ലേഖനം: ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം | റ്റോജോ തോമസ്, ദുബായ്
“ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽ നിന്നത്രേ ആകുന്നു.”
ഈ മൂന്നു മോഹങ്ങളും മനുഷ്യപാപത്തിന്റെ വേരുകളാണ്. അവ ഇന്നലെ മാത്രമല്ല, ഏദെൻതോട്ടം മുതൽ ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിന്റെ മുഴുവൻ കഥയും വിവരിക്കുന്നു
ഒരു മഹാസമുദ്രത്തിലൂടെ യാത്ര ചെയ്യുന്ന കപ്പൽ വെള്ളത്തിന്മേൽ ഒഴുകുന്നതു സുരക്ഷിതമാണ്. എന്നാൽ ആ വെള്ളം കപ്പലിനുള്ളിലേക്ക് കയറുമ്പോഴാണ് അത് മുങ്ങിത്തുടങ്ങുന്നത്. അതുപോലെ, ഒരു ക്രിസ്ത്യാനി ലോകത്തിൽ ജീവിക്കുന്നതിൽ അപകടമില്ല; എന്നാൽ ലോകം അവന്റെ ഹൃദയത്തിലേക്ക് കടന്നുവരുമ്പോഴാണ് ആത്മീയജീവിതം അപകടത്തിലാകുന്നത്.
അപ്പൊസ്തലനായ യോഹന്നാൻ തന്റെ ലേഖനം എഴുതുമ്പോൾ സഭയ്ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ ഭീഷണി റോമൻ സാമ്രാജ്യമോ, പീഡനമോ മാത്രമായിരുന്നില്ല. അതിലും അപകടകരമായത് ലോകത്തിന്റെ ചിന്തകളും മോഹങ്ങളും വിശ്വാസികളുടെ ഹൃദയത്തിലേക്ക് കടന്നുവരുന്നതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്നേഹത്തോടെ മുന്നറിയിപ്പ് നൽകുന്നത്:
(1 യോഹന്നാൻ 2:15) “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്.”
ഈ മുന്നറിയിപ്പിന് പിന്നാലെയാണ് അദ്ദേഹം ലോകത്തിന്റെ മൂന്ന് പ്രധാന ആകർഷണങ്ങളെ ചൂണ്ടിക്കാണിക്കുന്നത്—ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം.
ഈ മൂന്ന് വാതിലുകളിലൂടെയാണ് സാത്താൻ മനുഷ്യഹൃദയത്തിലേക്ക് കടക്കുന്നത്. കാലം മാറി, സംസ്കാരം മാറി, സാങ്കേതികവിദ്യ വളർന്നു; എന്നാൽ പരീക്ഷയുടെ രീതിക്ക് വലിയ മാറ്റമില്ല. ഏദെൻതോട്ടത്തിൽ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്നും അവൻ ഉപയോഗിക്കുന്നത്.
ഒന്നാമത്തെ മോഹം: ജഡമോഹം. ജഡമോഹം എന്നത് ശരീരത്തിന്റെ അനിയന്ത്രിതമായ ആഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത് അമിതമായ, ദൈവഹിതത്തിനു വിരുദ്ധമായ ത്വര. ദൈവം മനുഷ്യനെ ശരീരത്തോടെയാണ് സൃഷ്ടിച്ചത്, ശാരീരിക ആവശ്യങ്ങൾ പാപമല്ല. എന്നാൽ ആ ആവശ്യങ്ങൾ ദൈവഹിതത്തിന്റെ അതിരുകൾ ലംഘിച്ച് നിയന്ത്രണം വിട്ട് ജീവിതത്തിന്റെ കേന്ദ്രമായി മാറുമ്പോൾ അത് “ജഡമോഹം” ആയിത്തീരുന്നു.
ഒരിക്കൽ ഒരു രാജാവ് തന്റെ രാജ്യത്തിലെ ഏറ്റവും വിശ്വസ്തനായ യുവാവിനെ കൊട്ടാരത്തിന്റെ പ്രധാന ഉപദേഷ്ടാവായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. കൊട്ടാരത്തിലേക്കുള്ള വഴിയിൽ മൂന്ന് വാതിലുകൾ ഉണ്ടായിരുന്നു. ഓരോ വാതിലിനരികിലും ഒരു പരീക്ഷ.
ആദ്യ വാതിൽ അവിടെ ഒരു വലിയ വിരുന്ന് ഒരുക്കിയിരുന്നു അപൂർവ ഭക്ഷണങ്ങളും മദ്യവും ഇന്ദ്രിയസുഖങ്ങളും അങ്ങനെ എല്ലാം . അപ്പോൾ ഒരു ശബ്ദം പറഞ്ഞു: “ഇതെല്ലാം നിനക്കുള്ളതാണ്. ആദ്യം നിന്റെ ആഗ്രഹങ്ങൾ നിറവേറ്റൂ.”
രണ്ടാം വാതിൽ അവിടെ സ്വർണ്ണവും വെള്ളിയും വജ്രങ്ങളും നിറഞ്ഞ ഒരു മുറി. അപ്പോൾ മറ്റൊരു ശബ്ദം പറഞ്ഞു : “ഇതെല്ലാം നിനക്കെടുക്കാം. ആരും അറിയില്ല.”
മൂന്നാം വാതിൽ അവിടെ ഒരു സിംഹാസനം. അതിന്മേൽ ഒരു കിരീടം. ശബ്ദം വീണ്ടും പറഞ്ഞു “ഇവിടെ ഇരുന്നാൽ എല്ലാവരും നിന്നെ വണങ്ങും.”
പലരും ആദ്യ വാതിലിൽ വീണു. ചിലർ രണ്ടാമത്തെ വാതിലിൽ. ചിലർ മൂന്നാമത്തെ വാതിലിൽ. അവസാനം ഒരാൾ മാത്രം മൂന്ന് വാതിലുകളും കടന്ന് രാജാവിന്റെ സന്നിധിയിൽ എത്തി.
രാജാവ് ചോദിച്ചു: “നീ എങ്ങനെ വിജയിച്ചു?” യുവാവ് വിനയത്തോടെ മറുപടി പറഞ്ഞു: “മഹാരാജാവേ, ഞാൻ യാത്ര തുടങ്ങുമ്പോൾ എന്റെ കണ്ണുകൾ അങ്ങയുടെ മുഖത്തായിരുന്നു. വഴിയിലുള്ള കാഴ്ചകൾ എന്നെ ആകർഷിച്ചില്ല.” ഈ കഥ ഒരു ആത്മീയ സത്യം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിൽ കണ്ണുറപ്പിക്കുന്നവന് ലോകത്തിന്റെ ആകർഷണങ്ങൾ അവനെ ഭ്രമിപ്പിക്കുക ഇല്ല.
വിശുദ്ധ ബൈബിളിൽ “ലോകം” എന്ന വാക്ക് എല്ലാ സാഹചര്യങ്ങളിലും ഭൂമിയെ സൂചിപ്പിക്കുന്നില്ല. ദൈവം സൃഷ്ടിച്ച ലോകം “നല്ലത്” എന്ന് അവൻ തന്നെയാണ് പ്രഖ്യാപിച്ചത് (ഉല്പത്തി 1:31).
ഇവിടെ “ലോകം” എന്നത് ദൈവത്തെ ഒഴിവാക്കി മനുഷ്യൻ നിർമ്മിച്ച ജീവിതരീതിയെയാണ് സൂചിപ്പിക്കുന്നത്—അധികാരവും സമ്പത്തും പ്രശസ്തിയും സ്വാർത്ഥതയും പരമലക്ഷ്യങ്ങളാകുന്ന ഒരു വ്യവസ്ഥ.
ഈ ലോകം നമ്മോട് പറയുന്നു: “നിന്റെ ആഗ്രഹമാണ് നിയമം.”, “നിന്നെ സന്തോഷിപ്പിക്കുന്നതെല്ലാം ശരിയാണ്.” ,”വിജയം എന്നത് മറ്റുള്ളവരെക്കാൾ ഉയരുക എന്നതാണ്.”.എന്നാൽ യേശു പഠിപ്പിക്കുന്നത് ഇതിന് നേർ വിപരീതമാണ്: “തന്റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.” , “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ.” , “താഴ്മയുള്ളവർ ഭൂമിയെ അവകാശമാക്കും.” .ഇവ രണ്ട് വ്യത്യസ്ത രാജ്യങ്ങളുടെ മൂല്യങ്ങളാണ്. ഒന്നിനെ പിന്തുടരുമ്പോൾ മറ്റൊന്നിനെ ഉപേക്ഷിക്കേണ്ടി വരും.
ഇന്നത്തെ ലോകത്തിൽ ജഡമോഹം പല രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു — അനിയന്ത്രിതമായ ലൈംഗിക ആഗ്രഹങ്ങൾ, ലഹരി ഉപയോഗം, അമിതഭക്ഷണം, സുഖഭോഗാസക്തി. പൗലൊസ് അപ്പൊസ്തലൻ ഗലാത്യർ 5:19-21-ൽ “ജഡത്തിന്റെ പ്രവൃത്തികൾ” പട്ടികപ്പെടുത്തുന്നത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. എന്നാൽ റോമർ 8:13-ൽ പൗലൊസ് നൽകുന്ന പ്രത്യാശ ശ്രദ്ധിക്കുക: “ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിച്ചാൽ നിങ്ങൾ ജീവിക്കും.” ജഡത്തെ കീഴടക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തിയാണ് ആവശ്യം, സ്വന്തശക്തിയല്ല.
വിശപ്പ് ദൈവം തന്നതാണ്. ദാഹവും ദൈവം തന്നതാണ്. വിശ്രമിക്കാനുള്ള ആഗ്രഹവും ദൈവം തന്നതാണ്. എന്നാൽ ഈ നല്ല ആഗ്രഹങ്ങൾ ദൈവഹിതത്തിന് പുറത്തേക്ക് പോകുമ്പോൾ അവ ജഡമോഹമായി മാറുന്നു. തീ അടുപ്പിൽ കത്തുമ്പോൾ ഭക്ഷണം പാകമാക്കും; അതേ തീ വീട്ടിനകത്ത് പടർന്നാൽ വീട് ചുട്ടുകളയും.
അങ്ങനെ തന്നെയാണ് മനുഷ്യന്റെ ആഗ്രഹങ്ങളും. ദൈവത്തിന്റെ നിയന്ത്രണത്തിൽ ആയിരിക്കുമ്പോൾ അവ അനുഗ്രഹമാണ്. നിയന്ത്രണം വിട്ടാൽ അവ നാശത്തിന്റെ കാരണമാകും.
അതുകൊണ്ടാണ് പൗലോസ് എഴുതിയത്: (റോമർ 8:6) “ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്ത ജീവനും സമാധാനവും ആകുന്നു.”
ജഡമോഹം മനുഷ്യനെ ഒരിക്കലും സംതൃപ്തനാക്കില്ല. അത് എപ്പോഴും കൂടുതൽ ആവശ്യപ്പെടും. പാപം ആദ്യം അതിഥിയായി വരും, പിന്നീട് സുഹൃത്താകും, ഒടുവിൽ യജമാനനായി മാറും. ക്രിസ്തുവിന്റെ കൃപയിൽ ജീവിക്കുന്ന വിശ്വാസി തന്റെ ശരീരത്തെ ദൈവത്തിന്റെ ആലയമായി കാണുന്നു; അതുകൊണ്ട് ശരീരത്തിന്റെ ആഗ്രഹങ്ങളെ അല്ല, ദൈവത്തിന്റെ ഇഷ്ടത്തെയാണ് അവൻ പ്രഥമസ്ഥാനം നൽകുന്നത്.
രണ്ടാമത്തെ മോഹം: കൺമോഹം .കൺമോഹം എന്നത് കണ്ണിലൂടെ ഹൃദയത്തിലേക്ക് കടക്കുന്ന ആർത്തിയാണ് — കാണുന്നതെല്ലാം സ്വന്തമാക്കാനുള്ള ത്വര, ഭൗതികസമ്പത്തിനോടും വസ്തുക്കളോടുമുള്ള അത്യാഗ്രഹം, മറ്റുള്ളവർക്കുള്ളത് കണ്ട് അസൂയപ്പെടുന്ന മനോഭാവം. കണ്ണ് ഒരു കവാടമാണ് — അതിലൂടെ എന്താണ് പ്രവേശിക്കുന്നത് എന്നത് ഹൃദയത്തിന്റെ ദിശ നിർണ്ണയിക്കുന്നു.
ദൈവം മനുഷ്യന് നൽകിയ ഏറ്റവും വിലയേറിയ ദാനങ്ങളിൽ ഒന്നാണ് കാഴ്ചശക്തി. കണ്ണുകൾ വെളിച്ചം കാണാൻ മാത്രമല്ല, സത്യത്തെ തിരിച്ചറിയാനും സൃഷ്ടിസൗന്ദര്യം ആസ്വദിക്കാനുമാണ്. എന്നാൽ സാത്താൻ പലപ്പോഴും മനുഷ്യന്റെ കണ്ണുകളെ ഹൃദയത്തിലേക്കുള്ള വാതിലാക്കി മാറ്റുന്നു. അതുകൊണ്ടാണ് ഇയ്യോബ് 31:1-ൽ ഇയ്യോബ് പറയുന്നത്: “ഞാൻ എന്റെ കണ്ണുകളോടു ഒരു ഉടമ്പടി ചെയ്തു.”
കണ്ണുകൾ കാണുന്നതെല്ലാം മനസ്സിനെ സ്വാധീനിക്കില്ല; എന്നാൽ മനസ്സ് സമ്മതിക്കുന്ന കാഴ്ചകൾ ആഗ്രഹങ്ങളായി വളരും. ആഗ്രഹം മോഹമാകുന്നു; മോഹം പാപമാകുന്നു; പാപം നാശത്തിലേക്ക് നയിക്കുന്നു.
ഏദെൻതോട്ടത്തിൽ ഹവ്വയ്ക്ക് എല്ലാം ലഭ്യമായിരുന്നു. ഒരു വൃക്ഷം മാത്രം ദൈവം വിലക്കി. എന്നാൽ സർപ്പം അവളുടെ ശ്രദ്ധ വിലക്കപ്പെട്ട ഫലത്തിലേക്ക് തിരിച്ചു. (ഉല്പത്തി 3:6) “ആ വൃക്ഷം ഭക്ഷണത്തിന് നല്ലതും കാണ്മാൻ മനോഹരവും ജ്ഞാനം പ്രാപിപ്പാൻ അഭിലഷണീയവും ആണെന്ന് സ്ത്രീ കണ്ടു.” ഹവ്വ ആദ്യം കണ്ടു, പിന്നെ മോഹിച്ചു, പിന്നീട് എടുത്തു, ഒടുവിൽ തിന്നു. പാപം ഒരിക്കലും പെട്ടെന്ന് സംഭവിക്കുന്നില്ല; അത് പലപ്പോഴും ഒരു നോട്ടത്തിൽ ആരംഭിക്കുന്നു. സാത്താൻ ആദ്യം മനസ്സിനെ കീഴടക്കാൻ ശ്രമിക്കില്ല; കണ്ണുകളെ ആകർഷിക്കാനാണ് ശ്രമിക്കുന്നത്. കാരണം കണ്ണുകൾ ഹൃദയത്തിലേക്കുള്ള കവാടമാണ്.
ഇന്നും ലോകം അനേകം “മനോഹരമായ ഫലങ്ങൾ” നമ്മുടെ മുന്നിൽ വയ്ക്കുന്നു. എല്ലാം ആകർഷകമായി തോന്നാം; പക്ഷേ എല്ലാ ആകർഷണവും അനുഗ്രഹമല്ല. ദൈവത്തിന്റെ വചനമാണ് ഒരു കാര്യത്തിന്റെ യഥാർത്ഥ മൂല്യം നിർണ്ണയിക്കുന്നത്, അതിന്റെ പുറംഭംഗിയല്ല.
അബ്രഹാമിന്റെയും ലോത്തിന്റെയും ജീവിതത്തിലേക്ക് നോക്കൂ. അബ്രഹാമിന്റെയും ലോത്തിന്റെയും കന്നുകാലികൾ വർധിച്ചപ്പോൾ അവർ വേർപിരിയേണ്ടിവന്നു. അപ്പോൾ തിരഞ്ഞെടുക്കാനുള്ള അവസരം ലോത്തിനാണ് ആദ്യം ലഭിച്ചത്. (ഉല്പത്തി 13:10) നാം ഇങ്ങനെ കാണുന്നു, അവൻ കണ്ടത് പച്ചപ്പും സമൃദ്ധിയും ജലസമൃദ്ധമായ നിലങ്ങളും ആയിരുന്നു. എന്നാൽ അവൻ കാണാതെ പോയത് സൊദോമിന്റെ പാപവും ദൈവവിധിയും ആയിരുന്നു.
ആദ്യത്തിൽ അവൻ സൊദോമിനെ നോക്കി. പിന്നെ സൊദോമിന്റെ സമീപത്ത് കൂടാരം അടിച്ചു. പിന്നീട് സൊദോമിൽ താമസിച്ചു. ഒടുവിൽ അവിടെ നിന്ന് ജീവൻ രക്ഷിച്ച് ഓടിപ്പോകേണ്ടിവന്നു.
കൺമോഹം എപ്പോഴും ഉടനടി ലഭിക്കുന്ന നേട്ടങ്ങൾ മാത്രം കാണിക്കും; ദീർഘകാല ആത്മീയ നഷ്ടങ്ങൾ മറച്ചുവെക്കും.
ആഖാൻ – കണ്ടു, മോഹിച്ചു, എടുത്തു , യെരീഹോ നഗരം കീഴടക്കിയശേഷം അവിടെയുള്ള വസ്തുക്കൾ ദൈവത്തിനായി നീക്കിവെക്കണമെന്നായിരുന്നു കല്പന. എന്നാൽ ആഖാൻ പിന്നീട് ഇങ്ങനെ ഏറ്റുപറയുന്നു: (യോശുവ 7:21) “ഞാൻ കണ്ടു… മോഹിച്ചു… എടുത്തു…”
അവൻ കണ്ടത് ഒരു മനോഹരമായ ശീനാർ വസ്ത്രം, വെള്ളി, സ്വർണം.അത് അവന്റെതല്ലായിരുന്നു. എന്നിട്ടും കണ്ണുകൾ ഹൃദയത്തെ കീഴടക്കി.
ഒരു മനുഷ്യന്റെ രഹസ്യപാപം ഒരു ജനതയുടെ പരാജയത്തിന് കാരണമായി. പട്ടണത്തിലെ തോൽവിക്ക് പിന്നിൽ ശത്രുവിന്റെ ശക്തിയല്ല, ഒരാളുടെ കൺമോഹമായിരുന്നു
മൂന്നാമത്തെ മോഹം: ജീവനത്തിന്റെ പ്രതാപം .ഇത് അഹങ്കാരം, സ്വയം മഹത്വീകരണം, പദവിക്കും അംഗീകാരത്തിനും വേണ്ടിയുള്ള ആർത്തി, മറ്റുള്ളവരെക്കാൾ ഉയർന്നു നിൽക്കാനുള്ള ത്വരയാണ്. ഇത് ഏറ്റവും സൂക്ഷ്മവും അപകടകരവുമായ മോഹമാണ്, കാരണം ഇത് പലപ്പോഴും ആത്മീയവേഷം ധരിച്ചാണ് വരുന്നത് — “ദൈവത്തിനുവേണ്ടി” എന്ന വ്യാജേന സ്വന്തം മഹത്വം തേടുന്ന അവസ്ഥ.
ജീവനത്തിന്റെ പ്രതാപം എന്നത് സമ്പത്തോ സ്ഥാനമോ മാത്രമല്ല. ദൈവത്തേക്കാൾ സ്വന്തം ശക്തിയിലും കഴിവിലും പ്രശസ്തിയിലും ആശ്രയിക്കുന്ന മനോഭാവമാണ് അത്.
അഹങ്കാരം മനുഷ്യന്റെ ഹൃദയത്തിൽ ദൈവത്തിന്റെ സിംഹാസനം പിടിച്ചെടുക്കാൻ ശ്രമിക്കുന്നു. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് ബാബേൽ ഗോപുരം. പ്രളയത്തിനുശേഷം മനുഷ്യർ ഒന്നിച്ചുകൂടി പറഞ്ഞു: “നമുക്ക് ആകാശം തൊടുന്ന ഒരു ഗോപുരം പണിയാം; നമുക്ക് ഒരു പേര് ഉണ്ടാക്കാം.” (ഉല്പത്തി 11:4) അവരുടെ ലക്ഷ്യം ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നില്ല; സ്വന്തം മഹത്വം സ്ഥാപിക്കുകയായിരുന്നു.
ദൈവം അവരുടെ ഭാഷ കലക്കി. ഗോപുരം പൂർത്തിയായില്ല. ദൈവ മഹത്വത്തിനുപകരം സ്വന്തം മഹത്വം അന്വേഷിക്കുന്ന എല്ലാ ശ്രമങ്ങളും ഒടുവിൽ ശൂന്യമാകും. മനുഷ്യന്റെ പേര് കാലം മായ്ക്കും; ദൈവത്തിന്റെ നാമം എന്നേക്കും നിലനിൽക്കും.
ബാബേൽ രാജാവായ നെബൂഖദ്‌നേസർ കൊട്ടാരത്തിൽ നിന്നു നഗരം നോക്കി അഭിമാനത്തോടെ പറഞ്ഞു: “എന്റെ ശക്തിയാൽ ഞാൻ പണിത മഹാബാബേൽ ഇതല്ലയോ?” (ദാനിയേൽ 4:30)
വാക്കുകൾ പൂർത്തിയാകുന്നതിന് മുമ്പേ ദൈവവിധി വന്നു. അവൻ രാജസിംഹാസനത്തിൽ നിന്ന് താഴ്ത്തപ്പെട്ടു. വർഷങ്ങളോളം മൃഗത്തെപ്പോലെ ജീവിച്ചു. പിന്നീട് അവൻ തല ഉയർത്തി സ്വർഗ്ഗത്തിലേക്ക് നോക്കിയപ്പോൾ ബുദ്ധി തിരികെ ലഭിച്ചു. അപ്പോഴാണ് അവൻ സമ്മതിച്ചത്:
“സർവ്വാധികാരം ദൈവത്തിനാണ്.”
യേശു പറഞ്ഞ ഉപമയിൽ രണ്ട് പേർ ദൈവാലയത്തിൽ പ്രാർത്ഥിക്കാൻ എത്തി. ഒരുത്തന്‍ പരീശന്‍ , മറ്റവന്‍ ചുങ്കക്കാരന്‍.
പരീശന്‍ പറഞ്ഞു: “ദൈവമേ, ഞാൻ മറ്റുള്ളവരെപ്പോലെയല്ല. ഞാൻ ഉപവസിക്കുന്നു. ഞാൻ ദശാംശം കൊടുക്കുന്നു.” അവന്റെ പ്രാർത്ഥന മുഴുവൻ “ഞാൻ” എന്ന വാക്കിനെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ ചുങ്കക്കാരൻ ദൂരെ നിന്നുകൊണ്ട് നെഞ്ചത്തടിച്ചു പറഞ്ഞു:
“ദൈവമേ, പാപിയായ എന്നോട് കരുണയുണ്ടാകണമേ.” ദൈവസന്നിധിയിൽ നമ്മെ ഉയർത്തുന്നത് നമ്മുടെ നേട്ടങ്ങളല്ല, അവന്റെ കൃപയാണ്. ആത്മീയജീവിതത്തിലെ ഏറ്റവും അപകടകരമായ പാപങ്ങളിൽ ഒന്നാണ് ആത്മീയ അഹങ്കാരം.
ഹവ്വയുടെ കണ്ണുകൾ വിലക്കപ്പെട്ട ഫലത്തിലേക്ക് തിരിഞ്ഞപ്പോൾ മനുഷ്യവർഗ്ഗം വീണു. ലോത്തിന്റെ കണ്ണുകൾ സൊദോമിന്റെ സമൃദ്ധിയിലേക്ക് തിരിഞ്ഞപ്പോൾ കുടുംബം തകർന്നു. ആഖാന്റെ കണ്ണുകൾ വിലക്കപ്പെട്ട വസ്തുക്കളിലേക്ക് തിരിഞ്ഞപ്പോൾ ഒരു ജനത തോറ്റു. ദാവീദിന്റെ കണ്ണുകൾ ഒരു നിമിഷം വഴിതെറ്റിയപ്പോൾ വർഷങ്ങളുടെ വേദന ആരംഭിച്ചു.
അതുപോലെ, ബാബേൽ ഗോപുരത്തിൽ മനുഷ്യന്റെ അഹങ്കാരം ദൈവവിധിയെ ക്ഷണിച്ചു. നെബൂഖദ്‌നേസറിന്റെ അഭിമാനം അവനെ സിംഹാസനത്തിൽ നിന്ന് താഴ്ത്തി. പരീശന്‍ന്റെ ആത്മപ്രശംസ അവനെ ദൈവസന്നിധിയിൽ നിന്ന് അകറ്റി.
എന്നാൽ ഈ എല്ലാ സംഭവങ്ങളുടെയും നടുവിൽ ഒരു പ്രത്യാശയുടെ സന്ദേശമുണ്ട്. ദൈവം ഇന്നും താഴ്മയുള്ള ഹൃദയങ്ങളെ സ്വീകരിക്കുന്നു. അവനെ നോക്കി ജീവിക്കുന്നവന് ലോകത്തിന്റെ കാഴ്ചകളും അഹങ്കാരത്തിന്റെ ശബ്ദങ്ങളും ക്രമേണ ശക്തി നഷ്ടപ്പെടും.
ഒരു ശിൽപി മനോഹരമായ ഒരു പ്രതിമ കൊത്തിയുണ്ടാക്കി. അത് കണ്ടവർ ചോദിച്ചു: “ഇത്ര മനോഹരമായ പ്രതിമ നിങ്ങൾ എങ്ങനെ ഉണ്ടാക്കി?” ശിൽപി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ പ്രതിമ ഉണ്ടാക്കിയതല്ല. പ്രതിമയല്ലാത്തതെല്ലാം ഞാൻ വെട്ടിമാറ്റി.” ആത്മീയജീവിതവും അങ്ങനെയാണ്. ദൈവം നമ്മെ ക്രിസ്തുവിനെപ്പോലെ രൂപപ്പെടുത്തുകയാണ്.ജഡമോഹം വെട്ടിമാറ്റണം. കൺമോഹം വെട്ടിമാറ്റണം. ജീവനത്തിന്റെ പ്രതാപം വെട്ടിമാറ്റണം. അപ്പോൾ മാത്രമേ ക്രിസ്തുവിന്റെ സ്വരൂപം നമ്മിൽ വെളിപ്പെടുകയുള്ളൂ.
റ്റോജോ തോമസ്, ദുബായ്


- Advertisement -


Comments are closed.