ലേഖനം: ജെറോം എന്ന അക്ഷരക്കള്ളനും ലത്തീൻ ബൈബിളിന്റെ തകർച്ചയും | പാസ്റ്റർ സണ്ണി പി സാമുവൽ
ബൈബിൾ വിവർത്തനം എന്ന വിഷയം കേൾക്കുമ്പോൾത്തന്നെ ആദ്യം നമ്മുടെ മനസ്സിലേക്കു ജെറോം എന്ന പേരു ഓടിയെത്തക്കവിധം ചരിത്രത്തിലും സൺഡേസ്കൂൾ പാഠാവലികളിലും മറ്റു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളിലും ആ പേരു ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. കത്തോലിക്കാമതം യുണൈറ്റഡ് നേഷൻസിൽ സ്വാധീനംചെലുത്തിയപ്പോൾ ജെറോമിന്റെ ചാക്കാലദിനം ബൈബിൾ വിവർത്തനദിനമായി ക്രിസ്തീയ സമൂഹങ്ങൾ മുഴുവൻ കൊണ്ടാടുകയാണ്. എന്നാൽ ചരിത്രത്തിന്റെ ഇരുണ്ടയുഗങ്ങളിൽ തമസ്കരിക്കപ്പെട്ട ചില യാഥാർത്ഥ്യങ്ങൾ ഇതിന്റെ പിമ്പിൽ ഒളിഞ്ഞിരിപ്പുണ്ടെന്നും അതൊരു ഗൂഢാലോചനയുടെയും പിന്നെ വഞ്ചനയുടെയും പാഠഭേദം ആയിരുന്നു എന്നാതാണു യാഥാർത്ഥ്യം. റോമൻ കത്തോലിക്കാസഭയെ ഒരു കൾട്ടിക് മതമാക്കിയ ദുരുപദേശത്തിലേക്കു തള്ളിയിട്ടതിനു പ്രധാനപങ്കുവഹിച്ചതു സെന്റ് എന്നു കത്തോലിക്കർ മേല്പട്ടം ചാർത്തിയ അഗസ്റ്റിനും ജെറോമും ആയിരുന്നു. അഗസ്റ്റിൻ ഈ ഗൂഢാലോചനയുടെ ഉപജ്ഞാതാവും സൈദ്ധാന്തികനും ആയിരുന്നു.
“ലത്തീൻ വുൾഗാത്ത” എന്നു ലത്തീൻ ഭാഷയിൽ പേർപറയുന്ന ലാറ്റിൻ വൾഗേറ്റ് എന്നായിരുന്നു ജെറോമിന്റെ പരിഭാഷയുടെ പേര്. ഈ പേരു ഒരു പുസ്തകത്തിന്റെ ശരിയായ പേരല്ല; മറിച്ചു ഒരു കാലഘട്ടത്തിൽ നിലനിന്നിരുന്ന, ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷയുടെ പേരാണ്. ലത്തീൻ ഭാഷയിലെ വൾഗസ് എന്ന വാക്കിൽ നിന്നാണു വൾഗേറ്റ് എന്ന വാക്കു രൂപപ്പെട്ടു വന്നത്. സാധാരണജനം, (common people) ജനസമൂഹം (the multitude, the crowd) എന്നിങ്ങനെയാണു വൾഗസ് എന്ന നാമരൂപത്തിന്റെ അർത്ഥം. Vulgata എന്ന വാക്കു നാമവിശേഷണവും ഭൂതകാല സ്ത്രീലിംഗപ്രയോഗവും ആണ്. അതിനു സർവ്വസാധാരണം (common) പൊതുവായ (general) താണതു, (ordinary) സാമാന്യമായതു, ജനപ്രിയം, സാധാരണക്കാരനും മനസ്സിലാകുന്നതു (popular) എന്നിങ്ങനെയാണു അർത്ഥം. Editio Vulgata എന്ന ക്രിയാരൂപത്തിനു പരസ്യമാക്കുക, സാമാന്യം ആക്കുക; ജനക്കൂട്ടത്തിനിടയിൽ വ്യാപിപ്പിക്കുക(to make common or public, to spread among the multitude) എന്നിങ്ങനെയാണു അർത്ഥം. Editio Vulgata എന്നു ലത്തീൻഭാഷയിൽ ഉപയോഗിച്ചാൽ common version, popular edition എന്നും Vulgate എന്നുപറഞ്ഞാൽ Common Version എന്നും അർത്ഥം.
ജെറോമിന്റെ ലത്തീൻവിവർത്തനം ലത്തീൻഭാഷയിലെ പ്രഥമ വിവർത്തനം അല്ലായിരുന്നു. പിന്നെ എന്തുകൊണ്ടു ഒരു പുനർവിവർത്തനം ലത്തീനിൽ വേണ്ടിവന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. അതേക്കുറിച്ചു അറിയണമെങ്കിൽ ലത്തീൻഭാഷയുടെ ഉത്ഭവം, വളർച്ച, വകഭേദം എന്നിവയെക്കുറിച്ചു അല്പമായി പറയേണ്ടിയിരിക്കുന്നു.
ലത്തീൻഭാഷ
ക്രിസ്തുവിനു മുമ്പു എട്ടാം നൂറ്റാണ്ടിൽ ഇറ്റാലിക് ഉപഭാഷയായി ഉത്ഭവിച്ചു റോമാസാമ്രാജ്യത്തിന്റെ വ്യാപനത്തോടൊപ്പം യൂറോപ്പിലാകെ പടർന്നുപന്തലിച്ച ഭാഷയാണു ലത്തീൻ. കാലക്രമേണ പൊതുസംസാരഭാഷയായ വൾഗർ ലാറ്റിൻ, സ്ഫുടംചെയ്ത (refined) ക്ലാസിക്കൽ ലാറ്റിൻ എന്നിങ്ങനെ ഈ ഭാഷ രണ്ടായി പിളർന്നുമാറി. കാലക്രമത്തിൽ ലത്തീൻഭാഷക്കു ആറു പ്രധാന വകഭേദങ്ങൾ ഉണ്ടായി. അവ ഏവയെന്നു നോക്കാം.
1) പുരാതന ലത്തീൻ (Vetus Latina)
എട്ടാം നൂറ്റാണ്ടു ബി.സി.,മുതൽ ഒന്നാം നൂറ്റാണ്ടു ബി.സി.,വരെ നിലനിന്ന ഈ ഭാഷയുടെ രചനയ്ക്കു ഒരു പ്രത്യേകതയുണ്ടായിരുന്നു. ഒന്നാമത്തെ വരി ഇടത്തുനിന്നു വലത്തോട്ടു എഴുതിയാൽ രണ്ടാമത്തെ വരി വലത്തുനിന്നും ഇടത്തേക്കും മൂന്നാമത്തെ വരി വീണ്ടും ഇടത്തുനിന്നും വലത്തോട്ടേക്കും ക്രമമായി എഴുതും. രണ്ടു, നാലു, ആറു വരിയിലെ അക്ഷരങ്ങൾ ഇടത്തേക്കു ‘മിറർ ഇമേജിൽ” ആയിരിക്കും എഴുതുക. കാള ഉഴുന്നതുപോലെ എന്നർത്ഥം വരുന്ന “ബൗസ്ട്രോഫിഡോൺ” രചനാശൈലി എന്നു ഇതു അറിയപ്പെടുന്നു.
2) ക്ലാസിക്കൽ ലാറ്റിൻ
ഒന്നാംനൂറ്റാണ്ടു ബി.സി., മുതൽ എ.ഡി., രണ്ടാംനൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തിൽ വരേണ്യവർഗ്ഗക്കാർ ഉപയോഗിച്ച ശുദ്ധീകരിച്ച സാഹിത്യഭാഷ. പദ്യങ്ങളും ഗദ്യങ്ങളും കാവ്യങ്ങളും ഈ ഭാഷയിലാണു സൃഷ്ടിക്കപ്പെട്ടത്. സ്വർണ്ണയുഗം (70 ബി.സി.,-എ.ഡി.,18) വെള്ളിയുഗം (18-133) എന്നിങ്ങനെ രണ്ടു വിഭജനങ്ങൾ ഈ കാലത്തിനുണ്ട്.
3) വൾഗർ ലാറ്റിൻ
എ.ഡി., ഒന്നാംനൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടുവരെയുള്ള കാലം. സാമാന്യജനം, സൈനികർ, വ്യാപാരികൾ എന്നിവർ ദൈനംദിനാവശ്യങ്ങൾക്കായി ഉപയോഗിച്ച ഭാഷ. ഇതു ക്ലാസിക്കൽ ഭാഷയിൽനിന്നു വ്യതിചലിച്ച ഭാഷയായിരുന്നു. പില്ക്കാലത്തു ഈ വകഭേദത്തിൽനിന്നു ഇറ്റാലിയൻ, ഫ്രഞ്ച്, സ്പാനിഷ്, പോർച്ചുഗീസ്, റുമേനിയൽ എന്നീ ഭാഷകൾ ഉത്ഭവിച്ചു.
4) മദ്ധ്യകാല ലാറ്റിൻ (ആറുമുതൽ എട്ടാംനൂറ്റാണ്ടുവരെ)
Early Medieval Latin, Late Latin എന്നൊക്കെ വിളിക്കുന്നു. ഏകീകൃത സാമ്രാജ്യത്വഭാഷയിൽ നിന്നു വളരെ വിഘടിച്ചതും പ്രാദേശികവൽക്കരിച്ചതുമായ ഒരു ലിഖിതഭാഷയിലേക്കുള്ള പരിവർത്തനം സംഭവിച്ച ചിതറിത്തെറിച്ച ഭാഷ. പടിഞ്ഞാറൻ റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു തൊട്ടുപിന്നാലെയാണു ഇതു സംഭവിച്ചത്. ഈ സമയം ഭാഷയിൽ Vernacular Dialect ധാരാളമായി ഉണ്ടായി. സ്പെല്ലിങ്, ഗ്രാമർ, ഉച്ഛാരണം എന്നിവ പ്രാദേശികമായി വികസിച്ചപ്പോൾ പൊതുസമ്പർക്കഭാഷ (lingua franca) എന്ന പദവി ലത്തീനു നഷ്ടമായി. ഫ്രാൻസിൽ എഴുതിയ ഒരു രേഖ ജർമ്മനിയിൽ വായിച്ചെടുക്കുക ദുഷ്കരം ആയിരുന്നു.
5) എക്ളീസിയാസ്റ്റിക്കൽ ലാറ്റിൻ (എട്ടാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ടു വരെ)
പശ്ചിമറോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്കുശേഷം കരോലിങ്ഗിയൻ ചക്രവർത്തി ഷാൾമെയ്ൻ (Charlemagne) പുനഃക്രമീകരിച്ചതും, സഭയും രാഷ്ട്രവും ഔദ്യോഗികമായി അംഗീകരിച്ചതും ആയ ലത്തീൻഭാഷ. ഈ ഭാഷാപഠനത്തിനായി ഷാൾമെയ്ൻ തന്റെ സാമ്രാജ്യത്തിൽ ആകെമാനമായി പള്ളികൾ, ആശ്രമങ്ങൾ, ആരാധനാലയങ്ങൾ എന്നിവയോടുചേർന്നു സ്കൂൾ സ്ഥാപിച്ചു, ഭാഷയെ നവീകരിച്ചു, പുതിയ ലിപിവിന്യാസം കൊണ്ടുവന്നു.
6) ആധുനിക ലാറ്റിൻ
കത്തോലിക്കരുടെ ലിറ്റർജി, ആധുനിക മെഡിക്കൽ സയൻസ് ജീവശാസ്ത്രമേഖല എന്നിവയിൽ ഈ ഭാഷാവാക്കുകൾ ഉപയോഗിക്കുന്നു.
അന്തരാഷ്ട്രഭാഷാപഠനനിയമങ്ങൾ വച്ചു വിലയിരുത്തിയാൽ ലത്തീൻ ഒരു നല്ലഭാഷ അല്ലായിരുന്നു. കത്തോലിക്കാമതം ഇല്ലായിരുന്നുവെങ്കിൽ ലത്തീൻഭാഷ എന്നേ ചരിത്രത്തിൽനിന്നു അപ്രത്യക്ഷമാകുമായിരുന്നു.
ബൈബിൾ ലത്തീൻ ഭാഷയിൽ
എ.ഡി., 2മുതൽ 4വരെ നൂറ്റാണ്ടുകൾക്കിടയിൽ ക്രിസ്ത്യൻ പണ്ഡിതന്മാർ പഴയനിയമവും പുതിയനിയമവും Vetus Latina-യിലേക്കു മൊഴിമാറ്റം നടത്തിയിരുന്നു. ഈ വിവർത്തനം മൂലഭാഷയിൽനിന്നു നേരിട്ടുള്ളതു ആയിരുന്നു. അതിനാൽ ഒറിജിനൽ ടെക്സ്റ്റിനോടു നീതിപുലർത്തിയിരുന്നു. എന്നാൽ പകർപ്പുകോപ്പികൾ വന്നപ്പോൾ പ്രാദേശികമായ ഭാഷാ വകഭേദത്തിലേക്കു ഓരോ കോപ്പിയും വഴിമാറ്റപ്പെട്ടു. ആറു മലയാളിക്കു നൂറു മലയാളം എന്നു പറയുന്നതു അനുസരിച്ചു കേരളത്തിൽ അതാതുപ്രദേശത്തെ ഭാഷാവകഭേദത്തിലേക്കു (Vernacular Dialect) ഓരോ ബൈബിൾ വിവർത്തനം ഉണ്ടായാൽ എങ്ങനെയുണ്ടാകും? വെറ്റസ് ലാറ്റിന ബൈബിളിനു ഈ പിഴവു സംഭവിച്ചു. അതാതിടങ്ങളിൽ ആ ഭാഷയിൽ എഴുതിയ രേഖ മനസ്സിലാകുമെങ്കിലും മറ്റൊരു പ്രദേശത്തേക്കു മാറുമ്പോൾ ആ രേഖ ദുർഗ്രഹമായിരുന്നു. വെറ്റസ് ലാറ്റിന എന്നതു ലത്തീൻ ബൈബിൾ (മൊഴിമാറ്റ) കയ്യെഴുത്തുപ്രതികളുടെ ഒരു സമൂഹമായിരുന്നു.
(തുടരും)
പാസ്റ്റർ സണ്ണി പി സാമുവൽ


- Advertisement -


Comments are closed.