കാൽഗറി, ആൽബർട്ട: കാനഡയിലെ ദൈവദാസന്മാരുടെയും സഭകളുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2029-ലെ PCIC ദേശീയ കോൺഫറൻസ് ഓണ്ടാരിയോയിൽ നടത്താൻ തീരുമാനിച്ചു. 2026-ലെ PCIC ദേശീയ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിലാണ് കാനഡ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ലീഡർ പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപനം നടത്തിയത്.
2029-ലെ ദേശീയ കോൺഫറൻസിന്റെ നാഷണൽ കൺവീനറായി പാസ്റ്റർ ബാബു ജോർജ് കിച്ചനറിനെ പ്രഖ്യാപിച്ചു. കിച്ചനറിൽ പ്രവർത്തിക്കുന്ന Mount Carmel Pentecostal Church-ന്റെ ശുശ്രൂഷകനായ പാസ്റ്റർ ബാബു ജോർജ് പ്രഭാഷകനും സംഘാടകനുമായി പ്രവർത്തിച്ചുവരുന്നു.
കോൺഫറൻസിന്റെ തുടർപ്രവർത്തനങ്ങളിലും ഒരുക്കങ്ങളിലും പാസ്റ്റർ ബാബു ജോർജിനൊപ്പം പാസ്റ്റർ മനീഷ് തോമസ് (Faith Christian Assembly, Edmonton), പാസ്റ്റർ വിക്ടർ ഫിലിപ്പ് (International Revival Assembly, Halifax) എന്നിവരും പ്രവർത്തിക്കും.
2026-ലെ PCIC ദേശീയ കോൺഫറൻസ് ആഗസ്റ്റ് 13 മുതൽ 16 വരെ കാൽഗറിയിലാണ് നടന്നത്. കാനഡയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ദൈവദാസന്മാരും സഭാ പ്രതിനിധികളും വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു.
2029 മുതൽ PCIC ദേശീയ കോൺഫറൻസ് രണ്ട് വർഷത്തിലൊരിക്കൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള സഭകളെയും ദൈവദാസന്മാരെയും കൂടുതൽ അടുത്ത് കൂട്ടിയിണക്കുക, പ്രാർത്ഥന, കൂട്ടായ്മ, ശുശ്രൂഷാ സഹകരണം എന്നിവ ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ ക്രമീകരണത്തിന്റെ ലക്ഷ്യം.
2026-ലെ ദേശീയ കൺവീനർ പാസ്റ്റർ വിൽസൺ കടവിൽ പുതിയ നേതൃത്വത്തിനും 2029-ലെ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്കും പ്രാർത്ഥനയും ആശംസകളും അറിയിച്ചു.
കാനഡയിലെ വിവിധ പ്രവിശ്യകളിലുള്ള ദൈവസഭകളുടെയും ദൈവദാസന്മാരുടെയും കൂട്ടായ്മ ശക്തിപ്പെടുത്തി, വരും തലമുറകൾക്കായി ദൈവരാജ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലപ്രദമായ വേദിയായി PCIC വളരട്ടെയെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

- Advertisement -


Comments are closed.