ലഹരിക്കെതിരെയുള്ള ‘തൂഫാൻ’ ക്യാമ്പയിനിൽ പെന്തെക്കോസ്തു സഭകൾ പങ്കാളികളാകണം: ഗ്ലോബൽ മീഡിയ അസോസിയേഷൻ

കോട്ടയം: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ കേരള സർക്കാർ നടപ്പിലാക്കുന്ന ‘തൂഫാൻ’ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന് ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പെന്തെക്കോസ്തു സഭകളും നേതൃത്വവും സജീവമായി പങ്കാളികളാകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അസോസിയേഷൻ പാസാക്കി.
യുവതലമുറയെയും കുടുംബഭദ്രതയെയും തകർക്കുന്ന ലഹരിയെന്ന മഹാമാരിക്കെതിരെ നാടൊന്നാകെ പോരാടുമ്പോൾ, ആത്മീയ-സാമൂഹിക മേഖലകളിൽ സജീവമായ പെന്തെക്കോസ്തു സഭകൾക്ക് വലിയൊരു ഉത്തരവാദിത്തം നിർവഹിക്കാനുണ്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
ധാർമിക മൂല്യങ്ങളിലൂന്നിയ സമൂഹസൃഷ്ടിക്കായി നിലകൊള്ളുന്ന പ്രസ്ഥാനം എന്ന നിലയിൽ, ലഹരിയുടെ കെണിയിൽ പെട്ടുപോകുന്നവരെ വീണ്ടെടുക്കാനും വരുംതലമുറയെ കാത്തുസൂക്ഷിക്കാനും സഭകൾക്ക് ബാധ്യതയുണ്ട്.
സർക്കാരിന്റെ ഈ മാതൃകാപരമായ പദ്ധതിയുമായി കൈകോർത്തുക്കൊണ്ട് എല്ലാ പ്രാദേശിക സഭകളും ആത്മീയ നേതൃത്വങ്ങളും അതത് പ്രദേശങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. വചനപ്രഘോഷണങ്ങൾക്കൊപ്പം ലഹരിവിരുദ്ധ സന്ദേശങ്ങൾ വിശ്വാസികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാനും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഭകളിൽ തുടക്കം കുറിക്കാനും സഭാഭാരവാഹികളും ദൈവദാസന്മാരും മുന്നിട്ടിറങ്ങണമെന്ന് യോഗം ഐകകണ്ഠ്യേന അഭ്യർത്ഥിച്ചു.

അസോസിയേഷൻ പ്രസിഡൻ്റ് പാസ്റ്റർ പി. ജി. മാത്യൂസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം ടോണി ഡി ചെവ്വൂക്കാരൻ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആമുഖ പ്രഭാഷണം നടത്തി.
മുതിർന്ന മാധ്യമ പ്രവർത്തകൻ സി.വി. മാത്യു, പാസ്റ്റർ ജെ. ജോസഫ്, പാസ്റ്റർ സാം ടി. മുഖത്തല, പാസ്റ്റർ
ഡി. കുഞ്ഞുമോൻ,
ഫിന്നി പി. മാത്യു, സജി മത്തായി കാതേട്ട്,
ഡോ. സാം കണ്ണമ്പള്ളി, രാജൻ ആര്യപ്പള്ളി, ഷാജൻ ജോൺ ഇടയ്ക്കാട്, ചാക്കോ കെ. തോമസ്, പാസ്റ്റർ അനീഷ് കൊല്ലംകോട്, സാം കൊണ്ടാഴി, പാസ്റ്റർ പോൾ മാള എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading