ലേഖനം: ക്രിസ്തീയ ജീവിതത്തിൽ പ്രാപിക്കേണ്ട പത്മോസിന്റെ വെളിപ്പാട് | ബിജു ജോസഫ്, ഷാർജ

യേശുക്രിസ്തുവിന്റെ വെളിപ്പാട്; വേഗത്തിൽ സംഭവിക്കാനുള്ളത് തന്റെ ദാസന്മാരെ കാണിക്കേണ്ടതിന് ദൈവം അത് അവനു കൊടുത്തു. അവൻ അത് തന്റെ ദൂതൻ മുഖാന്തരം അയച്ച് തന്റെ ദാസനായ യോഹന്നാനു പ്രദർശിപ്പിച്ചു. അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതൊക്കെയും സാക്ഷീകരിച്ചു.

News Middle Advt Banner

പത്മോസ് അക്ഷരീയമായി നിർവചിക്കുകയാണെങ്കിൽ, റോമാ സാമ്രാജ്യത്തിന്റെ കാലത്ത് രാഷ്ട്രീയ തടവുകാരെയും കുറ്റവാളികളെയും നാടുകടത്തിയിരുന്ന ഏജിയൻ കടലിലെ ഒരു ഏകാന്ത ദ്വീപായിരുന്നു. കല്ലും പാറയും നിറഞ്ഞ ആ ഒറ്റപ്പെടലിന്റെ ഇടം മനുഷ്യന്റെ ദൃഷ്ടിയിൽ ശിക്ഷാകേന്ദ്രമായിരുന്നെങ്കിലും, സുവിശേഷത്തിനായി കഷ്ടം സഹിച്ച യോഹന്നാൻ അപ്പൊസ്തലന് സ്വർഗ്ഗം തുറക്കപ്പെട്ട, വെളിപ്പാടുകൾ ലഭിച്ച വിശുദ്ധ സ്ഥലമായി അത് മാറി. അഥവാ കൃപയുടെ ആത്മീയ വെളിപാടുകളും ദർശനങ്ങളും പൂത്തുവിരിഞ്ഞ് ഫലം കായ്ച്ചുനിൽക്കുന്ന ഒരു സ്വർഗ്ഗീയ പൂന്തോട്ടമായി അത് മാറി. സ്വർഗ്ഗം അതിനെ മാറ്റി, സ്നേഹത്തിന്റെ അപ്പൊസ്തലന് കൊടുത്തു.

പുറലോകം അഥവാ ഭൗമമണ്ഡലം ഇതിനെ വീക്ഷിക്കുന്നത് ഒറ്റപ്പെടലിന്റെ ഒരു തുരുത്തായോ അല്ലെങ്കിൽ ശിക്ഷയുടെ ഒരു തടങ്കൽ പാളയമായിട്ടോ ആയിരിക്കാം. എന്നാൽ ഞാൻ മുകളിൽ എഴുതിച്ചേർത്ത വാക്കുകൾ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ; കൃപയുടെ ദൈവീക ദർശനങ്ങളും വെളിപാടുകളും സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കാണിച്ചുതരുന്ന ഒരു അദൃശ്യമണ്ഡലമാണിത്. ആത്മീയ കണ്ണുകൾകൊണ്ട് ഒന്ന് ശ്രമിച്ചാൽ, അവ്യക്തതയോടെയാണെങ്കിലും നമുക്കതിനെ കാണാൻ കഴിയും. അപ്പൊസ്തലന്റെ പ്രവചന പുസ്തകത്തിലെ വിവരണങ്ങളിലൂടെ വായിച്ചു ഗ്രഹിക്കുമ്പോൾ, ആത്മാവിന്റെ കണ്ണുകൾക്ക് കുരുടില്ലെങ്കിൽ മാത്രം! ആത്മീയ കുരുട് മാറ്റി ആത്മീയ കണ്ണുകൾ പ്രകാശിപ്പിച്ച്, ആ പ്രകാശത്തിൽ വാക്കുകളിലെ വിവരണങ്ങളിലെ സംഭവങ്ങൾ നഗ്നനേത്രങ്ങൾകൊണ്ട് നമുക്ക് കാണുവാൻ കഴിയുന്നതുപോലെ, അദൃശ്യമണ്ഡലങ്ങളിലെ സത്യവിവരണ കാഴ്ചകൾ നമുക്ക് കണ്ട് ആ സാന്നിധ്യം അനുഭവിക്കുവാൻ കഴിയും.

നമ്മുടെ ജീവിതത്തിലും ഇത്തരത്തിലുള്ള പത്മോസുകൾ ഉണ്ടാകുന്നത് നല്ലതാണ്. കാരണം നമ്മുടെ വിശ്വാസ ജീവിതത്തിന്റെ ശുദ്ധീകരണ ശോധനയ്ക്ക് അതു മുഖാന്തരമായി മാറും. തീയിൽ സ്ഫുടം ചെയ്ത് എടുക്കുന്ന പൊന്നാഭരണം പോലെ നമ്മളിൽ ഭരമേൽപ്പിച്ചിരിക്കുന്ന ശുശ്രൂഷകൾ ലോകത്തിൽ ശോഭിക്കുവാൻ, സ്വർഗ്ഗം തരുന്ന ചെറുതും വലുതുമായ പത്മോസുകൾ നമ്മളിൽ നിക്ഷിപ്തമായിരിക്കുന്ന കൃപാപര ശുശ്രൂഷകളുടെ ജ്വലനത്തിന് അതു മുതൽക്കൂട്ടായി മാറും.

പത്മോസ് ഒരു ഒറ്റപ്പെടലിന്റെ തുരുത്ത് തന്നെയാണ്; അതിൽ സംശയമില്ല. ഒരു ലൗകിക മനുഷ്യനെ സംബന്ധിച്ച് ആ ഒറ്റപ്പെടലിന്റെ തുരുത്തിനെ അതിജീവിക്കുവാൻ അവന് കഴിയില്ല. പക്ഷെ, വീണ്ടും ജനിച്ച ഒരു ദൈവപൈതലിനെ സംബന്ധിച്ച് ജീവിതത്തിലെ ഇത്തരത്തിലുള്ള ഒറ്റപ്പെടലുകൾ ദൈവിക വെളിപാടുകൾ സമ്മാനിക്കുവാൻ സ്വർഗ്ഗം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളാണ്, അഥവാ വേദികളാണ്. നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലം. എപ്പോഴും കേൾക്കുന്ന ഒരേയൊരു ശബ്ദം കടലിന്റെ ഇരമ്പലും പാറക്കെട്ടുകളിൽ വന്നുലയുന്ന അലകളുടെ ആഞ്ഞടിയും… ഇതിനെ തടങ്കൽ പാളയം എന്നല്ലാതെ മറ്റെന്താണ് പറയാനുള്ളത്?

പക്ഷെ, വീണ്ടും ജനിച്ച ഒരു ദൈവപൈതലിനെ സംബന്ധിച്ച് വിശ്വാസ ജീവിതമാകുന്ന പാറകളിൽ വന്നുലയുന്ന തിരമാലകൾ ക്രിസ്തുസാന്നിധ്യത്തിന്റെ അഥവാ ക്രിസ്തു ശബ്ദത്തിന്റെ ഇരമ്പലായിട്ടാണ് അവൻ അതിനെ വീക്ഷിക്കുന്നത്. ചുറ്റുമുള്ള ആ പാറകളാകട്ടെ ദൈവീക സംരക്ഷണത്തിന്റെ മതിൽകെട്ടുകളാണ്; ആ ഏകാന്തത ദൈവസാന്നിധ്യം രുചിച്ചറിയുവാനും ആസ്വദിക്കുവാനുമുള്ള ധന്യമായ നിമിഷങ്ങളാണ്.

പത്മോസ്, ഗുരുവിന്റെ മാറോട് ചാരിയിരുന്നവനോട് സ്വർഗ്ഗം കാട്ടിയ അന്യായവിധിയല്ല; മറിച്ച്, സകല മാനവരും ഒരിക്കൽ കർത്താവിന്റെ തിരുമുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടിവരുന്ന അന്ത്യന്യായവിധിയുടെ മുൻകൂട്ടിയുള്ള ഒരു രക്ഷാകര ദൗത്യ ഓർമ്മപ്പെടുത്തൽ കൂടിയാണിത്! ലോകത്തിന്റെ കണ്ണിൽ അത് ഏകാന്തതയുടെയും നിശബ്ദതയുടെയും തടവറയാണെങ്കിലും, അന്ത്യനാളിൽ ജീവന്റെ പുസ്തകത്തിൽ പേരുള്ളവർക്ക് ലഭിക്കാനിരിക്കുന്ന മഹത്വത്തിന്റെ വെളിപ്പാടുകളെക്കുറിച്ചുള്ള ദിവ്യമായ ഒരു മുന്നറിയിപ്പുകൂടിയാണ് ആ ദ്വീപ്.

അതിനാൽ, നമ്മുടെ ജീവിതത്തിലെ ഏകാന്തതയുടെയും പരീക്ഷണങ്ങളുടെയും ‘പത്മോസുകളെ’ ഓർത്ത് നാം ഭയപ്പെടേണ്ടതില്ല. കാരണം, അവിടെയാണ് സ്വർഗ്ഗം നമുക്കായി പുതിയ ദർശനങ്ങളുടെ വാതിലുകൾ തുറക്കുന്നതും, നമ്മുടെ ആത്മീയ കണ്ണുകളെ പ്രകാശിപ്പിക്കുന്നതും. ആ പത്മോസുകളുടെ തീച്ചൂളയിൽ സ്ഫുടം ചെയ്യപ്പെടുമ്പോൾ, നമ്മുടെ വിശ്വാസം കൂടുതൽ ശോഭയുള്ളതായി മാറുകയും, വരാനിരിക്കുന്ന നിത്യമഹത്വത്തിനായി വേഗം വരാമെന്ന് അരുൾ ചെയ്ത ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുവാനും കഴിയും. ജീവവൃക്ഷത്തിലും വിശുദ്ധ നഗരത്തിലുമുള്ള അംശം നീക്കിക്കളയാൻ ഇടവരുത്താതെ, ജീവിതത്തിൽ വരുന്ന പത്മോസുകളെ ദിനംതോറുമുള്ള ക്രൂശിന്റെ, ക്രൂശിൽ വെളിപ്പെട്ട സ്നേഹം ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കുാനുള്ള ജീവിതവേദികളായി, തുരുത്തുകളായി, സാക്ഷ്യത്തിന്റെ ജീവിത പത്മോസുകളായി മാറ്റി ക്രിസ്തു കൃപയിൽ ജയക്കൊടി പാറിച്ച് ആത്മാവിൽ മുന്നേറാം..!

ബിജു ജോസഫ്, ഷാർജ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading