ലേഖനം: എന്റെ ദൈവമേ, എന്റെ ദൈവമേ | റോയി ഇ ജോയ്o
“ദൈവമേ, എന്തുകൊണ്ട്?” ഇത് എല്ലാക്കാലത്തുമുള്ള വിശുദ്ധന്മാരുടെ വേദനയോടെയുള്ള ഒരു ചോദ്യമായിരുന്നു. വേദപുസ്തകം ഈ ചോദ്യത്തിന് ഉത്തരം തരുന്നുണ്ട്, എന്നാലും ഈ ചോദ്യം നമ്മെ വിട്ടുപോകാതെ ചുറ്റിപ്പറ്റി നില്ക്കുന്നു. ഫിലിപ്പ് യാൻസി എന്ന ക്രൈസ്തവ എഴുത്തുകാരൻ ‘Where is God when it hurts?” (വേദനിക്കുമ്പോൾ ദൈവം എവിടെ?) എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. മനുഷ്യൻ അനുഭവിക്കുന്ന വേദനകളെക്കുറിച്ചുള്ള ഒരു പഠനമാണ് ആ പുസ്തകം. അതിൽ വ്യക്തമായി പറയുന്നുണ്ട് നമ്മുടെ വേദനകളിൽ അല്പം പോലും കരുണയില്ലാത്ത ദൈവമല്ല അവൻ. യേശു പാപം ചെയ്തില്ല, എന്നിട്ടും അവൻ സഹിച്ച വേദന അപാരമായിരുന്നു.
“ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്ത് എല്ലാം ഇരുട്ടുണ്ടായി” (മത്തായി 27.45).
1. ഇത് ഭീതിപ്പെടുത്തുന്ന ഒരു ഇരുട്ടായിരുന്നു.
“സൂര്യൻ ഇരുണ്ടുപോയിട്ട്” എന്ന് ലൂക്കൊസ് പറയുന്നു (23.44). ആ സമയത്ത് സൂര്യൻ പ്രകാശിക്കുവാൻ വിസമ്മതിച്ചു, എന്തുകൊണ്ടെന്നാൽ ലോകത്തിന്റെ പ്രകാശമായവനെ, സ്വർഗത്തിൻ്റെ മുത്തിനെ, സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായവനെ അവർ ക്രൂശിച്ചു. എല്ലാം എല്ലാവരും നിശബ്ദമായിപ്പോയി. ആത്മിക അന്ധകാരവും ശാരീരിക അന്ധകാരവും അവിടെയെല്ലാം പരന്നു. ഇരുട്ട് ലോകത്തിന്റെ പാപത്തെ പ്രതിനിധീകരിക്കുന്നു. ഒമ്പതാം മണിനേരത്ത് യേശുവിന്റെ മനുഷ്യത്വം ദൈവം തന്നെ ഉപേക്ഷിച്ചിതായി തോന്നി. എന്നിട്ടവൻ അത്യുച്ചത്തിൽ നിലവിളിച്ചു, “എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ.” ഹാ! എന്തൊരു ഇരുട്ട്.
2. ഇത് മർമം നിറഞ്ഞ ഒരു കരച്ചിൽ.
ഇത് ഒരുപക്ഷേ, മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യമാണ്. പിതാവും പുത്രനും തമ്മിൽ ഒരു കൂട്ടായ്മയും സംസാരവും എപ്പോഴും നിലനിന്നിരുന്നു. പുത്രൻ എന്തു ചെയ്താലും പിതാവിന്റെ ഹിതപ്രകാരമായിരുന്നു (യോഹ. 5.30; 12.49). എന്നാൽ പുത്രന് ഏറ്റവും അധികം ആവശ്യമായിരുന്ന സമയത്ത് പിതാവ് മറഞ്ഞുപോയി. ഇതൊരു മർമ്മമാണ്. ദൈവത്തിന്റെ വഴികളുടെയും ജ്ഞാനത്തിൻ്റെയും ആഴങ്ങൾ വാസ്തവമായും എനിക്കും നിനക്കും മനസ്സിലാക്കാൻ കഴിയുകയില്ല (റോമ. 11.36 cf. 2 കൊരി. 5.21).
ദൈവത്തെ ഉപേക്ഷിക്കുകയും അവന്റെ വചനത്തെ മറക്കുകയും ജനങ്ങൾ എല്ലാക്കാലത്തും ചെയ്യുന്നു. യേശുവും അവന്റെ ജീവകാലത്ത് ഉപേക്ഷിക്കപ്പെടുകയും അവൻ മറന്നുപോകപ്പെടുകയും ചെയ്തു.
+ യേശു ഒരു ബാലനായിരുന്നപ്പോൾ അവന്റെ മാതാപിതാക്കൾ മറന്നുപോയി.
+ ലോകം അവൻ മുഖാന്തരം ഉളവായി; ലോകം അവനെ മറന്നുപോയി (യോഹ. 1.10).
+ അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തക്കാരോ അവനെ കൈക്കൊണ്ടില്ല (യോഹ. 1.11).
+ അവൻ ചില പട്ടണങ്ങളും ഗ്രാമങ്ങളും സന്ദർശിച്ചപ്പോൾ അവിടത്തുകാർ എല്ലാവരും കൂടെ അവിടെനിന്നു പൊക്കോണമെന്ന് പറഞ്ഞു (മത്തായി 8.34).
+ അവൻ ഗെത്ത്ശമെന തോട്ടത്തിൽ വ്യാകുലപ്പെട്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ, പത്രൊസിനോടും യോഹന്നാനോടും യാക്കോബിനോടും ഉണർന്നിരുന്ന് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു പക്ഷേ, അവർ ഉറങ്ങിപ്പോയി (മത്തായി 26.36-46).
+ യൂദാ ഇസ്കര്യോത്താവ് അവനെ 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു.
+ പടയാളികൾ യേശുവിനെ അറസ്റ്റുചെയ്തപ്പോൾ, ശിഷ്യന്മാർ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി (മർക്കൊസ് 14.50).
+ പത്രൊസ് യേശുവിനെ മൂന്നു തവണ തള്ളിപ്പറഞ്ഞു (ലൂക്കൊസ് 22.54-60).
+ മഹാപുരോഹിതന്മാരും ജനങ്ങളും യേശു ഞങ്ങളുടെ രാജാവല്ല, കൈസറാണ് രാജാവെന്ന് ഒരു പ്രതികാരത്തോടെ പറഞ്ഞു.
+ ബറബ്ബാസിനെ വിട്ടുതരിക, യേശുവിനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് ജനങ്ങൾ ആക്രോശിച്ചു (ലൂക്കൊസ് 23.18).
+ നീതിപൂർവവും ധീരവുമായ ഒരു നിലപാടെടുക്കുന്നതിനു പകരം പീലാത്തോസ് കൈ കഴുകി (മത്തായി 27.24).
+ അന്നേരം റോമൻ പടയാളികൾ അവനെ അതിക്രൂരമായി ചാട്ടവാറുകൊണ്ട് ആഞ്ഞടിച്ചു. അവനിതുവരെ സഹിച്ച പറയാനാകാത്ത കഷ്ടപ്പാടുകളും ലജ്ജയും ഇപ്പോഴത്തെ ക്രൂരമായ വ്യവഹാരത്തിൻ്റെ അടുത്തുപോലും എത്തുകയില്ല.
+ യേശുവിന് തോന്നി പിതാവ് തൻ്റെ സാന്നിധ്യം അകറ്റിക്കളഞ്ഞു. ആ ഇരുണ്ട നിമിഷത്തിൽ യേശുവിനു തോന്നിപ്പോയി പിതാവ് തന്നെ ഉപേക്ഷിച്ചുവെന്ന്. എത്ര സമയം? അത് ഏറെ നേരം നീണ്ടില്ല.
3. ദൈവം വാസ്തവമായി യേശുവിനെ ഉപേക്ഷിച്ചോ?
റോമർ 8.32 പറയുന്നത് സ്വന്തപുത്രനെ നമുക്കുവേണ്ടി ആദരിച്ചില്ലെന്നാണ്. നമ്മുടെ പാപത്തിനുവേണ്ടിയുള്ള പ്രായശ്ചിത്തം അർപ്പിച്ചത് ഈ സമയത്താണെന്ന് വേദപണ്ഡിതന്മാർ സമ്മതിക്കുന്നുണ്ട്. അവൻ നമ്മുടെ പാപത്തിൻ്റെ കടം വീട്ടി, നമുക്കുവേണ്ടി ശാപമായിത്തീർന്നു, നമ്മെ രക്ഷിച്ചു (ഗലാ. 3.13). പിതാവായ ദൈവം തൻ്റെ വിശുദ്ധിയിൽ അല്പനിമിഷത്തേക്ക് പ്രിയ പുത്രനിൽനിന്ന് മുഖം മറച്ചുകളഞ്ഞു. അത് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.
പ്രിയമുള്ളവരേ, നമ്മുടെ പാപങ്ങൾ നിമിത്തം ദൈവത്തിനു നമ്മെ ഉപേക്ഷിക്കാമായിരുന്നു,എന്നാൽ നമ്മുടെ പാപങ്ങളെ ക്ഷമിക്കേണ്ടതിന് അവൻ തൻ്റെ പുത്രനെ അല്പനിമിഷത്തേക്ക് ഉപേക്ഷിച്ചു കളഞ്ഞു. യേശു ആ വേദനാപൂർണമായ വേർപാടിലൂടെ കടന്നുപോയി എന്തെന്നാൽ നാം ക്ഷമയും രക്ഷയും പ്രാപിക്കുവാൻ.
യേശു അങ്ങനെ ചോദിച്ചുവെങ്കിലും അവനുറപ്പുണ്ടായിരുന്നു പിതാവ് അവിടെത്തന്നെയുണ്ടായിരുന്നുവെന്ന്, അതുകൊണ്ടല്ലേ അവസാനത്തെ മൊഴിയിൽ അവൻ പറഞ്ഞത്, “പിതാവേ, ഞാനെന്റെ ആത്മാവിനെ തൃക്കൈയ്യിൽ ഏല്പിക്കുന്നു.”
4. യേശു തിരുവെഴുത്തിൻ്റെ നിവൃത്തിയായിട്ടാണ് അതു പറഞ്ഞത്.
ഇത് നിരാശനായ, പ്രത്യാശയില്ലാത്ത ക്രൂശിൽ മരിക്കുവാൻ പോകുന്ന ഒരുവൻ്റെ പുലമ്പലുകൾ ആയിരുന്നില്ല, എന്നാൽ പ്രവചന നിവൃത്തിയായിരുന്നു. ഇത് സങ്കീർത്തനം 22.1-ലെ ഉദ്ധരണിയാണ്, “എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” (അവസാനത്തെ മൊഴിയും സങ്കീർത്തനം 31.5 ഉദ്ധരണിയാണ്.) സങ്കീർത്തനം 22 ക്രിസ്തുവിനെയും ക്രൂശിനെയും പറ്റിയുള്ള വാങ്ങ്മയ ചിത്രങ്ങളാണ്. സങ്കീർത്തനം 22-നു പിന്നാലെ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ട സങ്കീർത്തനം 23 വരുന്നത് ഒരു യാദൃശ്ചികസംഭവമല്ല. “കൂരിരുൾ താഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല….” അവന്റെ ഭയം യാഥാർഥ്യമായതുപോലെയല്ല, അവൻ മൊഴി പറഞ്ഞത്.
പ്രിയമുള്ളവരേ, നാം മരണനിഴലിൻ താഴ്വരയിലൂടെ കടന്നുപോയെന്നിരിക്കും എന്നാൽ നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത നല്ല ഇടയൻ കൂടെയുണ്ട്.
+ നിങ്ങളെല്ലാവരും ട്രെയിനിൽ യാത്രചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശിക്കുമ്പോഴും ഇറങ്ങിപ്പോകുമ്പോഴും പലയിടത്തും ഒരു കെട്ടിടം കാണാം, അതിൽ വലിയതായി എഴുതിയിരിക്കുന്നു, ‘Abandoned’. അവ മിക്കപ്പോഴും ഇപ്പോൾ ഉപയോഗത്തിലില്ലാത്ത സിഗ്നൽ ക്യാബുകളാണ്. അവ പൊളിച്ചു കളഞ്ഞിട്ടില്ല, വെറുതേ ‘Abandoned.’ ഇതുപോലെ നമ്മിൽ പലർക്കും ദൈവം അവരെ ഉപേക്ഷിച്ചതായി (Abandoned) തോന്നും പക്ഷേ, ഏതോ അജ്ഞാത കാരണങ്ങളാൽ പൊളിച്ചുകളഞ്ഞിട്ടില്ല എന്നു മാത്രം. നമ്മുടെ പ്രിയപ്പെട്ടവരാൽ നാം ഉപേക്ഷിക്കപ്പെട്ടതായി തോന്നിയാൽ നാമെന്തു ചെയ്യും? ദൈവത്താൽ നാം ഉപേക്ഷിക്കപ്പെട്ടതായി തോന്നിയാൽ എന്തു ചെയ്യും?
നിങ്ങളുടെ കടുത്ത വിചാരങ്ങൾക്ക് സമാധാനമായി സങ്കീർത്തനം ഉദ്ധരിച്ചാലും, ഭയമില്ലാതെ, യേശു ഉദ്ധരിച്ചതുപോലെ. നമ്മുടെ വികാര-വിചാരങ്ങൾ അതുപോലെ ദൈവവുമായി പങ്കുവെക്കാൻ കഴിയുന്ന ഒരു പുസ്തകമാണ് സങ്കീർത്തനം.
മനുഷ്യർ എന്ന നിലയിൽ നമുക്ക് ഏകാന്തതയെക്കുറിച്ചും വേദനയെപ്പറ്റിയും കഷ്ടതകളെക്കുറിച്ചും മരണത്തെക്കുറിച്ചും ഭയമുണ്ട്. നാം രക്ഷിക്കപ്പെട്ടവരാണ്, എന്നാലും പല കാര്യങ്ങളിലും നമുക്ക് ഉറപ്പില്ല, ജീവിതത്തിലെ പല രംഗങ്ങളിലും നാം ഭയമുള്ളവരാണ്, എന്നിട്ട് ചോദിക്കും, “കർത്താവേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?”
യേശുവിനും അവന്റെ മനുഷ്യത്വത്തിൽ അതേ ചോദ്യം ഉണ്ടായിരുന്നു. യേശു പറഞ്ഞ ഈ വാക്യത്തിന് ഒരു വികാരവിരേചനം (Cathartic effect) ഉണ്ടാകാം നാം അത് ധ്യാനിക്കുമ്പോൾ, എന്തുകൊണ്ടെന്നാൽ യേശുവിനും ഉപേക്ഷിക്കപ്പെട്ടവനായി തോന്നിയില്ലേ? അതുകൊണ്ട് അവന് നന്നായി അറിയാം ഇരുണ്ട നിമിഷങ്ങളിലൂടെ കടന്നുപോകുന്നത് എങ്ങനെയെന്ന്. അവൻ നമ്മുടെ കഷ്ടതകളിൽ സഹതപിക്കുന്ന മഹാപുരോഹിതനാണ് (എബ്രാ. 4.15).
നിങ്ങളുടെ ആഴമേറിയ വേദനയുടെ വെള്ളത്തിന്മീതേ പരിശുദ്ധാത്മാവ് പരിവർത്തിക്കുവാൻ അനുവദിക്കുമോ? അപ്പോൾ ദൈവം പറയും, “വെളിച്ചം ഉണ്ടാകട്ടെ.” ഇരുട്ട് കടന്നുപോയി വെളിച്ചം ഉണ്ടാകും. അതു നന്മയ്ക്കായി ഭവിക്കും.
ഓർക്കുക, നമുക്ക് ഒരു രക്ഷകനുണ്ട് അവൻ നമ്മുടെ വേദനകളെ മനസ്സിലാക്കുന്നു. നമ്മുടെ എല്ലാ ബലഹീനതകളെയും മുറിവുകളെയും അവൻ അറിയുന്നു. അവൻ സ്നേഹത്തോടെയും മനസ്സലിവോടെയും നമ്മുടെ അരികിൽ വരുന്നു. അവൻ നമ്മുടെ സുഹൃത്താണ്. ദാവീദ് പറയുന്നു, “എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക…” (സങ്കീ. 42.11 cf. 34.18; 2 ശമൂ. 12.15-23).
കുരിശിലെ ഈ മൊഴി ജീവിതത്തിലെ എത്രയും കാഠിന്യമേറിയ അപ്രതീക്ഷിത നിമിഷങ്ങളെ വിശ്വാസത്തോടും ആത്മവിശ്വാസത്തോടും നേരിടുവാൻ നമ്മെ തയ്യാറാക്കുന്നു. ഇത് വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യേശുക്രിസ്തു നമ്മെ ഉപേക്ഷിക്കുകയില്ലെന്ന പ്രത്യാശയോടെ ജീവിക്കുവാനാണ്. എബ്രായർ 13.5 പറയുന്നു, “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല.”
ഓരോ ദിനവും സന്ധ്യക്ക് നമുക്ക് പാടാം, “കുരിശിനായി നന്ദി, കർത്താവേ, നീ കൊടുത്ത വിലയ്ക്കായി സ്തോത്രം…! (Thank you for the cross, Lord, Thank you for the price you paid,…!)
“എന്റെ ദൈവമേ, എന്റെ ദൈവമേ,” എന്നുള്ള നിലവിളിക്ക് ഒരു അന്ത്യമുണ്ട്. ദൈവം നമ്മോടു കൂടെയുണ്ടെന്ന് മനസ്സിലാക്കുക. ആമേൻ!
റോയി ഇ ജോയ്


- Advertisement -


Comments are closed.