ട്രെയിൻ യാത്രയ്ക്കിടെ കാണാതായ മലയാളി വൈദികനെ ആന്ധ്രാപ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി
അസമിലെ ദിബ്രുഗഡ് രൂപതാംഗമായ ഫാ. ജോസഫ് മൂലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 91 വയസ്സായിരുന്നു. ആന്ധ്രാപ്രദേശിലെ ഏലൂരിൽ റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ദിബ്രുഗഡിൽ നിന്ന് എറണാകുളത്തേക്കുള്ള വിവേക് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച് 24-ന് രാത്രി 10:30-ഓടെ ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി റെയിൽവേ സ്റ്റേഷനിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. അദ്ദേഹത്തെ കാണാതായതിനെ തുടർന്ന് റെയിൽവേ സംരക്ഷണ സേനയും സഭാ അധികൃതരും അന്വേഷണം നടത്തിവരുമ്പോഴായിരുന്നു റെയിൽവേ ട്രാക്കിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത് . യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 26-ന് രാവിലെയാണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫാ. ജോസഫ് മൂലന്റെ വിയോഗത്തിൽ ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെംറോം അനുശോചനം രേഖപ്പെടുത്തി. സഭയ്ക്കും വിശ്വാസികൾക്കും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്ന് ദിബ്രുഗഡ് ബിഷപ്പ് ആൽബർട്ട് ഹെംറോം പറഞ്ഞു.



- Advertisement -

Comments are closed.