ലേഖനം: നമ്മെ ഏൽപ്പിച്ച ദൈവീക ദൗത്യം | ജോജി. പി. തോമസ്, സ്കോട്ട്ലൻഡ്
ഈ ലോകത്തിൽ നമ്മെ ഏൽപ്പിക്കുന്ന ഏത് ജോലിയിലും നാം വിശ്വസ്തരാണോ എന്ന് അതിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചവർ നിരീക്ഷിക്കാറുണ്ട്. ചിലപ്പോൾ വിശ്വസ്തരല്ലെങ്കിലും വിശ്വസ്തരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ മനുഷ്യന് പല മാർഗങ്ങളും കണ്ടെത്താനാകും. എന്നാൽ ഹൃദയങ്ങളെയും ഉള്ളറകളെയും അറിയുന്ന ദൈവത്തിന്റെ മുമ്പിൽ യാതൊരു അഭിനയവും മറച്ചുവെക്കലും സാധ്യമല്ല.
ദൈവം നമ്മിൽ ഏൽപ്പിച്ചിരിക്കുന്ന ദൈവീക പദ്ധതികളും ദർശനങ്ങളും നിവർത്തിക്കാതെ, അവ നിർവഹിച്ചുവെന്ന് അവകാശപ്പെടാൻ നമുക്ക് കഴിയുകയില്ല. അത് ചെയ്യാതിരുന്നതിനുള്ള കാരണങ്ങളായി എത്ര ന്യായീകരണങ്ങൾ പറഞ്ഞാലും ദൈവസന്നിധിയിൽ നാം ഉത്തരവാദികളാണ്.
യോസേഫിന് ദൈവം ഒരു ദർശനം നൽകിയപ്പോൾ അവൻ അത് തന്റെ കുടുംബത്തോട് പങ്കുവെച്ചു. എന്നാൽ അത് ആർക്കും ഇഷ്ടമായില്ല. സഹോദരന്മാർ അവനെ കൊല്ലാൻ പോലും ആലോചിച്ചു. എങ്കിലും പിതാവിന്റെ ആജ്ഞ അനുസരിച്ച് അവൻ അവരെ അന്വേഷിച്ചുപോയി. അനേകം കഷ്ടതകളും അപമാനങ്ങളും സഹിക്കേണ്ടിവന്നെങ്കിലും ദർശനം നൽകിയ ദൈവം വിശ്വസ്തനാണെന്ന് വിശ്വസിച്ച് അവൻ ഒരു പരാതിപോലും പറയാതെ ദൈവത്തിന്റെ പദ്ധതിക്കായി കാത്തിരുന്നു. ഒടുവിൽ ദൈവം അവനെ ഉയർത്തുകയും തന്റെ വാഗ്ദത്തം നിവർത്തിക്കുകയും ചെയ്തു.
ദാവീദിന്റെ ജീവിതവും ഇതിന് ഉത്തമ ഉദാഹരണമാണ്. കുടുംബാംഗങ്ങളുടെ മുമ്പിൽ അഭിഷേകം ചെയ്യപ്പെട്ടെങ്കിലും എല്ലാവർക്കും അത് സ്വീകാര്യമല്ലായിരുന്നു. എന്നിട്ടും പിതാവിന്റെ വാക്ക് അനുസരിച്ച് സഹോദരന്മാരുടെ വിശേഷം അറിയാൻ അവൻ യുദ്ധഭൂമിയിലേക്ക് പോയി. അവിടെ ഗൊല്യാത്തിനെ നേരിടാനുള്ള ദൈവിക അവസരം ലഭിച്ചു. അനുസരണമാണ് ദൈവത്തിന്റെ മഹത്തായ പദ്ധതിയിലേക്ക് അവനെ നയിച്ചത്.
പൗലോസിന്റെ ജീവിതത്തിലും അനേകം കഷ്ടതകളും ഉപദ്രവങ്ങളും ഉണ്ടായിരുന്നു. എന്നിരുന്നാലും, “വിളിച്ചവൻ വിശ്വസ്തൻ” എന്ന ഉറച്ച വിശ്വാസത്തോടെ ദൈവം ഏൽപ്പിച്ച ഓട്ടം അവൻ പൂർത്തിയാക്കി. അനേകം മിഷനറി യാത്രകളും സഭകൾ സ്ഥാപിക്കുന്ന ശുശ്രൂഷയും ലേഖനങ്ങളുടെ രചനയും ദൈവിക വെളിപ്പാടുകളുടെ അനുഭവവും അവന്റെ ജീവിതത്തെ അനുഗ്രഹീതമാക്കി.
എല്ലാറ്റിനുമുപരിയായി നമ്മുടെ കർത്താവായ യേശുക്രിസ്തു പിതാവിന്റെ ഹിതം പൂർണമായി അനുസരിച്ചവനാണ്. പാപത്താൽ മലിനപ്പെട്ട മനുഷ്യവർഗത്തിന്റെ രക്ഷയ്ക്കായി പിതാവ് ഏൽപ്പിച്ച ദൗത്യം അവൻ വിശ്വസ്തതയോടെ പൂർത്തിയാക്കി. കുരിശുവരെയുള്ള അനുസരണം ലോകത്തിന് രക്ഷയുടെ വാതിൽ തുറന്നു.
അതുപോലെ തന്നെ ദൈവം നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയും ദൗത്യത്തോടെയുമാണ്. ആ ദൈവിക പദ്ധതി എന്താണെന്ന് തിരിച്ചറിഞ്ഞ്, അത് തിരുഹിതപ്രകാരം നിറവേറ്റുവാൻ ദൈവകൃപയ്ക്കായി പ്രാർത്ഥിക്കുകയും ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യണം.
ജീവിതത്തിലെ പ്രയാസങ്ങളും പ്രതികൂല സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി ദൈവിക ദൗത്യത്തിൽ നിന്ന് പിന്മാറാതെ, “കർത്താവേ, എന്നിൽ ഏൽപ്പിച്ചിരിക്കുന്ന ദർശനവും പദ്ധതിയും പൂർത്തിയാക്കുവാൻ എന്നെ ശക്തനാക്കേണമേ” എന്ന് പ്രാർത്ഥിക്കാം.
ഒടുവിൽ നമ്മെ അയച്ചവന്റെ സന്നിധിയിൽ എത്തുമ്പോൾ, “നന്നായി, നല്ലവനും വിശ്വസ്തനുമായ ദാസാ; അല്പത്തിൽ നീ വിശ്വസ്തനായിരുന്നു, അധികത്തിന്മേൽ നിന്നെ നിയമിക്കും” (മത്തായി 25:21) എന്ന അനുഗ്രഹീതമായ വിളി കേൾക്കുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.
ജോജി. പി. തോമസ്, സ്കോട്ട്ലൻഡ്


- Advertisement -


Comments are closed.