ലേഖനം: തെരഞ്ഞെടുപ്പുകൾ നിർണ്ണായകം! | ഡെല്ല ജോൺ

ലോകത്തിലെ തന്നെ ഒരു വലിയ ജനാധിപത്യ സംഭവമായി വിശേഷിപ്പിക്കപ്പെടാവുന്ന നമ്മുടെ ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. പതിനെട്ടാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഈ മാസം മുതൽ 7 ഘട്ടങ്ങളിലായി നടക്കാൻ പോകുന്നത്. ജനാധിപത്യ ബോധമുള്ള ഒരു പൗരന്റെ അവകാശമാണ് വോട്ട്. നമുക്ക് ഇഷ്ടമുള്ള പാർട്ടിക്ക് അല്ലെങ്കിൽ വ്യക്തിക്ക് നാം വോട്ട് ചെയ്യുന്നു.അത് നമ്മുടെ സ്വാതന്ത്ര്യം.നമ്മുടെ ഇഷ്ടം. ആരും അതിനെ ചൊല്ലി നമ്മെ ചോദ്യം ചെയ്യാറില്ല.ജനാധിപത്യ രീതിയിലുള്ള ഒരു ഭരണകൂടം നിലവിൽ വരുവാനുള്ള പ്രക്രിയയുടെ ഭാഗമാകുമ്പോൾ നമ്മുടെ സമ്മതിദാനാവകാശം വളരെ ശ്രദ്ധാപൂർവ്വം വിനിയോഗിക്കുവാനും രാഷ്ട്രത്തിന്റെ ക്ഷേമത്തിനും, സമാധാനത്തിനും, സാഹോദര്യത്തിനും, വികസനത്തിനും പ്രാധാന്യം നൽകുന്ന ഭരണസംവിധാനം നിലവിൽ വരുവാൻ വേണ്ടി പ്രാർത്ഥിക്കുവാനും നാം കടപ്പെട്ടവരാണ്.

വിശ്വാസികൾ ഭരണപരമായ അധികാരങ്ങളോട് അനുസരണം ഉള്ളവരും സാമൂഹിക നിയമങ്ങൾ അനുസരിക്കുന്നവരും നല്ല പൗരന്മാരും ആയിരിക്കണമെന്നാണ് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്.മാത്രമല്ല, അരാജകത്വവും മാർഗഭ്രംശവും സംഭവിച്ച ഇന്നത്തെ ലോകത്തിൽ നീതിയുടെ പ്രതിനിധികളായി കർത്തവ്യ നിരതരാകുവാൻ ഭരണാധികാരികൾക്ക് കഴിയേണ്ടതിന് നാം അവർക്കായി പ്രാർത്ഥിക്കേണ്ടതുണ്ട്. ദൈവത്താൽ അല്ലാതെ ഒരു അധികാരവും ഇല്ലെന്നും അധികാരസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും തിരുവചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. നമ്മുടെ തെരഞ്ഞെടുപ്പുകൾ ശ്രദ്ധാപൂർവ്വം ആകട്ടെ.

ഒരുപാട് നിയമങ്ങളുടെ വേലിക്കട്ടിനുള്ളിൽ നമ്മെ തളച്ചു നിർത്തുന്ന ഒരാളല്ല ദൈവം. ആവശ്യത്തിനുള്ള സ്വാതന്ത്ര്യം നൽകുമ്പോൾ തന്നെ നമ്മുടെ നന്മയ്ക്കായി ചില നിബന്ധനകൾ കൂടി വെയ്ക്കുന്നു എന്നു മാത്രം. അനുസരിച്ചാൽ നമുക്കത് അനുഗ്രഹമാണ്. നമ്മുടെ തെരഞ്ഞെടുപ്പുകൾ എപ്പോഴും നിർണായകമാണ്. ജീവിതത്തെ പ്രകാശഭരിതമാക്കുവാൻ നല്ല തെരഞ്ഞെടുക്കലുകൾക്ക് കഴിയുന്നു.എന്നാൽ ചില തെരഞ്ഞെടുപ്പുകളിലൂടെ ജീവിതത്തിന്റെ ഗതി വിഗതികൾ മാറിമറിയുന്നു.

