സമകാലികം: കൈപ്പണിയായ ആലയങ്ങൾ തുറക്കരുതേ | പാസ്റ്റർ ഷൈബു മടത്തിപറബില്‍

ഈ COVID-19 കാലഘട്ടത്തിൽ “ബ്രേക്ക്‌ ദ ചെയിൻ, ലോക്ക്ഡൌൺ, ക്വാറന്റൈൻ, ഐസൊലേഷൻ, ഹോട്ട്സ്പോട്ട്” അങ്ങനെ തുടങ്ങി പലരും ഇതുവരെ കേട്ടിട്ടില്ലാത്ത ചില പദങ്ങൾ നമുക്കെല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ഈ മഹാമാരി ഒരുവനിൽ നിന്ന് അനേകരിലേക്ക് വളരെ വേഗത്തിൽ ഒരു ചങ്ങല എന്ന പോലെ യോജിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ കേരള സംസ്ഥാനത്തിന് ഒരു പരിധിവരെ വ്യാപനത്തെ തടയാൻ ആയത് ‘ബ്രേക്ക് ദ ചെയിൻ’ എന്ന ക്യാംപെയ്ൻ ആയിരുന്നു എന്ന് നമുക്ക് എല്ലാവർക്കും അറിയാം. ലോകരാജ്യങ്ങൾ നമ്മുടെ സംസ്ഥാനത്തെ പ്രശംസിക്കുകയുണ്ടായി. എവിടെയൊക്കെ രോഗവ്യാപനത്തിന് വ്യാപ്തി കൂടുന്നുവോ അവിടെയൊക്കെ ഈ രോഗികളുമായുള്ള സമ്പർക്കം പുലർത്തിയതായി മനസ്സിലാക്കുവാൻ സാധിച്ചു . ആ മേഖലാ ‘ഹോട്ട്സ്പോട്ട്’ ആയി പ്രഖ്യാപിക്കപ്പെടുന്നു. ഇതിന്റെ വ്യാപ്തി തടയാൻ നമ്മുടെ സർക്കാർ വിവിധ നിലകളിൽ ജനങ്ങൾക്ക് അവബോധം നൽകുന്നുണ്ട്. മീഡിയയിലൂടെ പുതിയതായി പ്രചരിപ്പിക്കപ്പെടുന്ന ഒരു വീഡിയോ ക്ലിപ്പാണ് (SMS – Soap, Mask, Social distance) ഈ ലേഖനത്തിനു എനിക്ക് പ്രചോദനമായത്.
മനുഷ്യൻ ഒരു സമൂഹജീവി ആയതിനാൽ ഏറെ നാളത്തേക്ക് ഒറ്റപ്പെട്ട് ജീവിക്കുവാൻ സാധിക്കുകയില്ല എന്നായിരുന്നു ഇതിനു മുമ്പുവരെ എല്ലാവരും ചിന്തിച്ചിരുന്നത്. എന്നാൽ അപകടത്തിന്റെ തീവ്രത മനസ്സിലാക്കിയപ്പോൾ ജീവനുവേണ്ടി അവൻ അതിനും തയ്യാറായി. ആദ്യമൊക്കെ നന്നായി ഉറങ്ങിയും പാചകം ചെയ്തും, കൃഷി ചെയ്തും കുട്ടികളുമായി കളിച്ചും അതിൻറെ വിരസത അകറ്റാൻ ശ്രമിച്ചു. എന്നാൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന മനുഷ്യൻ സാഹചര്യങ്ങളെ മനസ്സിലാക്കി ശുചിത്വവും, മാസ്കും, സാമൂഹിക അകലവുമൊക്കെ പാലിച്ച് പ്രവർത്തിനിരതർ ആകുവാൻ തുടങ്ങിയിരിക്കുന്നു.

കേവലം ഭൗമീകമായ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ ഇത്രമാത്രം മുൻകരുതലുകൾ നാം സ്വീകരിക്കുന്നുവെങ്കിൽ നിത്യ രാജ്യത്തിനായി നാം എത്രമാത്രം ഒരുക്കമുള്ളവരും മുൻകരുതൽ എടുക്കുന്നവരുമാണ് എന്നുള്ളത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മഹാമാരിയെ നേരിടുവാൻ നാം മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗമോ, അതു മുഖാന്തരമുള്ള മരണമോ ഉറപ്പായിരിക്കുന്നതുപോലെ ഭൂമിയിൽ പാർക്കുന്ന മനുഷ്യർക്കായി ദൈവം തന്റെ പ്രവാചകന്മാരിലൂടെ വെളിപ്പെടുത്തിയ കല്പനകളെ മുൻകരുതൽ പോലെ സ്വീകരിച്ചു പാപം എന്ന മഹാമാരിയെ നമ്മിൽ നിന്നും അകറ്റി നിർത്തേണ്ടതിന്റെ ആവശ്യകത അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ മരണം ഉറപ്പാണ് ( റോമർ 6: 23). നാം സ്വീകരിക്കേണ്ടതായ പ്രധാനമായ മൂന്ന് കരുതലുകൾ ചുവടെ ചേർക്കുന്നു.

ഒന്നാമതായി നിത്യേന രോഗങ്ങളെ പ്രതിരോധിക്കാൻ സോപ്പ് ഉപയോഗിച്ച് കഴുകുന്നതു പോലെ, ദൈവസന്നിധിയിലേക്ക് അടുത്തുവരുന്ന ഭക്തന് ഒരു കഴുകൽ അനിവാര്യമാണ്. “അവൻറെ പുത്രനായ യേശുവിൻറെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.” (1യോഹന്നാൻ 1:7). പഴയനിയമ ഭക്തൻ യാഗം അർപ്പിപ്പാൻ യാഗമൃഗമായി വരുമ്പോൾ പുരോഹിതൻ ശ്രദ്ധിക്കുന്നത് പാപിയായ മനുഷ്യനെ അല്ല പ്രത്യുത അവൻ കൊണ്ടുവരുന്ന യാഗ മൃഗത്തെയാണ്. യാഗ വസ്തു ഊനമില്ലാത്തത് ആയിരിക്കണം. അതുപോലെ പുതിയനിയമ കാലഘട്ടത്തിൽ പാപിയായ മനുഷ്യൻ ദൈവസന്നിധിയിൽ വരുമ്പോൾ ദൈവം ശ്രദ്ധിക്കുന്നത് അവനെ അല്ല നമുക്ക് വേണ്ടി യാഗമായിത്തീർന്ന ക്രിസ്തു എന്ന ഊനമില്ലാത്ത കുഞ്ഞാടിനെ ആണ്. ആ കുഞ്ഞാടിന്റെ രക്തത്താൽ കഴുകൽ പ്രാപിച്ച് പാപത്തിന്റെ അടിമത്വത്തിൽ നിന്നും ഒരു മോചനം ലഭിക്കുന്നു.

രണ്ടാമതായി നിത്യേന രോഗങ്ങളെ പ്രതിരോധിക്കാൻ നാം സ്വീകരിക്കുന്ന മാർഗ്ഗം മാസ്ക് ധരിക്കുക എന്നതാണ്. അല്ലെങ്കിൽ കനത്ത പിഴ എല്ലാ രാജ്യങ്ങളിലും നിലവിൽ വന്നു കഴിഞ്ഞു. സംസാരത്തിൽ കൂടെയും ശ്വസിക്കുന്നതിലൂടെയും ഉള്ള വ്യാപനം തടയാനാണ് നാം മാസ്ക് ധരിക്കുന്നത്. കാരണം അസുഖബാധിതനായ വ്യക്തിയിൽ കൂടെ രോഗവ്യാപനം സുനിശ്ചിതമാണ്. ആത്മീയമായ തലത്തിലേക്ക് നാം നോക്കുമ്പോൾ നമ്മുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും മറ്റുള്ള മനുഷ്യരെ വേദനിപ്പിക്കാനും സന്തോഷം പകർന്നു നൽകുവാനും കഴിയും. മത്തായി 15:18 യേശുവിൻറെ വാക്കുകൾ ശ്രദ്ധേയമാണ്. “വായിൽ നിന്ന് പുറപ്പെടുന്നതോ ഹൃദയത്തിൽ നിന്നും വരുന്നു,; അത് മനുഷ്യനെ അശുദ്ധമാക്കുന്നു (ദുഷ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷി, ദൂഷണം etc.) അതുകൊണ്ട് നമ്മുടെ അനുദിന ജീവിതത്തിൽ പറയപ്പെടുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കി നാവിനെ കടിഞ്ഞാൽ ഇടേണ്ടതായ ആവശ്യകത സൂചിപ്പിക്കുന്നു. ഇസ്രയേലിന്റെ മധുര ഗായകനും, രാജാവും ആയിരുന്ന ദാവീദ് പാടി (സങ്കീർത്തനം.39:1) നാവുകൊണ്ട് പാപം ചെയ്യാതിരിപ്പാൻ ഞാൻ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടൻ എന്റെ മുമ്പിൽ ഇരിക്കുമ്പോൾ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാൻ പറഞ്ഞു”. നാം ഉച്ചരിക്കുന്ന വാക്കുകളെക്കുറിച്ച് ജ്ഞാനിയായ ശലോമോൻ പറയുന്നത്, “അതിവേഗത്തിൽ ഒന്നും പറയരുത് ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാൻ നിന്റെ ഹൃദയം ബദ്ധപ്പെടരുത്…. നിന്റെ വാക്കുകൾ ചുരുക്കമാകട്ടെ…. നിന്റെ വായ് നിന്റെ ദേഹത്തിന് പാപകാരണമാകരുത്…… അബദ്ധവശാൽ വന്നുപോയി എന്ന് നീ ദൂതന്റെ സന്നിധിയിൽ പറയുകയും അരുത്.”. യാക്കോബ് അപ്പോസ്തോലന്റെ വാക്കുകളിൽ , “.. പറവാൻ താമസവും … (1:19). നാവിനു കടിഞ്ഞാൺ ഇടുന്നവർ.. ആയിരിക്കേണം. അല്ലാത്തവർ ഹൃദയത്തെ വഞ്ചിക്കുന്നവനും, അവന്റെ ഭക്തി വ്യർത്ഥം എന്നും താൻ ഓർപ്പിക്കുന്നു (1:26). വമ്പ് പറയരുത് “നാവും ഒരു തീ തന്നെ അത് ദേഹത്തെ മുഴുവൻ മലിനമാക്കുന്നു. കുതിരയെ കടിഞ്ഞാണിട്ടും വലിയ കപ്പൽ ചെറിയ ചുക്കാൻ കൊണ്ടും നിയന്ത്രിക്കുന്നത് പോലെയാണ് ആണ് നാവു നമ്മുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുന്നത് ( 3:2-6) നാവ്… മരണകരമായ വിഷം നിറഞ്ഞതു. “ഒരു വായിൽ നിന്ന് തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു… ഇങ്ങനെ ആയിരിക്കുന്നത് ദൈവമക്കൾക്ക് യോഗ്യമല്ല. (3:10). നമുക്ക് നമ്മുടെ അധരങ്ങളെ സൂക്ഷിച്ച് ജീവൻ രക്ഷിക്കാം.

മൂന്നാമതായി സാമൂഹിക അകലം (Social distance) പാലിച്ചാണ് നാം ഈ മഹാമാരിയെ നേരിടുന്നത്. നിശ്ചയമായും ഒരുപരിധിവരെ നമ്മുടെ രാജ്യം ഈ കാര്യത്തിൽ വിജയം കൈവരിക്കുന്നുണ്ട്. ആരാധനാലയങ്ങളും മറ്റുള്ള ഇതര മേഖലകളിലേക്കും നൽകപ്പെട്ട നിർദ്ദേശങ്ങൾ നാം സാമൂഹികമാധ്യമങ്ങളിൽ കണ്ടു. സമ്പർക്കം പുലർത്താതിരിക്കാൻ ആരാധനാരീതികളിൽ പോലും ഒരു മാറ്റം അനിവാര്യമായിരിക്കുന്നു. രോഗബാധയെ ഭയന്ന് ഇരിക്കുവാൻ വേണ്ടി സ്വന്തം പായ പോലും ആരാധനാലയങ്ങളിൽ കൊണ്ടു പോകേണ്ട അവസ്ഥ വന്നു കഴിഞ്ഞു. രോഗബാധയെ അകറ്റി നിർത്തുവാൻ മനുഷ്യൻ ഇൗ കാര്യങ്ങളൊക്കെ അംഗീകരിച്ചുകഴിഞ്ഞു. അകലം പാലിച്ചില്ലെങ്കിൽ രോഗ സാധ്യത നിശ്ചയമാണ്. ഇത്രയും സൂക്ഷിച്ചിട്ടും രോഗവ്യാപനത്തിന്റെ അളവ് കുറഞ്ഞിട്ടില്ല. ഇപ്പോള്‍ 70ലക്ഷത്തിലേറെ രോഗികളും 4 ലക്ഷത്തിലേറെ മരണവും ലോകത്തിലാകമാനം കവിഞ്ഞിരിക്കുന്നു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടിവരുന്നു. വ്യാപനത്തിന് പറയത്തക്ക ശമനം വന്നിട്ടില്ല. ആളുകൾ ഇപ്പോഴും ഭീതിയിൽ തന്നെയാണ്. 48 രാജ്യങ്ങളിലായി ആയിരത്തിലേറെ ഗവേഷകര്‍ രോഗികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഗവേഷണം നടത്തിവരികയാണ്. രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുള്ള മേഖലകളായ ആരാധനാലയങ്ങൾ ഇപ്പോൾ ഉടനെ തുറന്നു പ്രവർത്തിക്കേണമോ എന്ന് വളരെ ചിന്തിക്കേണ്ടിയിരിക്കുന്നു; കാരണം പ്രായമുള്ളവർക്കും, കുട്ടികൾക്കും ആരാധനാലയങ്ങളിൽ വിലക്കുള്ളപ്പോൾ ഇതേ ആലയങ്ങളിൽ നിന്നും നാം വീട്ടിലേക്ക് മടങ്ങേണ്ടവരാണ്. ഇൗ സമൂഹത്തിൽ ഉൾപ്പെട്ടിരിക്കുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ നമ്മളും ബോധവാന്മാർ ആകേണ്ടതല്ലേ..? ഈ വിഷയത്തിൽ പെന്തകോസ്ത് സമൂഹം എടുത്ത നിലപാട് വളരെ പ്രശംസനീയമാണ് എന്ന് പറയാതെ വയ്യ. ആത്മീയതലത്തിൽ ചിന്തിക്കുമ്പോൾ ഈ സമൂഹത്തിൽ നാം ജീവിക്കുമ്പോൾ തന്നെ ദൈവമക്കൾ വേർപെട്ടവർ ആയിരിക്കേണം (റോമർ 12:2) “ഇൗ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. പാപമയവും, ലൗകികവും, വഷളത്വവും നിറഞ്ഞ എല്ലാറ്റിൽ നിന്നും വേർപെട്ട് (Distance) വിശുദ്ധ ജീവിതം നയിക്കണം. “ഈ വക്രതയുള്ള തലമുറയിൽനിന്ന് രക്ഷിക്കപ്പെടുവിൻ അതായത് വേർപെട്ടിരിപ്പിൻ (അപ്പോ പ്രവ: 2:40) എന്ന് അപ്പോസ്തലനായ പത്രോസ് ഓർമിപ്പിക്കുന്നു. പൗലോസ് യെശയ്യാ പ്രവചനത്തിൽ നിന്ന് ഉദ്ധരണി നൽകുന്നത് 2കൊരിന്ത്യർ 6:16″അവരുടെ നടുവിൽ നിന്ന് പുറപ്പെട്ട് വേർപെട്ടിരിപ്പിൻ…. അശുദ്ധമായതൊന്നും തൊടരുത് എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും”. ഇതാ തനിച്ചു പാർക്കുന്നൊരു ജനം ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.(സംഖ്യ 23:9) എല്ലാദൈവമക്കളിൽ നിന്നും ഇപ്രകാരം വേർപാട് ദൈവം പ്രതീക്ഷിക്കുന്നു.

