ലേഖനം: അമൂല്യം ഈ ജീവിതം | റോജി തോമസ്

ജീവിതം പ്രവചനാതീതമായ വളവുതിരിവുകള്‍ നിറഞ്ഞ ഒരു യാത്രയാണ്. സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും വിജയത്തിന്‍റെയും വെല്ലുവിളിയുടെയും ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞ ഒരു മഹത്തായ യാഥാര്‍ത്ഥ്യം. ഓരോ ദിവസവും നമ്മുടെ അസ്തിത്വത്തിന്‍റെ സൗന്ദര്യം ഉള്‍ക്കൊള്ളാനും, നമ്മുടെ വികാരവിചാരങ്ങളുടെ വ്യതിയാനങ്ങളെ വേര്‍തിരിച്ചറിയുവാനും വിശകലനം ചെയ്യുവാനും നിയന്ത്രിക്കുവാനും നല്ല തീരുമാനങ്ങള്‍ എടുക്കുവാനും കഴിയണം. നമ്മിലുള്ള പ്രതിരോധശേഷി കണ്ടെത്തുവാനും അശുഭങ്ങളെ മാറ്റി നിര്‍ത്തി ശുഭവിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുവാനും അവസരം കണ്ടെത്തുമ്പോള്‍; ജീവിതത്തിന് മൂല്യവും അത് പരിപാലിക്കുക തന്നെവേണം എന്ന യാഥാര്‍ത്ഥ്യവും സദ്ചിന്തയും നാം കൈവശമാക്കും. ഒരു ദീര്‍ഘ നിശ്വാസവും ഉച്ഛാസവും എത്രയോ ആശ്വാസകരമായിരിക്കും. ആവേശത്തോടെയുള്ള ഒരു തീരുമാനത്തെക്കാള്‍ ആശ്വാസത്തോടെയുള്ള ചെറുചിന്ത പലപ്പോഴും നല്ല ഒരു തീരുമാനത്തിലേക്കുള്ള വഴിവിളക്കാകും.

ഇരുണ്ട നിമിഷങ്ങളില്‍ നിരാശയുടെ ഭാരം നമ്മുടെ കാഴ്ച്ചയെ മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍, അത് നമുക്ക് ഒരു ഭീഷണിയാകുമ്പോള്‍; ജീവിതം അനുഭവങ്ങളുടെ ഒരു വിശാലതയാണെന്ന് ഓര്‍ക്കുന്നത് നിര്‍ണായകമാണ്. ചാരത്തില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒരു ഫീനിക്സ് പക്ഷിയെപ്പോലെ, നമുക്കും നിരാശയുടെ ആഴങ്ങളില്‍ നിന്ന്, മുമ്പെന്നത്തേക്കാളും ശക്തിയോടും കരുത്തോടും കൂടി ഉയര്‍ന്നുവരാന്‍ കഴിയും എന്ന് അറിയുക.

സ്വജീവന്‍ ഇല്ലാതാക്കുന്നതു വഴി; വേദനയില്‍നിന്നോ, പ്രശ്നങ്ങളില്‍നിന്നോ ഉള്ള താല്‍ക്കാലിക രക്ഷപ്പെടലായോ, മറ്റൊരാളെ അല്ലെങ്കില്‍ സമൂഹത്തെയോ പരാജയപ്പെടുത്തി എന്നോ തോന്നാം. പക്ഷേ; അത് പരിശ്രമത്തിന്‍റെയും വളര്‍ച്ചയുടെയും ശോഭനമായ ഭാവിയുടെയും സാധ്യതകളുടെ നിഷേധമാകുന്നു. അവസരങ്ങളുടെ നാം കണ്ടെത്താത്ത ജാലകങ്ങള്‍ കൊട്ടിയടച്ച് ഏകമായൊരു അന്ത്യചിന്തയില്‍ ജീവന്‍ അസാനിപ്പിക്കുക എന്നത് നമ്മുടെ പരാജയം തന്നെയാകുന്നു. സാഹചര്യ സമ്മര്‍ദ്ദത്താല്‍ സാധ്യതകളെ നിഷേധിക്കലാകുന്നു. പ്രതികൂല സാഹചര്യങ്ങളില്‍, നമ്മുടെ ഭൂതകാല വൈതരണികളെ, കഷ്ടതകളെ നേരിടാനുള്ള ധൈര്യം നാം ശേഖരിക്കണം. കാരണം നമ്മുടെ ഭയത്തെ അഭിമുഖീകരിക്കുക എന്നതിലൂടെയാണ് നമ്മുടെ യഥാര്‍ത്ഥ ശക്തി നാം കണ്ടെത്തുന്നത്. പോരിനിറങ്ങുന്ന യുദ്ധവീരന്‍ ഒരിക്കലും പടക്കളത്തില്‍ തനിക്ക് വിജയം മാത്രമേ ഉള്ളു എന്ന് ചിന്തിക്കയില്ല. മറിച്ച് മരണത്തിന്‍റെ സാധ്യത ഉണ്ടായിട്ടുപോലും പൊരുതുക, പൊരുതി മരിക്കുക എന്നതായിരിക്കും അവന്‍റെ യുദ്ധവീര്യം. ഭയം അവനെ എപ്പോള്‍ പിടികൂടുന്നോ അപ്പോള്‍ അവന് പരാജയം ഭവിക്കയോ, പിന്തിരിഞ്ഞോടുകയോ, സ്വയഹത്യചെയ്യുകയോ ചെയ്തേക്കാം. പക്ഷേ; അത് ധീരോചിത പ്രവൃത്തിയല്ലല്ലോ? അവന്‍ ഭീരുവും പരിഹാസ്യനും ആകും.

അനുദിനം അനുകമ്പയുള്ള, സഹാനുഭൂതിയുള്ള ജീവിതങ്ങളായി നമ്മെ രൂപപ്പെടുത്തുന്ന പാഠങ്ങള്‍ പരിശീലിപ്പിക്കുന്ന അദ്ധ്യാപകനാണ് ജീവിതം. നാം അഭിമുഖീകരിക്കുന്ന ഓരോ പോരാട്ടവും, നാം ചൊരിയുന്ന ഓരോ തുള്ളി കണ്ണുനീരും നമ്മുടെ അസ്തിത്വത്തിന്‍റെ നിലനില്‍പ്പിനും ഉയര്‍ച്ചയ്ക്കും കാരണമാകുന്നു. ഈ പോരാട്ടങ്ങളിലൂടെയാണ് നാം സഹിഷ്ണുതയുടെയും അനുകമ്പയുടെയും മാനുഷിക ബന്ധത്തിന്‍റെയും ജീവന്‍റെയും അഗാധമായ സൗന്ദര്യവും മൂല്യവും പഠിക്കുന്നത്.

നിസഹായതയും നിരാശയും പിന്തുടരുമ്പോള്‍ത്തന്നെ കരുത്തുറ്റ കരങ്ങളുടെ പിന്തുണ തേടുക. കാരണം; ദുര്‍ബലതയിലും ശക്തിയുണ്ട്, ഇരുളിലാണ് പ്രകാശത്തിന്‍റെ ആവശ്യകതയും സാദ്ധ്യതയും തെളിഞ്ഞുവരുന്നത്. നിങ്ങളുടെ ഭാരങ്ങള്‍ വിശ്വസ്ഥരും വിവേകികളുമായ സുഹൃത്തുക്കളുമായോ, കുടുംബാംഗങ്ങളുമായോ, സഹായഹസ്തം നല്‍കാന്‍ കഴിയുന്ന ആത്മീയ ഗുരുക്കന്മാരുമായോ, മോട്ടിവേറ്റര്‍മാരുമായോ പങ്കിടുക. നമ്മുടെ ജീവിതത്തില്‍ ആധുനിക ലോകത്ത് നാം അങ്ങനെയുള്ള വ്യക്തിത്വങ്ങളെ മുന്നമേ കണ്ടുവയ്ക്കുന്നത് ഏറ്റവും യുക്തമാണ്. അത് മുന്നമേ പറഞ്ഞപോലെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, ആത്മീകോപദേഷ്ടാക്കള്‍ എന്നിങ്ങനെ ആരും ആകാം. ഇവരില്‍ വിശ്വസ്ഥര്‍ ആരെന്ന് മുന്നേ അറിഞ്ഞ് ജീവിതത്തില്‍ കരുതി ഇരുന്നു കൊള്ളുക. നമ്മുടെ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നവരുടെ അരികില്‍ ചെല്ലുകയും അരുത്. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ അപാരമായ ധൈര്യം ആവശ്യമാണ്, എന്നാല്‍ സഹായം തേടുന്നത് നിങ്ങളുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ശക്തമായ തെളിവാണ്, കഴിവാണ്.

ഓര്‍ക്കുക, ഈ യാത്രയില്‍ നിങ്ങള്‍ തനിച്ചല്ല. നമ്മള്‍ ഓരോരുത്തരും മനുഷ്യരാശിയിലെ വിസ്തൃതമായ ഭൂപ്പരപ്പിലെ അദ്വിതീയ ജന്മങ്ങളാണ്. നമുക്ക് പകരം രണ്ടാമതൊന്ന് ഇല്ല. നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ദിവസങ്ങളെ സമ്പന്നമാക്കുന്ന ബന്ധങ്ങളെ വിലമതിക്കുക, നമുക്ക് ചുറ്റിലുമുള്ള ലളിതമായ സന്തോഷങ്ങളില്‍ ആശ്വാസം കണ്ടെത്തുക. ജീവിതം അനശ്ചിതത്വങ്ങളുടെ അലയാഴിയാണ്. ഉയര്‍ന്ന് വരുന്ന അനിശ്ചിതത്വങ്ങളെ ആശ്ലേഷിക്കുക. ജീവിതത്തിന്‍റെ താളത്തിനൊത്ത് യാത്രാ നൗകയെ നയിക്കുക. നമ്മുടെ യാത്രയിലൂടെ പ്രതീക്ഷയുടെ സ്നേഹത്തിന്‍റെ ശോഭനമായ നാളെയുടെ വാഗ്ദാനത്തെ പ്രതിധ്വനിപ്പിക്കാന്‍ അനുവദിക്കുക.

ജീവിത യാത്രയില്‍, വിശുദ്ധ ബൈബിള്‍ കാലാതീതമായ ഒരു വഴികാട്ടി യായി നില്‍ക്കുന്നു. ജീവിതത്തിലെ പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നിടത്ത് അത് ജ്ഞാനവും ആശ്വാസവും നല്‍കുന്നു. തിരുവെഴുത്തുകള്‍ സഹിഷ്ണുത, വിശ്വാസം, ദൈവസ്നേഹത്തിന്‍റെ പരിവര്‍ത്തന ശക്തി എന്നിവയെക്കുറിച്ച് പഠിപ്പിക്കുന്നു. ഇരുണ്ടണ്ട താഴ്വരകളില്‍പ്പോലും, ഉയര്‍ന്ന ലക്ഷ്യവും ദൈവിക പദ്ധതിയും നമ്മെ വഴി നടത്തുമെന്ന് ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. “കൂരിരുള്‍ താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു” (സങ്കീര്‍ത്തനം 23).

നിരാശയുടെ നിമിഷങ്ങളില്‍, സങ്കീര്‍ത്തനങ്ങളിലേക്ക് തിരിയുക, അവിടെ ദൈവത്തിന്‍റെ ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒരു മനുഷ്യനായ ദാവീദ്, കഷ്ടതയുടെ സമയങ്ങളില്‍ തന്‍റെ ആത്മാവില്‍ നിറഞ്ഞു പാടി: “ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു. നീതിമാന്‍റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു” (സങ്കീര്‍ത്തനം 34:18-19). അതിശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നവര്‍ക്ക് ദൈവിക ആശ്രയം ആശ്വാസം നല്‍കുമെന്ന വാഗ്ദാനമാണ് ഈ വാക്യത്തില്‍ പ്രതിധ്വനിക്കുന്നത്.

മനുഷ്യാത്മാവിന്‍റെ പ്രതിരോധ ശേഷിയെക്കുറിച്ചും ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കേണ്ടണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. യെശയ്യാവിന്‍റെ പുസ്തകത്തില്‍, “എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” (യെശയ്യാ 40:31) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ദൈവിക പദ്ധതിയിലുള്ള പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും ശാശ്വത ശക്തിയാണ് ഈ വാക്യം.

കര്‍ത്താവ് നമുക്കുവേണ്ടണ്ടി കരുതുന്നതിനാല്‍ നമ്മുടെ ഭാരങ്ങള്‍ അവന്‍റെ മേല്‍ ചുമത്താന്‍ ബൈബിള്‍ നമ്മെ പ്രബോധിപ്പിക്കുന്നു. “അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെ മേല്‍ ഇട്ടുകൊള്‍വിന്‍” (1 പത്രോസ് 5:7). നമ്മുടെ ജീവിതത്തിന് ലക്ഷ്യമുണ്ടെണ്ടന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

പുതിയ നിയമത്തില്‍, യേശുവിന്‍റെ ജീവിതം ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇരുട്ടിന്‍റെ മേലുള്ള വിജയത്തിന്‍റെയും ചരിത്രമാണ്. നമുക്ക് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടതായി തോന്നുമ്പോള്‍ യേശുവിന്‍റെ പുനഃരുത്ഥാനം പുതിയ തുടക്കങ്ങളുടെ സാധ്യതയാകുന്നു; പ്രതീകമാകുന്നു. “താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു. എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിന്നും മതിയാകുന്നു. എങ്കിലും എന്‍റെ കഷ്ടതയില്‍ നിങ്ങള്‍ കൂട്ടായ്മ കാണിച്ചതു നന്നായി” (ഫിലിപ്പിയര്‍ 4:13). ജീവിതത്തിലെ വെല്ലുവിളികളെ അചഞ്ചലമായ വിശ്വാസത്തോടെ നേരിടാന്‍ ദൈവകൃപ നമ്മെ ശക്തരാക്കുന്നു.

പ്രാര്‍ത്ഥനയില്‍ ആശ്വാസം തേടുക, നമ്മുടെ ധാരണയെ മറികടക്കുന്ന ശക്തിയില്‍ ആശ്രയിക്കുക. സര്‍വ്വശക്തനിലുള്ള വിശ്വാസത്തിന്‍റെ പിന്‍ബലത്തില്‍ വീക്ഷിക്കുമ്പോള്‍ ജീവിതത്തിന്‍റെ വഴിത്തിരിവുകളോടെയുള്ള യാത്രയ്ക്ക് അര്‍ത്ഥം ലഭിക്കുന്നു. ഓരോ ആത്മാവും ദൈവത്തിന്‍റെ സങ്കീര്‍ണ്ണമായ പദ്ധതിയുടെ ഭാഗമാണ്, ബൈബിളിലെ സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നമുക്കോരോരുത്തര്‍ക്കും ദൈവം കരുതിയിരിക്കുന്ന അനുഗ്രഹപൂര്‍ണ്ണമായ ജീവിതത്തിലേക്കുള്ള പാതയെ പ്രകാശിപ്പിക്കും. ജീവിതം ദൈവത്തില്‍ നിന്നുള്ള ഒരു വിശുദ്ധ ദാനമാകുന്നു.

നമ്മെ പൂര്‍ണ്ണവും അതിശയകരവുമായ രീതിയില്‍ സൃഷ്ടിച്ചിരിക്കുന്നു എന്നത് നമ്മുടെ അസ്തിത്വത്തിന്‍റെ ദൈവിക പ്രാധാന്യം വെളിവാക്കുന്നു. “ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” (ഉല്പത്തി 1:27). ഓരോ വ്യക്തിയുടെയും ജീവിതത്തെക്കുറിച്ച് ദൈവത്തിന് ഒരു പദ്ധതിയുണ്ടെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശം തേടുന്നതും നമ്മുടെ ലക്ഷ്യങ്ങളെ അവന്‍റെ ഉദ്ദേശ്യവുമായി യോജിപ്പിക്കുന്നതും നമുക്ക് ദിശാബോധവും ആശ്വാസവും നല്‍കുന്നു. “നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാടു. നിങ്ങള്‍ എന്നോടു അപേക്ഷിച്ചു എന്‍റെ സന്നിധിയില്‍വന്നു പ്രാര്‍ത്ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കയും ചെയ്യും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും” (യിരെമ്യാവ് 29:11-13).

ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതാണ്, എന്നാല്‍ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ സഹിച്ചുനില്‍ക്കാന്‍ ബൈബിള്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. ആത്മീയ വളര്‍ച്ച, സ്ഥിരോത്സാഹം, ദൈവശക്തിയില്‍ ആശ്രയിക്കല്‍ എന്നിവയ്ക്കുള്ള അവസരങ്ങളായാണ് പരീക്ഷണങ്ങളും ക്ലേശങ്ങളും കാണുന്നത്. തങ്ങളുടെ കഴിവുകളും വിഭാവനകളും വിവേകപൂര്‍വ്വം ഉപയോഗിക്കാനുള്ള വ്യക്തികളുടെ ഉത്തരവാദിത്തത്തെ ബൈബിള്‍ എടുത്തുകാണിക്കുന്നു. നിങ്ങള്‍ക്ക് ലഭിച്ച അദ്വിതീയ വരദാനങ്ങള്‍ തിരിച്ചറിയുകയും, നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നത് ലക്ഷ്യപ്രാപ്തിക്ക് സഹായകമാകുന്നു. താല്ക്കാലിക ലൗകിക കാര്യങ്ങളെക്കാള്‍ ശാശ്വത ജീവിതമൂല്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബൈബിള്‍ പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ ലക്ഷ്യങ്ങളെ ജീവിതമൂല്യവുമായി ക്രമപ്പെടുത്തുന്നത് ജീവിതത്തിന്‍റെ അടിയന്തിര സാഹചര്യങ്ങള്‍ക്കപ്പുറം ലക്ഷ്യബോധം നല്‍കുന്നതിന് സഹായകമാണ്. ഭൗമിക ജീവിതം ഏകമാണ്; എന്നാല്‍ നാമാരും ഏകരല്ല. രണ്ടു കരങ്ങള്‍ക്ക് ശേഷം മറ്റൊരു കരം നമുക്ക് ശരീരത്തില്‍ ഭാരമാകാം. പക്ഷേ; ജീവിത യാത്രയില്‍ സഹായഹസ്തങ്ങള്‍ ഏറെയുണ്ടെന്നത് ജീവിതഭാരങ്ങളില്‍ ആശ്വാസവുമാണ്. നമുക്ക് സഹായകനൊരുവന്‍ വാനിലുണ്ടെന്നത് ആശ്വാസവും പ്രത്യാശയും ജീവിത വിജയത്തിന് പ്രചോദനവും ആകട്ടെ. നമുക്ക് ജീവിച്ചിരിക്കാം; ജീവിച്ച് ചിരിക്കാം…

“നമ്മുടെ എല്ലാ സ്വപ്നങ്ങളും അവയെ പിന്തുടരാന്‍ ധൈര്യമുണ്ടെങ്കില്‍ അത് യാഥാര്‍ത്ഥ്യമാകും” – വാള്‍ട്ട് ഡിസ്നി.

ജീവിക്കുന്നതിന്‍റെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല, മറിച്ച് വീഴുമ്പോഴെല്ലാം ഉയരുന്നതിലാണ്” – നെല്‍സണ്‍ മണ്ടേല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.