ഭാവന: മരിച്ചാലും മരിക്കാത്ത ഓർമ്മകൾ | ദീന ജെയിംസ്
പഴയ ഓർമ്മകൾ ഓരോന്നായി മനസ്സിനെ നൊമ്പരപ്പെടുത്തുന്ന പോലെ…
ആഹ്… ഇനിയിപ്പോ ഒന്നും ഓർക്കേണ്ടല്ലോ… എല്ലാം അവസാനിച്ചില്ലേ..
നീണ്ടൊരു ദീർഘശ്വാസം എടുക്കാൻഎത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. പെട്ടന്നാണ് ഓർമ്മ വന്നത് അതിനിപ്പോ താൻ ശ്വാസം നിലച്ച വെറുമൊരു ബോഡി മാത്രം ആണല്ലോ എന്ന്.
വെറുമൊരു ബോഡിയാണെങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ. അത്കൊണ്ട് തന്നെ പഴയ കാല ഓർമ്മകൾ ഹൃദയത്തെ വേട്ടയാടി.ജീവിതത്തിൽ
കഷ്ടപ്പാടിന്റെ അങ്ങേയറ്റം വരെ അനുഭവിച്ചറിഞ്ഞ തോമസ്കുട്ടി, ഭാര്യയും മക്കളുമായി വിശ്വസ്തനായി ദൈവത്തെ സേവിച്ചു എന്ന് ആയിരംവട്ടം ഉറപ്പോടെ വിളിച്ചുപറയാൻ കഴിയും.
കയ്പ്പേറിയ ജീവിതകഥകൾ മാത്രമേ തനിക്കുള്ളല്ലോ എന്ന് ഓർത്തു. ജീവിതത്തിൽ കയ്പ്പ് കലക്കിയവരെയും ഓർമ്മയിൽ വന്നു.
ഒരു നേരത്തെ ആഹാരത്തിനുപോലും വിഷമിച്ച ദിവസങ്ങൾ , സ്തോത്രകാഴ്ചയിടാൻ ഇല്ലാതെ കണ്ണുനീരോടെ ആരാധിച്ച ഞായറാഴ്ചകൾ , സഭയിൽ പിരിവ് പറയുമ്പോൾ കൊടുക്കാനില്ലാതെ തല കുനിച്ചിരുന്ന സമയങ്ങൾ
ഏറെയുണ്ട് ഓർമ്മിച്ചെടുക്കാൻ….
അവിടെയെല്ലാം അഭിമാനിക്കാൻ ഒന്നുണ്ട് ദൈവത്തെ മാത്രം മുറുകെ പിടിച്ചത്!
ഇളയ മോന് പാതിരാത്രി പനികൂടി ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ കൂട്ടുവിശ്വാസിയുടെ വീട്ടിൽ കടം വാങ്ങാൻ ചെന്ന ഭാര്യയോട് കടം മേടിച്ചാൽ എങ്ങനെ തിരിച്ചു തരും എന്ന് പറഞ്ഞു തിരിച്ചയച്ച അനുഭവം…
തന്റെയും കുടുംബത്തിന്റെയും കഷ്ടപ്പാടുകൾ കണ്ടിട്ടും കാണാത്തവരെപ്പോലെ അഭിനയിച്ചവർ, പണമില്ലാത്തതിന്റെ പേരിൽ അകറ്റി നിർത്തിയവർ
കുടുംബക്കാർക്കും സമൂഹത്തിലും സഭയിലും താനും കുടുംബവും ദാരിദ്ര്യരേഖയ്ക്കും താഴെയായിരുന്നു.എല്ലാം പച്ച മുറിവായി അവശേഷിക്കുന്നു.അവിടെയെല്ലാം പതറാതെ പിടിച്ചു നിന്നത് ദൈവകൃപ ഒന്നു മാത്രം….
ഇന്നിപ്പോ അത്ഭുതം തോന്നുന്നു. അവഗണിച്ചവരും മാറ്റിനിർത്തിയവരും എല്ലാം മനോഹരങ്ങളായ പൂച്ചെണ്ടുകളുമായി തനിക്ക് ഗംഭീരയാത്രയയപ്പ് നൽകാനുള്ള തയ്യാറെടുപ്പിൽ എത്തിയിട്ടുണ്ട്. വെറും ബോഡിയായി മാറിയ എന്നെ നോക്കി കണ്ണീർ പൊഴിക്കുന്നവർ, കരഞ്ഞു തളർന്ന ഭാര്യയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കുന്നവർ
വൻ ജനാവലിയാണ് എത്തിയിരിക്കുന്നതിൽ അഭിമാനം തോന്നി.
ശുശ്രൂഷകന്റെ വാക്കുകൾ : നമ്മുടെ പ്രിയപ്പെട്ട തോമസ്കുട്ടി അച്ചായന് മാന്യമായ യാത്രയയപ്പ്….
ആഹാ, മരിക്കേണ്ടി വന്നല്ലോ പ്രിയപ്പെട്ടതാകാൻ!
തന്റെ ഗുണഗണങ്ങൾ വാതോരാതെ വർണ്ണിക്കുന്നവർ, തന്റെ മരണം തീരാനഷ്ടമെന്ന് നെടുവീർപ്പെടുന്നവർ, വാക്കുകൾ കിട്ടാതെ വിതുമ്പുന്നവർ… എല്ലാം കേട്ടിട്ട്” നിങ്ങൾ വിഷമിക്കേണ്ട മരിച്ചതിൽ എനിക്ക് സന്തോഷമേ ഉള്ളൂ “എന്ന് എഴുന്നേറ്റ് ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി. ജീവിച്ചിരുന്ന കാലത്ത് ഇതിൽ ഒരിത്തിരി സ്നേഹം കാണിച്ചിരുന്നെങ്കിൽ!
ഇതിപ്പോ മരണാനന്തര ബഹുമതി നേടുന്ന പോലെ….
ഹാ, ജീവിതത്തിൽ ഇത്രയൊക്കെ സഹിച്ചില്ലേ, കുറച്ചു മണിക്കൂറുകൾ കൂടി സഹിക്ക തന്നെ പോം വഴി…
ജീവിച്ചിരിക്കും കാലത്ത് മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും മനുഷ്യന് കഴിഞ്ഞിരുന്നെങ്കിൽ! മരണാനന്തരമുള്ള ഇത്തരം പ്രഹസനങ്ങൾ അവസാനിച്ചെങ്കിൽ!
വെറും ബോഡിയായ എന്റെ നടക്കാത്ത ആഗ്രഹങ്ങളേ….
മരിച്ചാലും മരിക്കാത്ത ഓർമ്മകൾക്ക് അവസാനമില്ലല്ലോ….
പാസ്റ്ററിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നു: ആരെങ്കിലും ഉണ്ടോ ഇനി ബോഡി കാണാൻ? ഇല്ലെങ്കിൽ വേണ്ടപ്പെട്ടവർ മുഖം മൂടിയാട്ടെ….
ദീന ജെയിംസ്


- Advertisement -


Comments are closed.