ഒഴുക്കിൽപ്പെട്ട പാസ്റ്ററുടെ ഭാര്യയെയും മകളെയും കൊച്ചുമകനെയും യുവാവ് സാഹസികമായി രക്ഷപ്പെടുത്തി

ആർപ്പൂക്കര: പുഴയിൽ വീണ് ശക്തമായ ഒഴുക്കിൽപ്പെട്ട ആർപ്പൂക്കര ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിലെ പാസ്റ്റർ രാജീവിന്റെ ഭാര്യയെയും മകളെയും രണ്ടര വയസ്സുള്ള കൊച്ചുമകനെയും യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. ആർപ്പൂക്കര മുക്കേൽ പാലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം.

കോട്ടയം കഞ്ഞിക്കുഴി സ്വദേശികളായ മിനി രാജീവ് (52), മകൾ ബെയാന (26), ബെയാനയുടെ രണ്ടര വയസ്സുള്ള മകൻ ജോഹാൻ ജോബി എന്നിവരാണ് മഴയെ തുടർന്ന് നിറഞ്ഞൊഴുകിയ പെണ്ണാർ തോട്ടിൽ വീണത്.

കുഞ്ഞ് തോട്ടിലേക്ക് വീഴുന്നത് കണ്ട ബെയാന കുഞ്ഞിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നാലെ മിനിയും തോട്ടിലേക്ക് ചാടി. ഇതിനിടെ ബെയാന ശക്തമായ ഒഴുക്കിൽപ്പെട്ട് കുറച്ചുദൂരം ഒഴുകിപ്പോയി.

സമീപത്തുണ്ടായിരുന്ന സ്ത്രീകളുടെ നിലവിളി കേട്ട് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗവും സിപിഐ പിണഞ്ചിറക്കുഴി ബ്രാഞ്ച് സെക്രട്ടറിയുമായ ആർപ്പൂക്കര വെസ്റ്റ് തൊള്ളായിരംചിറ വീട്ടിൽ ബിനോയി ടി. കുര്യാക്കോസ് ഓടിയെത്തി. തുടർന്ന് പുഴയിലേക്ക് ചാടി മൂന്നു പേരെയും സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിക്കുകയായിരുന്നു.

ബിനോയിയുടെ സമയോചിതമായ ഇടപെടലാണ് മൂന്ന് ജീവനുകൾ രക്ഷപ്പെടാൻ കാരണമായത്.

പാസ്റ്റർ രാജീവും കുടുംബവും പ്രാർത്ഥനയ്ക്കായി ആർപ്പൂക്കരയിലെത്തിയതായിരുന്നു. തുടർന്ന് മുക്കേൽ പാലത്തിന് സമീപം നിൽക്കുന്നതിനിടെയാണ് കുഞ്ഞ് പെണ്ണാർ തോട്ടിലേക്ക് വീണതും തുടർന്ന് അമ്മയും മുത്തശ്ശിയും രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതും..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading