ലേഖനം: ജെറോം എന്ന അക്ഷരക്കള്ളനും ലത്തീൻ ബൈബിളിന്റെ തകർച്ചയും – ഭാഗം 2 | പാസ്റ്റർ സണ്ണി പി സാമുവൽ
ജെറോം രംഗപ്രവേശനം ചെയ്യുന്നു
വെറ്റസ് ലാറ്റിന കയ്യെഴുത്തു പ്രതികളിലെ ഭാഷയുടെ പോരായ്മ നികത്തുവാനായി പോപ്പ് ദമസ്കോസ് ഒന്നാമൻ താല്പര്യപ്പെടുകയും ദൗത്യം എ.ഡി., 382-ൽ ജെറോമിനെ ഏല്പിക്കുകയും ചെയ്തു. ഒരു സ്വതന്ത്ര വിവർത്തനമായിരുന്നു ജെറോമിന്റെ ലക്ഷ്യം. പഴയനിയമം എബ്രായഭാഷയിൽ നിന്നും പുതിയനിയമം ഗ്രീക്ക്ഭാഷയിൽ നിന്നും നേരിട്ടു വിവർത്തനം ചെയ്യുവാൻ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വിവർത്തനസമയത്തിനു മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു. ഒന്നാം ഘട്ടം റോമിൽ പാർത്തുകൊണ്ടു 382-385 കാലയളവിൽ പുതിയനിയമ ഭാഗങ്ങൾ ഗ്രീക്കിൽനിന്നു മൊഴിമാറ്റം നടത്തി. രണ്ടാംഭാഗം അദ്ദേഹം ബേത്’ലഹെമിൽ 386-ൽ എത്തിയതു മുതൽ 390 വരെയുള്ള കാലം. അവിടെ അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു. ഒരു റോമൻ സ്ത്രീ Paula-യും അവരുടെ മകൾ പില്ക്കാലത്തു കന്യാസ്ത്രീയുമായ Eustochium-ഉം അദ്ദേഹത്തെ സഹായിച്ചു. 384-ൽ പോപ്പ് ദമസ്കോസ് മരിച്ചപ്പോൾ കഠിന ബ്രഹ്മചര്യം പ്രസംഗിച്ചിരുന്ന ജെറോമിനെ പോപ്പായി തിരഞ്ഞെടുക്കാത്തതിൽ കലഹിച്ചാണു അദ്ദേഹം റോമിൽനിന്നു പോയതു എന്നും, അതല്ല റോമിലെ ആശ്രമത്തിലെ കന്യാസ്ത്രീകളുമായി ഉണ്ടായിരുന്ന മോശം ബന്ധങ്ങളും അതിലൊരാൾ മരണപ്പെടുകയും (അതോ കൊല്ലപ്പെടുകയോ?) ചെയ്തതോടെ പാലായിതനായി എന്നും ചരിത്രരേഖകൾ ഉണ്ട്.
രണ്ടാംഘട്ടത്തിൽ സെപ്റുഅജിന്റിൽനിന്നു നേരിട്ടു വിവർത്തനം ചെയ്യുകയായിരുന്നു. ഒപ്പം ചില യെഹൂദഭാഷാ പണ്ഡിതന്മാരിൽനിന്നു എബ്രായഭാഷ പഠിക്കുവാൻ ശ്രമിച്ചുകൊണ്ടുമിരുന്നു. രണ്ടാം ഘട്ടത്തിലെ രചനകൾ മാത്രമാണു ഇന്നു ശേഷിച്ചിരിക്കുന്നത്. മൂന്നാംഘട്ടം 390 മുതൽ 404 വരെയായിരുന്നു. ഈ ഘട്ടത്തിൽ ഹീബ്രുവിൽനിന്നു നേരിട്ടു വിവർത്തനം നടത്തുവാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ അഗസ്റ്റിൻ അതിനെ എതിർത്തു. അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നു, അഗസ്റ്റിനു ഹീബ്രുഭാഷ അറിയില്ലായിരുന്നു. രണ്ടാമതായി, അന്നത്തെ ക്രിസ്തീയസമൂഹം സെപ്റ്റുഅജിന്റ് പരിഭാഷയെ സമ്പൂർണ്ണ ദൈവപ്രചോദിതമായി കരുതി. ഒറിജിനൽ ഹീബ്രുടെക്സ്റ്റിൽനിന്നു പരിഭാഷപ്പെടുത്തുന്നതു അനാവശ്യവും അപകടവും ആണെന്നു കരുതി. ജെറോം രചിച്ച Apology book ii chapter 24-ൽ എബ്രായമൂലകൃതികളിൽ നിന്നു വിവർത്തനം ചെയ്യേണ്ടതിന്റെ കൃത്യതയെയും പ്രാധാന്യത്തെയും അദ്ദേഹം ശക്തമായി പ്രതിരോധിക്കുന്നുണ്ട്. സെപ്റ്റുഅജിന്റിൽ ഭവിച്ച പിഴവുകൾ തിരുത്തുന്നതു തിരുവെഴുത്തുകളുടെ സത്യത്തെ മാനിക്കുന്നതിനു ആണെന്നും; അതു എഴുപതു വിവർത്തകരെ അപമാനിക്കാൻ അല്ലെന്നും അദ്ദേഹം എഴുതി. അദ്ദേഹം ഹീബ്രുവിൽനിന്നു മൊഴിമാറ്റം നടത്തിയ പലഭാഗങ്ങളും ജെറോമിന്റെ ജീവകാലത്തുതന്നെ നഷ്ടപ്പെട്ടു (അതോ നഷ്ടപ്പെടുത്തിയോ?). അപ്പോക്രിഫ പുസ്തകങ്ങൾ ഹീബ്രു ബൈബിളിന്റെ ഭാഗമല്ലെന്നും അതു തന്റെ വിവർത്തനത്തിന്റെ ഭാഗമാക്കരുതെന്നും ജെറോം ആഗ്രഹിച്ചു. എന്നാൽ അഗസ്റ്റിനും സഭയും ചേർന്നു അതെല്ലാം തള്ളിക്കളഞ്ഞു.
ജെറോം എന്താണു ചെയ്തത്
ഗ്രീക്ക് കയ്യെഴുത്തുപ്രതികൾ നോക്കി വെറ്റസ് ലാറ്റിനയിൽ നിന്നു നാലു സുവിശേഷങ്ങൾ റിവൈസ് ചെയ്തു. സങ്കീർത്തനങ്ങൾ ഓൾഡ് ലത്തീനും LXX Hexapla-യും ഉപയോഗിച്ചു വിവർത്തനം ചെയ്തു. പഴയനിയമഗ്രന്ഥങ്ങൾ എബ്രായഭാഷയിൽ നിന്നു വിവർത്തനം ചെയ്തുവെങ്കിലും ലഭ്യമല്ല. തോബിത്തും ജൂഡിറ്റും അരാമ്യഭാഷയിൽനിന്നു വിവർത്തനം ചെയ്തു. ഈ വിവർത്തനത്തിനു ഉപയോഗിച്ച ഭാഷ വൾഗേറ്റ് ആയിരുന്നു.
എന്താണു ശരിക്കും വൾഗേറ്റ് ഭാഷ?
അനൗപചാരിക സല്ലാപഭാഷ (colloquial language) ആണത്. Vernacular slang എന്നും പറയാം. തെരുവിന്റെ ഭാഷ എന്നോ അപകൃഷ്ടഭാഷ എന്നോ ഒക്കെ വിളിക്കാം. അതായതു, ബൈബിളിന്റെ നിലവാരത്തിലേക്കു ജനത്തെ നയിക്കുന്നതിനുപകരം ജനത്തിന്റെ നിലവാരത്തിലേക്കു ബൈബിളിനെ താഴ്ത്തിക്കൊണ്ടുവരികയായിരുന്നു ജെറോം ചെയ്തത്.
മലയാളം ഭാഷയിലെ പൊളപ്പൻ, അടിപൊളി, തട്ടുപൊളിപ്പൻ, ചങ്ങായി, പൂക്കി ഇത്യാദിവാക്കുകൾ ഉപയോഗിച്ചു ഒരു ബൈബിൾ തയ്യാറാക്കിയാൽ എങ്ങനെയിരിക്കും? അതായിരുന്നു ജെറോമിന്റെ ലാറ്റിൻ വൾഗേറ്റ്. ഒപ്പം സെപ്റ്റുഅജിന്റിലെ പിഴവുകൾ അതേപടി നിലനില്ക്കുകയും ചെയ്തു.
ഗുണത്തേക്കാൾ ഏറെ ദോഷം
ക്രിസ്ത്യൻ ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ട് ശുദ്ധീകരിച്ച ഒരു ലേഖനത്തിൽ താഴെ പറയുന്ന വിധമാണു ലാറ്റിൻ വൾഗേറ്റിനെ വിലയിരുത്തിയിരിക്കുന്നത്. “ദുഃഖകരമാണെന്നു പറയട്ടെ, മദ്ധ്യകാലഘട്ടത്തിലുടനീളം പ്രചരിച്ച വൾഗേറ്റ് ടെക്സ്റ്റ് (ജെറോമിന്റെ കൃതി) ദൂഷിതരൂപമായിരുന്നു. പിശകുകൾ അതിൽ നിറഞ്ഞുനിന്നു. എന്നാൽ കത്തോലിക്കസഭ അതിനോടു പറ്റിനിന്നു. അടുത്ത ആയിരം വർഷത്തേക്കു ഗ്രീക്കു പുതിയനിയമത്തിൽനിന്നു നേരിട്ടു വിവർത്തനം ഉണ്ടായില്ല. അതിനു പ്രൊട്ടെസ്റ്റെൻഡ് മൂവ്മെന്റുവേണ്ടി വന്നു. ജെറോമിന്റെ ബൈബിൾലാറ്റിൻ പള്ളിഭാഷയായി ഉപയോഗിക്കുന്നതിനു പ്രചോദനം നല്കി. എന്നാൽ നൂറ്റാണ്ടുകൾക്കുശേഷം ആരാധനാക്രമവും ബൈബിളും സാധാരണക്കാർക്കു മനസ്സിലാക്കാൻ കഴിയാതെപോയി. ജെറോം ചിന്തിച്ചതിന്‍റെ വിപരീതം.” അതായതു ലത്തീൻഭാഷ തകർന്നു തരിപ്പണമായിപ്പോയി എന്നു സാരം. അതിനാലാണു ഷാൾമെയ്നിനു ഭാഷാനവീകരണം കൊണ്ടുവരേണ്ടിവന്നത്. 1592-ൽ ക്ലെമെന്റൈൻ വൾഗേറ്റു തയ്യാറാക്കി കത്തോലിക്കർ തൃപ്തിയടഞ്ഞു. അതു 1516-ൽ ഇറാസ്മസ് തയ്യാറാക്കിയ ലാറ്റിൻ-ഗ്രീക്ക് ദ്വിഭാഷാ പുതിയനിയമത്തെ പ്രതിരോധിക്കുവാനും പ്രൊട്ടെസ്റ്റൻഡ് റിഫോർമേഷനെ അതിജീവിക്കുവാനും വേണ്ടിയായിരുന്നു. ലത്തീൻ വുൾഗാത്ത വിവർത്തനം ഒരു ജനതയെ ആയിരത്തില്പരം വർഷം അന്ധകാരത്തിൽ ആഴ്ത്തിക്കളഞ്ഞു എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ഈ ആത്മിക അന്ധതയിൽനിന്നാണു കത്തോലിക്കർ വില്യം ടിൻഡെയ്ലിനെ കൊന്നുകളഞ്ഞത്. അദ്ദേഹം ചെയ്ത കുറ്റം? ബൈബിളിന്റെ മൂലഭാഷയിൽനിന്നു അതു ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തു (എന്ന വൻഅപരാധം).
ഉപസംഹാരം
എബ്രായഭാഷയെ വിശുദ്ധഭാഷ (Holy tongue) എന്നാണു റബ്ബിനിക്ക് സംസ്കാരം വിശേഷിപ്പിച്ചിരുന്നത്. അതെന്തെന്നാൽ, തനാക്കിൽ അപകൃഷ്ടപ്രയോഗങ്ങളോ വാക്കുകളോ ഇല്ല. ബൈബിൾ ഭാഷ ശുദ്ധിചെയ്ത ഭാഷയാണ്. “നിലത്തു ഉലയിൽ ഒരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ നിർമ്മലമായ യഹോവയുടെ വചനങ്ങൾ” (സങ്കീർ:12:6) എഴുതുവാനായി ദൈവം തെരുവുഭാഷ ഉപയോഗിക്കുകയില്ലല്ലോ. ജെറോമിന്റെ വൾഗേറ്റ് ഭാഷയിലുള്ള ബൈബിൾ ഉപയോഗിച്ച ജനത്തിന്റെ (യൂറോപ്പിന്റെ മുഴുവൻ) ഭാഷ തകർന്നു, വിദ്യാഭ്യാസസമ്പ്രദായം തകർന്നു, ഉച്ചാരണശുദ്ധി തകർന്നു. ഫ്രാൻസിൽ പറയുന്ന ലത്തീൻ ജർമ്മനിയിലുള്ള ലത്തീൻകാർക്കു മനസ്സിലായില്ല. നാം ഇപ്പോൾ ഉപയോഗിക്കുന്ന മലയാളം ബൈബിൾ വടക്കൻ മലബാറിൽ അറബിമലയാളം പറയുന്നവർ മുതൽ തെക്കു തമിഴ്മലയാളം പറയുന്നവർ വരെ വായിച്ചു മനസ്സിലാക്കാൻ കഴിയും. കാരണം, അച്ചടിമലയാളംഭാഷയുടെ ഏകീകരണം മലയാളം ബൈബിൾ ഭാഷയിലൂടെ ആയിരുന്നു. ഇതിനു കടകവിരുദ്ധമാണു ലത്തീൻ ഭാഷയ്ക്ക് സംഭവിച്ചത്. വെറ്റസ് ലാറ്റിനായിൽനിന്നു ബൈബിളിനെ രക്ഷിച്ചെടുക്കുവാൻ ഇറങ്ങിത്തിരിച്ച ജെറോം ക്ലാസിക്കൽ ലാറ്റിനിലേക്കു പുനരൈക്യപ്പെടുത്തിയാൽ മതിയായിരുന്നു. ഒരു ഭാഷാസാഹിത്യത്തിൽ ക്ലാസിക്കൽ രീതിയിൽ ഉണ്ടാകുന്ന നോവൽ, നാടകം, ഗദ്യം, കവിത എന്നിവ ഷോക്കേസിൽ വയ്ക്കാൻ ഉത്തമമാണ്. എന്നാൽ, ജനത്തെ സ്വാധീനിക്കുന്ന ധാർമ്മികതയുടെ ഭാഷ ഉണ്ടാകണമെങ്കിൽ ബൈബിൾഭാഷ നന്നാകണം. ബൈബിൾഭാഷയേ ജനത്തെ സ്വാധീനിക്കൂ, നിലവാരം ഉയർത്തൂ. ഇംഗ്ലീഷ്ഭാഷയ്ക്കു കാലികവകഭേദങ്ങൾ ഉണ്ടായിട്ടും ക്ലാസിക്കൽ ഇംഗ്ലീഷ് എന്നു നാം ചിന്തിക്കുമ്പോൾ ഷേക്സ്പിയറിയൻ ഇംഗ്ലീഷല്ല, അദ്ദേഹത്തിന്റെ കൃതികളല്ല റഫറൻസിനായി ഉപയോഗിക്കുന്നത്. അതു 1611-ൽ പ്രസിദ്ധീകരിച്ച KJV ബൈബിൾ തന്നെയാണ്. ലത്തീൻ ഭാഷയെ പുനരുദ്ധീകരിക്കുവാൻ ഷാൾമെയ്ൻ ശ്രമിച്ചുവെങ്കിലും വിജയം കണ്ടില്ല. കാരണം, കത്തോലിക്കൻ ആയിരുന്ന ഷാൾമെയ്ൻ പോപ്പിന്റെ ആജ്ഞാനുവർത്തിയും അടിമയും ആയിരുന്നു. ഭാഷാനവീകരണത്തിനു അദ്ദേഹം ഉപയോഗിച്ചതു പോപ്പിന്റെ ഇംപ്രിമാത്തൂർ ലഭിച്ച ജെറോം ബൈബിൾ ആയിരുന്നു. എക്ളീസിയാസ്റ്റിക്കൽ ലാറ്റിൻ എന്നൊരു നവഭാഷ ലഭിച്ചുവെങ്കിലും കത്തോലിക്കാമതം കൂടുതൽ ദുരുപദേശത്തിലേക്കു വഴുതിവീഴുകയായിരുന്നു. ലത്തീൻഭാഷയെ ശരിയാക്കയെടുക്കുവാൻ ഒരു ഇറാസ്മസ് വേണ്ടിവന്നു.
(തുടരും)
പാസ്റ്റർ സണ്ണി പി സാമുവൽ


- Advertisement -


Comments are closed.