സ്വന്തമെന്നത് സഭയ്ക്ക് സമർപ്പിച്ച ഇടയൻ ബിഷപ്പ് ഡോ.ടി.സി ചെറിയാൻ

മഞ്ഞാടിയിലെ ബിഷപ്പ് ഹൗസും 17.5 സെന്റ് വസ്തുവും ഇവാൻജലിക്കൽ സഭയ്ക്ക് ദാനമായി നൽകി

തിരുവല്ല: ക്രൈസ്തവ ജീവിതത്തിന്റെ സാരാംശം വാക്കുകളിലല്ല,ത്യാഗത്തിലും സമർപ്പണത്തിലുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ് സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ മുൻ പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ. 1991 ൽ ഗൾഫ് ഇടവകകളുടെ സ്നേഹോപഹാരമായി അദ്ദേഹത്തിന്റെ പേരിൽ മഞ്ഞാടിയിൽ സഭാ ആസ്ഥാനത്തിനടുത്ത് 17.5.സെൻ്റ് വസ്തു വാങ്ങി ഭവനം നിർമ്മിച്ച് നൽകിയത്. ഇന്ന് കോടികൾ വിലമതിക്കുന്ന ബിഷപ്പ് ഹൗസും 17.5 സെന്റ് വസ്തുവും അദ്ദേഹം സെന്റ് തോമസ് ഇവാൻജലിക്കൽ സഭയ്ക്ക് ദാനമായി കൈമാറി.

വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ച ശേഷവും സഭയോടുള്ള തന്റെ സ്നേഹവും പ്രതിബദ്ധതയും പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ച ഈ തീരുമാനം സഭയുടെ ചരിത്രത്തിൽ ശ്രദ്ധേയമായ ഒരു അധ്യായമായി മാറുകയാണ്.

വ്യക്തിപരമായി സ്വന്തമാക്കാൻ എല്ലാ അവകാശവും ഉണ്ടായിരുന്ന സ്വത്ത്, വരുംതലമുറകളുടെ പ്രയോജനത്തിനായി സഭയ്ക്ക് സമർപ്പിച്ച അദ്ദേഹത്തിന്റെ മഹത്തായ മനസ്സ് വിശ്വാസസമൂഹത്തിന് പ്രചോദനമാണ്.

അദ്ദേഹത്തിന് ലഭിച്ച സ്നേഹസമ്മാനം സഭയുടെ സമ്പത്താക്കി മാറ്റിയ നടപടി യഥാർത്ഥ ക്രൈസ്തവ ഉദാരതയുടെയും ലളിതജീവിതത്തിന്റെയും ഉത്തമ മാതൃകയായി വിലയിരുത്തപ്പെടുന്നു.

കൈമാറ്റൽ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ സഭാ സെക്രട്ടറി റവ. സജി മാത്യു അധ്യക്ഷത വഹിച്ചു. പ്രിസൈഡിംഗ് ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ മുഖ്യസന്ദേശം നൽകി. ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ ദാനപത്രവുമായി ബന്ധപ്പെട്ട രേഖകൾ സഭാ ട്രഷറർ റവ. സജി ഏബ്രഹാമിന് കൈമാറി.

ബന്ധുകൂടിയായ സിഎസ്ഐ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്,പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ. ജോൺ മാത്യു, ഉപാധ്യക്ഷൻ കെ. ഒ. രാജുക്കുട്ടി, ഡയോസിഷൻ സെക്രട്ടറി റവ. ജോർജ് ജോസഫ്, കെ. എം. ചെറിയാൻ, മകൻ ജോർജ് ചെറിയാൻ (കൊച്ചുമോൻ),സഭ പി. ആർഒ. എ.ജി.വർഗീസ്, ഗൾഫ് മേഖലയിലെ മുൻകാല പ്രവർത്തകർ, ബിഷപ്പിന്റെ കുടുംബാംഗങ്ങൾ,സഭാ ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

സ്വന്തം ജീവിതംകൊണ്ട് സുവിശേഷത്തിന്റെ മൂല്യങ്ങൾ ജീവിച്ചു കാണിച്ച , നവതിയിലേക്ക് പ്രവേശിക്കുന്ന ബിഷപ്പ് ഡോ. ടി. സി. ചെറിയാന്റെ ഈ മഹത്തായ സമർപ്പണം സഭയുടെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ രേഖപ്പെടുത്തപ്പെടേണ്ട മാതൃകാപരമായ പ്രവർത്തനമാണെന്ന് വിശ്വാസ സമൂഹം പറയുന്നു.

വിശ്വാസം, വിനയം, ത്യാഗം, സഭാസ്നേഹം എന്നിവയുടെ ഈ അപൂർവ സാക്ഷ്യം വരുംതലമുറകൾക്കും പ്രചോദനമാകുമെന്നതിൽ സംശയമില്ല.

വിശ്രമജീവിതത്തിലും സഭാ പ്രവർത്തനങ്ങളിൽ സജീവമാണ് അദ്ദേഹം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading