ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം പ്രസിഡന്റ് അരുൺ പന്നാലാൽ അറസ്റ്റിൽ
റായ്പൂർ: ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറത്തിന്റെ 75-കാരനായ പ്രസിഡന്റ് അരുൺ പന്നാലാലിനെ സാമൂഹിക മാധ്യമത്തിലെ ഒരു പോസ്റ്റുമായി ബന്ധപ്പെട്ട കേസിൽ റായ്പൂർ പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിൽ ഹൻസ്രാജ് ഗോയൽ പങ്കുവെച്ച പോസ്റ്റിന് താഴെ അരുൺ പന്നാലാൽ രേഖപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന അഭിപ്രായം ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. ബിജെപി വക്താവ് അമിത് ചിമ്നാനി റായ്പൂരിലെ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ രേഖാമൂലമുള്ള പരാതി നൽകുകയും പോസ്റ്റിന്റെയും അഭിപ്രായത്തിന്റെയും സ്ക്രീൻഷോട്ടുകളും അനുബന്ധ വിവരങ്ങളും പോലീസിന് കൈമാറുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ഇതേ തുടർന്ന് അരുൺ പന്നാലാലിനും ഹൻസ്രാജ് ഗോയലിനുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. വിവിധ സമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ, സമാധാനലംഘനത്തിന് ഇടയാക്കുന്ന മനഃപൂർവമായ അപമാനം എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റിലായ അരുൺ പന്നാലാലിനെ ശനിയാഴ്ച മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായി സിവിൽ ലൈൻസ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യമൻ ദേവാംഗൻ അറിയിച്ചു.
1995-ൽ രൂപംകൊണ്ട ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം സംസ്ഥാനത്തെ ക്രൈസ്തവ ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പീഡന സംഭവങ്ങൾ, സാമൂഹിക അവകാശങ്ങൾ, മതസൗഹാർദ്ദം എന്നിവയിൽ സജീവമായി ഇടപെടുന്ന സംഘടനയാണ്. സംസ്ഥാനത്തെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അരുൺ പന്നാലാൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ്. അദ്ദേഹം നേതൃത്വം നൽകിയ സർവ ആദി ദൾ 2023-ലെ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ റായ്പൂരിലെ അരുൺ പന്നാലാലിന്റെ വസതിക്ക് സമീപം ബജ്റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം നടത്തിയെങ്കിലും പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

- Advertisement -


Comments are closed.