ലേഖനം: മത്തായിയുടെ സുവിശേഷം:- ചില പൊളിച്ചെഴുത്തുകൾ | പാസ്റ്റർ സണ്ണി പി സാമുവൽ

പുതിയനിയമത്തിലെ പ്രഥമഗ്രന്ഥമായി പൊതുവെ കണക്കാക്കപ്പെടുന്നതു വിശുദ്ധ പൗലോസു ശ്ലീഹാ തെസ്സലോനിക്യര്‍ക്കു എഴുതിയ ലേഖനമാണ്. രചനാകാലം എ.ഡി. 50-51 കാലഘട്ടമാണെന്നു അനുമാനിക്കപ്പെടുന്നു. അതല്ല ഗലാത്യലേഖനമാണു ആദ്യത്തേതെന്നും അതിന്റെ രചനാകാലഘട്ടം എ.ഡി. 49-50 ആണെന്നു മറ്റു ചിലര്‍ വാദിക്കുന്നു. സുവിശേഷങ്ങളില്‍ ആദ്യം എഴുതിയതു മര്‍ക്കോസിന്റെ സുവിശേഷം ആണെന്നും ഇതു എ.ഡി. 60നും 75നും മദ്ധ്യേ എഴുതി എന്നുമാണു പണ്ഡിതമതം. മത്തായി എഴുതിയ സുവിശേഷം എ.ഡി. 75-80 കാലത്തും ലൂക്കോസ് എ.ഡി. 80-90 കാലത്തും യോഹന്നാന്റെ സുവിശേഷം 95-ൽ എഴുതി എന്നും വിശ്വസിക്കപ്പെടുന്നു.

ഈ കാലഗണനപ്രകാരം മത്തായിയുടെ സുവിശേഷം എഴുതിയ കാലഘട്ടം സംബന്ധിച്ചു എനിക്കു ശക്തമായ വിയോജിപ്പുണ്ട്. അതിനു ഉപോല്‍ബലകമായി ചില തെളിവുകള്‍ നിരത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവ ശക്തമാണെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

1. അപ്പോസ്തലന്മാര്‍ യെരൂശലേമില്‍ പന്ത്രണ്ടു സംവത്സരം.

യേശുവിന്റെ ക്രൂശീകരണത്തിനു അഥവാ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം അപ്പോസ്തലന്മാരും ശിഷ്യഗണവും യെരൂശലേമിൽനിന്നും യെഹൂദ്യയില്‍നിന്നും വാങ്ങിപ്പോകാതെ 12 വര്‍ഷത്തില്‍ കുറയാതെയുള്ള സമയം ശുശ്രൂഷിക്കുകയും പ്രസംഗിക്കുകയും ചെയ്തു എന്നൊരു പാരമ്പര്യം ആദിമ സഭയിൽ നിലനിന്നിരുന്നു. ഇതിനു തെളിവായി നമുക്കു ചില രേഖകള്‍ ലഭ്യമാണ്.

അലെക്‌സാണ്‍ഡ്രിയായിലെ ക്ലെമെന്റ് (എ.ഡി. 150-215) രചിച്ച സ്‌ട്രോമാറ്റോ ബുക് VI അദ്ധ്യായം 5 അനുസരിച്ചു സകല അപ്പോസ്തലന്മാരും യെരൂശലേമിൽ 12 വര്‍ഷം താമസിച്ചു പ്രവര്‍ത്തിച്ചനന്തരം ലോകത്തിന്റെ വിവിധയിടങ്ങളിലേക്കു പോയി എന്നു കാണുന്നു. ഒറിഗണിന്റെയും എപ്പിഫാനിയസിന്റെയും രേഖ അനുസരിച്ചു ഈ കാലയളവു 12 മുതല്‍ 15 വരെ സംവല്‍സരങ്ങളാണു. ആദിമസഭാ ചരിത്രകാരനായ കൈസര്യയിലെ യൂസീബിയസു എഴുതിയ സഭാചരിത്രം ബുക്ക് III, അദ്ധ്യായം 24, വാക്യം 6-ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ”For Matthew, who had at first preached to the Hebrews, when he was about to go to other peoples, committed his Gospel to writing in his native tongue, and thus compensated those whom he was obliged to leave for the loss of his presence”. (ആദ്യം എബ്രായരോടു പ്രസംഗിച്ചനന്തരം, മറ്റു ജനസമൂഹങ്ങളുടെ അടുത്തേക്കു പോകാന്‍ ഉത്സാഹിച്ചപ്പോള്‍ മത്തായി തന്റെ സുവിശേഷം തന്റെ മാതൃഭാഷയില്‍ എഴുതുകയും, അങ്ങനെ തന്റെ സാന്നിദ്ധ്യം നഷ്ടപ്പെടാനിരിക്കുന്നവര്‍ക്കു (സുവിശേഷത്തിലൂടെ) നഷ്ടപരിഹാരം നല്കുകയും ചെയ്തു). അതായതു മത്തായി പാലസ്തീനില്‍ വച്ചു തന്നെ തന്റെ സുവിശേഷം എഴുതി എന്നു സ്പഷ്ടം. ‘എബ്രായൻ’ എന്ന പ്രയോഗം അര്‍ത്ഥവത്താണ്. പാലസ്തീനില്‍ പാര്‍ത്തു ഹീബ്രുഭാഷ സംസാരിച്ചിരുന്നവരാണ് എബ്രായര്‍. പാലസ്തീനിനു പുറത്തു വളര്‍ന്നു മറ്റു ഭാഷ സംസാരിച്ചിരുന്നവര്‍ പരദേശി യെഹൂദര്‍ ആയിരുന്നു. യൂസീബിയസിന്റെ സഭാചരിത്രം ബുക് V, അദ്ധ്യായം 18 വാക്യം 13-ല്‍ അപ്പോളോനിയസിനെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ ”He speak, moreover of a tradition that the Saviour commanded his Apostles not to depart from Jerusalem for twelve years.” (കൂടാതെ പന്ത്രണ്ടു വര്‍ഷത്തേക്കു യെരൂശലേമില്‍നിന്നു വാങ്ങിപ്പോകരുതെന്നു നമ്മുടെ രക്ഷിതാവു തന്റെ അപ്പോസ്തലന്മാരോടു കല്പിച്ച ഒരു പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു). പുതിയനിയമത്തില്‍ എങ്ങും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ”പന്ത്രണ്ടു വര്‍ഷം” എന്ന പാരമ്പര്യം സഭയില്‍ ഉണ്ടായിരുന്നുവെന്നു എ.ഡി. 185-ല്‍ രക്തസാക്ഷിയായ അപ്പോളോനിയസ് സാക്ഷ്യപ്പെടുത്തുന്നു. Foxe’s Book of Martyrs പ്രകാരം അപ്പോസ്തലന്മാര്‍ യെഹൂദ്യയില്‍ പാര്‍ത്തകാലം 15 മുതല്‍ 25 വരെ വര്‍ഷം ആയിരുന്നു.

2. യേശുവിന്റെ ക്രൂശീകരണം

യേശുവിന്റെ ജനനം 6 ബി.സി. മുതല്‍ 2 ബി.സി. വരെയുള്ള കാലത്തു സംഭവിച്ചു എന്നു കണക്കാക്കുന്നതിൻ പ്രകാരം ക്രൂശീകരണം എ.ഡി. 28 മുതല്‍ 32 വരെയുള്ള കാലയളവിൽനടന്നുവെന്നാണു കണക്കാക്കുന്നത്. ക്രൂശീകരണം എ.ഡി. 32-ല്‍ സംഭവിച്ചു എന്നു കണക്കാക്കിയാല്‍ത്തന്നെ (32+12=) 44 എന്നു വരുന്നു. ഇതു എ.ഡി. 50 വരെ ആക്കിക്കോ. എന്നാലും മത്തായി സുവിശേഷത്തിന്റെ രചനാകാലം എം.ഡി. 75-80 വരെ പോകയില്ല.

3. സലാമിസിലെ എപ്പിഫാനിയസ് (എ.ഡി. 315-403) എന്ന ബിഷപ്പ് എ.ഡി., 374-377 കാലയളവില്‍ എഴുതിയ പനാരിയോണ്‍ എന്ന അതിബ്രഹത്തായ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ ഉദ്ധരിക്കുവാന്‍ ആഗ്രഹിക്കുന്നു. പനാരിയോണ്‍ എന്ന ഗ്രീക്കുവാക്കിനു ഔഷധപ്പെട്ടി (Medicine Chest) അപ്പക്കൊട്ട (Bread Basket) എന്നൊക്കെയര്‍ത്ഥം. വ്യാജപഠിപ്പിക്കലുകളുടെയും ദുരുപദേശങ്ങളുടെയും വിഷസര്‍പ്പദംശനം ഏറ്റവരെ ചികിത്സിച്ചു സുഖപ്പെടുത്തുവാനുള്ള പ്രതിവിധികള്‍ അടങ്ങിയ ഔഷധപ്പെട്ടിയാണു തന്റെ ഗ്രന്ഥം എന്നാണു അദ്ദേഹം പറഞ്ഞത്. നഷ്ടപ്പെട്ടുപോയ നിരവധി പുരാതനഗ്രന്ഥങ്ങളുടെ അവശേഷിക്കുന്ന അനേകം ശകലങ്ങള്‍ പനാരിയോണില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ രേഖകള്‍ അനുസരിച്ചു പാലസ്തീനിലെ ആദ്യകാല യെഹൂദാക്രിസ്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായകവിവരങ്ങള്‍ ലഭ്യമാണ്. അതിന്‍പ്രകാരം, യെഹൂദ്യയില്‍ ഉണ്ടായിരുന്ന നസ്രായ-എബിയോനൈറ്റ് ക്രിസ്തീയവിഭാഗങ്ങളെക്കുറിച്ചും അവര്‍ മത്തായി എഴുതിയ സുവിശേഷത്തിന്റെ എബ്രായ പതിപ്പു ഉപയോഗിച്ചിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ പ്രവചനം അനുസരിച്ചു എ.ഡി. 70-ല്‍ സംഭവിപ്പാനിരിക്കുന്ന നാശം മുന്നില്‍കണ്ടു ഇക്കൂട്ടര്‍ ഓടിപ്പോയി പെല്ല, ദെക്കപ്പൊലി, ബെരോയ (ഇന്നത്തെ സിറിയായിലെ ആലെപ്പോ) എന്നിവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തു. അവരുടെ കൈവശം തിരുവെഴുത്തുകളുടെ ഒരു സവിശേഷ പതിപ്പുണ്ടായിരുന്നു. പനാരിയോണ്‍ 29.9.4 ല്‍ അദ്ദേഹം പറയുന്നു ”മത്തായിയുടെ സുവിശേഷം മുഴുവനായും എബ്രായഭാഷയില്‍ എഴുതിയതു അവരുടെ കൈവശം ഉണ്ടു. രചയിതാവു ഹീബ്രൂ അക്ഷരമാലയില്‍ ഒറിജിനലായി എഴുതിയതുപോലെ തന്നെ അവര്‍ അതു ഇപ്പോഴും അതേപ്പടി സംരക്ഷിക്കുന്നു എന്നതു സുവ്യക്തമാണ്.” ഇതില്‍പ്പരം സാക്ഷ്യം എന്തുവേണം? എ.ഡി. 70 നു മുമ്പുതന്നെ മത്തായിയുടെ സുവിശേഷം എബ്രായഭാഷയില്‍ തന്നെ എഴുതി.

4. മത്തായിയുടെ സുവിശേഷം ഇന്‍ഡ്യയില്‍

സഭാചരിത്രകാരനായ യൂസീബിയസിന്റെ ചരിത്രവിവരണം അനുസരിച്ചു ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ എബ്രായഭാഷയിലുള്ള മത്തായിയുടെ സുവിശേഷം ഇന്‍ഡ്യയില്‍ എത്തിയിരുന്നു. ആ രേഖപ്രകാരം, വിശ്രുത ക്രിസ്ത്യന്‍ തത്വചിന്തകനും മിഷനറിയും ആയിരുന്ന പാന്‍ഥെയ്‌നസു എ.ഡി. 180-ല്‍ കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷഘോഷണത്തിനായി അലെക്സാൺഡ്രിയായി നിന്നു പുറപ്പെട്ടു, അചിരേണ കേരളത്തില്‍ (മലബാർതീരം എന്നു പുരാതന വിവക്ഷ) എത്തി. അവിടെ അദ്ദേഹം ഒരു ക്രിസ്തീയസമൂഹത്തെ കണ്ടെത്തി. ”more shockingly panthaonus found that they already possessed a copy of the Gospel of Matthew written in Hebrew letters.” യൂസേബിയസു തുടരുന്നു. The Apostle Bartholomew had preached to this community decades earlier and left this Hebrew text of Matthew behind them (Eusebius, church history, Book 5, Chapter 10). ഈ പാന്‍ഥെയ്‌നസു അലെക്‌സാണ്‍ഡ്രിയായിലെ സിറിലിന്റെ അദ്ധ്യാപകനും അലെക്സാണ്‍ഡ്രിയന്‍ വിദ്യാപീഠത്തിന്റെ തലവനും ആയിരുന്നുവെന്നു പത്തു, പതിനൊന്നു അദ്ധ്യായങ്ങളില്‍ സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

5. ബര്‍ത്തലോമായി ഇന്‍ഡ്യയില്‍

നഥനയേലും ബര്‍ത്തലൊമായിയും ഒരാള്‍ തന്നെയായിരുന്നു. അദ്ദേഹം എ.ഡി. 55-ല്‍ കര്‍ണ്ണാടകയിലെ കല്യാണ്‍പൂരിലും തുടര്‍ന്നു മഹാരാഷ്ട്രയിലെ കല്യാണിലും എത്തിയതായി യൂസീബിയസും ജെറോമും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ അന്നത്തെ മുസ്സിരിസ് തുറമുഖത്തു ഇറങ്ങി മട്ടാഞ്ചേരിയിലെ യെഹൂദാസമൂഹത്തോടു സുവിശേഷം പങ്കുവച്ചു. മത്തായി സുവിശേഷത്തിന്റെ ഒരു പകര്‍പ്പു അവര്‍ക്കു നല്കി അദ്ദേഹം കല്യാണ്‍ വഴി മടങ്ങിപ്പോയിരിക്കാം. ബോംബെയിലും യെഹൂദാസമൂഹം ഉണ്ടായിരുന്നിരിക്കാം. തുടര്‍ന്നു ബര്‍ത്തലൊമായി അര്‍മേനിയായിലേക്കു യാത്രയായതായി ചരിത്രം പറയുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നതു മത്തായിയുടെ സുവിശേഷം എ.ഡി. 45-ല്‍ എഴുതിയിരിക്കാം എന്ന സാദ്ധ്യതയിലേക്കാണ്. പെല്ലയിലേക്കു ഓടിപ്പോയ ക്രിസ്തീയസമൂഹം നസറായര്‍ (Nazarene) എന്നു വിളിക്കപ്പെട്ടപ്പോള്‍ കേരളക്രിസ്ത്യാനികള്‍ നസ്രാണികള്‍ എന്നും വിളിക്കപ്പെടുന്നതു ചേര്‍ത്തുവായിക്കുക.

6. പരിശുദ്ധാത്മാവു കല്പന കൊടുക്കുന്നു

യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കു പരിശുദ്ധാത്മാവു കല്പന കൊടുത്തിട്ടാണു അവര്‍ സുവിശേഷം എഴുതിയതു (അർത്ഥൽ പുതിയനിയമം എന്നു വിവക്ഷ) എന്നു ലൂക്കോസു അ.പ്രവൃ: 1:1 -ല്‍ പറയുന്നു. പെന്തക്കോസ്തുനാളിനുശേഷം തന്നെ ഈ ദൗത്യം അപ്പൊസ്തലര്‍ ഏറ്റെടുത്തു എന്നു നമുക്കു കരുതാം. അതിനു ഏറിയാല്‍ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ വേണ്ടിവന്നു എന്നു കരുതിയാല്‍ത്തന്നെ എ.ഡി. 50-നു മുമ്പുതന്നെ സിനോപ്റ്റിക് ഗോസ്പല്‍സ് എഴുതി പൂര്‍ത്തീകരിച്ചിരിക്കണം.

മത്തായിയുടെ സുവിശേഷം ഗ്രീക്കുഭാഷയിലാണു അല്ല എബ്രായഭാഷയിലാണു എഴുതിയതും എന്ന തര്‍ക്കം ഇന്നും ചൂടുപിടിച്ചു തന്നെയുണ്ട്. പുതിയനിയമം മുഴുവന്‍ എബ്രായഭാഷയിലാണു എഴുതിയതെന്നു ഹീബ്രൂ റൂട്ട് മൂവ്‌മെന്റ് ശഠിക്കുന്നു. ഞാന്‍ “ഹീബ്രു റൂട്ട് മൂവ്‌മെന്റില്‍” വിശ്വസിക്കുന്നില്ല എന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുന്ന വ്യക്തിയും ആണ്. എന്നിരുന്നാലും, മത്തായിയുടെ സുവിശേഷം ഹീബ്രൂഭാഷയില്‍ത്തന്നെ എഴുതിയെന്നു മേല്പറഞ്ഞ തെളിവുകളുടെ പിന്‍ബലത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ബൈബിള്‍ ടെക്സ്റ്റുവല്‍ ക്രിട്ട്ക്‌സു വിമര്‍ശിക്കുന്നതുപോലെ മത്തായിയുടെ പേരില്‍ മറ്റാരോ എ.ഡി. 75-നും 80-നും മദ്ധ്യേ മര്‍ക്കോസിന്റെ സുവിശേഷത്തില്‍നിന്നും പകര്‍ത്തിയെഴുതിയതു അല്ല. യേശുവിന്റെ ശിഷ്യനായിരുന്ന മത്തായി തന്നെ അതു എഴുതി പൂര്‍ത്തീകരിച്ചു. അതിനു കല്പനകൊടുത്തതു പരിശുദ്ധാത്മാവാണ്. തിരുവെഴുത്തുകളിലെ പ്രവചനം ഒന്നും മനുഷ്യന്റെ ഇഷ്ടത്താല്‍ വന്നതല്ല (അതായതു മറ്റൊരിടത്തു നിന്നു കോപ്പിയടിച്ചതല്ല) ദൈവകല്പനയാല്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ച മനുഷ്യര്‍ സംസാരിച്ചതത്രേ, രചിച്ചതത്രേ (2 പത്രോസ്:1:20,21). ടെക്‌സ്റ്റുവല്‍ ക്രിട്ടിസിസം കേറി വിലസിയപ്പോള്‍ അതു വിശ്വാസപ്രമാണങ്ങളുടെയും പരമ്പരാഗത വിശ്വാസക്രമങ്ങളുടെയും കടക്കല്‍ കത്തിവയ്ക്കുന്നുണ്ടു. ഇക്കൂട്ടര്‍ തിരുവെഴുത്തുകളുടെ നിസ്തുല്യതയെയും ആധികാരികതയെയും ഇകഴ്ത്തുവാന്‍ ശ്രമിക്കുമ്പോള്‍ നാം ജാഗ്രതയുള്ളവര്‍ ആയിരിക്കുക..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading