ഹോം ക്രൂസേഡിന് പാറശാലയിൽ തുടക്കമായി; കാസർഗോഡ് വരെ പ്രത്യാശയുടെ സുവിശേഷ പ്രയാണം
പാറശാല: ഗ്രേറ്റ് ഇന്ത്യൻ പ്രയർ ടീമിന്റെ (GIPT) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഹോം ക്രൂസേഡ്’ സുവിശേഷ യാത്രയ്ക്ക് പാറശാലയിൽ പ്രൗഢോജ്ജ്വല തുടക്കം. പാറശാലയിൽനിന്ന് കാസർഗോഡ് വരെ കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയുടെ ഉദ്ഘാടനം ഗ്രേറ്റ് ഇന്ത്യൻ പ്രയർ ടീം സ്ഥാപകനും സുവിശേഷകനുമായ പാസ്റ്റർ അരുൺ ദാസ് നിർവഹിച്ചു.
ഉദ്ഘാടന യോഗത്തിൽ ബ്രദർ അനു ജേക്കബ് ദൈവവചന സന്ദേശം നൽകി. സ്വർഗരാജ്യത്തെയും ദൈവരാജ്യത്തിന്റെ മഹത്വത്തെയും ആസ്പദമാക്കി സംസാരിച്ച അദ്ദേഹം, “ക്രിസ്തു നമ്മിൽ വസിക്കുമ്പോൾ നാം ബലവാന്മാരായി തീരും; അതിനാൽ നിരാശപ്പെടേണ്ട ആവശ്യമില്ല” എന്ന് ഓർമിപ്പിച്ചു. സുവിശേഷ ദൗത്യം ഏറ്റെടുക്കാൻ പുതിയ തലമുറ മുന്നോട്ടുവരണമെന്നും തങ്ങളുടെ കഴിവുകളും സമയവും സാഹചര്യങ്ങളും ദൈവരാജ്യത്തിനായി സമർപ്പിക്കണമെന്നും യോഗത്തിൽ ആഹ്വാനം ഉയർന്നു.
വലിയ കൺവെൻഷൻ വേദികൾക്ക് പകരം ജനങ്ങളിലേക്ക് നേരിട്ടെത്തി സുവിശേഷം പങ്കുവയ്ക്കുക എന്നതാണ് ഹോം ക്രൂസേഡിന്റെ പ്രത്യേകത. ഇതിനായി ഭാരത് ബെൻസ് ട്രക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ സ്റ്റേജായി സജ്ജീകരിച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും ജനവാസകേന്ദ്രങ്ങളിലും 20 മുതൽ 30 വരെ കുടുംബങ്ങളെ ഒരുമിച്ചുകൂട്ടി സുവിശേഷ സന്ദേശവും പ്രാർത്ഥനയും എത്തിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഹോം ക്രൂസേഡിന് നേതൃത്വം നൽകുന്ന പാസ്റ്റർ അരുൺ ദാസ് പതിനേഴാം വയസ്സിൽ ലഹരിവിരുദ്ധ സന്ദേശവുമായി കൊട്ടാരക്കരയിൽനിന്ന് കൊല്ലത്തേക്ക് കാൽനടയാത്ര നടത്തിയതോടെയാണ് ഇത്തരം ദൗത്യയാത്രകൾക്ക് തുടക്കമിട്ടത്. തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 25ഓളം യാത്രകൾ നടത്തിയിട്ടുണ്ട്.
GIPTയുടെ ‘Every State and Every City Revival’ എന്ന ദർശനത്തിന്റെ ഭാഗമായുള്ള ഹോം ക്രൂസേഡ് വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിക്കും. ഓരോ ജില്ലയിലും മൂന്ന് വീതം യോഗങ്ങൾ സംഘടിപ്പിച്ച്, സാധാരണ സുവിശേഷ വേദികളിലേക്ക് എത്താൻ കഴിയാത്തവരുടെ സമീപത്തേക്ക് നേരിട്ട് ദൈവവചനം എത്തിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. യാത്ര കാസർഗോഡിൽ സമാപിക്കും.


- Advertisement -


Comments are closed.