പത്തനംതിട്ട ബ്രദറൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ പ്രിൻസിപ്പാൾ ഇവാ. ഡോ. ഒ. എം. സാമുവേൽ നിത്യതയിൽ
KE News Desk Pathanamthitta
മാവേലിക്കര / പൂവത്തൂർ: ബ്രദറൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്, പത്തനംതിട്ടയുടെ പ്രിൻസിപ്പൽ എമറിറ്റസും പ്രമുഖ അധ്യാപകനും ഗ്രന്ഥകാരനുമായ ഇവാ. ഡോ. ഒ. എം. സാമുവേൽ (95) സെപ്റ്റംബർ 11ന് രാത്രി 9.45ന് കർത്തൃസന്നിധിയിൽ ചേർന്നു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു. പൂവത്തൂർ ഒട്ടപ്ലാമൂട്ടിൽ ഭവനത്തിലായിരുന്നു താമസം.

ബ്രദറൺ സമൂഹത്തിലെ ആദരണീയനായ അധ്യാപകനായിരുന്ന ഡോ. സാമുവേൽ, പത്തനംതിട്ട ബ്രദറൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലായും തുടർന്ന് പ്രിൻസിപ്പൽ എമറിറ്റസായും സേവനമനുഷ്ഠിച്ചു. സ്റ്റീവാർഡ്സ് ബൈബിൾ കോളജ് മുൻ പ്രിൻസിപ്പൽ, കുമ്പനാട് ബെഥനി ബൈബിൾ സ്കൂൾ സീനിയർ ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചു. ബ്രദറൺ സൺഡേസ്കൂൾ കമ്മിറ്റി, കൊല്ലം സോദരി ഭവൻ ട്രസ്റ്റ് എന്നിവയുടെ പ്രസിഡന്റായും ബിലീവേഴ്സ് റിലീഫ് ട്രസ്റ്റിന്റെ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആത്മപ്രകാശിനി, പ്രവചന പ്രദീപിക എന്നീ മാസികകളുടെ ചീഫ് എഡിറ്ററായും സുവിശേഷധ്വനി മുൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.
നിരവധി പുസ്തകങ്ങളുടെ രചയിതാവായ ഡോ. സാമുവേലിന്റെ ശ്രദ്ധേയമായ കൃതികളിൽ വെളിപ്പാട് പുസ്തകത്തെക്കുറിച്ചുള്ള വ്യാഖ്യാനം, ഒന്നാം തെസ്സലൊനീക്യർ വ്യാഖ്യാനം, അപ്പർ റൂം പ്രസംഗത്തെക്കുറിച്ചുള്ള വ്യാഖ്യാനം, എസ്കാറ്റോളജി സംബന്ധിച്ച ഗ്രന്ഥം എന്നിവ ഉൾപ്പെടുന്നു. സമ്പൂർണ്ണ ദൈവശാസ്ത്രം ഗ്രന്ഥത്തിലെ എസ്കാറ്റോളജി വിഭാഗവും അദ്ദേഹം രചിച്ചു. പോസ്റ്റ്-ട്രിബുലേഷണൽ റാപ്ചർ സിദ്ധാന്തത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരേതയായ കുഞ്ഞമ്മ സാമുവേലാണ് ഭാര്യ. പുള്ളാട് തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 19ന് റീഹോബോത്ത് ബ്രദറൺ അസംബ്ലി, പൂവത്തൂരിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 ശനിയാഴ്ച സംസ്കാര ശുശ്രൂഷകൾ നടക്കും. തിരുവല്ല ടി.എം.എം. മോർച്ചറിക്ക് സമീപം രാവിലെ 7.45 മുതൽ 8.15 വരെ പൊതുദർശനം ഉണ്ടായിരിക്കും.
കുമ്പനാട് മണിയാട്ട് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ 11.30 വരെ സംസ്കാര ശുശ്രൂഷ നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12ന് പൂവത്തൂർ ബ്രദറൺ സെമിത്തേരിയിൽ സംസ്കാരം നടത്തും.

- Advertisement -


Comments are closed.