ലേഖനം: ക്രൂശ് ചുമന്ന് പ്രസിദ്ധനായ തലമുറ; രൂഫൊസ് | മനോജ്, റാന്നി

വ്യക്തികളെ വിലകുറച്ചു കാണാൻ ശ്രമിക്കുമ്പോൾ, ഒരു ദ്വാരത്തിൽനിന്ന് മധുരവും അതേ ദ്വാരത്തിൽനിന്ന് കൈപ്പും പുറപ്പെടുമോ എന്ന ചോദ്യത്തിന്റെ പ്രസക്തിയും ചിന്തനീയമാണ്.

News Middle Advt Banner

യേശുക്രിസ്തുവിന്റെ ക്രൂശുമരണവുമായി ബന്ധപ്പെട്ട് യെഹൂദന്റെ മണ്ണിൽ ക്രൂശുമരണം ഒരു ശാപമായി നിലകൊള്ളുന്ന കാലത്ത്, ജനം നൽകിയത് ക്രിസ്തുവെന്ന യേശുവിനെ ക്രൂശിക്കണമെന്നായിരുന്നു. അടിമനുകത്തിൽ കിടക്കുന്ന വ്യക്തികൾക്കുള്ള ശിക്ഷാനിയമം നിലനിൽക്കുമ്പോൾ, യെഹൂദൻ എന്ന വംശപാരമ്പര്യമുള്ള യേശുവിനെ വിലയിട്ട്, റോമൻ ഭരണാധികാരികളുടെ അടിയും നിന്ദകളും ഏറ്റുകൊണ്ട്, തനിക്കുവേണ്ടി അവർ ഒരുക്കിയ മരക്കുരിശ് തോളിലേറ്റിക്കൊണ്ട് കടന്നുവരുന്ന യേശുവിന്റെ ദയനീയമായ സാഹചര്യത്തെ കാണുന്നുണ്ട്. കൂടെയുള്ളവരും കൂടെനിന്നവരും എപ്പോഴും കൂടെയുണ്ടാകും എന്ന് പറഞ്ഞുവരും. എല്ലാവരും നോക്കിനിൽക്കെ, പുറംജാതിക്കാരനായി ആ മണ്ണിൽ വന്ന് വേല ചെയ്യുന്ന, കുടുംബം പോറ്റുന്ന ഒരു കുറേനക്കാരനായ ശിമോൻ എന്ന വ്യക്തിയെ കാണുന്നുണ്ട്.

ആളും തരവും നോക്കി തിരിച്ചറിയാൻ കഴിയുന്ന വിധത്തിൽ താനൊരു കുറേനക്കാരനായ കൃഷിക്കാരനാണ്. തന്റെ ഭാവവും തന്റെ നിലവാരവും മനസ്സിലാക്കി, റോമൻ ഭരണാധികാരികളുടെ തലവന്മാർ ഒരുപക്ഷേ നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ അല്പനേരത്തേക്ക് യേശു ചുമന്നുകൊണ്ടുവന്ന ക്രൂശുമരം ചുമക്കാൻ പറഞ്ഞപ്പോൾ, റോമൻ ഭരണാധികാരികളെ ഭയന്ന് ക്രൂശ് ചുമക്കാൻ താൻ നിർബന്ധിതനായി എന്ന സാഹചര്യം ബൈബിളിൽ വായിക്കുന്നു.

എന്നാൽ എല്ലാവർക്കും അറിയാൻ കഴിയുന്നതിലപ്പുറമായി, ആ ക്രൂശ് ചുമക്കുമ്പോൾ താൻ അനുഭവിച്ച ഭാരവും ചുമന്ന വേദനയും അനുഭവിച്ചറിഞ്ഞ ഒരേയൊരു വ്യക്തി കുറേനക്കാരനായ ശിമോൻ മാത്രമേയുള്ളൂ. എന്നാൽ കാലഘട്ടങ്ങൾ മുമ്പോട്ടു കടന്നുപോയി. പിന്നെ ആരും കുറേനക്കാരനായ ശിമോനെ ഓർത്തുകാണില്ല എന്നുള്ള യാഥാർഥ്യം സത്യമായി. അതുകൊണ്ടാണ് സുവിശേഷങ്ങളിൽ മൂന്ന് സുവിശേഷങ്ങളായ മത്തായിയിൽ നാം കാണുന്നത്:

“അവർ പോകുമ്പോൾ കുറേനക്കാരനെ കണ്ട് അവന്റെ ക്രൂശ് ചുമക്കുവാൻ നിർബന്ധിച്ചു.”

ലൂക്കോസ് എഴുതിയിരിക്കുന്നത്:

“അവനെ കൊണ്ടുപോകുമ്പോൾ വയലിൽനിന്ന് വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ച് ക്രൂശ് ചുമപ്പിച്ചു.”

മർക്കോസ് എഴുതിയിരിക്കുന്നത്:

“അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായ, വയലിൽനിന്ന് വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.”

സുവിശേഷത്തിന്റെ കലവറകൾ തുറന്ന പുസ്തകമായി ജനഹൃദയങ്ങളിലേക്ക് അവതരിപ്പിച്ച എഴുത്തുകാരാണ് ഈ മൂവരും. അതിൽ ഒരാൾ വൈദ്യനുമായിരുന്നു.

അവതരണശൈലികൾ വ്യത്യസ്ത രീതിയിൽ, വ്യത്യസ്ത ഭാവനയിൽ, ജനഹൃദയങ്ങളെ പിടിച്ചുലയ്ക്കുന്നതായിരുന്നു. എന്നാൽ അവരെല്ലാം എഴുതിയ വാക്കിന്റെ സ്പന്ദനം ‘കുറേനക്കാരനായ ശിമോൻ’ എന്ന പദംകൊണ്ട് അസ്തമിക്കുമ്പോൾ, അദ്ദേഹത്തിന്റെ വില ആരും അറിയുന്നില്ല. പലപ്പോഴും നമ്മുടെ വില ആരും അറിയാതെ ഇരിക്കെ, നമ്മുടെ വിലയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കെ, വിലയെ തിരുത്തുന്ന ഒരു സമയമുണ്ട്. നാം തിരിച്ചറിയേണ്ടത് തിരിച്ചറിയാൻ ഒരു കാലമുണ്ടെന്നും മറന്നുപോകരുത്.

ആ തിരിച്ചറിവാണ് അപ്പോസ്തലന്മാരിൽ പ്രസിദ്ധനായ പൗലോസ് റോമർക്ക് ലേഖനം എഴുതുമ്പോൾ, നീതീകരണത്തെ ആസ്പദമാക്കി റോമിലുള്ളവരോട് ദൈവവചനത്തെ വാരിവിതറുമ്പോൾ, ആ കാലഘട്ടത്തിലും ദൈവസഭയ്ക്കും ത്യാഗസമ്പൂർണമായി സഹിച്ചവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവസാനത്തെ അധ്യായത്തിൽ തിരശ്ശീലയ്ക്ക് വിരാമം കുറിക്കുമ്പോൾ അവിടെ ഉദ്ധരിച്ചിരിക്കുന്ന ഉദ്ധരണിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു ഭാഗമുണ്ട്:

“കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്യുവിൻ.”

ഈ വാക്കിന്റെ ധ്വനി ആത്മാർഥതയുള്ള ഹൃദയത്തിന്റെ ആഴങ്ങളിൽ നമ്മെ ചിന്തിപ്പിക്കുന്നതാണ്. റോമൻ പൗരത്വമുള്ളവൻ, ഗമാലിയേലിന്റെ കാൽക്കൽ ഇരുന്ന് ന്യായപ്രമാണം അഭ്യസിച്ചവൻ, അറിവുകൊണ്ടും ജ്ഞാനസമ്പൂർണൻ, സമ്പത്തുകൊണ്ട് ഭദ്രതയുള്ളവൻ, സുവിശേഷവേല നിമിത്തം, ക്രിസ്തുവിന്റെ തികഞ്ഞ പരിജ്ഞാനം നിമിത്തം, ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം എല്ലാം ഉപേക്ഷിച്ച് ചവറ് എന്ന് എണ്ണുന്നു.

വ്യക്തിപ്രഭകളുടെ മാനദണ്ഡങ്ങളെ നോക്കാതെ, ചെറിയവനെന്നോ വലിയവനെന്നോ ഉള്ള പദപ്രയോഗങ്ങൾ കൂടാതെ, സുവിശേഷവേലയുടെ പരമാർഥതയ്ക്കായി ഓടിയവർക്ക് നന്ദിയുടെ പ്രകാശനത്തിന്റെ വാതിൽ തുറന്നുവെക്കുമ്പോൾ, ‘കുറേനക്കാരൻ’ എന്ന പദംകൊണ്ട് മാറ്റിനിർത്തപ്പെട്ട ഇടങ്ങളിൽ, മർക്കോസ് എഴുതിയ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന രൂഫൊസിനെ പ്രസിദ്ധന്റെ പട്ടികയിൽ കൊണ്ടുവരുവാൻ കാണിച്ച കുറേനക്കാരന്റെ വില നമ്മുടെ ഒരു തിരിച്ചുവരവാണ്.

യേശുവിന്റെ ക്രൂശ് ശാപമാണെന്നും വിലയില്ലാത്തതായും ലോകം മാറ്റിനിർത്തിയപ്പോൾ, നമ്മുടെ മുമ്പിൽ പരിമിതവും പരിധികൾക്കപ്പുറം ഉയരുവാൻ സ്വാതന്ത്ര്യലഭ്യത ഇല്ലായ്മ ചെയ്യപ്പെടുമ്പോഴും, പരിമിതികൾക്കും പരിധികൾക്കുമപ്പുറം നമ്മുടെ വിലയെ തേടിവരുന്ന ഒരു സമയം മുമ്പിലുണ്ട്.

ആ സമയത്തിനായി നാം കാത്തിരുന്നാൽ, നാമറിയാതെ നമ്മെ പ്രസിദ്ധന്മാരാക്കി മാറ്റും.

ആരുടെയും പ്രതിബദ്ധതയോ ദയാകടാക്ഷമോ കൂടാതെ, അറിഞ്ഞ വിശ്വാസത്തിനകത്ത് ഉറയ്ക്കാൻ മനസ്സുകാട്ടിയാൽ ആ വിശ്വാസം നിന്നെ പ്രസിദ്ധനാക്കി മാറ്റും. വിശ്വാസത്തെ മുറുകെപ്പിടിക്കുന്നവനുവേണ്ടി ഉടയവന്റെ മനസ്സ് അലിയുന്നു.

“അങ്ങനെ തനിക്ക് മനസ്സുള്ളവനോട് അവൻ കരുണ തോന്നുന്നു.”

യേശു കണ്ണുനീർ വാർത്തു. നാറ്റംവച്ച ലാസറിനെ കല്ലറയിൽനിന്ന് ജീവനോടെ പുറത്തുകൊണ്ടുവന്നു.

“എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അവരുടെ നിലവിളി കേട്ട് സങ്കടം അറിയുന്നു.”

ഇസ്രായേൽ ജനത്തിന്റെ അടിമനുകത്തിൽനിന്നുള്ള മോചനം.

മുഖത്തെ മറക്കാത്ത ദൈവം തെറ്റിപ്പോകുന്ന ഇസ്രായേലിനെ വീണ്ടും ചേർക്കുവാൻ മനസ്സുകാട്ടി. ഒരു കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്റെ മറവിൽ ചേർക്കുന്നതുപോലെ ചേർക്കുവാൻ എനിക്ക് മനസ്സുണ്ടായിരുന്നു. അവരോ വഴിതെറ്റിപ്പോയി.

ലോകം നിന്ദിച്ച ക്രൂശിനെ ചുമക്കാൻ നിർദോഷിയായ ഒരുവൻ നിർബന്ധത്താൽ തയ്യാറായപ്പോൾ, തന്റെ മകനെ പ്രസിദ്ധനാക്കിയെങ്കിൽ, നമ്മുടെ വിലയെ തിരിച്ചറിയുന്ന നാളുകൾ അടുത്തിരിക്കുകയാണ്. അത് ആർക്കും കാണാൻ കഴിയില്ല. ഓടിയതും അധ്വാനിച്ചതും അപമാനിക്കപ്പെട്ടതും തരംതാഴ്ത്തിയതും കുറ്റം ചുമത്തിയതും അപവാദങ്ങൾ പരത്തിയതും ഓർമയുടെ പുസ്തകച്ചുരുളിൽനിന്ന് മറഞ്ഞുപോയാലും, മറക്കാത്ത ഒരു അവകാശി അത് അവകാശമായി തരും. എങ്ങനെയെന്നല്ലേ? എന്നാൽ മറ്റുള്ളവർക്കും കാണത്തക്കവിധം നമ്മെയും പ്രസിദ്ധിയുടെ മട്ടുപ്പാവിൽ കൊണ്ടെത്തിക്കുന്ന സമയം അടുത്തിരിക്കുകയാണ്. കൈ നീട്ടി സ്വീകരിച്ചുകൊള്ളുക.

മനോജ്, റാന്നി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading