കൂറ്റൻ മരം കാറിന് മുകളിലേക്ക് വീണു; പിതാവും നാല് മക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു
കുരിശുംമൂട്: വാഴൂർ റോഡിൽ കുരിശുംമൂടിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു.
വൈദ്യുതലൈനുകൾ പൊട്ടി കാറിന് മുകളിലേക്ക് വീണതോടെ അപകടസാധ്യത രൂക്ഷമായെങ്കിലും കാറിലുണ്ടായിരുന്ന പിതാവും നാല് മക്കളും പരുക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ജോർജ് ജോസഫും മക്കളായ മൈക്കിൾ (10), മിറിയം (8), മാർത്ത (6), ഒന്നര വയസ്സുകാരൻ മാർക്കസ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടസമയത്ത് മനഃസാന്നിധ്യം കൈവിടാതിരുന്ന ജോർജ് ആദ്യം വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് കുട്ടികളെ സുരക്ഷിതമായി കാറിൽനിന്ന് പുറത്തേക്ക് മാറ്റിയത്.
തുടർന്ന് കാറിന്റെ യാത്രക്കാരുടെ ഭാഗത്തെ വാതിൽ ചവിട്ടിത്തുറന്നാണ് ജോർജും പുറത്തേക്ക് ഇറങ്ങിയത്. പുറത്തിറങ്ങിയ ശേഷമാണ് തങ്ങളുടെ കാറിന് മുകളിലേക്ക് വീണത് എത്ര വലിയ മരമാണെന്നും അപകടത്തിന്റെ തീവ്രത എത്രത്തോളമായിരുന്നെന്നും കുടുംബം തിരിച്ചറിഞ്ഞത്.
അപകടസമയത്ത് ജോർജിന്റെ ഭാര്യ അന്ന സാധനങ്ങൾ വാങ്ങുന്നതിനായി സമീപത്തെ കടയിൽ കയറിയിരിക്കുകയായിരുന്നു. കാറിന്റെ അവസ്ഥ കണ്ട് ആശങ്കയിലായ അന്നയ്ക്ക് ഭർത്താവും മക്കളും പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.
അവധിക്കാലം ആഘോഷിക്കുന്നതിനായി അച്ഛനോടൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന നാല് കുട്ടികളും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങി.
അപകടസമയത്ത് ജോർജ് കാണിച്ച മനഃസാന്നിധ്യവും നാട്ടുകാരുടെ സമയോചിതമായ ഇടപെടലും വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. അഗ്നിരക്ഷാസേന, പൊലീസ്, കെ.എസ്.ഇ.ബി. അധികൃതർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിൽ നിന്ന് കുടുംബം സുരക്ഷിതമായി രക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ആശ്വാസമായി.

- Advertisement -


Comments are closed.