യാത്രാക്കുറിപ്പ്: തോരാത്ത മഴ നൽകിയ തീരാത്ത കണ്ണുനീർ| സാജൻ എബ്രഹാം, ദാമോഹ്, മധ്യപ്രദേശ്
മഴ കേരളത്തിന്റെ സൗന്ദര്യമാണ്, ജനജീവിതത്തിന്റെ അഭിന്ന ഭാഗവുമാണ്…
പക്ഷേ 2024 ജൂലൈ മുപ്പതിന് ശേഷം വയനാട്ടുക്കാർക്ക് മഴ ഭീതിയും ഭയവുമാണ്. തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലും ഹൃദയം തകർക്കുന്ന നീറുന്ന ഓർമ്മകളാണ് സമ്മാനിച്ചത്.
വളരെ വേണ്ടപ്പെട്ട ഒരു കുട്ടിയുടെ വിവാഹത്തിന് പങ്കെടുക്കുവാൻ കേരളത്തിലേക്ക് പോകേണ്ടിയിരുന്നതിനാൽ ട്രെയിൻ ടിക്കറ്റ് ചില ദിവസങ്ങൾക്ക് മുമ്പ് എടുത്ത് വെച്ചിരുന്നു. അങ്ങനെയിരിക്കവേയാണ് ഈ മഹാദുരന്തത്തിന്റെ വാർത്ത കാണുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നീ മൂന്ന് ഗ്രാമങ്ങളെ ഉരുൾപൊട്ടൽ ഇല്ലാതാക്കി കളഞ്ഞ ഒരു രാത്രി. ദൈവമേ ദൈവമേ… മനസ്സിൽ നിന്നും വാക്കുകളില്ലാത്ത പ്രാർത്ഥനകൾ ഉയർന്നു….. എപ്പോഴോ മനസ്സു പറഞ്ഞു പ്രാർത്ഥിച്ചാൽ മാത്രം പോരല്ലോ എന്തെങ്കിലും ചെയ്യേണ്ടേ…?
അവിടെയൊന്ന് പോകേണ്ടേ… ?
തീർച്ചയായിട്ടും പോകണം……. പോകാൻ പറ്റുമോ….? പെട്ടന്ന് വിജുച്ചാനെ കുറിച്ച് ഓർമ്മ വന്നു ( വ്യക്തിപരമായി ഞാൻ അറിയുന്ന ഒരേ ഒരു വയനാട്ടുകാരൻ ) അദ്ദേഹത്തിന് ഫോൺ ചെയ്തു ചോദിച്ചു, ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് പോകണമെന്നുണ്ട്.. അദ്ദേഹം പറഞ്ഞു പരിചയമുള്ളവർ ആ ഭാഗത്ത് കുറവാണ് എങ്കിലും ഞാൻ നന്നായി കാര്യങ്ങൾ തിരക്കി പറയാം. പക്ഷേ ഞാൻ തീരുമാനിച്ചു അവിടെ പോവുക തന്നെ വേണം……
രണ്ടു തവണ ഉരുൾപൊട്ടി, ജൂലൈ മാസത്തിലെ കനത്ത മഴ ചില ദിവസങ്ങളായി വയനാട്ടിൽ ശക്തമായിരുന്നു. മലഞ്ചരിവിലെ പുഞ്ചിരിമട്ടം,മുണ്ടക്കൈ, ചൂരൽമല തുടങ്ങിയ സുന്ദരഗ്രാമങ്ങൾക്കു ഭംഗി കൂട്ടുന്നത് സൂചിപ്പാറ വെള്ളച്ചാട്ടവും,പുന്നപ്പുഴയുമാണ്. പക്ഷേ ഇന്ന് ഈ ഭംഗി ഒന്നും അവിടെയില്ല, ഈ ഗ്രാമങ്ങൾ പോലും അവിടെ ഇല്ലെന്നുള്ളതാണ് സത്യം. ജൂലൈ 29 രാത്രി എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. വലിയൊരു ശബ്ദം ഉണ്ടായി ഉരുൾപൊട്ടി എന്ന് മനസ്സിലായി അല്പസമയം കഴിഞ്ഞ് വീണ്ടും ഒരു വലിയ ശബ്ദം രണ്ടാമതും ഉരുൾപൊട്ടി പിന്നെ നടന്ന സംഭവങ്ങൾ വാക്കുകൾക്ക് അതീതമാണ്. കണക്കുകൾ അനുസരിച്ച് 298 പേർ മരിച്ചു 32 പേരെ കുറിച്ച് ഒരു വിവരവുമില്ല… 183 വീടുകൾ ഇല്ലാതെയായി,130 വീടുകൾ ഭാഗികമായി തകർന്നു. ദുരന്ത ഭൂമിയിലെ വേദനയുണ്ടാക്കുന്ന കാഴ്ചകളിൽ ഒന്നാണ് മുണ്ടക്കൈയിലെ എൽപി സ്കൂൾ. മരിച്ച (കാണാതായ)33 കുട്ടികൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരുന്നു.
മധ്യപ്രദേശിൽ നിന്നും കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ചില സുഹൃത്തുക്കളോട് വയനാട്ടിൽ പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് പറയാതെ പലരും പണം അയച്ചു നൽകി അവിടെ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. നാട്ടിലുള്ള എന്റെ അനിയന്മാരോട് (സാം,സാജു) ചൂരൽ മലയിൽ പോകണം അവിടെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അവരും തയ്യാറായി. 100 പേർക്ക്…. സ്ത്രീകൾക്കും കുട്ടികൾക്കുമായി നൂറ് പേർക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാം. പലരുമായി സംസാരിച്ചു എവിടെയാണ് ഈ സാധനങ്ങൾ എത്തിക്കേണ്ടത്, അഞ്ചാം തീയതി വയനാട്ടിൽ നിന്നും വിജു അച്ചായൻ വിളിച്ചു. അദ്ദേഹം ഒരു പാസ്റ്ററിന്റെ നമ്പർ തന്നു. ഫോണിൽ ആ പാസ്റ്ററുമായി സംസാരിച്ചു. ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 300മീറ്റർ മാത്രം ദൂരത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ ഒരു ചർച്ച് ഉണ്ട്, മനസ്സിന് വളരെ സന്തോഷം തോന്നി. അദ്ദേഹം പറഞ്ഞു രാവിലെ അഞ്ചുമണിക്ക് മുമ്പ് കൽപ്പറ്റ ടൗൺ ക്രോസ് ചെയ്യണം രാവിലെ അഞ്ചുമണിക്ക് ശേഷം പോലീസ് വഴിഅടയ്ക്കും. ഞാൻ അഞ്ചാം തീയതിയിലെ വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലെത്തി. ഞങ്ങൾക്ക് ഒരു പുതിയ വീട് പണിയുന്നുണ്ടായിരുന്നു സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് ഇടയ്ക്കിടയ്ക്ക് പണി മുടങ്ങി കിടക്കാറും ഉണ്ടായിരുന്നു. പണിതീരാത്ത വീടിന്റെ ഒരു മുറി നിറയെ വയനാട്ടിലേക്ക് കൊണ്ടുപോകാനായി വാങ്ങിച്ച സാധനങ്ങൾ നിറച്ച് വെച്ചിരിക്കുന്ന കാഴ്ച കണ്ണ് നിറയിച്ചു.
അനിയന്മാർ സാധനങ്ങൾ വാഹനത്തിൽ കയറ്റിവെച്ചു.. (മഹേന്ദ്ര പിക്കപ്പ്) ഞങ്ങൾ വയനാട്ടിൽ പോകുന്നുണ്ട് എന്നറിഞ്ഞ് മറ്റ് പല സാധനങ്ങളും പലരുംവാങ്ങി നൽകി, മേസ്തിരിപ്പ്ണി ചെയ്യുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻ 30 കിലോ അരിയും മറ്റ് കുറെ സാധനങ്ങളും ഞങ്ങടെ അടുത്ത ജംഗ്ഷനായ കുളനടയിൽ കൊണ്ട് നൽകി.. ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരമ്മച്ചി ശാരീരികമായി ക്ഷീണിതയാണെങ്കിലും പതിയെ പതിയെ ഞങ്ങളുടെ വീട്ടിലെത്തി മക്കളെ നിങ്ങൾ വയനാട്ടിലേക്ക് പോവുകയാണ് അല്ലേ എനിക്കൊന്നും വാങ്ങിക്കാൻ പറ്റിയില്ല അല്പം പണം കൊണ്ടുവന്നിട്ടുണ്ട് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കണം.. വാങ്ങിച്ച സാധനങ്ങൾ കൊണ്ടു പോകാൻ നല്ലൊരു വാഹനം വേണം, അനിയന്മാരുടെ ഒരു സുഹൃത്തിനോട് തന്റെ വാഹനം തരുമോ എന്ന് ചോദിച്ചു. (വാഹനം മാത്രമല്ല ഡീസലിനുള്ള പണം കൂടി അദ്ദേഹം നൽകി.) പണത്തിന്റെ വലിപ്പത്തേക്കാൾ എത്രയോ വലുതാണ് ചിലരുടെ മനസ്സിന്റെ വലിപ്പം. വണ്ടിയുടെ മുൻപിലും പിറകിലും ഒരു ചെറിയ ബാനർ ‘ഹൃദയത്തിന്റെ ഒരു ഭാഗം വയനാടിന്’ വീട്ടിൽനിന്ന് ഉച്ചയ്ക്ക് 2. 20ന് യാത്ര ആരംഭിച്ചു. രാവിലെ അഞ്ചുമണിക്ക് മുമ്പ് കൽപ്പറ്റ ക്രോസ് ചെയ്യണം അതായിരുന്നു ലക്ഷ്യം. ഏകദേശം 400 കിലോമീറ്റർ 13 മണിക്കൂരിൽ കൂടുതൽ യാത്ര ഉണ്ടാവും. രാത്രി മുഴുവൻ വണ്ടിയോടിക്കണമല്ലോ എന്ന ചിന്ത വീട്ടിൽ നിന്നിറങ്ങിയപ്പോൾ മനസ്സിൽ ഉണ്ടായിരുന്നു. കുഴപ്പമില്ല മാറിമാറി ഓടിക്കാം, പക്ഷേ ആദ്യ ജംഗ്ഷനായ കുളനട മുതൽ ഞങ്ങൾക്ക് ലഭിച്ച അഭിനന്ദനങ്ങൾ കൂടുതൽ കരുത്ത് നൽകി വഴിയോരങ്ങളിൽ കാണുന്നവരെല്ലാം കൈവീശിയും കൈകൂപ്പിയും ആശംസകൾ അറിയിച്ചു. ഓവർടേക്ക് ചെയ്തു വരുന്ന ബസ്സിലെയും മറ്റു വാഹനങ്ങളിലെയും യാത്രക്കാർ കൈവീശി പ്രോത്സാഹനം നൽകി. കുറവിലങ്ങാട് എന്ന സ്ഥലം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ഹോൺ അടിച്ചു കൊണ്ട് ഒരു ബൈക്ക് യാത്രക്കാരൻ ഞങ്ങളെ കൈവീശി കാണിച്ചു വാഹനം നിർത്തുവാൻ. ഞങ്ങൾ സൈഡിലേക്ക് വാഹനം നിർത്തി 35 -40 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ “നിങ്ങൾ വയനാട്ടിലേക്ക് പോവുകയാണല്ലോ,ഏതെങ്കിലും സംഘടനയുടെ പേരിലാണോ പോകുന്നത് ?”. “അല്ല.. ഞങ്ങൾ മൂന്നു പേരും സഹോദരങ്ങളാണ് ഞങ്ങളുടെ മനസ്സിൽ ഉണ്ടായ ആഗ്രഹപ്രകാരം ഞങ്ങൾ അവിടേക്ക് പോകുന്നു” . ആ ചെറുപ്പക്കാരൻ ഒത്തിരി സന്തോഷത്തോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു എനിക്കും പോകണമെന്ന് ആഗ്രഹമുണ്ട് പക്ഷേ പല കാരണങ്ങളാൽ കഴിയുന്നില്ല. ഞാൻ അല്പം പണം നൽകാം ഞങ്ങൾ പറഞ്ഞു എന്തെങ്കിലും സാധനം വാങ്ങി അവിടെ കൊടുക്കാം അദ്ദേഹം പറഞ്ഞു വേണ്ട…ഈ പൈസ നിങ്ങൾക്ക് മൂന്നു പേർക്കും ഭക്ഷണം കഴിക്കാൻ ആണ് നൽകുന്നത് അനിയന്റെ ഗൂഗിൾ പേയിലേക്ക് അദ്ദേഹം പണം അയച്ചു. ചേട്ടാ പേരെന്താ ? അദ്ദേഹം പറഞ്ഞു “പേരൊക്കെയെന്തിനാ പറയുന്നേ,ഇത്ര ചെറിയ ഒരു കാര്യം ചെയ്തിട്ട് പേരും അഡ്രസ്സൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം ?” ഒരു ചിരിയോടുകൂടി അദ്ദേഹം മുൻപോട്ടു പോയി. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു … ചെറിയ ഇരുട്ട് ആയിതുടങ്ങി അപ്പോഴാണ് മനസ്സിലായത് വണ്ടിയുടെ ഒരു ലൈറ്റ് നന്നായി കത്തുന്നില്ല മുമ്പോട്ട് പോയാൽ കൂടുതൽ പ്രശ്നം ആകും, ചുരം കയറേണ്ടതാണ്. വർക്ക്ഷോപ്പ് നോക്കി കുറേക്കൂടി മുൻപോട്ട് പോയി ഏകദേശം എട്ടു മണിയായപ്പോൾ വഴിയോരത്ത് ഒരു വർക്ക് ഷോപ്പിന്റെ ബോർഡ് കണ്ടു വണ്ടി സൈഡിൽ ഒതുക്കി. റോഡിൽ നിന്ന് കുറച്ച് ഉള്ളിലാണ് രണ്ടുപേർ അവിടെ ഇരിപ്പുണ്ട്.. ചേട്ടാ വണ്ടിയുടെ ഹെഡ് ലൈറ്റിന്റെ ബൾബ് ഒന്ന് മാറിയിടണം.. ബൾബ് ഞങ്ങൾ വാങ്ങിച്ചു ഇട്ടു നൽകിയാൽ മതി. അയ്യോ പണിക്കാർ എല്ലാം പോയല്ലോ ഇനിയിപ്പോ പറ്റില്ല,ഒന്ന് നോക്ക് ചേട്ടാ ഇല്ല ചെയ്യാൻ പറ്റില്ല പണിക്കാർ ഇല്ല… അല്പം മുമ്പോട്ട് നടന്നിട്ട് തിരികെ വന്നു ചോദിച്ചു അതെ ചേട്ടാ മുമ്പോട്ട് പോയാൽ ഇനിയും വർക്ക്ഷോപ്പ് എവിടെയാണ് ഉള്ളത് എത്ര ദൂരം പോകേണ്ടിവരും…. അത്ര സന്തോഷം ഇല്ലാതെ ആ ചേട്ടൻ ചോദിച്ചു നിങ്ങൾ എങ്ങോട്ടാ പോകുന്നേ…? വയനാട് ചൂരൽ മലയിലേക്ക് പോവുകയാണ് ആ ചേട്ടൻ ചോദിച്ചു ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് പോവുകയാണോ.. അതെ ചേട്ടാ അങ്ങോട്ട് പോവുകയാണ്…അദ്ദേഹം ചാടി എഴുന്നേറ്റു അത് പറയണ്ടേ എവിടെയാ വണ്ടി. ഞാൻ പറഞ്ഞു ഇങ്ങോട്ട് കൊണ്ടുവരാം . അദ്ദേഹം വേണ്ട ഞാൻ അങ്ങോട്ട് വരാം കൂടെയുള്ള തന്റെ കൂട്ടുകാരനെയും മറ്റ് രണ്ടുപേരെ ഫോണിൽ ഉടനെ അദ്ദേഹം വിളിച്ചു റോഡിൽ വണ്ടിയുടെ അടുത്തേക്ക് വന്നു,വണ്ടിയുടെ കീഴിൽ പെട്ടെന്ന് കയറി ഒരാൾ ബോണറ്റ് തുറന്നു 10 മിനിറ്റിനകം ബൾബ് മാറ്റിയിട്ടു. പലതവണ ശരിയായി ബൾബ് വർക്ക് ചെയ്യുന്നുണ്ടോ എന്ന് അദ്ദേഹം നോക്കി…ചേട്ടാ വളരെ സന്തോഷം എത്രയാണ് പണിക്കൂലി ആ ചേട്ടൻ ഒരു ചെറു പുഞ്ചിരിയോടെ ഒന്നും വേണ്ട നിങ്ങൾ പോയിട്ട് വാ…. കൂടെയുള്ളവരും തലയാട്ടി നിങ്ങൾ പോയിട്ട് വാ…… ഞങ്ങൾ സന്തോഷത്തോടെ വീണ്ടും യാത്ര തുടങ്ങി.
രാത്രി 11 മണി കഴിഞ്ഞപ്പോൾ എന്തെങ്കിലും കഴിക്കാം അല്ലെങ്കിൽ പിന്നെ ഒന്നും കിട്ടാതാകും എന്ന് ചിന്തിച്ച് റോഡ് സൈഡിൽ കണ്ട ഒരു ഹോട്ടലിന്റെ മുൻപിലേക്ക് വാഹനം നിർത്തി. ആ ഹോട്ടലിന്റെ പുറകുവശത്താണ് ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ക്രമീകരണ ചെയ്തിരിക്കുന്നത്… ഓർഡർ ചെയ്തു ഭക്ഷണം കഴിച്ചു.. കൈകഴുകി ഞങ്ങൾ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനായി ഞങ്ങൾ ഇരുന്ന സ്ഥലത്ത് വന്നിരുന്നു ബില്ല് കൊണ്ട് തരുന്നില്ല. ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറഞ്ഞു “ഞങ്ങൾക്ക് ഇതുവരെ ബില്ല് നൽകിയില്ല”. അദ്ദേഹം പറഞ്ഞു ഞാൻ ഇപ്പോൾ കൊണ്ടുവരാം അല്പസമയത്തിനുശേഷം അദ്ദേഹം തിരിച്ചുവന്നു പറഞ്ഞു മുമ്പിലാണ് ക്യാഷ് കൗണ്ടർ അങ്ങോട്ട് പൊയ്ക്കോ… ബില്ല് അവിടെ തരും ഞങ്ങൾ മൂന്നുപേരും ചെന്നപ്പോൾ ഹോട്ടലിന്റെ മുതലാളി ഉൾപ്പെടെ ആറുപേർ അവിടെ നിരന്ന് നിൽപ്പുണ്ട്. ഞങ്ങൾ ആശ്ചര്യത്തോടെ അവരെ നോക്കി ബില്ല് കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ …ആ ഹോട്ടൽ മുതലാളി ചോദിച്ചു “നിങ്ങൾ വയനാട്ടിലേക്ക് പോവുകയല്ലേ, ചൂരൽ മലയിലേക്ക് “? “ഞങ്ങൾ പറഞ്ഞു അതെ”…അദ്ദേഹം പറഞ്ഞു “അതുകൊണ്ടാണ് ബില്ല് തരാഞ്ഞത് നിങ്ങൾ സന്തോഷത്തോടെ പൊയ്ക്കൊള്ളുക (അടുത്ത വാക്ക് ഞെട്ടിച്ചു കളഞ്ഞു) തിരിച്ചു വരുമ്പോഴും ഇവിടെ കേറി ഭക്ഷണം കഴിച്ചിട്ട് പോകണം” “ഞങ്ങൾ പറഞ്ഞു ചേട്ടാ പൈസ കയ്യിലുണ്ട് വഴിയിൽ ഒരാൾ ഭക്ഷണം കഴിക്കാൻ പൈസ നൽകിയിരുന്നു”. പക്ഷേ അവർ പൈസ വാങ്ങിയില്ല… ഒന്നും വേണ്ട നിങ്ങൾ പോയിട്ട് വാ ഞങ്ങൾ ഒരുമിച്ച് നിന്ന് ഒരു ഫോട്ടോ എടുത്തു . അവരെ ഓരോരുത്തരെയും ഞങ്ങൾ ആലിംഗനം ചെയ്ത് പിരിഞ്ഞു കരയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട്.
ഈ മൂന്ന് അനുഭവങ്ങൾ ഓർത്തെഴുതുന്ന ഈ സന്ദർഭത്തിലും എന്റെ കണ്ണുകൾ ഈറനാവുന്നുണ്ട് .. ഇങ്ങനെയുള്ള മനുഷ്യർ കേരളത്തിലല്ലാതെ ലോകത്തെങ്ങും കാണില്ല.
ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി അഞ്ചുമണിക്ക് മുമ്പ് കൽപ്പറ്റ ക്രോസ് ചെയ്യണമല്ലോ … രാത്രി മുഴുവൻ ഞങ്ങൾ മാറിമാറി വാഹനം ഓടിച്ചു. അതിരാവിലെ കൽപ്പറ്റ ടൗൺ ക്രോസ്സ് ചെയ്ത് വാഹനം മുന്നോട്ട് പോവുകയാണ്. വഴിയോരത്തെല്ലാം റെസ്ക്യൂ ടീമുകളുടെ വാഹനങ്ങളും മറ്റും കാണാൻ കഴിയുന്നുണ്ട്.. അല്പം കൂടി മുമ്പോട്ട് ചെന്നപ്പോൾ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് റോഡ് അടയ്ക്കുകയാണ് പോലീസ് പറഞ്ഞു അകത്തേക്ക് പോകാൻ കഴിയില്ല…ഞങ്ങൾ പറഞ്ഞു അകത്തേക്ക് പോകണം. ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു മുമ്പോട്ട് എവിടേക്കാണ് പോകേണ്ടത്…? ചർച്ചിലേക്ക് പോകണം എന്നു പറഞ്ഞപ്പോൾ അദ്ദേഹം ഉടനെ ബാരിക്കേഡ് മാറ്റിത്തന്ന് ഞങ്ങളെ പോകുവാനനുവദിച്ചു (പിന്നെയാണ് മനസ്സിലായത് അവിടെ ഒരു കത്തോലിക്ക പള്ളി ഉണ്ടായിരുന്നു എന്നും,അവിടേക്ക് എന്ന് വിചാരിച്ച് ആവാം ഞങ്ങളെ അകത്തേക്ക് വിട്ടഅതെന്നും). എന്തായിരുന്നാലും ഞങ്ങൾ പാസ്റ്ററിന്റെ വീട്ടിൽ എത്തിച്ചേർന്നു. റോഡിൽ നിന്നും അല്പം മുകളിലായി ചർച്ചും അതിനോട് ചേർന്ന് അദ്ദേഹത്തിന്റെ വീടുമാണ്. ചില സഹോദരങ്ങൾ അവിടെ ഉണ്ടായിരുന്നു . ഞങ്ങൾ പറഞ്ഞു “ചർച്ച് തുറന്നാൽ വിശ്രമിക്കാമായിരുന്നു”. അവർ പറഞ്ഞു ചർച്ചിനകത്ത് അല്പം പോലും സ്ഥലമില്ല റസ്ക്യൂവിന് പങ്കെടുക്കുന്ന ജെസിബി ഡ്രൈവർമാർ രാത്രിയിൽ എവിടെയാണ് ഉറങ്ങുന്നത്, രാവിലെ റസ്ക്യൂവിനു പോയാൽ പിന്നെ അവർ രാത്രിയിലെ തിരിച്ചു വരികയുള്ളൂ, അതുകൊണ്ട് ചർച്ച് തുറന്നു കൊടുത്തു പോയി നന്നായി കിടന്നു ഉറങ്ങട്ടെ.
(യേശുവിനായി ഹൃദയം തുറന്നു കൊടുത്തവർ, യേശു ഹൃദയത്തിലുള്ളവർ) കൊണ്ടുപോയ സാധനങ്ങൾ പാസ്റ്ററും സഹോദരങ്ങളും ചേർന്ന് ചർച്ചിൽ ഇറക്കിവച്ചു. (ക്യാമ്പുകളിലും പല വീടുകളിലുമായി ആവശ്യമുള്ള സാധനങ്ങൾ അവർ ചില ദിവസങ്ങൾക്ക് ശേഷം എത്തിച്ചു കൊടുത്തു എന്ന് അറിഞ്ഞു). അരമണിക്കൂർ വിശ്രമിച്ചതിനു ശേഷം ഉരുൾപൊട്ടിയ സ്ഥലത്തേക്ക് പോയി. ചെളി നിറഞ്ഞു കിടക്കുന്ന വഴി, പതിയെ മാത്രമേ നടക്കാൻ കഴിയുകയുള്ളൂ. കുറച്ചുകൂടി മുന്നോട്ടു ചെന്നപ്പോൾ ഒരു ടെന്റ് കാണാം അവിടെ പേർ റജിസ്റ്റർ ചെയ്തിട്ട് വേണം റെസ്ക്യൂവിനായി പോകുവാൻ. ചില ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞു ഇന്നുമുതൽ ആരെയും അങ്ങോട്ട് വിടുന്നില്ല കാരണം, ഇനിയുമുള്ള തിരച്ചിൽ ജെസിബി കൊണ്ടുള്ളതാണ്, മറ്റ് തിരച്ചിലുകൾക്ക് കുറെ ആളുകൾ അവിടെ ഉണ്ട് അതുകൊണ്ട് നിങ്ങൾ പോകണ്ട….ഞാൻ ഇതിനു വേണ്ടി മധ്യപ്രദേശിൽ നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോൾ അഡീഷണൽ കളക്ടർ എന്നോട് ചോദിച്ചു, “അവിടെ പോയി എന്ത് ചെയ്യാനാണ്”, ഞാൻ പെട്ടെന്ന് പറഞ്ഞു “പ്രാർത്ഥിക്കാനാണ് സാർ”. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു “ഇപ്പോഴോ, അഞ്ചുദിവസം മുമ്പ് ചെയ്യണമായിരുന്നു. നിങ്ങൾ ഏതെങ്കിലും സംഘടനയുടെ പേരിൽ വന്നതാണോ”…. “അല്ല സാറേ ഞങ്ങൾ സഹോദരങ്ങളാണ്”. അദ്ദേഹം പറഞ്ഞു “വ്യക്തികൾക്ക് റെസ്ക്യൂ പാസ് നൽകാൻ കഴിയില്ല, ഏതെങ്കിലും സംഘടനയുടെ പേരിൽ മാത്രമേ പാസ് നൽകാൻ പറ്റുകയുള്ളൂ”. ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു, “സാർ ഞങ്ങൾക്കൊരു സൗണ്ട് സിസ്റ്റത്തിന്റെ ഷോപ്പ് ഉണ്ട്, അതിന്റെ റജിസ്റ്റേഷൻ കാർഡ് കയ്യിലുണ്ട്, അതുകൊണ്ട് പറ്റുമോ”…? അദ്ദേഹം പറഞ്ഞു ഒന്ന് കാണിച്ചേ……. അത്ഭുതമെന്നു പറയട്ടെ അദ്ദേഹം ഞങ്ങൾക്ക് അകത്തേക്ക് പോകാനുള്ള ബാഡ്ജ് അഥവാ പാസ് എഴുതി നൽകി… (നന്ദി സാറേ) .
മുണ്ടക്കൈ ടൗൺ മുതൽ ചെളി മൂടി കിടക്കുകയാണ്. നടന്നു മുമ്പോട്ടു പോകാൻ വളരെ ബുദ്ധിമുട്ടാണ് എങ്കിലും ഞങ്ങൾ റെസ്ക്യൂ ടീമിനോടൊപ്പം ചേർന്നു മുമ്പോട്ട് നടന്നു രണ്ടുമൂന്നു മിനിറ്റിനുശേഷം കണ്ട കാഴ്ച അതി ഭീകരമായിരുന്നു. ഉരുൾപൊട്ടൽ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ അതുവരെ. ആദ്യമായിട്ടാണ് കൺമുൻപിൽ കാണുന്നത്. തകർന്നു കിടക്കുന്ന വീടുകൾ, വാഹനങ്ങൾ, രണ്ടു നിലയെക്കാൾ പൊക്കമുള്ള കല്ലുകൾ, മരങ്ങളും തടിക്കഷണങ്ങളും പരന്നു കിടക്കുന്നു. ഉരുൾപൊട്ടൽ എടുത്തുകൊണ്ടു പോയ വീടുകളുടെ പകുതി ഭാഗങ്ങൾ… അവിടെ കണ്ട കാഴ്ചകൾ പറഞ്ഞു തീർക്കാൻ പറ്റുന്നതിലും അധികമാണ്.
ഞങ്ങൾക്ക് അവിടെ ആരെയും പരിചയമില്ലല്ലോ പക്ഷേ വളരെ പെട്ടെന്ന് ഒരു മുഖം പരിചയമായി തോന്നി, ന്യൂസ് ചാനലിലെ അവതാരകൻ ഹാഷ്മി താജ് ഇബ്രാഹിം! പെട്ടെന്ന് ചെന്ന് ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ചു (അദ്ദേഹവും പന്തളം കാരനാണ് ) പെട്ടെന്ന് മഴ വീണ്ടും പെയ്യാൻ തുടങ്ങി പകുതി ഇളകിപ്പോയ ഒരു വീടിന്റെ സൈഡിൽ കയറി നിന്നു, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, പാവകൾ, ഫാമിലി ഫോട്ടോ, ചെടിയിൽ പൂഴ്ന്നു അവിടെവിടങ്ങളായി കിടക്കുന്നുണ്ട്. തകർന്ന വീടുകളുടെ ഉള്ളിലെ കാഴ്ചകൾ ഹൃദയത്തെ വല്ലാണ്ട് തകർത്തു കളഞ്ഞു. മഴ മാറിയപ്പോൾ ഞങ്ങൾ വീണ്ടും റെസ്ക്യൂ ടീമിനോടൊപ്പം ചേർന്നു… ഉരുൾപൊട്ടിയ സമയത്ത് അവിടെ നിന്നും ഓടിപ്പോയ ഒരു കുടുംബം അവിടെ വന്നു അവർ കൈ ചൂണ്ടി ഓരോ സ്ഥലങ്ങളും കാണിച്ച് പറഞ്ഞു ഇവിടെയൊക്കെ വീടുകൾ ഉണ്ടായിരുന്നു ഇപ്പോൾ അതിന്റെ അടിസ്ഥാനങ്ങൾ പോലും ഇല്ല. ആ രാത്രിയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇരുട്ടിൽ എങ്ങോട്ടോ ഓടിയവർ, കൈപിടിച്ച് കൂടെയുണ്ടെന്ന് പറഞ്ഞവർ, എനിക്കൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞവഎല്ലാവരും മണ്ണിനടിയിലോ ചാലിയാർ പുഴയിലോ എവിടെ എന്നറിയില്ല എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോയി.
ദുരന്ത ഭൂമിയിൽ അവശേഷിച്ചവരുടെ ദുഃഖത്തിൽ പങ്കുചേരുവാൻ ലഭിച്ച അവസരത്തെ വലിയ ഭാഗ്യമായി കരുതുന്നു. പക്ഷേ ചിലപ്പോഴൊക്കെ ഓർക്കും പോകേണ്ടിയിരുന്നില്ലെന്ന്, കാരണം അത്രയ്ക്കും മനസ്സ് തകർത്ത കാഴ്ചകളായിരുന്നു അവിടെ കണ്ടത് ഉരുൾപൊട്ടുന്നതിന്റെ ചില ദിവസം മുമ്പ് മുതൽ തന്നെ അവിടെയുള്ള നാട്ടുകാർ പറഞ്ഞു *പച്ചമഞ്ഞൾ അരച്ചാൽ ഉണ്ടാകുന്ന മണം* ഇടയ്ക്കിടയ്ക്ക് അനുഭവപ്പെട്ടിരുന്നു.
അതിസുന്ദരമായ സൂചിപ്പാറ വെള്ളച്ചാട്ടം ആ ഗ്രാമങ്ങളെ വിഴുങ്ങി കളഞ്ഞു. വളരെ ദൂരത്ത് ചാലിയാർ പുഴയിൽ മനുഷ്യ ശരീരങ്ങളുടെ ഭാഗങ്ങൾ ഒഴുകി നടക്കുന്നുണ്ടായിരുന്നു….. ഡിഎൻഎ തെളിയിച്ച അവയവ ഭാഗങ്ങൾ കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരുടെതാണെന്ന് മനസ്സിലാക്കി അടക്കം ചെയ്തു. 32 പേർ എവിടെയെന്ന് ഇന്നും ആർക്കും അറിയില്ല, അതിൽ ഒരാളാണ് ആദ്യം ഫോണിലൂടെ സഹായത്തിന് അഭ്യർത്ഥിച്ചു നീതു എന്ന സഹോദരി. ഭർത്താവും മകളും രണ്ടു വർഷമായി കാത്തിരിക്കുന്നു…. ഇവിടെ എന്റെ നീതുവിന്റെ ശവകുടീരം എന്ന് ചൂണ്ടിക്കാണിക്കാൻ പോലും പറ്റാതെ വിറങ്ങലിച്ചു പോകുന്ന മനസ്സുമായി നീതുവിന്റെ ഭർത്താവും, മകളും, വീട്ടുകാരും. മരണപ്പെട്ടവരുടെ മൃതദേഹങ്ങളും, ശരീര അവയവങ്ങൾ കിട്ടിയതും ഒരുമിച്ച് ഒരു സ്ഥലത്താണ് അടക്കം ചെയ്തിരിക്കുന്നത്. ആ ശ്മശാനത്തിന്റെ പേര് ഹൃദയ ഭൂമി എന്നാണ് . ചെറുപ്പക്കാരായ അനീഷും ഭാര്യ സയനയും ഇടയ്ക്കിടയ്ക്ക് ആ ശ്മശാനത്തിൽ എത്താറുണ്ട്, അവിടെ അവരുടെ 3 ആൺകുട്ടികളും അനീഷിന്റെ അമ്മയും ഉറങ്ങുന്നുണ്ടത്രേ.. “ചോക്ലേറ്റും ചെറിയ ചെറിയ കളിപ്പാട്ടങ്ങളും ആയിട്ടാണ് വരുന്നത്, എന്തിനാ ജീവിക്കുന്നത് മനസ്സിലാകുന്നില്ല”, അനീഷിന്റെ വാക്കുകളാണ്. മുണ്ടക്കൈ സ്വദേശി നൗഫൽ വിദേശത്തുനിന്നും ഉരുൾപൊട്ടിയ വിവരമറിഞ്ഞ് നാട്ടിൽ വന്നതാണ്, തന്റെ ഭാര്യയും മക്കളും അപ്പനും അമ്മയും ആരും അവിടെ ശേഷിച്ചിരിപ്പില്ല
വിങ്ങുന്ന ഹൃദയവുമായി മക്കൾ നഷ്ടപ്പെട്ട അപ്പനമ്മമാർ,ഭാര്യ നഷ്ടപ്പെട്ടവർ, ഭർത്താവ് നഷ്ടപ്പെട്ടവർ, മക്കൾ നഷ്ടപ്പെട്ടവർ, അപ്പനും അമ്മയും നഷ്ടപ്പെട്ട കുഞ്ഞുമക്കൾ
ദൈവമേ മുമ്പോട്ട് പോകാൻ ഓരോരുത്തർക്കും ശക്തി കൊടുക്കണമേ. എനിക്കും എന്റെ രണ്ട് സഹോദരന്മാർക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ് (ആഗസ്റ്റ് 6) നൽകിയത്. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ഗ്രാമങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യൻ ആർമി നിർമ്മിച്ച ബെയിലി പാലം മറക്കാൻ കഴിയുന്നതല്ലല്ലോ.(1936 ബ്രിട്ടീഷ് എൻജിനീയർ “റൊണാൾഡ് കോൾമാൻ ബെയിലിയുടെ അതിവിസ്മയ കണ്ടുപിടുത്തമാണ് ആ പാലത്തിന്റെ നിർമ്മാണ രീതി)”എല്ലാം മറന്ന് റെസ്ക്യൂവിൽ പങ്കെടുത്തവർക്കും, ഞങ്ങളെപ്പോലെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് സഹായവുമായി ഓടിയെത്തിയവർക്കും, നിറഞ്ഞ മനസ്സോടെ കൂപ്പുകൈ ഇങ്ങനെയുള്ള ദുരന്തങ്ങൾ ഇനിയും സംഭവിക്കാതിരിക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം. “മനുഷ്യർ നിങ്ങൾക്കു ചെയ്യണം എന്നു നിങ്ങൾ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്കും ചെയ്യുവിൻ ”
ദുരന്തങ്ങളെക്കാൾ എത്രയോ ഭീകരമാണ് ദുരന്തത്തിന്റെ ഓർമ്മകളും തീരാനഷ്ടങ്ങളുമായി ജീവിക്കുന്ന മനുഷ്യരുടെ മനസ്സും
സാജൻ എബ്രഹാം, ദാമോഹ്, മധ്യപ്രദേശ്

- Advertisement -


Comments are closed.