ലേഖനം: വക്കോളം നിറച്ചു | പാസ്റ്റർ സജി ജോൺ, മസ്ക്കറ്റ്

യേശു അവരോട് “ഈ കൽപ്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ” എന്നു പറഞ്ഞു; അവർ വക്കോളവും നിറച്ചു (യോഹ 2: 7)

ദൈവവചന പരിചയമുള്ള ഏതൊരാൾക്കും വേഗത്തിൽ മനസ്സിലാകും ഇത് കാനാവിലെ കല്യാണവീടിൻ്റെ പശ്ചാത്തലത്തിലെ പരാമർശമാണെന്ന്. തന്നെ ഉദരത്തിൽ വഹിച്ചു നൊന്തു പ്രസവിച്ച അമ്മയുടെ അപേക്ഷ പരിഗണിച്ച് കല്യാണവീട്ടിൽ, ഭക്ഷണം വിളമ്പാനും പാത്രം കഴുകാനും മറ്റുമായി നിയോഗിക്കപ്പെട്ടിരുന്ന ശുശ്രൂഷക്കാരോട് യേശു കല്പിച്ചു “ഈ കൽപ്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ” ; അവർ ‘വക്കോളവും നിറച്ചു’.

തന്നോടു കൂടെയിരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും തെരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലന്മാർ ( മാർക്കോ.3:14 ) കൂടെയുണ്ടായിട്ടും അവരെയല്ല തൻ്റെ ശുശ്രൂഷയിലെ ആദ്യ അടയാളം ചരിത്രത്താളുകളിൽ രേഖപ്പെടുത്താൻ യേശു ഉപയോഗിച്ചത്. പുറത്തു നിന്നുള്ള ഒരുകൂട്ടം ശുശ്രൂഷകരെയാണ്. ഇവർ ആത്മിക ശുശ്രൂഷയ്ക്കു വേണ്ടിയോ, ശിഷ്യത്വത്തിനുവേണ്ടി യോ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരുമല്ല. ആരെയും ദൈവത്തിന് ഉപയോഗിക്കാൻ കഴിയും എന്നതിന്റെ സൂചനയാണിത്.

ശിഷ്യന്മാരല്ലാത്തവരെ ഉപയോഗിച്ചുകൊണ്ട് ശിഷ്യത്വത്തിൻ്റെ ആദ്യപാഠം കർത്താവ് ശിഷ്യന്മാർക്ക് കാണിച്ചു കൊടുക്കുന്നു; അനുസരണം എങ്ങനെയായിരിക്കണം!!

വിവാഹ വീട്ടിലെ വിരുന്നുകാരനായ യേശുവിനെ അനുസരിക്കേണ്ട യാതൊരു ബാധ്യതയും ഈ ശുശ്രൂഷകന്മാർക്കില്ല. പക്ഷെ അവർ അനുസരിക്കുവാൻ കാരണം അഖിലാണ്ഡത്തിൻ്റെ ഉടയവൻ്റെ ആജ്ഞയുടെ ശക്തിയാണ്. കല്ലുകളെക്കൊണ്ട് ആർപ്പിടുവിക്കാൻ കഴിയുന്നവന് സകല മനുഷ്യരെക്കൊണ്ടും അനുസരിപ്പിക്കുവാൻ കഴിയും. പക്ഷെ അങ്ങനെ നിർബന്ധത്താലോ ബലപ്രയോഗത്താലോ അനുസരിക്കുന്നവരെയല്ല ദൈവത്തിനു വേണ്ടത്. അതിനാണ് ദൈവം സ്വതന്ത്രമായ ഇഛാശക്തി നമുക്ക് തന്നിരിക്കുന്നത്.

