ലേഖനം: ആത്മാവിന്റെ ഫലം വിശ്വാസജീവിതത്തിൽ | സുനിൽകുമാർ പട്ടാഴി

ആത്മാവിന്റെ ഫലമോ “സ്നേഹം,സന്തോഷം, സമാധാനം, ദീർഘക്ഷമ,ദയ, പരോപകാരം, സൌമ്യത, ഇന്ദ്രിയജയം എന്നിവ തന്നെ “ ഗലാത്യർ 5:22-23. ക്രിസ്തീയ വിശ്വാസത്തിൽ നിലനില്ക്കുന്ന ഒരു വ്യക്തിയുടെ ജീവിതം ബാഹ്യമായ പ്രകടനമല്ല, മറിച്ച് അത് ആന്തരികമായ പരിവർത്തനത്തിന്റെ സാക്ഷ്യമാണ്. അപ്പൊസ്തലനായ പൌലൊസ് ഗാലാത്യർക്ക് ലേഖനം എഴുതുമ്പോൾ അതിന്റെ അഞ്ചാമത്തെ അദ്ധ്യായത്തിൽ 19 മുതൽ 24 വരെയുള്ള വാക്യങ്ങളിൽ ജഡത്തിന്റെ പ്രവർത്തികളെ കുറിച്ചും ആത്മാവിന്റെ ഫലത്തേകുറിച്ചും വ്യക്തമായി പഠിപ്പിക്കുന്നു. ജഡത്തിന്റെ പ്രവർത്തികൾ മനുഷ്യനെ തകർച്ചയിലേക്കും, കലഹത്തിലേക്കും നയിക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ ഫലം അവനെ ദൈവീകസ്വഭാവത്തിന് ഉടമയാക്കുന്നു.

ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പൌലൊസ് അപ്പൊസ്തലൻ ആത്മാവിന്റെ ഫലങ്ങൾ എന്നല്ല മറിച്ച് ആത്മാവിന്റെ ഫലം എന്ന ഏകവചനം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനർഥം ഇവ വേറെ വേറെ തെരഞ്ഞെടുക്കാവുന്ന ഒൻപത് ഗുണങ്ങൾ അല്ല മറിച്ച് പരിശുദ്ധാത്മാവ് ഒരു വിശ്വാസിയുടെ ഉള്ളിൽ വസിക്കുമ്പോൾ അവനിൽ വളർന്നു വരുന്ന ഒരു സ്വഭാവമാണ്. ഒരു ഓറഞ്ചിൻറ്റെ ഉള്ളിൽ അല്ലികൾ ചേർന്ന് ഇരിക്കുന്നതുപോലെ. പുറമെ ഒരു ഫലം എന്നാൽ ഉള്ളിൽ ഒൻപത് സവിശേഷതകൾ .
ഈ ഒൻപത് ഗുണങ്ങൾ ഒരു വിശ്വാസിയുടെ ജീവിതത്തിൽ എങ്ങനെയാണ് വെളിപ്പെടേണ്ടത് എന്ന് പരിശോധിക്കുമ്പോൾ അവയെ മൂന്നു പ്രധാന തലങ്ങൾ ആയി തിരിക്കാം.
ദൈവത്തോടുള്ള ബന്ധത്തിൽ വെളിപ്പെടേണ്ടവ,
സഹജീവികളോടുള്ള ബന്ധത്തിൽ വെളിപ്പെടേണ്ടവ വ്യക്തിപരമായയി സ്വഭാവശുദ്ധിയിൽ വെളിപ്പെടേണ്ടവ എന്നിവ ആണ് അത്.

നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ ദൈവത്തോടുള്ള ബന്ധ മാണ് . ഈ ബന്ധത്തിൽ നിന്നും പുറപ്പെടേണ്ട മൂന്നു ഗുണങ്ങൾ ആണ് ആദ്യത്തേ മൂന്നു ഗുണങ്ങൾ. അവ സ്നേഹം, സന്തോഷം,സമാധാനം എന്നിവ ആണ്. സ്നേഹം എന്നതിന് ഉപയോഗിച്ചിരിക്കുന്നത് അഗാപെ എന്ന വാക്കാണ് . ഇത് കേവലമായ വൈകാരികമായ സ്നേഹമല്ല,മറിച്ച് പ്രതിഫലം ഇചഛീക്കാത്തതും സ്വാർഥത ഇല്ലാത്തതുമായ ദൈവീകസനേഹമാണ്. ശത്രുവിനെപോലും സ്നേഹിക്കാനും തങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർഥിക്കാനും യേശു നമ്മെപഠിപ്പിച്ചു. സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ചുകൊണ്ട് മറ്റുള്ളവരുടെ നന്മയ്ക്കായി നിലകൊള്ളുമ്പോഴാണ് നമ്മിൽ ഈ സ്നേഹം വെളിപ്പെടുന്നത്. 1കൊരിന്തി 13:4:”സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു. സ്നേഹം സ്പർദ്ധിക്കുന്നില്ല”.
സന്തോഷം – ബാഹ്യമായ സാഹചര്യങ്ങൾ അനുകൂലമായിരിക്കുമ്പോൾ ആർക്കും സന്തോഷിക്കാൻ കഴിയും. എന്നാൽ ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന ഈ സന്തോഷം ബഹ്യമായ സാഹചര്യങ്ങളെ ആശ്രയിച്ചുള്ളതല്ല മറിച്ച് കഷ്ടതയുടെയും, പീഡനത്തിന്റെയും നടുവിലും ദൈവത്തോടുള്ള പ്രത്യാശയിൽ ഒരു വിശ്വാസിയുടെ ഉള്ളിൽ ഉണ്ടാകുന്ന ആത്മീയ സന്തോഷമാണ്. തടവറയിൽ കിടന്നപ്പോഴും പൌലൊസും ശീലാസും ദൈവത്തെ സ്തുതിച്ചത് ഈ ആത്മീയ സന്തോഷം അവരിൽ ഉണ്ടായിരുന്നത്കൊണ്ടാണ്. അതായത് നമ്മിലെ ദൈവീകസന്തോഷത്തെ കെടുത്തുവാൻ സഹചര്യങ്ങൾക്ക് കഴിയരുത്. ഫിലിപ്പിയർ 4:4 – “കർത്തതാവിൽ എപ്പോഴും സന്തോഷിപ്പിൻ സന്തോഷിപ്പിൻ എന്ന് ഞാന് പിന്നെയും പറയുന്നു”.
സമാധാനം – ലോകം നല്കുന്ന താൽക്കാലികമായ സമാധാനമല്ല ഇത്. മറിച്ച് എല്ലാ ബുദ്ധിയേയും കവിയുന്ന ദൈവീകസമാധാനമാണ്. ജീവിതത്തിൽ കൊടുങ്കാറ്റുകൾ ആഞ്ഞടിക്കുമ്പോഴും അതിൽ പതറിപ്പോകതെ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയുന്നതാണ് ഇത്. ഈ സ്വഭാവഗുണം നമ്മെ സഭയിലും കുടുംബങ്ങളിലും സമാധാനമുണ്ടാക്കുന്നവരായി ജീവിക്കാൻ സഹായിക്കും. യോഹന്നാൻ 14:27 “സമാധാനം ഞാൻ നിങ്ങൾക്ക് തന്നെ ച്ചു പോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു. ലോകം തരുന്നപ്പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്”.
നമ്മുടെ ചുറ്റുമുള്ള സമൂഹത്തോടും സഹോദരങ്ങളോടും ഇടപെടുമ്പോൾ വെളിപ്പെടേണ്ടവയാണ് അടുത്ത മൂന്ന് ഗുണങ്ങൾ.
ദീർഘക്ഷമ – മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പ്രകോപനങ്ങളിലും തെറ്റായ പെരുമാറ്റങ്ങളിലും പെട്ടന്ന് പ്രതികരിക്കാതെ കോപിക്കാതെ പ്രതികാരം ചെയ്യാതെ ക്ഷമയോടെ ഇടപ്പെടുവാനുള്ള കഴിവാണ് ദീർഘക്ഷമ. നമ്മിലെ ഇഗോയെ തകർക്കുന്നതാണ് ദീർഘക്ഷമ. ദൈവം നമ്മോട് എത്രത്തോളം ദീർഘക്ഷമ കാണിക്കുന്നുവോ അത്രത്തോളം നാമും മറ്റുള്ളവരോട് ക്ഷമിക്കാൻ കടപ്പെട്ടവരാണ്. എഫെസ്യർ 4:1-3 “നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കൂ യോഗ്യമാംവണ്ണം പൂർണ്ണ വിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കുകയും സ്നേഹത്തിൽ അന്യോന്യം പൊറുക്കുകയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കുകയും ചെയ് വിൻ“.
ദയ – മറ്റുള്ളവരുടെ വേദനകളെയും ആവശ്യങ്ങളെയും മനസ്സിലാക്കാനുള്ള ഹൃദയത്തിന്റെ മൃദുത്വമാണ് ദയ. നമ്മുടെ വാക്കുകളിലും നോട്ടത്തിലും പെരുമാറ്റത്തിലും ദയ ഉണ്ടാകണം കഠിനമായി സംസാരിക്കുന്ന ലോകത്തിൽ ആശ്വാസത്തിന്റെ കുളിർ തെന്നലാകാൻ വിശ്വാസിക്ക് കഴിയണം. എഫെസ്യർ 4:32 “നിങ്ങൾ തമ്മിൽ ദയയും മനസലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോട് ക്ഷമിച്ചത്പോലെ അന്യോന്യം ക്ഷമിക്കുവിൻ”.
പരോപകാരം – ദയ എന്നത് ഒരു മനോഭാവവും പരോപകാരം എന്നത് അതിന്റെ പ്രവർത്തിയും ആണ്. ആരും കാണാതെ ആരെയും അറിയിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നവരായി തിന്മയ്ക്ക് പകരം നന്മ ചെയ്യുന്നവരായി ഓരോ വിശ്വാസിയും മാറണം . വചനം പറയുന്നു യേശു ക്രിസ്തു നന്മ ചെയ്യുന്നവനായി ചുറ്റി സഞ്ചരിച്ചു. ഗലാത്യർ 6:9 “നന്മ ചെയ്യുന്നതിൽ നാം മടുത്തുപോകരുത്”.
ഒരു വിശ്വാസിയുടെ സ്വന്തമായ ആത്മീയ വ്യക്തിത്വത്തെയും ആത്മ നിയന്ത്രണത്തെയും കാണിക്കുന്നതാണു അവസാനത്തെ മൂന്ന് ഗുണങ്ങൾ.
വിശ്വസ്തത – ദൈവത്തോടും മനുഷ്യരോടും വിശ്വസ്തത പുലർത്തുന്നവർ ആകണം ഓരോ വിശ്വാസിയും. പറയുന്ന വാക്കുകൾ പാലിക്കുന്നവരും, ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ആത്മാർത്തമായി ചെയ്യുന്നവരും ആകണം വിശ്വാസികൾ. ചെറിയ കാര്യങ്ങളിൾ വിശ്വസ്ഥത കാണിക്കുന്നവരെ ആണ് ദൈവം വലിയ കാര്യങ്ങൾ ഏൽപ്പിക്കുന്നത്. എല്ലാ പ്രതിസന്ധികളിലും വിശ്വാസജീവിതത്തിൽ ഉറച്ചു നില്ക്കുന്നതാണ് യഥാർഥവിശ്വസ്തത. മത്തായി 25:21 “അതിന് യജമാനൻ: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ,നി അല്പത്തിൽ വിശ്വസ്തനായിരുന്നു;ഞാൻ നിന്നെ അധികത്തിന് വിചാരകൻ ആക്കും” .
സൌമ്യത – സൌമ്യത എന്നത് ഭീരുത്വമല്ല മറിച്ച് നിയന്ത്രിക്കപ്പെട്ട ശക്തിയാണ്. അഹങ്കാരമില്ലാത്ത, താഴ്മയുള്ള, സ്ഭാവമാണ്. മറ്റുള്ളവരുടെ വിമർശനങ്ങളെയും തെറ്റുകളെയും വിനയത്തോടെ നേരിടാൻ സൌമ്യത നമ്മെ സഹായിക്കും. മത്തായി 11:29 “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവനാകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടുപഠിപ്പിൻ .
ഇന്ദ്രിയജയം അഥവാ ആത്മനിയന്ത്രണം – നമ്മുടെ ജഡീകമായ മോഹങ്ങൾ, കോപം, സംസാരം,വിചാരങ്ങൾ എന്നിവയെ ദൈവ വചനത്തിന് കീഴ്പ്പെടുത്തി നിയന്ത്രിക്കാനുള്ള കഴിവാണ് ഇന്ദ്രിയജയം. ആത്മനിയന്ത്രണം ഇല്ലാത്ത ഭക്തി വ്യർഥമാണ്. സദൃശ്യവാക്യം 25:28 “ ആത്മ സംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണംപോലെ ആകുന്നു”.
ഈ ആത്മീയഫലം സ്വന്തം കഠിനാധ്വാനംകൊണ്ടോ സ്വയശ്രമം കൊണ്ടോ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒന്നല്ല. അതിനുള്ള വഴികൾ നമുക്ക് ഒന്ന് പരിശോധിച്ചാൽ അവ ഇനിപറയുന്നവ ആണ് .
ക്രിസ്തുവാകുന്ന മുന്തിരിവള്ളിയിൽ വസിക്കുക – ഒരു കൊമ്പ് അതിന്റെ വള്ളിയോട് ചേർന്നിരുന്നാൽ മാത്രമേ അതിൽ ഫലം ഉണ്ടാകുകയുള്ളൂ. അതുപോലെ നാം അനുദിനജീവിതത്തിൽ പ്രാർഥനയിലൂടെയും വചനവായനയിലൂടെയും ക്രിസ്തുവിനോടു ചേർന്നു നിലക്കണം.
ആത്മാവിനെ അനുസരിച്ച് നടക്കുക – നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവ് ഇടപെടുമ്പോൾ ദൈവശബ്ദം കേളക്കുമ്പോൾ അത് അനുസരിച്ച് ജീവിക്കുക. ജഡത്തിന്റെ ആഗ്രഹങ്ങളെ ആത്മാവിനാൽ ജയിക്കുക.
സ്വയം പരിശോധിക്കുക – ദിനംതോറും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന അവിശ്വസ്തതകളെ ദൈവസന്നിതിയിൽ വചന മുൻപകെ പരിശോധിച്ചുകൊണ്ടു ജീവിതത്തെ തിരുത്തി മുൻപോട്ട് പോകുക.
നാം എത്രവലിയ അത്ഭുതങ്ങൾ ചെയ്യുന്നു എന്നതിലല്ല മറിച്ച് എപ്രകാരം നമ്മിൽ ക്രിസ്തുവിന്റെ സ്വഭാവം വെളിപ്പെടുന്നു എന്നതിലാണ് കാര്യം. സഭയിലും കുടുംബത്തിലും സമൂഹത്തിലും നാം ഇടപെടുന്ന എല്ലായിടത്തും ക്രിസ്തുവിന്റെ സുഗന്ധം പരത്തുന്ന ആത്മാവിന്റെ ഫലമുള്ള നല്ല സാക്ഷികളായിമാറാം . അതിനായി ഒരുങ്ങാം. ദൈവകരങ്ങളിൽ സമർപ്പിക്കാം ദൈവം നമ്മെ സഹായിക്കട്ടെ.

 

സുനിൽകുമാർ പട്ടാഴി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.