പാപത്തിന്റെ അടിമത്വത്തിൽനിന്നും നാം സ്വതന്ത്രരാണ്. ക്രിസ്തു മുഖാന്തരം ആ ചങ്ങല എന്നേക്കുമായി പൊട്ടി. ഇനി യേശുവിൻറെ രക്തത്താൽ കഴുകൽ പ്രാപിച്ച നാം അടിമ നുകത്തിൽ വീണ്ടും കുടുങ്ങാതെ ( ഗലാത്തി.5:1) അധരങ്ങളെ അടക്കി സമൂഹത്തിൽ വേർപെട്ടവരായി ക്രിസ്തുവിനെ ഉയർത്തിക്കാട്ടാം. “ഗലാത്യർ 5:1 സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറെച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുതു.” നാം പറയുന്നതായ ഓരോ വാക്കുകൾക്കും ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടത് കൊണ്ട് ദേഹത്തെ മുഴുവൻ മലിനവും വിഷമയവും ആക്കുന്ന ശാപവാക്കുകളും അവിശ്വാസത്തിന്റെ വാക്കുകളും ഒഴിവാക്കി മാസ്ക് എന്നപോലെ നമ്മുടെ അധരങ്ങൾ കടിഞ്ഞാണിട്ടു അടക്കുക. അതുപോലെ സമൂഹത്തിൽ നാം പാർക്കുമ്പോൾ നേരിടുന്നതായ ഗുണദോഷങ്ങളിൽ നാമും പങ്കാളികൾ ആകുമ്പോൾ, സാമൂഹിക തിന്മകളിൽ നിന്നും ഒരു വേർപാട് ആവശ്യമാണ്. പാപത്തിൽ നിന്ന് ഒരു അകൽച്ചയും ക്രിസ്തുവിനു ഹിതമായ ഒരു ജീവിതവും നമുക്ക് നയിക്കാം. ദൈവം നമ്മെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

പാസ്റ്റർ ഷൈബു മടത്തിപറബില്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.