വാരിയാലും ദുഃഖിക്കും, വാരിയില്ലേലും ദുഃഖിക്കും…

ഒരിക്കൽ ഒരു കടപ്പുറത്ത്‌, അവിടെ അതാ ഒരു ബോർഡ്‌ ഇരുകാലിയിൽ നിർത്തിയിരിക്കുന്നു.. ദൂരെ നിന്നു കണ്ടവർ എല്ലാം ആ ബോർഡിൽ എന്താണ് എഴിതിയിരിക്കുന്നത്‌ എന്നറിയാൻ ജിജ്ഞാസയോടെയും ഏറിയ കൗതുകത്തോടെയും പോയിനോക്കി. ചിലർ ആ ബോർഡ്‌ നോക്കി ഉറക്കെ വായിച്ചു, “വാരിയാലും ദുഃഖിക്കും, വാരിയില്ലേലും ദുഃഖിക്കും..!!” ങേ, ഇതെന്തൊരു ബോർഡ്‌! അതു വായിച്ചപ്പോൾ തന്നെ നമ്മെപോലെ അവരും ചിരിച്ചു. എന്നാൽ ഈ വായിച്ചവർക്ക്‌ വായിച്ചപ്പോൾ ഒന്നും തന്നെ ക്ലിക്ക്‌ ആയതുമില്ല.

എന്നാൽ വായിച്ചതു കേട്ടുനിന്ന ചിലർ ഇങ്ങനെ പറഞ്ഞു, “എന്തായാലും ദുഃഖിക്കും, പിന്നെന്തിനു വാരണം..പിന്നേ അതല്ലേ, നമ്മുടെ പണി..? ഒന്നു പോ ആശാനേ..” ശരിയല്ലേ അവരുടെ ചോദ്യം? അതെ.. അവർ ഒന്നും തന്നെ വാരാതെ കൈയൊക്കെ കുടഞ്ഞെറിഞ്ഞുകൊണ്ട്‌ കൂസലില്ലാതെ അടുത്ത വ്യുപോയിന്റിലേക്ക്‌ നടന്നകന്നു. എന്നാൽ പിന്നാലെ വന്ന ചിലർ ഇങ്ങനെ പറഞ്ഞു, “അങ്ങനെയല്ല, വാരീട്ടു ദുഃഖിക്കുന്നേൽ അങ്ങ്‌ ദുഃഖിച്ചോട്ടെ..ഞങ്ങളങ്ങ്‌ സഹിച്ചോളാം.. അല്ലപിന്നെ” പറഞ്ഞതുമല്ല കുനിഞ്ഞ്‌ ഒരുകുത്ത്‌ മണ്ണ് കൈക്കുമ്പിളിൽ ഒതുക്കി മുറുക്കെപ്പിടിച്ചു, എന്നാൽ വിരലിനിടയിലൂടെ മണൽത്തരികൾ പോകുന്ന വഴിയിലാകെ പോയി അൽപം മാത്രം ബാക്കിയായി.. (അതവർ അറിഞ്ഞുവോ എന്തോ..?) അതെ, അവരും വ്യുപോയിന്റ്‌ ലക്ഷ്യമാക്കി തന്നെ നടന്നു.

രണ്ടുകൂട്ടരും നടന്നുനടന്ന് അങ്ങ്‌ അടുത്ത വ്യുപോയിന്റിൽ എത്തി. അവിടെ അതാ മറ്റൊരു ബോർഡ്‌ ഇരുകാലിയിൽ നിർത്തിയിരിക്കുന്നു.. അതെ, പഴയപോലൊരു ബോർഡ്‌! അതു നോക്കി അക്ഷരാഭ്യാസം ഉള്ള ചിലർ ഇങ്ങനെ വായിച്ചു, “വാരിയതെല്ലാം ഇവിടെ ഇടുക..!” ങേ, വാരിയതെല്ലാം ഇവിടെ ഇടാനോ..? അതെ, വാരിയവർ എല്ലാവ‌രും തന്നെ പരിഭ്രാന്തരായി, എന്നാൽ വാരാത്തവർ വാരിയവരെ പരിഹസിച്ചു.. തന്നെയുമല്ല, അവർ തലതല്ലി ചിരിച്ചു. എന്നാൽ വാരിയവർ വാരിയതെല്ലാം അവിടെ ഇട്ടപ്പോൾ മണൽത്തരികൾ സ്വർണ്ണത്തരികളായി മാറ്റപ്പെട്ടിരിക്കുന്നു.. അതെ, ഒരു അത്ഭുതം സംഭവിച്ചിരിക്കുന്നു! നോക്കൂ, അതാ അതു തിളങ്ങുന്നു!! വാരിയതെല്ലാം സ്വർണ്ണത്തരികൾ ആകുവാൻ ഉള്ളതായിരുന്നു. വാരിയവർക്ക്‌ കുറെക്കൂടെ വാരേണ്ടതായിരുന്നു എന്നൊരു തോന്നലുണ്ടായി. എന്നാൽ വാരാത്തവർക്ക്‌ തങ്ങളോടു തന്നെ ലജ്ജയോ അപമാനമോ.. എന്തൊക്കെയോ തോന്നി. അൽപമെങ്കിലും വാരേണ്ടതായിരുന്നു എന്നൊരു കുറ്റബോധം മനസ്സിന്റെ ആടിത്തട്ടിൽ എവിടൊക്കെയൊ…

അതെ സ്നേഹിതാ, ഈ ലോകമാം മരുഭൂമിയിൽ നാം ചെയേണ്ടതു ചെയാതിരിക്കുമ്പോൾ നാമൊന്ന് ഓർക്കുന്നത്‌ നല്ലതായിരിക്കും… ഇവിടെ ചെയുന്നതിനൊക്കെയും മറുകരയിൽ ഒരു വലിയ പ്രതിഫലം നമുക്കായ്‌ കാത്തിരുപ്പുണ്ട്‌‌ എന്നുള്ള ആ പരമമായ സത്യം. അതോ, ഒരു പ്രതിഫലമുണ്ടെന്ന് നാം അറിയാതെയോ.. അതോ, ലക്ഷ്യമില്ലാതെ ഈ തിരക്കുപിടിച്ച ജീവിതയാത്രയ്‌ക്കിടയിൽ എന്തു പ്രതിഫലം അല്ലേ..? എന്നാൽ ചിലർ ചിലത്‌ ചെയുന്നുണ്ട്‌.. ചെയേണ്ടതുപോലെ അല്ലതാനും. വേദപുസ്തകമാകുന്ന ചൂണ്ടുപലകയിൽ നോക്കി വായിച്ചനുസരിച്ച്‌ നമുക്ക്‌ അങ്ങേക്കര എത്തുവോളം അതിനുംവേണ്ടി ആഞ്ഞുംകൊണ്ട്‌.. ആ ലാക്കിലേക്ക്‌ നോക്കി പ്രതിഫലം പറ്റാനായ്‌ നമുക്ക്‌ മുന്നേറാം…

– റോജി ഇലന്തൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.