ജീവിതത്തിലെ വഴികാട്ടിയും മാതൃകാപുരുഷനുമായിരുന്ന പിതാവ്: കെ. ജെ. മാർക്കോസ്
ഡോ. ഒ. എം. രാജുക്കുട്ടി തന്റെ പിതാവിനെ അനുസ്മരിക്കുന്നു
പെരുമ്പെട്ടി: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴികാട്ടിയും മാതൃകാപുരുഷനുമായിരുന്ന എന്റെ പ്രിയപ്പെട്ട അപ്പച്ചൻ കെ. ജെ. മാർക്കോസിന്റെ വേർപാട് വേദനയോടെയാണ് ഞാൻ ഉൾക്കൊള്ളുന്നത്. പെരുമ്പെട്ടി അത്യാൽ കൊല്ലറേത്തു കുടുംബാംഗമായ അപ്പച്ചൻ 99 വർഷത്തെ അനുഗ്രഹീതമായ ഭൗമിക ജീവിതം പൂർത്തിയാക്കി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഒരു നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴാണ് തന്റെ ഓട്ടം പൂർത്തിയാക്കി നിത്യഭവനത്തിലേക്ക് യാത്രയായത്.

അപ്പച്ചനെ ഓർക്കുമ്പോൾ ഭക്തകവി പാസ്റ്റർ സി. എസ്. മാത്യുവിന്റെ “ഭക്തനായെൻ ഭാഗ്യകാലം ജീവിക്കുന്നതെന്തു മോദം” എന്ന അനശ്വരഗാനം എന്റെ മനസ്സിൽ തെളിയുന്നു. ദൈവഭക്തിയിലും പ്രാർത്ഥനയിലും വിശ്വാസത്തിലും ലാളിത്യത്തിലും നിറഞ്ഞതായിരുന്നു അപ്പച്ചന്റെ ജീവിതം. ആ ഗാനത്തിന്റെ വരികൾ സ്വന്തം ജീവിതത്തിലൂടെ പാടിയ ഒരു വിശ്വാസിയായിരുന്നു അദ്ദേഹം.
ചെറുപ്പത്തിൽ തന്നെ കർത്താവിനെ കണ്ടെത്തിയ അപ്പച്ചൻ രക്ഷിക്കപ്പെടുകയും സ്നാനമേൽക്കുകയും പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുകയും ചെയ്തു. തുടർന്ന് ചർച്ച് ഓഫ് ഗോഡിനോട് ചേർന്ന് വിശ്വാസജീവിതം തുടർന്നു. ശബരിമാങ്കൽ എം. ജെ. കുഞ്ഞമ്മയെ വിവാഹം കഴിച്ച് പെരുമ്പെട്ടിയിൽ കുടുംബജീവിതം ആരംഭിച്ചു. പാസ്റ്റർ സി. എസ്. മാത്യു WME പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ തന്നെ ആ പ്രസ്ഥാനത്തോടു ചേർന്ന് പ്രവർത്തിച്ച അപ്പച്ചൻ കരിയംപ്ലാവ് ഹെബ്രോൻ സെൻട്രൽ ചർച്ചിലെ അംഗമായി. പിന്നീട് അത്യാലിലേക്ക് താമസം മാറിയതോടെ WME അത്യാൽ ഫിലാഡൽഫിയ ചർച്ചിന്റെ ഭാഗമായി.
ദൈവം ഞങ്ങളുടെ കുടുംബത്തിന് നൽകിയ ആറ് മക്കളിൽ മൂന്ന് പേർ ചെറുപ്പത്തിൽ തന്നെ നിത്യതയിലേക്ക് യാത്രയായി. മൂത്ത മകനാണ് ഞാൻ. എന്റെ സഹോദരങ്ങൾ പാസ്റ്റർ ഒ. എം. ജോസും വത്സമ്മ ജോണുമാണ്. സൂസൻ രാജുക്കുട്ടി, പരേതയായ സുശീല, ഊട്ടുപാറ ഒ. ജെ. ജോൺ എന്നിവർ മരുമക്കളാണ്. മൂന്ന് മക്കളെയും ഒൻപത് കൊച്ചുമക്കളെയും എട്ട് കുഞ്ഞുമക്കളെയും കാണുവാനുള്ള അനുഗ്രഹം അപ്പച്ചന് ലഭിച്ചു.
“എന്റെ ജീവിതത്തിൽ വഴികാട്ടിയും മാതൃകാപുരുഷനും എന്റെ അപ്പച്ചനായിരുന്നു.”
അപ്പച്ചന് വായിക്കാനോ എഴുതാനോ അറിയില്ലായിരുന്നു. എന്നാൽ വിദ്യാഭ്യാസത്തിന്റെ വില അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. തന്റെ മൂത്ത മകനായ എന്നെ ഒരു സുവിശേഷ പ്രസംഗകനാക്കണമെന്ന ആഗ്രഹത്തോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ചേർത്തത് അപ്പച്ചനായിരുന്നു. പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടുവാൻ കഴിഞ്ഞതിനു പിന്നിൽ അദ്ദേഹത്തിന്റെ ത്യാഗവും ദീർഘവീക്ഷണവും പ്രാർത്ഥനയും ഉണ്ടായിരുന്നു.
ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ എന്നെ കർത്തൃവേലയ്ക്കായി സമർപ്പിച്ച പിതാവായിരുന്നു അദ്ദേഹം. ഇന്ന് ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും പ്രാർത്ഥനയും സമർപ്പണവുമുണ്ട്. എന്റെ ജീവിതത്തിലെ ഓരോ ചുവടിലും അപ്പച്ചന്റെ വിശ്വാസത്തിന്റെ അടയാളങ്ങൾ ഞാൻ കാണുന്നു.
അപ്പച്ചൻ നന്നായി പാടുമായിരുന്നു. പ്രസംഗിക്കുമായിരുന്നു. തമാശ പറയാനും മറ്റുള്ളവരെ ചിരിപ്പിക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. എന്നാൽ അതിനേക്കാളുപരി മറ്റുള്ളവരുടെ വേദനയിൽ പങ്കുചേരുന്ന ഒരു ഹൃദയമായിരുന്നു അദ്ദേഹത്തിന്റേത്. ആരെങ്കിലും രോഗത്തിലോ ദുഃഖത്തിലോ ആയാൽ അവരെ കാണാനും ആശ്വസിപ്പിക്കാനും അദ്ദേഹം ഓടിയെത്തുമായിരുന്നു. ശക്തമായ പ്രാർത്ഥനാജീവിതം അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന്റെ വലിയ പ്രത്യേകതയായിരുന്നു.
അന്ത്യനാളുകളിലും നല്ല ഓർമ്മശക്തിയും സന്തോഷവും കാത്തുസൂക്ഷിക്കുവാൻ കർത്താവ് അപ്പച്ചന് കൃപ നൽകി. ഞങ്ങളിൽനിന്ന് ഭൗമികമായി വേർപെട്ടെങ്കിലും, കർത്താവിൽ നിക്ഷേപിച്ച പ്രത്യാശയോടെ നിത്യഭവനത്തിൽ വിശ്രമിക്കുന്ന അപ്പച്ചനെക്കുറിച്ച് ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു.
പൗലോസ് അപ്പോസ്തലൻ പറഞ്ഞതുപോലെ, കർത്താവ് ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരുന്ന ആ മഹാദിനത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു. ക്രിസ്തുവിലുള്ള ഈ “Blessed Hope” തന്നെയാണ് അപ്പച്ചന്റെ വേർപാടിൽ ഞങ്ങളുടെ ആശ്വാസം.
പ്രിയ അപ്പച്ചാ, അങ്ങേക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കർത്താവിനോടൊപ്പം അല്പകാലം വിശ്രമിച്ചുകൊള്ളുക. നമ്മുടെ കർത്താവ് വനമേഘത്തിൽ വരും. ഞങ്ങളും അവിടെയെത്തും. അന്ന് നിത്യഭവനത്തിൽ ഒരിക്കലും വേർപിരിയാതെ നമ്മൾ വീണ്ടും ഒന്നിക്കും.
ഇത്ര നല്ലൊരു പിതാവിനെ ഞങ്ങൾക്ക് നൽകിയ കർത്താവിനോട് ഒരായിരം നന്ദി.
— ഡോ. ഒ. എം. രാജുക്കുട്ടി

- Advertisement -


Comments are closed.