നല്ല തെരഞ്ഞെടുപ്പുകളിലൂടെ നമുക്ക് മാതൃകയായി നിലകൊള്ളുന്ന പല വ്യക്തികളെയും ബൈബിളിൽ നമുക്ക് ദർശിക്കാം. പാപത്തിന്റെ തൽക്കാലഭോഗങ്ങളേക്കാളും ദൈവജനത്തോടുകൂടി കഷ്ടം അനുഭവിക്കുന്നത് തെരഞ്ഞെടുത്ത മോശയും നദിക്കക്കരെയും മിസ്രയീമിലും വെച്ച് പിതാക്കന്മാർ സേവിച്ച ദേവന്മാരെ വിട്ട്,ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും എന്ന് ഉറച്ച തീരുമാനമെടുത്ത യോശുവയും ഞാൻ നിന്റെ കൽപ്പനകളെയും വിശ്വസ്തതയുടെ മാർഗവും തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പ്രഘോഷിച്ച ദാവീദും രാജാവിന്റെ ഭോജനം കൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞു കൊണ്ടും തന്നെത്താൻ അശുദ്ധനാക്കുകയില്ല എന്ന് നിശ്ചയിച്ച ദാനിയേലും നമുക്ക് അനുകരിക്കാവുന്ന ഉത്തമ ദൃഷ്ടാന്തങ്ങളാണ്.

എന്നാൽദൈവത്തിന്റെ വാക്കുകളെക്കാൾ ഏറെ പ്രാധാന്യം സാത്താന്റെ വാക്കുകൾക്കു കൊടുത്തതിന്റെ തിക്താനുഭവം നേരിട്ട ഹവ്വയുടെയും നീരോട്ടമുള്ള പ്രദേശത്തിന് മുൻഗണന കൊടുത്ത് വലഞ്ഞു പോയ നീതിമാൻ എന്ന പേർ ലഭിച്ച ലോത്തിന്റെയും നിനവേയിലേക്ക് പോകുവാൻ കൽപ്പന ലഭിച്ചിട്ടും തർശിശിലേക്ക് പോയ യോനയുടെയും പിൽക്കാല ചരിത്രം നമുക്ക് നൽകുന്ന പാഠം തെരഞ്ഞെടുപ്പുകൾ ഏറെ
കരുതലോടെ ആയിരിക്കണം എന്നുള്ളത് തന്നെയാണ്.

സ്നേഹിതർ,ജീവിതപങ്കാളി,ജോലി,താമസസ്ഥലം ഇങ്ങനെ നിരവധി തിരഞ്ഞെടുപ്പുകൾ നമുക്ക് നടത്തേണ്ടി വരുമ്പോൾ വിവേകത്തോടെ പ്രാർത്ഥനയോടെ തെരഞ്ഞെടുക്കുക. സർവോപരി യേശുവിനെ നിങ്ങളുടെ ജീവിതയാത്രയിൽ കൂടെ കൂട്ടുക.അവനോടൊപ്പം യാത്ര ചെയ്യുവാൻ തീരുമാനിക്കുക. തീരുമാനങ്ങൾ തെറ്റിപ്പോയി എന്ന് തോന്നിയാൽ തിരിഞ്ഞു വരണം.അനുതപിക്കണം.

പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ, തീരുമാനങ്ങൾ എടുക്കുമ്പോൾ തിരുവചനാടിസ്ഥാനത്തിൽ സാവധാനത്തിൽ ആലോചിച്ച് ശ്രദ്ധയോടെയും പ്രാർത്ഥനാപൂർവ്വവും ആയിരിക്കട്ടെ. വേഗതയേറിയതും അശ്രദ്ധമായതും പ്രാർത്ഥന ഇല്ലാത്തതുമായ
തീരുമാനങ്ങൾ എടുത്ത് പിന്നീട് ഖേദിക്കുവാൻ ആർക്കും ഇടയാകാതിരിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.