വിശ്വാസത്തിൻ്റെയും സേവനത്തിൻ്റെയും നാല് പതിറ്റാണ്ട് – ബിഷപ്പ് ഡോ. തോമസ് എബ്രഹാമിന്റെ അനുഗ്രഹപൂർണ്ണ യാത്ര

സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് എബ്രഹാം ഏപ്രിൽ 30ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുമ്പോൾ, ആത്മീയ നേത്യത്വത്തിന്റെ ഒരു സമ്പന്നമായ അധ്യായം സഭയുടെ ചരിത്രത്തിൽ സമാപിക്കുകയാണ്.
നാലു പതിറ്റാണ്ടുകളോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ആത്മീയ ശുശ്രൂഷ, വിശ്വാസത്തിന്റെ ഉറച്ച നിലപാടുകളും സമർപ്പണത്തിന്റെ ഉന്നത മാതൃകയും ചേർന്നൊരുക്കിയ അതുല്യമായ സാക്ഷ്യമാണ്.
1985 ഏപ്രിൽ27 വൈദികനായി തുടക്കം കുറിച്ച് വിവിധ ഇടവകളുടെ വികാരിയായ,ബെഥേൽ മെട്രിക്കുലേഷൻ സ്കൂൾ (ജുജുവാടി) പ്രിൻസിപ്പൽ ,ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ,സഭാ സെക്രട്ടറി,സഭാ ട്രഷറർ, പ്രതിനിധി സഭാ അധ്യക്ഷൻ,സഭ കൗൺസിൽ അംഗം, വിവിധ ഡയോസിസുകളുടെ ബിഷപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചു,സഭയുടെ പൂർണ്ണമായ യോജിപ്പിനും, വളർച്ചയിലും ദിശാ നിർണ്ണയത്തിലും നിർണായക പങ്കുവഹിച്ചു. ഭരണപരമായ കൃത്യതയും ആത്മീയമായ ദർശനവും സമന്വയിപ്പിച്ച നേതാവായിരുന്നു അദ്ദേഹം.

ഇടക്കാലത്ത് ഗുരുതരമായ രോഗബാധയിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും, ദൈവകൃപയാൽ അതിൽ നിന്ന് വിടുതൽ പ്രാപിച്ച് വീണ്ടും സഭയെ ശുശ്രൂഷിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ അനുഭവം അദ്ദേഹത്തിന്റെ വിശ്വാസ ജീവിതത്തെ കൂടുതൽ ദൃഢമാക്കുകയും, ദൈവവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്ന ഒരു സാക്ഷ്യമായി മാറുകയും ചെയ്തു. “ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു…..” (പുറപ്പാട് 15:26) എന്ന വചനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് അദ്ദേഹത്തിന്റെ ജീവിതം.
“നല്ലവനും വിശ്വസ്തനുമായ ദാസനേ….നിന്നെ അധികത്തിന് വിചാരകനാക്കും.” (മത്തായി 25:23) എന്ന വചനത്തിന്റെ യാഥാർത്ഥ്യമാണ് അദ്ദേഹത്തിന്റെ സേവന ജീവിതം നമ്മുക്ക് കാണിച്ചു തരുന്നത്. ഏത് ഉത്തരവാദിത്വം ലഭിച്ചാലും അതിനെ ദൈവഭയത്തോടെയും സമർപ്പണത്തോടെയും നിറവേറ്റിയ ജീവിതമാണ് തിരുമേനിയുടേത്.

സഭയുടെ ആത്മീയവും ദാർശനികവുമായ വളർച്ചയ്ക്കായി അദ്ദേഹം നൽകിയ സംഭാവനകളിൽ ശ്രദ്ധേയമാണ് അദ്ദേഹം രചിച്ച “പത്ഥ്യോപദേശ ബോധ്യങ്ങളെ മുറുകെ പിടിച്ച് – ഓർമ്മകളും കുറിപ്പുകളും” എന്ന ഗ്രന്ഥം.ഇവാൻജലിക്കിൽ സഭയുടെ വളർച്ചയെ സംബന്ധിച്ചുള്ള ആധികാരിക റഫറൻസ് ഗ്രന്ഥമായി മാറിയ ഈ കൃതി, സഭയുടെ പാരമ്പര്യ വിശ്വാസങ്ങളും പത്യോപദേശങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്ന ഒരു ദീപസ്തംഭമാണ്.
“ഞാൻ നല്ല പോർ പൊരുതു,ഓട്ടം തികച്ചു; വിശ്വാസം കാത്തു…” (2 തിമോ: 4:7) എന്ന പൗലോസ് അപ്പോസ്തലൻ്റെ ഈ വാക്കുകൾ പോലെ, തന്റെ ശുശ്രൂഷയുടെ യാത്രയെ വിജയകരമായി പൂർത്തിയാക്കി വിശ്വാസത്തിൽ ഉറച്ചു നിന്ന ഒരാളായി ബിഷപ്പ് ഡോ.തോമസ് എബ്രഹാം നമ്മെ പ്രചോദിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ നേത്യത്വത്തിൽ സഭയിൽ ആത്മീയ ഉണർവും ക്രമബദ്ധമായ ഭരണപരമായ വളർച്ചയും കൈവന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
കോളേജ് അധ്യാപികയായിരുന്ന സഹധർമ്മിണി പ്രൊഫ.മേരി എബ്രഹാമും മക്കളായ ഷെറിൻ, ഐറിൻ, റോഷിൻ എന്നിവരും പിതാവിന് ഈ പ്രവർത്തനങ്ങളിൽ കൈത്താങ്ങൽ നൽകി. വിനയവും ദൈവവിശ്വാസവും ചേർന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം, സഹപ്രവർത്തകരുടെയും വിശ്വാസികളുടെയും ഹൃദയങ്ങളിൽ ആദരവും സ്നേഹവും വളർത്തി.
“യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകൻമാരെപ്പോലെ ചിറക് അടിച്ചു കയറും” (യെശയ്യാവ് : 40:31) എന്ന വചനംപോലെ, വിരമിക്കൽ അദ്ദേഹത്തിന്റെ സേവനത്തിന്റെ അവസാനമല്ല, മറിച്ച് കൂടുതൽ ആഴത്തിലുള്ള ആത്മീയ ജീവിതത്തിനും മാർഗനിർദ്ദേശത്തിനും ഒരു പുതിയ തുടക്കമാണ്.
ഈ അനുഗ്രഹപൂർണ്ണമായ സേവനജീവിതത്തിന് നന്ദി….. ദൈവം തിരുമേനിക്ക് ആരോഗ്യവും സമാധാനവും സമൃദ്ധമായ അനുഗ്രഹങ്ങളും നൽകി മുന്നോട്ടുള്ള ദിവസങ്ങൾ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു…… അദ്ദേഹത്തിന്റെ ജീവിതവും ശുശ്രൂഷയും ഭാവിതലമുറകൾക്ക് എന്നും ഒരു പ്രചോദനമായിരിക്കും.

 

തയ്യാറാക്കിയത്:

കെ.ഒ.രാജുക്കുട്ടി
(പ്രതിനിധി സഭ ഉപാദ്ധ്യക്ഷൻ,സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്)

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.