ലേഖനം: ഉയിർപ്പിന്റെ സന്ദേശം | ബിജു ജോസഫ്, ഷാർജ

ക്രിസ്തുവിന്റെ ഉയിർപ്പു ഒരു അനുസ്മരണം. മരിച്ചവൻ ഇതാ ഉയർത്തെഴുന്നേറ്റിരിക്കുന്നു, ജീവനോടെ തന്നെ വീണ്ടും വന്നിരിക്കുന്നു ജീവിച്ചിരുന്നപ്പോൾ താൻ തന്നെ മൂന്നു പ്രാവശ്യം പ്രവചിച്ച ദൂത് നിവർത്തി ആയുമിരിക്കുന്നു. പിതാവാം ദൈവത്തിന്റെ പുത്രനു കൊടുത്ത ഇഷ്ടനിവർത്തീകരണ സമ്മാനമാണ് രക്ഷാ പൂർണതയുള്ള ക്രിസ്തുവിന്റെ ഉയിർപ്പു. ആശ്ചര്യമെന്തിന് ക്രിസ്തു ജീവിച്ചിരുന്നപ്പോൾ തന്നെ മരണത്തിൽ നിന്ന് അനേകരെ ആത്മാവിലും ജഢത്തിൽ പോലും വീണ്ടും ജനിപ്പിച്ചവനല്ലയോ. ലാസറേ പുറത്തു വരിക എന്ന് കല്പിച്ചപ്പോൾ ആക്ഷരികമായിത്തന്നെ മരിച്ചു നാറ്റം വെച്ചു നാലുനാൾ ആയ ലാസർ ശവക്കല്ലറ വിട്ടു ഉയർത്തെഴുന്നേറ്റു പുറത്തുവന്നു. ചുറ്റും നിന്ന വിശ്വാസിയുടെയും അവിശ്വാസികളുടെയും കുറച്ചു പേരുടെയെങ്കിലും കുരുട് പിടിച്ച അകക്കണ്ണ് തുറക്കാൻ അത് കാരണമായി മാറുകയും ചെയ്തു. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം അത് അനുഭവിക്കുകയും ചെയ്യാം. പിന്നീട് നയിനിലെ വിധവയുടെ മരിച്ച ഏകജാതനെ, അവനെ ചുമന്നു കൊണ്ടുപോയ ശവമഞ്ചത്തിൽ തൊട്ടു യുവാവേ എഴുനേല്ക്കാ എന്ന് പറയുന്നു. മരിച്ചവൻ ഉയർത്തെഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി, യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു.വിധവയുടെ കണ്ണുനീര് കണ്ടു മനസ്സലിഞ്ഞ കർത്താവു മരിച്ച ജീവിതങ്ങളെ വീണ്ടും ജനിപ്പിക്കുവാൻ തന്നിൽ വ്യാപരിച്ച പുനരുദ്ധാനത്തിന്റെ ശക്തിയാൽ അവരുടെ മകനെ ജീവനോടെ ഉയർപ്പിച്ചു അവർക്കു മടക്കി കൊടുത്തു. ഒപ്പം അവരുടെ കണ്ണുനീരിനു ശാശ്വതമായ ആശ്വാസത്തിന്റെ ഉയിർപ്പും നല്കികൊടുത്തു.

ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു, അവനെപ്പറ്റിയുള്ള ഈ വാർത്ത ലോകത്തിന്റെ അറ്റത്തോളം പരന്നുകൊണ്ടിരിക്കുന്നു. മരിച്ചവരെ ആത്മാവിൽ ഉയർപ്പിക്കുന്ന കർത്താവു, ഉയർപ്പിച്ചവരെ അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തി ക്രിസ്തുവിന്റെ അംശികളും നിത്യതയുടെ കൂട്ടവകാശികളും ആക്കി അവൻ നമുക്കായി കരുതിവച്ചിരിക്കുന്ന ഇരിപ്പിടത്തിൽ അഥവാ അവനിരിക്കുന്ന സ്ഥലത്തിന്റെ സ്വസ്ഥതയിൽ നമ്മെ ഓരോരുത്തരെയും ആത്മാവിൽ ഉയർത്തി അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തും വരെ അഥവാ ജീവന്റെ പുതുക്കത്തിൽ ജീവിക്കുന്നവരെ ഇരുത്തുമാറാക്കും. ഈ ഒരു വിശ്വാസത്തിന്റെ ഉറപ്പു, പ്രത്യാശയുടെ നങ്കുരം അവൻ നമ്മോടു കാണിച്ച നിത്യസ്നേഹത്തിന്റെ അൽപ കണികയെങ്കിലും, അതിൽ കൂടുതൽ അവനോടുള്ള സ്നേഹത്തിലും ഉണ്ടായിരിക്കണം. ഈ വരുന്ന അഥവാ വന്നു പോകുന്ന വീണ്ടും വരുന്ന ക്രിസ്തുവിന്റെ ഉയർപ്പിന്റെ സ്മരണദിനങ്ങൾ ഋതുക്കളുടെ മാറിമാറിവരുന്ന കാലഭേദം പോലെയാകരുതു, വർഷത്തിൽ ഒരുദിനം മാത്രം ഓർക്കപ്പെടേണ്ടത് അല്ലെന്നർത്ഥം.

ക്രിസ്തുവിന്റെ ജനനം മരണം ഉയർപ്പു എന്നും നമ്മൾ സ്മരിക്കണം. ആ സ്മരണകൾക്ക് ഒരു മരണം നമ്മിൽ ഉണ്ടാകാൻ പാടില്ല. അത് യാഥാർഥ്യത്തിന്റെ അഥവാ സത്യത്തിന്റെ ജീവനുള്ള തുടിപ്പായി സിരകളിൽ സ്പന്ദിക്കണം. എന്താണ് ജനനം എന്താണ് മരണം എന്താണ് ഉയിർപ്പു. ക്രിസ്തുവിന്റെ ഐഹിക ജീവിതം നമുക്ക് ജീവനുള്ള ദൃഷ്ടാന്തമായി കാണിച്ചു തന്നിരിക്കുന്നു. ചുരുക്കത്തിൽ ഒരു വ്യക്തി ക്രിസ്തുവിൽ ജനിക്കണം ക്രിസ്തുവിൽ മരിക്കണം ക്രിസ്തുവിൽ ഉയർത്തെഴുനേൽക്കണം, എങ്കിൽ മാത്രമേ നിത്യതയുടെ സ്വസ്ഥതയിൽ നമ്മളോരോരുത്തരും പ്രവേശിക്കുകയുള്ളു. കുറച്ചുകൂടെ വ്യക്തമാക്കിയാൽ ആദാമ്യ പാപത്തിൽ ആത്മാവിൽ മരിച്ച വ്യക്തി ക്രിസ്തുവിന്റെ ആത്മാവിനാൽ, ക്രിസ്തു ഭൂമിയിൽ ജനിച്ച ആത്മാവിനാൽ വീണ്ടും ജനിക്കണം. ജഢത്തിന്റെ വീണ്ടെടുപ്പിനായ് ജഢത്തെ അതിന്റെ എല്ലാ രാഗമോഹങ്ങളോടു കൂടിത്തന്നെ ക്രൂശിക്കാൻ ഏല്പിച്ചുകൊടുത്തു ക്രിസ്തുവിൽ മരിക്കണം. അങ്ങനെ മരിക്കുന്ന വ്യക്തിക്ക് മാത്രമേ ക്രിസ്തുവിനോടൊപ്പം പുനരുദ്ധാന ശക്തിയിലുള്ള ഉയർത്തെഴുന്നേല്പിന്റെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളു. നിങ്ങൾ ക്രിസ്തുവിന്റെ ആത്മാവിനാൽ വീണ്ടും ജനിച്ചൊരു വ്യക്തി ആണോ? സ്വയം നമുക്കൊന്ന് ശോധന ചെയ്യാം. യഥാർത്ഥത്തിൽ നമ്മൾ അജ്ഞതയുടെ കാലംതെറ്റിവന്ന ആക്ഷരികമായ ആലയത്തിലെ ചാറ്റൽ മഴയിൽ അല്പദേഹം മാത്രം നനയ്ക്കുവാൻ ആരോ കൈവെള്ളയിൽ തൂവലായാൽ പൊതിഞ്ഞുകൊണ്ടുവന്നു ആലയത്തിൽ നനപ്പിച്ച നനഞ്ഞ ശിശുവോ വ്യക്തിയോ അതോ സമയത്തു തന്നെ പെയ്തിറങ്ങിയ മുന്മഴയുടെ ആത്മമാരിയിൽ സുബോധത്തോടെ മുങ്ങിക്കുളിച്ചു ജോർദാന്റെ അനുസരണത്തിന്റെ അടയാള കല്പനാ പടവുകൾ ആത്മാവിൽ ചവിട്ടി കേറി ദൈവാലയത്തിൽ ശക്തിയോടും അധികാരത്തോടും അവകാശത്തോടും പ്രവേശിച്ചവനോ? ഇതാ കർത്താവിൽ ജനിച്ചു കർത്താവിന്റെ മരണത്തിൽ പങ്കാളിയായി ഉയർത്തെഴുനേൽക്കാൻ പറ്റിയ സുപ്രസാദ നിമിഷം പാഴാക്കരുത്. കടന്നുപോകുന്ന ഈ സുവർണ നിമിഷം പിന്നെ മടങ്ങിവരില്ല, കർത്താവു മടങ്ങിവരാൻ സമയമായി. ആ മടങ്ങിവരവിൽ നമ്മളെയും ചേർത്ത് പിതാവിന്റടുത്തു മടക്കി കൊണ്ടുപോകുവാൻ ഈ കടന്നുപോകുവാൻ പോകുന്ന നിമിഷം പ്രിയനും, നമ്മുടെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശു ക്രിസ്തുവിനോടൊപ്പമുള്ള മടക്കയാത്രക്കായ് വിനിയോഗിക്കുക. ഈ ഈസ്റ്റർ ദിനം കർത്താവിന്റെ പുനരുദ്ധാന സ്മരണദിനം കെടാത്ത ബീജത്താൽ വീണ്ടും ജനിച്ചു അഥവാ ആത്മാവിൽ ജനിച്ചു നിത്യരക്ഷ പ്രാപിക്കാൻ പിതാവാം ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ സഹായിക്കുമാറാകട്ടെ. ഓർക്കുക കെടുന്ന ബീജം നിത്യ മരണം നമുക്ക് സമ്മാനിക്കുമ്പോൾ കെടാത്തതു നിത്യജീവൻ പ്രധാനം ചെയ്യും. സർവമഹത്വവും പുകഴ്ചയും കർത്താവിനു. ഏവർക്കും നിത്യരക്ഷയുടെ ജീവനുള്ള അടയാളമായ ഉയിർപ്പിന്റെ ആശംസകൾ. നേർന്നുകൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.