കല്യാണവീട്ടിലെ ശുശ്രുഷകന്മാരിലൂടെ രണ്ടു പാഠങ്ങളാണ് കർത്താവ് തൻ്റെ ശിഷ്യന്മാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്.
1. ചോദ്യം ചെയ്യാതെ അനുസരിക്കുക,
2. പൂർണ്ണ മനസ്സോടെ അനുസരിക്കുക.
“ഈ കൽപ്പാത്രങ്ങളിൽ വെള്ളം നിറക്കുവീൻ ” എന്ന കല്പനയ്ക്കു മുമ്പിൽ, ഈ കൽപ്പാത്രം തന്നെ വേണോ? ഇതിനേക്കാൾ നല്ല പാത്രങ്ങൾ അകത്തുണ്ട് എന്നുള്ള മറുചോദ്യമോ അഭിപ്രായമോ ഒന്നുമില്ല, അനുസരണം അത്രതന്നെ!! ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരുടെ മുമ്പിൽ മറ്റാർക്കും കാണാൻ കഴിയാത്ത അത്ഭുതങ്ങൾ സംഭവിക്കും. ആ വീഞ്ഞ് എവിടെനിന്ന് എന്ന് വെള്ളം കോരിയ “ശുശ്രൂഷക്കാരല്ലാതെ” വിരുന്നുവാഴിയോ വീട്ടുകാരോ വിരുന്നുകാരോ അറിഞ്ഞില്ല. ചോദ്യം ചെയ്യാതെ അനുസരിക്കാനുള്ള മനസ്സ് നമുക്കും ഉണ്ടാകട്ടെ. അതുപോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ് പൂർണ്ണ മനസ്സോടെ അനുസരിക്കുക എന്നത്. അതിന്റെ വെളിപ്പെടുത്തലാണ് “വക്കോളവും നിറച്ചു” എന്നു പറയുന്നത്. ഇത് അനുസരിക്കുന്നയാളിൻ്റെ മനസ്സിൻ്റെ നിറവാണ്, അനുസരണത്തിൻ്റെ നിറവാണ്. ഇത് ദൈവത്തിന്റെ മനസ്സിനെ സന്തോഷം കൊണ്ട് നിറയ്ക്കുന്ന പ്രവർത്തിയാണ്. എല്ലാറ്റിലും എല്ലാം നിറയ്ക്കുന്ന ദൈവം ( എഫേ.1:23 ) അങ്ങനെയുള്ളവരുടെ ജീവിതത്തെയും നന്മകൾ കൊണ്ട്, അനുഗ്രഹങ്ങൾ കൊണ്ട് നിറയ്ക്കും. സാരഫാത്തിലെ വിധവയുടെ കലത്തിൽ മാവും, ഭരണിയിൽ എണ്ണയും നിറഞ്ഞതുപോലെ ( 1 രാജാ. 17:16 ), പത്രോസിൻ്റെ പടകു നിറഞ്ഞതുപോലെ (ലൂക്കോ.5:6,7 ), പൂർണ്ണ അനുസരണത്തോടെ കാത്തിരുന്ന ശിഷ്യഗണം ഇരുന്ന വീട് മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് നിറച്ചതു പോലെ (പ്രവ.2:2),
ശിഷ്യന്മാരുടെ ഉള്ളം മുഴുവൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടതുപോലെ ( പ്രവ.2:3 ) പൂർണ്ണ മനസ്സോടെ ദൈവത്തെ അനുസരിക്കുന്നവരുടെ ജീവിതത്തെയും ദൈവം നിറയ്ക്കും.
പലപ്പോഴും തടസ്സമായി നിൽക്കുന്നത് അനുസരണക്കേടിൻ്റ ആത്മാവാണ് ( എഫേ. 2:2 ). അതിനെ പുറത്താക്കുക. ആ ആത്മാവുമായി ബന്ധമില്ലെന്ന് ഉറപ്പാക്കുക. അതിനായി പരിശുദ്ധാത്മാവിൽ ആശ്രയിക്കുക. വക്കോളവും നിറയുന്ന അനുസരണം തികഞ്ഞുവരുമ്പോൾ നമ്മുടെ ജീവിതവും നിറവുള്ളതായി മാറും.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

 

പാസ്റ്റർ സജി ജോൺ, മസ്ക്കറ്റ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading