചെയ്തത്. അപ്പൊസ്തലൻ വിഭാവനം ചെയ്തതിനെ വഴിതെറ്റിച്ചു വ്യാഖ്യാനിക്കുന്ന സഭ തങ്ങൾ അപ്പോസ്തോലികമാണെന്നു മേനി പറയുന്നതിൽ എന്തർത്ഥം? 1 പത്രോസ് 5:3-ൽ ജെറോം ഉപയോഗിച്ച Clergy എന്ന വാക്കിനു പകരം ഇറാസ്മസ് Gods inheritance (ദൈവത്തിന്റെ അവകാശത്തെ) എന്നാക്കി. അതുവരെ സഭ പോപ്പിന്റെയും പുരോഹിതവർഗ്ഗത്തിന്റെയും സമ്പത്തും അവകാശവും ആയിരുന്നു.

ഇവ്വിധം ലാറ്റിൻ വൾഗേറ്റ് മൂലകയ്യെഴുത്തുപ്രതികളിൽനിന്നു വ്യതിചലിച്ച ആയിരക്കണക്കിനു ഇടങ്ങളിൽ ഇറാസ്മസ് തെറ്റു തിരുത്തി. ചുരുക്കത്തിൽ മരിയോളജിമുതൽ പാപമോചനച്ചീട്ടുവരെ ചില്ലുകൊട്ടാരംപോലെ തകർത്തു. പോപ്പിന്റെ അപ്രമാദിത്വവും തെറ്റാവരവും ചോദ്യം ചെയ്യപ്പെട്ടു. വചനംമാത്രം (Sola Scriptura) എന്ന ആശയം രൂഢമൂലമായി. വചനത്തിനുമീതേ ആർക്കും അധികാരമില്ല എന്ന ചിന്താധാര യുറോപ്പിലുടനീളം ഉടലെടുക്കുവാൻ പുതിയ വിവർത്തനംമൂലം സാധിച്ചു.

ഇറാസ്മസിന്റെ വിവർത്തനം മാർട്ടിൻ ലൂഥർ എടുത്തതോടെ ദുരുപദേശത്തിൽ കെട്ടിയിരുന്ന കത്തോലിക്കാസഭയിലേക്കു പത്ഥ്യോപദേശത്തിന്റെ വിടുതലിൻ കാറ്റ് വീശുവാൻ തുടങ്ങി. സഭ ഇളകി വശായി. ഒടുവിൽ, ജെറോമിന്റെ വൾഗേറ്റിനെ പ്രതിരോധിച്ചുകൊണ്ടു 1545-1563 നടന്ന ട്രെൻഡ് കൗൺസിലിൽ തീരുമാനമെടുത്തുവെങ്കിലും, 1592 ക്ലമെന്റൈൻ വിവർത്തനം നടത്തുവാൻ സഭ നിർബ്ബന്ധിക്കപ്പെട്ടു.

ഇറാസ്മസ് ഉപയോഗിച്ച ലാറ്റിൻഭാഷ ഏത്?

ഒറിജിനൽ ഗ്രീക്ക് കയ്യെഴുത്തുപ്രതികൾ പരിശോധിച്ചു അതിലെ ക്ലാസിക്കൽ രൂപം നന്നായി മനസ്സിലാക്കി തത്തുല്യമായ ക്ലാസിക്കൻ ലത്തീൻഭാഷയിലാണു ഇറാസ്മസ് തന്റെ പുതിയനിയമം ചിട്ടപ്പെടുത്തിയത്. ഒരു പുതിയ ലത്തീൻഭാഷ അവതരിപ്പിക്കുന്നതിനുപകരം ഗാംഭീര്യമുള്ള ക്ലാസിക്കൽ ഭാഷയിലേക്കു കൂടുതൽ അടുത്തതും മിനുസപ്പെടുത്തിയതും ആയ ഭാഷ ഉപയോഗിച്ചു. ക്ലാസിക്കൽ വ്യാകരണഘടനയും സ്ഫുടം ചെയ്ത വാക്കുകളും അദ്ദേഹം ഉപയോഗിച്ചു.

ക്രമാനുഗതമായി തെറ്റുതുരുത്തി എഡിറ്റ് ചെയ്ത അദ്ദേഹത്തിന്റെ ബൈബിൾ Textus Receptus (ദൈവത്തിൽനിന്നു പ്രാപിച്ച ടെക്സ്റ്റ് എന്നു വിവക്ഷ) എന്നറിയപ്പെട്ടു.

ഉപസംഹാരം

കത്തോലിക്ക സഭയെ ശുദ്ധിചെയ്തു എടുക്കുകയായിരുന്നു ഇറാസ്മസിന്റെ ലക്ഷ്യം. എന്നാൽ റിഫോർമേഷൻ വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോയി. Free will എന്ന വിഷയത്തിൽ അദ്ദേഹത്തിനു ലൂതറിനോടു എതിർപ്പായിരുന്നു.

പ്രൊട്ടസ്റ്റന്റ് റിഫോർമേഷൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. “ഞാനൊരു കോഴിമുട്ടയാണു ഇട്ടതു. എന്നാൽ പൂർണ്ണമായും അപരിചിതവും അധികപ്പറ്റായതും ഉഗ്രമായി പോരാടുന്നതും ആയ ഒരു പക്ഷിയെ ലൂഥർ വിരിയിച്ചിറക്കി,” എന്നു ഒരിക്കൽ തമാശരൂപത്തിൽ അദ്ദേഹത്തിനു പറയേണ്ടിവന്നു.

“മടിയന്മാരായ പുരോഹിതവർഗ്ഗമേ നിങ്ങൾ അവഗണിച്ചു തള്ളിക്കളഞ്ഞ ദൈവവചനം ഞാൻ സാധാരണക്കാരുടെ ഇടയിൽ എത്തിക്കും. ഉഴുന്നവൻ കലപ്പ ഊന്നി ക്ഷീണിക്കുമ്പോഴും, നെയ്യുന്നവൻ തറി ഓടിച്ചു തളരുമ്പോഴും ദൈവവചനം പാടി ആശ്വസിക്കുന്ന ഒരു കാലം വരും.”

ഇതു ഇറാസ്മസിന്റെ വെല്ലുവിളിയായിരുന്നു. ഒരു പ്രവചനം ആയിരുന്നു. സ്വർഗ്ഗം ആ വെല്ലുവിളി അതേപടി ഏറ്റെടുത്ത ചരിത്രമാണ് ആധുനിക ബൈബിൾ ചരിത്രവും ലോകചരിത്രവും. “സൂര്യന്റെ ഉദയം മുതൽ അസ്തമനം വരെ യഹോവയുടെ വചനം ഭൂമിയിൽ എല്ലായിടത്തും മുഴങ്ങിച്ചെല്ലുമാറകട്ടെ.” ആമേൻ.

(തുടരും)

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading