ലേഖനം: ഡിജിറ്റൽ യുഗത്തിലെ വിശുദ്ധജീവിതം | ഇവാഞ്ചലിസ്റ്റ്: സജു മാത്യു, പരുമല

ഇന്നു നാം ജീവിക്കുന്നതു ഒരു ഡിജിറ്റൽ ലോകത്തിലാണു. എവിടെ നോക്കിയാലും സാങ്കേതികവിദ്യയുടെ അതിപ്രസരം കാണുവാൻ കഴിയും. ഒരു ചെറിയ മൊബൈൽ ഫോണിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തുള്ള വാർത്തയും, ചിത്രവും, ആശയവും ഏതാനും നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ കൈകളിലെത്തുന്നു. സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ കൂടുതൽ സൗകര്യപ്രദമാക്കിയെങ്കിലും, അതു ആത്മീയ ജീവിതത്തിനു പുതിയ വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ടു. പ്രത്യേകിച്ചു ക്രിസ്തുവിനെ അനുഗമിക്കുന്നവർക്കു ഡിജിറ്റൽ യുഗത്തിൽ വിശുദ്ധജീവിതം നയിക്കുക എന്നതു വലിയൊരു ഉത്തരവാദിത്വമാണു.

ഒരിക്കൽ ഒരു യുവാവു തന്റെ ചർച്ചിലെ പാസ്റ്ററിന്റെ അടുത്തു ചെന്നു പറഞ്ഞു: “ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും എനിക്കു സമയം കിട്ടുന്നില്ല.” അദ്ദേഹത്തോടു കുറച്ചു സമയം സംസാരിച്ചശേഷം പാസ്റ്റർ ചോദിച്ചു: “ഒരു ദിവസം എത്ര മണിക്കൂർ നീ മൊബൈൽ ഉപയോഗിക്കും?” യുവാവ് അല്പം ലജ്ജയോടെ മറുപടി പറഞ്ഞു: “നാലഞ്ചു മണിക്കൂർ.” അതു കേട്ട പാസ്റ്റർ ഇങ്ങനെ പ്രതിവദിച്ചു: “നിന്റെ പ്രശ്നം സമയത്തിന്റെ കുറവായിരുന്നില്ല; മുൻഗണനയുടെ കുറവായിരുന്നു”. ഇന്നു അനേകം വിശ്വാസികളുടെ ജീവിതത്തിലും ഇതു പ്രസക്തമാണു. ഈ അവസരത്തിൽ ദൈവസഭയോടു പൗലോസ് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണു; “ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2). ഈ വചനം ഇന്നത്തെ ഡിജിറ്റൽ സംസ്കാരത്തിൽ ആയിരിക്കുന്ന ലോകത്തിനു വളരെ പ്രസക്തമാണു. കാരണം, ലോകത്തിന്റെ ചിന്തകളും മൂല്യങ്ങളും മൊബൈൽ സ്ക്രീനുകളിലൂടെ നമ്മുടെ മനസ്സിലേക്കു നിരന്തരം പ്രവേശിക്കുന്നു. ആകയാൽ ഓരോ ക്രിസ്തു ശിഷ്യനും ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ടു.

ഡിജിറ്റൽ ലോകത്തിന്റെ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നു ആത്മീക കാര്യങ്ങളിൽ നിന്നു മനസ്സു മാറി പോകുന്നതാണു. പലരും രാവിലെ ഉണരുമ്പോൾ ആദ്യം തുറക്കുന്നതു ബൈബിളല്ല, പകരം സോഷ്യൽ മീഡിയയാണു. ഉറങ്ങുന്നതിനു മുമ്പു അവസാനമായി നോക്കുന്നതും പലപ്പോഴും ദൈവവചനമല്ല, ഫോണിന്റെ സ്ക്രീനാണു. ഇതു ക്രമേണ ദൈവത്തോടു കൂടെ സമയം ചിലവഴിക്കുന്നതു കുറയ്ക്കുകയും ദൈവത്തോടുള്ള ബന്ധം നഷ്ടമാക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഒന്നേ പറയാനുള്ളു;

“സാങ്കേതികവിദ്യ നമ്മുടെ ദാസനായിരിക്കണം; അതു ഒരിക്കലും നമ്മുടെ യജമാനനാകരുതു”.

കാരണം, നാം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണു പലപ്പോഴും നമ്മുടെ മനസ്സിനെ രൂപപ്പെടുത്തുന്നതു. സോഷ്യൽ മീഡിയ മറ്റൊരു വെല്ലുവിളിയും ഉയർത്തുന്നുണ്ടു. മറ്റുള്ളവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ മാത്രം സോഷ്യൽ മീഡിയയിലൂടെ കാണുമ്പോൾ പലർക്കും അസൂയയും നിരാശയും ഉണ്ടാകുന്നു എന്നതാണതു. എന്നാൽ ബൈബിൾ നമ്മെ പഠിപ്പിക്കുന്നതു സംതൃപ്തിയുടെ ജീവിതമാണു. ദൈവം നമുക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളിൽ സന്തോഷിക്കുക എന്നതാണു യഥാർത്ഥ ക്രിസ്തീയ മനോഭാവം.

ഡിജിറ്റൽ ലോകത്തു വിശുദ്ധി സംരക്ഷിക്കുന്നതിൽ കണ്ണുകളുടെ വിശുദ്ധിക്കു വലിയ പ്രാധാന്യമുണ്ടു. അശ്ലീല ചിത്രങ്ങൾ, വീഡിയോകൾ, വെബ്സൈറ്റുകൾ എന്നിവയ്ക്കു ഒരാളുടെ ആത്മീക ജീവിതത്തെ നശിപ്പിക്കുവാൻ കഴിയും. ഈയോബിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണു: “ഞാൻ എന്റെ കണ്ണുകളോടു ഒരു നിയമം ചെയ്തു” (ഈയോബ് 31:1). ഭക്തനായ ഇയോബിനെ പോലെ ഓരോ വിശ്വാസിയും തന്റെ കണ്ണുകളെയും മനസ്സിനെയും അനുനിമിഷം കാത്തു സൂക്ഷിക്കേണ്ടതുണ്ടു. ദാവീദും ഇതേ ആത്മീയ ജാഗ്രതയെക്കുറിച്ചു പറഞ്ഞിട്ടുണ്ടു: “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല.” (സങ്കീർത്തനം 101:3). ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ഓരോ വിശ്വാസിക്കും ഈ വചനം ഒരു ആത്മീയ മുന്നറിയിപ്പാണു.

ഒരു വശത്തു ഡിജിറ്റൽ ലോകത്തിനു ഇങ്ങനെ ഒരു വെല്ലുവിളി ഉള്ളപ്പോൾ തന്നെ സാങ്കേതികവിദ്യ ഒരു തരത്തിൽ പറഞ്ഞാൽ ഒരു അനുഗ്രഹമാണു. ഇന്നു ബൈബിൾ പഠനങ്ങൾ, ക്രിസ്തീയ സന്ദേശങ്ങൾ, സുവിശേഷ വീഡിയോകൾ, ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മകൾ എന്നിവ ലക്ഷക്കണക്കിനു ആളുകളിലേക്കു എത്തുന്നതിനു സാങ്കേതികവിദ്യ കാരണമാകുന്നു. ഒരുകാലത്തു എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്ന സ്ഥലങ്ങളിലേക്കു പോലും സുവിശേഷം ഡിജിറ്റൽ മാധ്യമങ്ങളിലൂടെ എത്തിച്ചേരുന്നു. അതിനാൽ പ്രശ്നം സാങ്കേതികവിദ്യയല്ല; അതു എങ്ങനെ ഉപയോഗിക്കുന്നു എന്നതാണു പ്രധാനം. ഓർക്കുക, നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോൺ ഒരു ഉപകരണം മാത്രമാണു; അതിലൂടെ എന്താണു നമ്മുടെ ഹൃദയത്തിലേക്കു പ്രവേശിക്കുന്നതു എന്നതാണു നമ്മുടെ ആത്മീയ ജീവിതത്തെ നിർണയിക്കുന്നതു.

ഡിജിറ്റൽ യുഗത്തിൽ വിശുദ്ധജീവിതം നയിക്കാൻ ചില പ്രായോഗിക തീരുമാനങ്ങൾ സഹായകരമാണു എന്നു ഞാൻ ചിന്തിക്കുന്നു. ദിവസവും ദൈവവചനത്തിനും പ്രാർത്ഥനയ്ക്കും പ്രത്യേക സമയം മാറ്റിവെക്കുക, സോഷ്യൽ മീഡിയ ഉപയോഗത്തിനു പരിധി നിശ്ചയിക്കുക, ആത്മീയ വളർച്ചയ്ക്കു സഹായിക്കുന്ന ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കുക, ദൈവത്തെ മഹത്വപ്പെടുത്താത്ത കാര്യങ്ങൾ ഒഴിവാക്കുക എന്നിവയാണതു. ഈ അവസരത്തിൽ യേശുവിന്റെ വാക്കുകൾ ഓർത്തുപോകുന്നു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” (മത്തായി 5:14). ഈ വചനം യഥാർത്ഥ ലോകത്തിനും ഡിജിറ്റൽ ലോകത്തിനും ഒരുപോലെ ബാധകമാണു. നമ്മുടെ പോസ്റ്റുകളും കമന്റുകളും സന്ദേശങ്ങളും പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളും ക്രിസ്തുവിനെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. ഓർക്കുക, സ്ക്രീനിനു പിന്നിലും നാം ക്രിസ്തുവിന്റെ ശിഷ്യന്മാരാണു.

സാങ്കേതികവിദ്യ വലിയ അവസരങ്ങളുടെയും വലിയ പ്രലോഭനങ്ങളുടെയും മാധ്യമമാണു എന്നു പറഞ്ഞല്ലോ, അതിനാൽ തന്നെ റിയൽ ലോകത്തും ഡിജിറ്റൽ ലോകത്തും ഒരുപോലെ ഇരുളിൽ വെളിച്ചമായി ജീവിക്കുവാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു എന്നു ഓർക്കുവാൻ നമുക്കു കഴിയണം. സാങ്കേതികവിദ്യയെ വിവേകത്തോടെയും ആത്മീയ ജാഗ്രതയോടെയും ഉപയോഗിക്കുമ്പോൾ, അതു വിശുദ്ധജീവിതത്തിനു തടസ്സമല്ല; മറിച്ചു ദൈവമഹത്വത്തിനുള്ള ശക്തമായ ഉപകരണമായി മാറും.

അതിനാൽ നമുക്കു സ്വയം ചോദിക്കാം; നാളെ മുതൽ രാവിലെ ഉറക്കമുണരുമ്പോൾ ആദ്യം തുറക്കുന്നതു ബൈബിളായിരിക്കുമോ, അതോ മൊബൈൽ ഫോണായിരിക്കുമോ? ആ തീരുമാനം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ദിശ നിർണയിക്കാൻ കഴിയും. അതിനായി നമുക്കു ശ്രമിക്കാം. കർത്താവു ഏവർക്കും കൃപ നൽകട്ടെ.

മാറാനാഥാ!

ഇവാഞ്ചലിസ്റ്റ്: സജു മാത്യു, പരുമല

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading