ലേഖനം: സാമർത്ഥ്യം | രാജൻ പെണ്ണുക്കര

“സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?.. അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ടു;.. സാമർത്ഥ്യമുള്ളവൾ ഭർത്താവിന്നു കിരീടം;”. ഇവിടെ ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ഉദ്ദേശിച്ച യഥാർത്ഥ “സാമർത്ഥ്യം” ഏതാണ്?. എപ്പോഴും തെറ്റായ അർത്ഥം നിരൂപിക്കുന്ന പദമാണ് “സാമർത്ഥ്യം”. പലപ്പോഴും നാം കാണുന്നതനുസരിച്ച് അവനും/അവൾക്കും ഭയങ്കര സാമർത്ഥ്യമാണ്, എന്നു കേട്ടാലുടൻ മനസ്സിൽ ഓടിമറയുന്ന ചേതോവികാരത്താൽ ഉണ്ടാകുന്നത് നെഗറ്റീവ് ഫീൽ അല്ലേ!. അതിന് ആരെ കുറ്റം പറയും, കാരണം, സാമർത്ഥ്യത്തിനെ പൊതുവെ കാണുന്ന “ഭരണം” എന്ന കാഴ്ചപ്പാടിൽ കൊടുക്കുന്ന നിർവചനം ആണ് പ്രശ്നക്കാരൻ. അപ്പോൾ ഇതിനെ പരിഭാഷ പിശകെന്ന് പറയാനും സാധിക്കില്ല. എന്നാൽ ആ വാക്കിന്റെ ഇംഗ്ലീഷ്, ഹിന്ദി ഭാഷയിലെ “Virtuous”, “भली” എന്ന പദങ്ങൾ നമ്മേ “നീതിബോധം സദ്ഗുണം”, “നല്ലത്” എന്ന അർത്ഥത്തിൽ കൊണ്ടെത്തിക്കുന്നു. യഥാർത്ഥത്തിൽ ശലോമോന്റെ വാക്കുകളിൽ “സാമർത്ഥ്യം” (Virtuous) എന്നതിന് മലയാളത്തിലെ പന്ത്രണ്ട് അർത്ഥങ്ങൾ ചേർത്തരച്ച സത്തും ഗുണങ്ങളും ഉള്ള നല്ലവൾ, ഉത്തമയായവൾ എന്നാണ് ഉദ്ദേശിച്ച അർത്ഥം. സത്യത്തിൽ ഈ പ്രധാന ഘടകങ്ങൾ ഒന്നുകുറയാതെ എല്ലാം ഭാര്യയിൽ കാണണം എന്നാണ് ശലോമോൻ പറഞ്ഞുവെച്ചതും. ദൈവ വചനത്തിൽ ഈ ഗുണങ്ങൾ എല്ലാം ഉള്ളവരെയും അൽപ്പം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്തവരെയും കാണുവാൻ കഴിയുന്നുണ്ട്.

ഒരു സുവിശേഷത്തിലും ഒരദ്ധ്യയത്തിലും മാത്രം മിന്നായം പോലെ വന്നിട്ട് പേരുപോലും പറയാതെ പോയ സ്ത്രീയാണ് ന്യായാധിപനായ പീലാത്തോസിന്റെ ഭാര്യ. അവർ ദൈവീക ശബ്ദം കേട്ടില്ല എന്നതാണ് പരമാർത്ഥം, പക്ഷെ സ്വപ്നത്തിൽ “നീതിമാൻ” നിമിത്തം ശരീരത്തിൽ അനുഭവിച്ച വലിയ കഷ്ടം ദൈവീക ഇടപെടിൽ ആയിരുന്നു എന്ന് തിരിച്ചറിഞ്ഞ് ആ സന്ദേശത്തിന്റെ മുൻപിൽ ആത്മസമർപ്പണം ചെയ്യുന്ന ഭാര്യ. പൊതു താല്പര്യത്തിനും സമ്മർദ്ദത്തിനും വഴങ്ങി തെറ്റായ വിധി കല്പിച്ചാൽ അത്‌ തലമുറയുടെ മേൽ എന്നേക്കും ശാപവും ദോഷവും ആയി മാറുമെന്ന പൂർണ്ണ നിശ്ചയത്തോടെ വ്യാകുലപ്പെടുന്ന അമ്മ. ഭർത്താവിന്റെ ഔദ്യോഗിക കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാത്ത സ്വഭാവക്കാരി. കൂടാതെ ന്യായാസനത്തിൽ ഇരിക്കുന്ന ഭർത്താവിന്റെ അടുത്തു പോയി നേരിട്ട് കാണുവാനുള്ള പരിമിതികൾ നന്നായി ഗ്രഹിച്ചറിയുന്ന ഭാര്യ. എങ്കിലും ഉടനെ അതിൽ ഇടപെട്ടേ മതിയാകു എന്ന ഉത്തമ ബോധ്യത്താൽ ഒരു നിമിഷം പോലും പാഴാക്കാതെ കാര്യങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്ന മിടുക്കിയായ ഭാര്യ. അവളുടെ മുന്നിൽ തടസ്സങ്ങൾ മാത്രമുള്ളപ്പോഴും ഭർത്താവിനെ ഉപദേശിക്കുവാൻ യോഗ്യമായ വഴികൾ കണ്ടുപിടിച്ച് യോഗ്യനും വിശ്വസ്തനുമായ സന്ദേശവാഹകനെ അയച്ച് വിവേകത്തോടും പരിജ്ഞാനത്തോടും കൂടെ നല്ല ഉപദേശവും ഭൗഷ്യത്തും വരുംവരായ്കകളും കൃത്യമായി പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കുന്ന പക്വത നിറഞ്ഞ ബുദ്ധിമതിയായ ഉത്തമ ഭാര്യ. ചുരുക്കി പറഞ്ഞാൽ ഭർത്താവിനെ തെറ്റായ മാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്തി സെമിത്തേരിക്ക് വിട്ടുകൊടുക്കാതെ രക്ഷിച്ചെടുക്കുന്ന സാമർത്ഥ്യമുള്ള ദോഷം വിട്ടകലുന്ന കുലീനയായ ഈ ഭാര്യയെ “സ്ത്രീരത്നം” എന്നുതന്നെ നമുക്ക് പേര് വിളിക്കാം. ഇങ്ങനെയുള്ളവളെ ആർക്ക് കിട്ടും എന്നാണ് ശലോമോൻ ചോദിച്ചത്.

അതുപോലെ പ്രവർത്തികളുടെ പുസ്തകത്തിൽ വളരെ പ്രഖ്യാതി നേടിയ സ്ത്രീകളിൽ പേരെടുത്ത് പറഞ്ഞിരിക്കുന്ന ഒരാളാണ് സഫീറ എന്ന ഭാര്യ. ആത്മീക ദർശനം ഉള്ളവർ ചെയ്യുന്നത് കണ്ട് അതുപോൽ അനുകരിച്ച് ദൈവീക ആലോചന ചോദിക്കാതെ എടുത്തു ചാടുന്ന പ്രകൃതക്കാരായ ദമ്പതികൾ നിലം വിറ്റ് അപ്പോസ്തോലന്മാരുടെ കാൽക്കൽ വെച്ചു. പക്ഷെ സിംഹഭാഗവും മാറ്റിവെച്ചിട്ട് ഒരംശം മാത്രം കൊടുക്കുന്ന വ്യാജ പ്രവർത്തിക്ക് കൂട്ടുനിന്നത് അപക്വവും തെറ്റും അന്യായവും എന്ന് തിരിച്ചറിയാതെ പോയ ഭാര്യ. നിസാര അവിശ്വസ്തത പോലും പരിശുദ്ധത്മവിനെ പരിഹസിക്കുന്നതിനും വഞ്ചനക്കും തുല്യം എന്ന ബോധ്യം നഷ്ടപെട്ട ദമ്പതികൾ. ചക്കിയ്ക്കൊത്ത ചങ്കരൻ എന്നപോലെ ഭർത്താവ് തെറ്റ് ചെയ്യാൻ മുതിരുമ്പോൾ അതിനു തടസ്സം പറയാതെ സകല കൊള്ളരുതായ്മക്കും പൂർണ്ണ പിന്തുണയും കൂട്ടും നിന്ന് പ്രോത്സാഹിപ്പിച്ച ഭാര്യ. ദൈവത്തേയും ദൈവഭൃത്യനേയും അല്പലാഭത്തിന് വേണ്ടി കബളിപ്പിച്ച ദമ്പതികൾ. ഒന്ന് പശ്ചാത്തപിക്കാനുള്ള അവസരം പോലും ലഭിക്കാതെ ഒരുനിമിഷം കൊണ്ട് പട്ടുപോയ ഭാര്യയും ഭർത്താവും. തെറ്റുകൾ ചെയ്യാനും മരിക്കാനും ഒത്തൊരുമ കാണിച്ചവർ. ചുരുക്കി പറഞ്ഞാൽ സ്വയമായും ഭർത്താവിനും സെമിത്തേരിലേക്കുള്ള എളുപ്പവഴി വെട്ടി കൊടുത്ത ഹതഭാഗ്യയായ ഭാര്യ. ആ വിഷയത്തിൽ സഫീറയുടെ ഒരുനിമിഷത്തെ നിസ്സഹരണവും ഒരു ചെറിയ ഉപദേശവും കൊണ്ട് ഒരുപക്ഷെ അന്ന് നാടിനെ നടുക്കിയ വൻദുരന്തം ഒഴിവാക്കുമായിരുന്നു. എന്നാൽ ദോഷം വിട്ടകലാൻ അറിയാത്ത അവൾ അതിൽ തികച്ചും പരാജയം ആയി മാറി. ഇങ്ങനെയുള്ള ഭാര്യയെ ആർക്കും വേണ്ടാ എന്നായിരിക്കാം ശലോമോൻ ഉദ്ദേശിച്ചത്.

ദൈവീക വിഷയത്തിലും ആത്മീക വിഷയത്തിലും തീരുമാനങ്ങൾ എടുക്കുമ്പോൾ ഒരാൾ തെറ്റിലേക്ക് വഴുതി പോകുന്നു എന്നും, ചിന്താഗതി തികച്ചും തെറ്റാണെന്നും, അവൻ/അവൾ ചെയ്യാനും പറയാനും പോകുന്ന കാര്യങ്ങൾ ഇടർച്ച ഉണ്ടാക്കുമെന്നും, ബോധ്യം വന്നാൽ ഒരു നിമിഷം പോലും പാഴാക്കാതെ ഉപദേശിച്ചു പിന്തിരിപ്പിക്കാനുള്ള മനോഭാവം പരസ്പരം ഉണ്ടാകണം, അല്ലാത്ത പക്ഷം ആ യാത്ര അപകടത്തിൽ കൊണ്ടെത്തിക്കും. സത്യവും നീതിയും ന്യായവും ലേശമെങ്കിലും ഉള്ള ആത്മീക കാര്യങ്ങളിൽ ഭാര്യയൊ ഭർത്താവോ “No/വേണ്ട” എന്ന് പറഞ്ഞാൽ അതിനെ തിരുത്തി “Yes/വേണം” എന്നും അതുപോലെ തിരിച്ചും ആക്കാനുള്ള ധാർമിക ബോധവും ഉത്തരവാദിത്വവും ഉപദേശിക്കാനുള്ള ആത്മീക ദർശനവും രണ്ടു പേരിലും ഉണ്ടാകണം. ധാരാളം സമൃദ്ധി ഉള്ളവർ ദൈവത്തിനും ദൈവവേലക്കും കൊടുക്കാൻ പിശുക്ക് കാണിച്ച് എന്തെങ്കിലും പേരിന് കൊടുത്ത് ദൈവത്തെ വഞ്ചിക്കുമ്പോൾ ഇത് കുറഞ്ഞുപോയി എന്ന് പറയാനുള്ള ആർജ്ജവം കാണിക്കാൻ പരസ്പരം ബാധ്യസ്ഥർ ആണ്. ദൈവവേലക്കും മറ്റും കൊടുക്കാൻ ആഗ്രഹിക്കുന്നവരെ വാക്കുകൾ കൊണ്ട് മുറിപ്പെടത്തുമ്പോഴും നിരുത്സാഹപ്പെടുത്തുമ്പോഴും, അങ്ങനെ അരുതെന്നു ഭർത്താവിനോട്‌ പറയാനുള്ള ധൈര്യം ഭാര്യയ്ക്കും അതുപോലെ തിരിച്ചും ഉണ്ടാകണം. അല്ലാതെ എല്ലാത്തിനും സപ്പോർട്ട് ചെയ്‌തും ഓഹരി വിഹിതം വെട്ടിക്കുറച്ചും അനീതിക്ക് കൂട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നതും അനീതിയുടെയും അന്യായതിന്റെയും മുന്നിൽ കണ്ണടച്ച് മൗനാനുമതി കൊടുക്കുന്നതും അനന്യാസിന്റേയും സഫീറയുടേയും പ്രവർത്തിക്ക് സമമായി മാറുന്നു എന്ന് പറയാതെ പറയേണ്ടി വരുന്നു. ഭർത്താവോ ഭാര്യയോ ദൈവ സഭയിൽ കൃപയില്ലാത്ത വാക്കുകളും അഭിപ്രായങ്ങളും പറഞ്ഞാൽ സഭക്ക് ഇടർച്ച വരുമെന്നും “ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകും” എന്നും സ്വാർത്ഥ നേട്ടങ്ങൾക്കായി കൗശലപൂർവ്വം എടുക്കുന്ന തീരുമാനങ്ങൾ ഐക്യത നശിപ്പിക്കുമെന്നും ഭിന്നത ഉണ്ടാക്കുമെന്നും ബോധ്യമായാൽ ഭർത്താവ് മൗനമായിരിക്കാൻ ഉപദേശിക്കേണ്ട ഉത്തരവാദിത്വം ഭാര്യക്കും അതുപോലെ തിരിച്ചും ഉണ്ടെന്ന കാര്യവും മറന്നു പോകരുത്. എന്നാൽ നിയമത്തെയും ന്യായത്തേയും സത്യത്തേയും ലംഘിക്കുന്ന യാതൊന്നിനും ആരും കൂട്ട് നിൽക്കരുത്, പിന്തുണ കൊടുക്കരുത്, കൊടുത്താൽ അവർ അനന്യാസിനും സഫീറക്കും തുല്യം. സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. (സദൃ 14:1)

ആത്മീക വിഷയത്തിൽ “സാമർത്ഥ്യം” എന്തെന്ന് ശലോമോന് ബോധ്യപ്പെട്ടത് വരുംവരായ്കകൾ മുൻകൂട്ടി കണ്ട് (Precognition) ഒഴിഞ്ഞു മാറി ദോഷം വിട്ടകന്ന് വിവേകത്തോട് കാര്യങ്ങൾ സത്യസന്ധമായി കൈകാര്യം ചെയ്യുവാനും ബുദ്ധി ഉപദേശിക്കാനും ഉള്ള വലിയ കൃപയാണ് അല്ലാതെ “ഭരണം” മാത്രമല്ല. അതുകൊണ്ട് ശലോമോൻ ഇപ്പോഴും ചോദിക്കുന്നു സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും?..

 

രാജൻ പെണ്ണുക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading