ശാസ്ത്രവീഥി: കാനഡയിലെ ഗ്രീൻ ക്രിസ്മസ് | പാസ്റ്റർ സണ്ണി പി. സാമുവൽ

2023 -ലെ ക്രിസ്മസ് കാനഡക്കാർക്കു ഗ്രീൻ ക്രിസ്മസ് ആയിരുന്നു. ആഗോളതാപമാനത്തിൻ്റെ വലിയ പ്രതിഫലനമായി ഗ്രീൻ ക്രിസ്മസ് വിലയിരുത്തപ്പെടുന്നു. “ഈ വർഷം നിങ്ങൾക്കു വൈറ്റ് ക്രിസ്മസ് അനുഭവിപ്പാൻ കഴിയുന്നില്ലെങ്കിൽ, ‘വൈറ്റ് ക്രിസ്മസ്” എന്ന ഗാനം മാത്രമായിരിക്കും നിങ്ങൾക്കുള്ള ഏക ആശ്വാസം.” കാനഡയിലെ ചീഫ് ക്ലൈമെറ്റോളജിസ്റ്റ് ഡേവിഡ് ഫിലിപ്പ് പറയുന്നു. ഇപ്പോൾ നിങ്ങളുടെ പ്രദേശത്തു മഞ്ഞുവീഴ്ച ഉണ്ടായില്ലെങ്കിൽ ഈ വർഷം ഇനി വൈറ്റ് ക്രിസ്മസ് ലഭിക്കും എന്ന പ്രതീക്ഷ വേണ്ട. പരമ്പരാഗതമായി വൈറ്റ് ക്രിസ്മസ് ഉള്ള പ്രദേശങ്ങളിൽ പലതിലും അതു സ്പർശിക്കുക പോലും ചെയ്തിട്ടില്ല.” 2023 ഡിസംബർ 20-൹ നടന്ന ന്യൂസ് ബ്രീഫിങിൽ അദ്ദേഹം പ്രവചിച്ചു. അതു അതുപോലെ തന്നെ സംഭവിച്ചു. ഈ വർഷത്തെ ക്രിസ്മസ് ഗ്രീൻ ക്രിസ്മസ് ആയിട്ടാണു കടന്നുപോയത്.

എന്താണ് ഗ്രീൻ ക്രിസ്മസും വൈറ്റ് ക്രിസ്മസും? അത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണ്. ക്രിസ്മസ്ദിനത്തിൽ പ്രകൃതി മഞ്ഞിൽ വെള്ളപുതച്ചു കിടക്കുകയാണെങ്കിൽ അതു വൈറ്റ് ക്രിസ്മസും മഞ്ഞു പെയ്യാതെ പ്രകൃതി പച്ചിപ്പിൽ ആറാടി നില്കുകയാണെങ്കിൽ അതു ഗ്രീൻ ക്രിസ്മസും ആയിരിക്കും.

ഇതിനെക്കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു എങ്ങനെയാണു മഞ്ഞുപെയ്യുന്നതു എന്നു നോക്കാം. മഞ്ഞു പൊഴിയുക/ വീഴുക, നീഹാരം വിതറുക എന്നൊക്കെ പറഞ്ഞാൽ താത്വികമായി മഴപെയ്യൽ തന്നെയാണ്. എന്നാൽ അന്തരീക്ഷോഷ്മാവു പൂജ്യം ഡിഗ്രി സെൽഷ്യസോ അതിൽ കുറവോ ആണെങ്കിൽ മഴത്തുള്ളികൾ രൂപമാറ്റം വന്നു മഞ്ഞുപരലുകളായി, നമ്മുടെ നാട്ടിലെ അവൽ പോലെ പറന്നിറങ്ങുന്നു. പാശ്ചാത്യനാടുകളിൽ അവലിനു പകരം കോൺഫ്ലേക്സ് ആണല്ലോ ഉള്ളത്. ആകയാൽ അതിനോടു സാമ്യപ്പെടുത്തി ‘സ്നോഫ്ലെയ്ക്സ്’ എന്നു പറയുന്നു. ഈ വാക്കിനെ ഹിമപ്പരൽ എന്നോ ഹിമചില്ലു എന്നോ മലയാളത്തിൽ വിവർത്തനം ചെയ്യാം. കേരളത്തിൽ സാധാരണയായി നാം കാണുന്നതു മൂടൽമഞ്ഞാണു ഹിമപാതം അല്ല. ഹിമപാതം നേരിൽ കാണുന്നതു മനോഹരമായ ഒരു അനുഭൂതിയാണ്. ചെറിയ വെള്ളരിപ്രാവുകൾപോലെ പറന്നിറങ്ങുന്ന സ്നോഫ്ലെയ്ക്സ് നിലത്തെമൂടി മൃദുലമായ പരവതാനി പോലെ വീണു കിടക്കും. ദിവസങ്ങൾ കഴിയുമ്പോൾ അതിൻ്റെ മൃദുത്വം നഷ്ടപ്പെട്ടു പാറപോലെ ഉറച്ചു പോകും. ഉത്തരധ്രുവത്തിൽ ഇങ്ങനെ നദികളുടെ മേൽഭാഗം ഉറച്ചു കഴിഞ്ഞാൽ അതിൻ്റെ മുകളിലൂടെ കൂറ്റൻ ട്രക്കുകൾ ഗതാഗതാവശ്യങ്ങൾക്കായി
ഓടിക്കാറുണ്ട്. ഉപ്പുവെള്ളം ഐസ് ആകില്ല. അതിനാൽ ഉപ്പുവിതറിയാണു റോഡിലെ മഞ്ഞുരുക്കുന്നത്. അതിന്നു പ്രത്യേകം ട്രക്സ് ഉണ്ട്.

മഞ്ഞുപെയ്യുന്ന നാട്ടിൽ മഞ്ഞു പെയ്തില്ലെങ്കിൽ അതു പ്രധാനമായും കൃഷിയെ ബാധിക്കും. വീണുകിടക്കുന്ന മഞ്ഞുപാളിയുടെ അടിവശം സാവധാനം അലുത്തു മണ്ണിൽ ഈർപ്പമായും നനവായും ഊർന്നിറങ്ങിക്കൊണ്ടിരിക്കും. മണ്ണു ഈ വെള്ളത്തെ മുഴുവൻ സംഭരിച്ചുവയ്ക്കും. എന്നാൽ മഴ പെയ്യുകയാണെങ്കിൽ വെള്ളം ഒഴുകി കടലിൽ പതിക്കുകയുള്ളൂ.

ക്യാനഡ ഒരു കാർഷികരാജ്യമാണ്. ഗോതമ്പാണു പ്രധാനകൃഷി. ഞാൻ ടോറെൻ്റോയിൽ നിന്നു കാൽഗറിയിലേക്കു വിമാനമാഗ്ഗം യാത്രചെയ്യുമ്പോൾ ലിൻഡിങ് സമയം പുറത്തേക്കു നോക്കിയപ്പോൾ യു.എ. ഇ.-യിലെ വിശാലമായ മണൽപ്പരപ്പിലേക്കു പറന്നിറങ്ങുന്ന പ്രതീതിയാണുണ്ടായത്. ഇടയ്ക്കിടെ ഒയാസിസ്പോലെ പച്ചത്തുരുത്തുകൾ. പിറ്റേദിവസം കരമാർഗ്ഗം യാത്ര ചെയ്തപ്പോഴാണു അതു വിളഞ്ഞുപാകമായ ഗോതമ്പുവയൽ ആണെന്നു മനസ്സിലായത്. അവ കിലോമീറ്ററുകളോളം ദൂരത്തിൽ പരന്നു കിടക്കുന്നു. കൊയ്ത്തും മെതിയും കച്ചികെട്ടലും എല്ലാം യന്ത്രവൽകൃതമാണ്. “പ്രയറി” എന്നറിയപ്പെടുന്ന പുൽമേടുകളിലാണു പ്രധാനമായും ഗോതമ്പ് കൃഷി. സസ്കാചിവൻ, ആൽബെർട്ട, മാനിറ്റോബ എന്നിവിടങ്ങളിലാണു പ്രധാന കൃഷിയിടങ്ങൾ. ബ്രിട്ടീഷ് കൊളംബിയ, ഒൻ്റേറിയോ, ക്യൂബെക്, പ്രിൻസ് എഡ്വേർഡ്സ്, നോവ സ്കോട്ടിയ എന്നിവിടങ്ങളിലും
ഗോതമ്പുകൃഷിയുണ്ട്.
“ലോകത്തിൻ്റെ ഗോതമ്പുപാത്രം” എന്നാണു പ്രയറി മേഖലയുടെ ഓമനപ്പേര്. ഗോതമ്പ് കൂടാതെ റെയ്പ്സീഡ്, ബാർലി, അൽഫാൽഫ ചെറുപയർ ഇനങ്ങൾ, കാനോള, ഫ്ലാക്സ്, റായ്, ഓട്സ് തുടങ്ങിയ ധാന്യങ്ങളും കൃഷി ചെയ്യുന്നു.

മഞ്ഞുകാലത്തിനു മുമ്പു ഇലപൊഴിയുംകാലം (Fall Season) ആണ്. അതിൻ്റെ മുന്നോടിയായി ഇലകൾ മഞ്ഞ നിറമാകും,പിന്നെ ബ്രൗൺ. അതു കഴിഞ്ഞു കരിയിലയായി അവ നിലംപതിക്കും. മഞ്ഞുകാലം ആകുമ്പോൾ ഈ കരിയിലകളും മണ്ണിൽ ഉണ്ടായിരുന്ന പച്ചപ്പും താളടിയും ദ്രവിച്ചു മണ്ണിൽ വളമായി മാറി ഭൂമി പതം വന്നു കൃഷിക്കായി ഒരുങ്ങുന്നു. ഭൂമി അതിൻ്റെ ഉർവ്വരത വീണ്ടെടുക്കുന്നു. അതിനാൽ, നല്ല വിളവുണ്ടാകണമെങ്കിൽ മഞ്ഞു പെയ്തേ മതിയാകൂ.

കാനഡയുടെ 75 ശതമാനം ഭാഗങ്ങളിലും ഈ വർഷം ഗ്രീൻ ക്രിസ്മസ് ആയിരുന്നു. ക്രിസ്മസ് സമയം
നിലത്തു രണ്ടു സെൻ്റീമീറ്റർ കനത്തിൽ മഞ്ഞു
ഉണ്ടെങ്കിലേ വൈറ്റ് ക്രിസ്മസ് എന്നു പറയുവാൻ കഴിയൂ. കാനഡയിൽ ഏറ്റവും കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണു ആൽബർട്ട. അവിടെ വർഷത്തിൽ അഞ്ചോ അതിലധികമോ മാസം മഞ്ഞുമൂടി കിടക്കും. 2023 ഡിസംബർ 22-ാം തീയതി വെള്ളിയാഴ്ച ആൽബർട്ടയുടെ തലസ്ഥാനമായ എഡ്മണ്ടനിൽ താപനില ഏഴു ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എന്നാൽ കഴിഞ്ഞവർഷം ഇതേദിവസം അത് മൈനസ് 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. കാനഡ ഇനിയും തണുത്തു തുടങ്ങിയിട്ടില്ല. തണുപ്പിനുള്ള ചൂടുവസ്ത്രങ്ങൾ ധരിക്കാതെയാണു ആൾക്കാർ പുറത്തു പോകുന്നത്.
വേനൽക്കാലത്തു എന്നപോലെ വീടിനു പുറത്തിരുന്നു കാപ്പി കുടിക്കാം. ശരിക്കും ചൂടേറിയ ശീതകാലം. ചൂടേറിയ ശൈത്യകാലം എന്നതിൽനിന്നു കാനഡയുടെ പരമ്പരാഗത ശൈത്യകാലവിനോദങ്ങൾ ആയ സ്കീയ്ങ്, സ്കേറ്റിങ്, സ്ലൈഡിങ് എന്നിവ ഇല്ല എന്നാണു അർത്ഥമാക്കേണ്ടത്.
“വരുവാനിരിക്കുന്ന ദശാബ്ദങ്ങളിൽ കാലാവസ്ഥ എങ്ങനെ ആയിരിക്കും എന്നതിൻ്റെ നിഗൂഢമായ റിവ്യൂ ആണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. വൈറ്റ് ക്രിസ്മസ് ലഭിക്കണമെങ്കിൽ
അതിനു ഒരു പരിഹാരം മാർഗം നിർദ്ദേശിക്കാം.
ക്രിസ്മസ്ദിനം ഒരു മാസം കഴിഞ്ഞു ആക്കിയാൽ മതി. അതു അസംഭവ്യമാണല്ലോ,” ഡേവിഡ് ഫിലിപ്പ് ചിരിക്കുന്നു.

വിന്നിപ്പെഗിനെ ആൾക്കാർ വിൻ്റർപെഗ് എന്നാണു വിളിച്ചിരുന്നത്.
അവിടെ ഇപ്പോൾ സുഖകരമായ (Balmy weather) കാലാവസ്ഥയാണ്. ക്രിസ്മസ് ദിനത്തിൽ ഒരടി കനത്തിൽവരെ മഞ്ഞു ഉണ്ടായിരിക്കേണ്ടതാണ്. മിക്കയിടത്തും ഇപ്പോൾ മഞ്ഞേ ഇല്ല.
പുറത്തു പുൽത്തകിടി വ്യക്തമായി കാണാം.
ബ്രിട്ടീഷ് കൊളംബിയയുടെ തെക്കുകിഴക്കൻ മേഖലയിൽ ശരാശരി മഞ്ഞുവീഴ്ചയെക്കാൾ 50 സെൻറീമീറ്റർ കുറവാണ് ഈ വർഷം. അതിനർത്ഥം തെക്കുകിഴക്കൻ കാനഡയിൽ മഞ്ഞുവീഴ്ച ഇല്ല എന്നു തന്നെയാണ്. “ഈ മഞ്ഞൊക്കെ എങ്ങോട്ടു പോകുന്നു,” എന്നാണു ചിലർ ചോദിക്കുന്നത്.

ഇപ്പോൾ സംജാതമാക്കപ്പെട്ട ഈ സ്ഥിതിവിശേഷത്തിനു കാരണമായി രണ്ടുകാര്യങ്ങളാണു ഫിലിപ്പ് ചൂണ്ടിക്കാട്ടുന്നത്. ഒന്നാമതായി, ആർട്ടിക് മേഖലയിൽ നിന്നു തെക്കോട്ടു വീശുന്ന കാറ്റിനു സ്വാഭാവികമായി ഉണ്ടായിരിക്കേണ്ട തണുപ്പു ഇല്ല. ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കടുത്ത ചൂട് 2023-ൽ ആണു രേഖപ്പെടുത്തിയിരിക്കുന്നതു എന്നാണു കണക്കുകൾ പറയുന്നത്. രണ്ടാമത്തെ വിഷയം “എൽനിനോ” പ്രതിഭാസമാണ്. ഇതു സംഭവിക്കുന്നതു ആഗോളതാപനത്തിൻ്റെ പശ്ചാത്തലത്തിലാണ്. ഗ്ലോബൽ വാമിങ് സംഭവിക്കുന്നതു അക്ഷരാർത്ഥത്തിൽ കണ്മുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതു ആശങ്കാജനകമാണ്. മൂന്നാമതു, മറ്റൊരു കാരണം കൂടെ ഉണ്ടെന്നു എനിക്കു തോന്നുന്നു. ഇക്കഴിഞ്ഞ വേനല്ക്കാലത്തു കാനഡയിൽ രണ്ടു പ്രധാന കാട്ടുതീ ഉണ്ടായി. പൈൻമരക്കാടുകൾ
നിന്നു കത്തി.
അന്തരീക്ഷോഷ്മാവ്
25 ഡിഗ്രി സെൽഷ്യസ് ആകുമ്പോഴേ പൈൻമരക്കൊമ്പുകൾ
കൂട്ടിയുരഞ്ഞു
തീപിടിക്കും. പൈൻമരക്കറ നല്ല സുഗന്ധദ്രവ്യമാണ്.
ഒപ്പം ജ്വലനശേഷിയുള്ളതുമാണ്. ഒരു തീപ്പൊരി ഒരു കാടു മുഴുവൻ കത്തിക്കുന്നു. കരി, പുക, പുകമഞ്ഞ്, താപമാനം, ജൈവനഷ്ടം, മണ്ണിലെ ജലാംശം നഷ്ടം ഒക്കെയാണു അനന്തരഫലങ്ങൾ. ഇതു ഞാൻ നേരിൽ കണ്ടതാണ്.

ഇതെല്ലാം ബൈബിൾ പ്രവചനനിവർത്തിയുടെ ആരംഭമാണ്. അന്ത്യകാലത്തു ആഗോളതാപനവും അത്യുഷ്ണവും ഉണ്ടാകുമെന്നും പ്രവചനം. “ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തു പോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തു പോയി; എല്ലാ പച്ചപ്പുല്ലും വെന്തു പോയി (വെളിപ്പാട്: 8: 7). ഇതു ശരിക്കും വിരോധാഭാസമാണ്. കല്മഴ വലിയ ഐസ് കഷണങ്ങളാണ്. അതു രക്തനിറമായി. എന്നാൽ അതിൻ്റെ കൂടെ തീയും പെയ്യുക എന്നതു എങ്ങനെ നിർവ്വചിക്കും? “തീ പുക ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു വെന്തു പോയി (വെളിപ്പാട്: 9: 18). “നാലാമത്തവൻ
തൻ്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പോൾ തീ കൊണ്ടു മനുഷ്യരെ ചൂടുവാൻ തക്കവണ്ണം അതിനു അധികാരം ലഭിച്ചു മനുഷ്യർ അത്യുഷ്ണത്താൽ വെന്തുപോയി” (വെളിപ്പാട്: 16: 8). വെന്തുപോയി എന്നതിനു “തീവ്രമായ ചൂടുകൊണ്ടു ദണ്ഡിപ്പിക്കുക” എന്ന അർത്ഥമാണു മൂലഭാഷയിൽ. സൂര്യനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെർമോന്യൂക്ലിയർ ഫ്യൂഷൻ്റെ വേഗത അനദിവിദൂരഭാവിയിൽ വർദ്ധിക്കുമെന്നും താപോൽസർജ്ജനത്തിൻ്റെ തീവ്രത അധികരിക്കുമെന്നും ബൈബിൾ പറയുന്നു.
ശാസ്ത്രീയമായി വിലയിരുത്തിയാൽ സൂര്യൻ ചുവന്നഭീമൻ (Red Giant) ആയി പരിണമിക്കുന്നു എന്നാണു ഇതിൽനിന്നു അർത്ഥമാക്കേണ്ടത്.

ഇതെല്ലാം വിളിച്ചറിയിക്കുന്ന
ഒരു യാഥാർത്ഥ്യമുണ്ട്. പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ് ദൈവമാണ്. ഭൂമിയുടെ തീറവകാശിയും ദൈവമാണ്. അതിൽ അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെ യും ചെയ്യുന്നു. നീ എന്തുചെയ്യുന്നുവെന്നു അവനോടു ആർ ചോദിക്കും? ഇതു അന്ത്യകാലം ആണ്. യുഗാവസാനവും ലോകാവസാനവും വന്നെത്തിയിരിക്കുന്നു. എങ്കിലും അതു വിവേചിച്ചറിഞ്ഞു സത്യദൈവത്തിങ്കലേക്കു തിരിയേണ്ടതിനു തങ്ങളുടെ ദുർമ്മാർഗങ്ങളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും വിട്ടു ജനം മാനസാന്തരപ്പെടുന്നില്ലല്ലോ. ദൈവരാജ്യം ഭൂമിയിൽ സ്ഥാപിക്കും വരെയും ഇവ്വിധ അനർത്ഥങ്ങൾ നടന്നുകൊണ്ടിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.