ലേഖനം: റോമൻ കത്തോലിക്കാമതവും വഴിതെറ്റിച്ച പോപ്പുമാരും: മൂന്നു ആഫ്രിക്കന്‍ പോപ്പുമാർ ഭാഗം – 3 | പാസ്റ്റർ സണ്ണി പി സാമുവൽ

3) ഗലേഷസ് ഒന്നാമൻ

 

മൂന്നാമത്തെ ആഫ്രിക്കൻ പോപ്പ് ആയ ഗലേഷസ് ഒന്നാമൻ (492–496) ലിബെർ പൊന്തിഫിക്കലിസ് അനുസരിച്ചു ആഫ്രിക്കയിലെ റോമൻ പ്രവിശ്യയായ Natione Afer എന്ന ഇന്നത്തെ ടുണീഷ്യയിൽ ജനിച്ചു. വാൻഡെൽസ് ആഫ്രിക്ക ആക്രമിച്ചപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയിലേക്കു കുടിയേറി. അതിനാൽ ഇറ്റലിയിൽ ജനിച്ചു എന്നും ചില രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. കുറച്ചു കാലമേ അധികാരത്തിലിരുന്നുള്ളൂ എങ്കിലും അനേകം ദുഷിച്ച കീഴ്‌വഴക്കങ്ങൾക്കും താർക്കികമായ ദൈവശാസ്ത്രത്തിന്നും (Disputed theologies) ഇദ്ദേഹം തിരികൊളുത്തി. അതിലേറ്റവും പ്രധാനപ്പെട്ടതു ഞാൻ ക്രിസ്തുവിനെ വികാരി ആകുന്നു (I am the vicar of Christ) എന്ന പ്രഖ്യാപനം ആയിരുന്നു. ഞാൻ ക്രിസ്തുവിന്റെ പ്രതിനിധി, പ്രതിപുരുഷൻ, നിയുക്ത അധികാരി (Deputy) കാര്യസ്ഥൻ (Agent) എന്നീ നിലകളിലാണു Vicar of Christ എന്ന പ്രയോഗം ആരംഭിച്ചതെങ്കിലും അപകടകരമായ ദുരുപദേത്തിലേക്കും പാഷാണ്ഡതയിലേക്കും അതു നയിച്ചു. കത്തോലിക്കാ ദൈവശാസ്ത്രം അനുസരിച്ചു പോപ്പോ ഏതൊരു ഓർഡെയ്ഡ് പുരോഹിതനോ ദിവ്യബലി (ആ വാക്കു തന്നെ തെറ്റാണു) അർപ്പിക്കുമ്പോൾ In Persona Christie (In the person of Christ) ആയിട്ടാണു ശുശ്രൂഷിക്കുന്നത്. അതായതു, പുരോഹിതൻ ക്രിസ്തുവായി മാറുന്നു എന്നു സാരം. ക്രിസ്തുവിന്റെ വികാരിയായി പോപ്പു കുർബ്ബാന അർപ്പിക്കുമ്പോൾ സഭയുടെ ദൃശ്യമായ തല ആയിരിക്കുമ്പോൾത്തന്നെ സഭയുടെ അദൃശ്യ മഹാപുരോഹിതൻ ആയിരിക്കുന്ന ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. ആയതിനാൽ കുർബ്ബാനർപ്പണവേളയിൽ “ഇതു ക്രിസ്തുവിന്റെ ശരീരവും ഈ പാനപാത്രം ക്രിസ്തുവിന്റെ രക്തവും” എന്നു പവിത്രീകരിക്കപ്പെട്ട (Consecrated) അപ്പവീഞ്ഞുകളെക്കുറിച്ചു പറയാൻ പാടില്ല. മറിച്ചു, ക്രിസ്തുവിന്റെ കൃത്യമായ വാക്കുകൾ ഉപയോഗിച്ചു “ഇതു എന്റെ ശരീരവും ഈ പാനപാത്രം എന്റെ രക്തവും ആകുന്നു,” എന്നു അസന്നിഗ്ദ്ധമായി പറഞ്ഞിരിക്കണം. ഭൗതിക പുരോഹിതനിലൂടെ പ്രവർത്തിക്കുന്ന ക്രിസ്തു അപ്പവീഞ്ഞുകളെ മാറ്റുന്നു (Transubstantiation) എന്നാണോ കത്തോലിക്കാ തിയോളജി.

അപ്പോൾതന്നെ പോപ്പു വെറും മനുഷിക ഉപകരണം മാത്രമാണെന്നും പഠിപ്പിക്കുന്നു. എന്തൊരു അഹന്ത. ഈ സിദ്ധാന്തമനുസരിച്ചു കുർബ്ബാന കാൽവരിയിലെ കുരിശിൽ യേശു ഒരിക്കലായി നിവൃത്തിച്ച യാഗത്തിന്റെ പുനർനിർമ്മാണം പുനരവതരിപ്പിക്കാൻ ആകുന്നു. ഇവ്വിധം ജനങ്ങൾക്കുവേണ്ടി പോപ്പ് ആ നിത്യായാഗത്തിൽ പ്രവേശിക്കുന്നു. “എന്റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ” എന്നു നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവു പറഞ്ഞ ഉപദേശം എവിടെ? ഇവരുടെ വ്യതിചലിച്ച അതിരുവിട്ട സിദ്ധാന്തങ്ങൾ എവിടെ? ഈ വികലപഠിപ്പിക്കലിനു നാന്ദികുറിച്ചതു ഗലേഷസ് ഒന്നാമൻ ആയിരുന്നു. ഇതിലും ക്ഷുദ്രമായതു വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. എ.ഡി. 494 -ലെ Two sword Doctrine എന്ന സിദ്ധാന്തത്തിലൂടെ പോപ്പിനു രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയുംമേൽ ആത്മീയ അധികാരമുണ്ടെന്ന തീർപ്പു ബൈസെന്റൈൻ ചക്രവർത്തി അനസ്റ്റാറ്റസിയസിനു എഴുതിയ ഒരു കത്തിലൂടെ ഗലേഷസ് ഈ അധികാരശ്രേണിയെ ഔപചാരികമായി വ്യക്തമാക്കി. Duo sunt (There are two) എന്ന കത്തിലൂടെ ലോകഭരണക്രമത്തെ രണ്ടായി തരംതിരിച്ചു:- വിശുദ്ധാധികാരവും രാജകീയാധികാരവും. വിശുദ്ധാധികാരം (Auctoritas) എന്നതു പോപ്പിലും സഭയിലും നിക്ഷിപ്തം. രാജ്യാധികാരം (Potestas) രാജാക്കന്മാരിലും ചക്രവർത്തിമാരിലും ഏല്പിച്ചിരിക്കുന്ന താൽക്കാലിക അധികാരം മാത്രം. ദൈവത്തിന്റെ ന്യായവിധി നേരിടുമ്പോൾ രാജാക്കന്മാർ ഉൾപ്പെടെ എല്ലാവരുടെയുറ ആത്മാക്കൾക്കു പുരോഹിതന്മാർ ഉത്തരവാദികൾ ആയതിനാൽ ആത്മികാധികാരം ജന്മസിദ്ധമായി ഉന്നതവും ഭാരമേറിയതും (മൂല്യമേറിയതും) ആണെന്നു അദ്ദേഹം സിദ്ധാന്തിച്ചു. ആയതിനാൽ ചക്രവർത്തിയുടെ സിവിൽ നിയമങ്ങൾ പോപ്പ് അനുസരിക്കുന്നതിനൊപ്പം; വിശ്വാസം, കൂദാശകൾ, ആത്മികോപദേശങ്ങൾ എന്നിവക്കു ചക്രവർത്തി പോപ്പിനു കീഴടങ്ങിയിരിക്കണം എന്നായിരുന്നു ഗലേഷസ് വിധിച്ചത്. പോപ്പ് അനുസരിക്കുക (obey) രാജവു കീഴടങ്ങുക (submit) എന്നിങ്ങനെ വ്യത്യസ്തമായ വാക്കുകൾ കുശാഗ്രബുദ്ധിയോടെ പ്രഖ്യാപനത്തിൽ ചേർത്തതിനാൽ കാര്യം സുവ്യക്തം ആയല്ലോ. രണ്ടു വാളുകൾ എന്ന സിദ്ധാന്തം സ്ഥാപിക്കാനായി ലൂക്കോസ് 22:38-ലെ “കർത്താവേ ഇവിടെ രണ്ടു വാൾ ഉണ്ടു” എന്ന ഭാഗമാണു ആധാരമാക്കിയത്. താരതമ്യേന നിർദ്ദോഷം എന്നു തോന്നാവുന്ന ഈ നിയമവ്യാഖ്യാനം (അതായതു സഭയും രാഷ്ട്രീയവും രണ്ടാണോ) പില്ക്കാലത്തു യൂറോപ്പിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു.

ഇതിന്റെ ചൂവടുപിടിച്ചു ഗ്രിഗറി എട്ടാമൻ, “ആത്മാവു ശരീരത്തെക്കാൾ ഉൽകൃഷ്ടം ആയതിനാൽ (Superior) ആത്മിക അധികാരം രാജാധികാരത്തെക്കാൾ ഉയർന്നതാണു” എന്നു വാദിച്ചു ഹെന്റി നാലാമൻ രാജാവിനെ മുടക്കി. രാജാവു അതേ അധികാരം തിരിച്ചു ഉപയോഗിച്ചു, “എന്റെ ആധിപത്യാധികാരം ദൈവത്തിൽനിന്നു നേരിട്ടു ലഭിച്ചതാണു” എന്നു പറഞ്ഞു മതേതരകാര്യങ്ങളിൽ പോപ്പിന്റെ നിയന്ത്രണം വേണ്ട എന്നു പ്രഖ്യാപിച്ചു പൂർണമായും സ്വതന്ത്രനായി. എന്നാൽ അനന്തരം ഉണ്ടായ സംഭവവികാസങ്ങളിൽ രാജാവു പോപ്പിനു കീഴടങ്ങേണ്ടിവന്നു. എന്നിരുന്നാലും ചില നാളുകൾക്കു ശേഷം രാജാവു പോപ്പ് ഗ്രിഗറി എട്ടാമനോടു പകരം വീട്ടി. 1080-ൽ ജർമ്മനിയിൽ ഹെന്റി നാലാമൻ ആധിപത്യം ഉറപ്പിച്ചപ്പോൾ ഗ്രിഗൊറി ഏഴാമൻ അദ്ദേഹത്തെ മുടക്കി. ഇതു പ്രതീക്ഷിച്ചിരുന്ന രാജാവു ഒട്ടും മടിക്കാതെ തന്റെ അനുഭാവികളായ ബിഷപ്സിന്റെ കൗൺസിൽ വിളിക്കുകയും പോപ്പിനെ മുടക്കി പുറത്താക്കുകയും ചെയ്തു. റാവെന്നയിലെ ഗിൽബർട്ടിനെ ക്ലെമെന്റ് മൂന്നാമൻ എന്നപേരിൽ എതിർപോപ്പായി റോമിൽ വാഴിച്ചു. എതിർപ്പോപ്പ് അദ്ദേഹത്തെ ചക്രവർത്തിയായി വാഴിച്ചു. യഥാർത്ഥ പോപ്പ് പാലായിതനായി. 1084 ഹെന്റി നാലാമൻ റോമിൽനിന്നു സൈന്യത്തെ പിൻവലിച്ചപ്പോൾ ഗ്രിഗറി ഏഴാമൻ നോർമൻ സൈന്യത്തോടൊപ്പം തിരിച്ചുവന്നു. എന്നാൽ അവർ ദേശീയരെ അതിക്രൂരമായി ആക്രമിക്കുകയും റോമിനു തീയിടുകയും നഗരം കൊള്ളയടിക്കുകയും ചെയ്തു. ജനത്തെ അടിമകളായി വിറ്റു. റോമാപൗരന്മാർ ഇതിങ്കൽ ക്ഷുഭിതരാവുകയും കുറ്റം ഗ്രിഗറി നാലാമനിൽ ചുമത്തുകയും ചെയ്തു. ജനം അദ്ദേഹത്തിനെതിരെ തിരിഞ്ഞപ്പോൾ നോർമൽ സൈന്യത്തിന്റെ സംരക്ഷണയിൽ പോപ്പ് ഓടിപ്പോയി സലേർനോയിൽ പാർത്തു. തകർന്നുവനും രാഷ്ട്രീയമായി പരാജയപ്പെട്ടുവനും എല്ലാവരാലും പരിത്യക്തനും ആയി അദ്ദേഹം 1085 പ്രവാസത്തിൽ മരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ അവസാനവാക്കുകൾ അദ്ദേഹത്തിന്റെ കൈപ്പേറിയ ജീവിതത്തിന്റെ നേർസാക്ഷ്യം ആയിരുന്നു. “ഞാൻ നീതിയെ സ്നേഹിച്ചു. അനീതിയെ വെറുത്തു. അതിനാൽ ഞാൻ പ്രവാസത്തിൽ മരിക്കുന്നു.” ഈ വാക്കുകൾ എത്രത്തോളം ശരിയായിരുന്നുവെന്നു അദ്ദേഹത്തിന്റെ ചെയ്തികൾ വെളിപ്പെടുത്തുന്നുണ്ടല്ലോ.

റോമിലെ ഹിപ്പോലിറ്റസ് (217-235) മുതൽ ഫെലിക്സ് അഞ്ചാമൻ (1439-1449) വരെ ഏകദേശം നാല്പതോളം എതിർപോപ്പുമാർ ഉണ്ടായിട്ടുണ്ട്. ഇതിനിടെ ഗ്രേറ്റ് വെസ്റ്റേൺ സ്കിസത്തിന്റെ കാലത്തു (1378-1417) കത്തോലിക്കാസഭ പിളർന്നുമാറുകയും ഫ്രാൻസിലെ അവിങ്നോൻ കേന്ദ്രമാക്കി എതിർപാപ്പാ ഭരണം സ്ഥാപിതമാവുകയും യൂറോപ്പിലെ ഏറ്റവും വലിയ കൊട്ടാരം ആസ്ഥാന നഗരിയായി അവിടെ പണിയുകയും ചെയ്തു. എന്നാൽ ഫ്രഞ്ച് രാജാവിന്റെ പട്ടാളപിന്തുണ നഷ്ടപ്പെട്ട ബെനഡിക്റ്റ് അവിടെനിന്നു ഓടിപ്പോവുകയും സ്പെയിനിലെ Castle of Penicola-യിൽ അഭയംപ്രാപിച്ചു ശേഷിച്ചകാലം ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നു. അപ്പോഴും അദ്ദേഹം താൻ മാത്രമാണു യഥാർത്ഥ പോപ്പ് എന്നു മരണംവരെ ശഠിക്കുകയും വാദിക്കുകയും ചെയ്തു.

നാം ഇവിടെ ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്. പോപ്പിന് അപ്രമാദിത്വവും തെറ്റാവരവും ഉണ്ടോ? പോപ്പ് ക്രിസ്തുവിന്റെ വികാരി ആണോ? ലൂക്കോസു 22:38-ലെ രണ്ടു വാളുകളിൽ ഒന്നു പോപ്പിന്റെ കൈവശം ഉണ്ടോ? ഉണ്ടെങ്കിൽ ഇതൊക്കെ ഏതു പോപ്പിനാനു അവകാശപ്പെട്ടത്? 896-ൽ സ്റ്റീഫൻ ആറാമൻ തന്റെ മുൻഗാമിയായിരുന്ന Formosus-ന്റെ ശവകുടീരം തല്ലിപ്പൊട്ടിച്ചു അഴുകിയ ശരീരം എടുത്തു പോപ്പിന്റെ വസ്ത്രങ്ങൾ ധരിപ്പിച്ചു ഒരു സിംഹാസനത്തിൽ ഇരുത്തി. ഒരു പയ്യനെ ശവത്തിന്റെ വക്കീലായി നിയമിച്ചു ചോദ്യങ്ങൾക്കു ഉത്തരം പറയിപ്പിച്ചു. ഒടുവിൽ ശവത്തെ കുറ്റക്കാരനെന്നു വിധിച്ചു വസ്ത്രങ്ങൾ ഉരിഞ്ഞു ശവത്തിന്റെ മൂന്നു വിരലുകൾ മുറിച്ചുകളഞ്ഞു, പരദേശികൾക്കുള്ള സെമിത്തേരിയിൽ അടക്കി. ജീവിച്ചിരുന്നപ്പോൾ വിശുദ്ധ ആശിർവാദം നല്കിയിരുന്ന മൂന്നു വിരലുകളാണു മുറിച്ചുകളഞ്ഞത്. എന്നിട്ടും സ്റ്റീഫൻ-VI-നു തൃപ്തിവരാതെ ശവം വീണ്ടും മാന്തിയെടുത്തു ടൈബർ നദിയിൽ എറിഞ്ഞുകളഞ്ഞു. Pornocracy എന്നൊരു വാക്കു ഉണ്ടാകത്തക്കവിധം വേശ്യകൾ റോമിൽ ആസനം ഉറപ്പിച്ചിട്ടുണ്ട്. സ്ത്രീകൾ പത്രോസിനെ സിംഹാസനത്തിലിരുന്നു എങ്കിൽ ആ സിംഹാസനത്തിനു എങ്ങനെ അപ്പൊസ്തലികപിന്തുടർച്ച ലഭിക്കും? അമ്മയേയും മകളെയും പ്രാപിച്ച പാപ്പാന്മാരും ഉണ്ട്. ചോദ്യം വീണ്ടും ആവർത്തിക്കുന്നു. ഇതിൽ ആർക്കാണു തെറ്റാവരവും അപ്രമാദിത്വവും ഉണ്ടായിരുന്നതു? രണ്ടു വാളുകളിൽ ഒന്നു ഏതു പാപ്പായുടെ കൈവശം? ക്രിസ്തുവിന്റെ വികാരി ആർ? തങ്ങളുടെ ആസനം ഉറപ്പിക്കുവാൻ മനുഷ്യനിർമ്മിതമായ നിയമങ്ങൾ ഉണ്ടാക്കി ദൈവത്തെയും ദൈവികപ്രമാണങ്ങളെയും നീതിന്യായങ്ങളെയും കാറ്റിൽ പറത്തുന്ന ഏതൊരുവരുടെയും ചരിത്രഗതി നമുക്കു മുന്നറിയിപ്പാണ്. തെറ്റിക്കൂടായ്മയും അപ്രമാദിത്വവും ദൈവത്തിനും അവിടുത്തെ വചനത്തിനും മാത്രം. പുളിച്ച അപ്പക്കഷണത്തിലൂടെ അല്ല ഐക്യത പ്രദർശിപ്പിക്കുന്നത്. അതു സ്നേഹത്തിലൂടെയും ആത്മിക കൂട്ടായ്മയിലൂടെയും അന്യോന്യം ക്രിസ്തുവിനു കീഴടങ്ങുന്നതിലൂടെയും ആണു വെളിപ്പെടേണ്ടത്. ദൈവവചനത്തിനു മീതേ യാതൊരു വ്യക്തിയുമില്ല, ഒരുവിധ മാനുഷിക നിയമങ്ങളും ഇല്ല. ഈ തിരിച്ചറിവത്രേ സകലമനുഷ്യർക്കും ഭൂഷണം. ഹിന്ദിയിൽ ഒരു ചൊല്ലുണ്ടു:- കാനൂൻ സെ സബ്സെ ബഡാ അധികാരി കോയി നഹി. (നിയമത്തേക്കാൾ വലിയ അധികാരി ഇല്ല).

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading